UPDATES

ഒരു ലൈബ്രറിയെ കൊല്ലുന്ന വിധം; മരിക്കാന്‍ വിടില്ലെന്ന് കോഴിക്കോടിന്റെ പുതിയ ‘ബ്രോ’ കലക്ടര്‍ യുവി ജോസ്

കോഴിക്കോടിന്റെ അക്ഷരപ്പുരയാണ് 1996ല്‍ തുടങ്ങിയ മാനാഞ്ചിറ പബ്ലിക് ലൈബ്രറി

കോഴിക്കോടിന്റെ അക്ഷരപ്പുരയാണ് മാനാഞ്ചിറ പബ്ലിക് ലൈബ്രറി. 1996ല്‍ തുടക്കം. കേരളീയ ശൈലിയില്‍ അഞ്ചുനിലകളിലായി നിര്‍മ്മിച്ച കെട്ടിടം. അന്നത്തെ കളക്ടര്‍ അമിതാഭ് കാന്തിന്റെ ദീര്‍ഘ വീക്ഷണമാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഈ ലൈബ്രറി ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഇന്നീ ലൈബ്രറിയുടെ അവസ്ഥ അതീവ ദയനീയമാണ്, അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുത്തിട്ടും, ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും, പുതിയ പുസ്തകങ്ങള്‍ വാങ്ങിയിട്ടും വര്‍ഷങ്ങളായി. ലൈബ്രറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തേണ്ട ഗവേര്‍ണിംഗ് ബോഡി എവിടെയാണ്? കടുത്ത പ്രതിസന്ധിയിലായിട്ടും മാറി മാറി വന്ന സര്‍ക്കാരുകളൊന്നും പ്രശ്‌നം പരിഹരിക്കാതെപോയത് എന്തുകൊണ്ടാണ്? ലൈബ്രറിയുടെ എക്‌സ് ഒഫീഷ്യോ മെംബേര്‍സ് ആയ എംപിയും എംഎല്‍എമാരുമൊന്നും ഈ വഴി തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ടാണ്?

1993ല്‍ കോഴിക്കോട്ടെ സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് ഒരു സൊസൈറ്റി രൂപീകരിച്ചുകൊണ്ടായിരുന്നു തുടക്കം. കെട്ടിടത്തിന്റെ താഴെയുള്ള റൂമുകള്‍ വാടകയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ വ്യാപാരികളില്‍ നിന്നും സ്വരൂപിച്ച അഡ്വാന്‍സ് തുക കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഭരണച്ചുമതല കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ഗവേര്‍ണിംഗ് ബോഡിക്കാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴിലല്ലാത്തതിനാല്‍ ഗ്രാന്റൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ വാടകയിനത്തില്‍ ലഭിയ്ക്കുന്ന പണം കൊണ്ട് വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍. അതിശയിപ്പിയ്ക്കുന്ന വാടക! നഗരത്തിന്റെ കണ്ണായ സ്ഥലത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ലൈബ്രറിയ്ക്ക് താഴെ 23 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവരോരോരുത്തരില്‍ നിന്നും ഈടാക്കുന്ന പ്രതിമാസ വാടക 1500 രൂപയിലും താഴെയാണ് എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ഇവരില്‍ നിന്നും കാലാനുസൃതമായ വാടക ഈടാക്കാന്‍ കാലമിത്രയായിട്ടും മാറി മാറി വന്ന കളക്ടര്‍മാര്‍ക്കോ, ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കോ സാധിച്ചില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഈ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തവരില്‍ ചിലര്‍ കൂടിയ തുകയ്ക്ക് കെട്ടിടം മറിച്ച് നല്‍കി സ്ഥാപനത്തെ ചൂഷണം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കടകളിലേക്ക് വാഹനങ്ങളെത്താന്‍ സൗകര്യമില്ലെന്ന കാരണം പറഞ്ഞാണത്രെ അവര്‍ വാടക കൂട്ടി നല്‍കാത്തത്!

‘എന്തുകൊണ്ടാണ് വാടക കൃത്യമായി പരിഷ്‌കരിച്ച് പിരിച്ചെടുക്കാത്തതെന്ന് അന്വേഷിക്കേണ്ടതുണ്ട്. റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അത് പരിശോധിക്കപ്പെടേണ്ടത്. ഇതേനില തുടരുകയാണെങ്കില്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടിവരും. കളക്ടര്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വൈകാതെ അതുണ്ടാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൃത്യമായ ഇടപെടലുകള്‍ ഉറപ്പു വരുത്താന്‍ ‘ഫ്രണ്ട്‌സ് ഓഫ് ലൈബ്രറി’ എന്ന പേരില്‍ വായനക്കാരുടെ ഒരു കൂട്ടായ്മ ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്’ കൂട്ടായ്മയുടെ കണ്‍വീനര്‍ പ്രേംരാജ് പറയുന്നു.

ജീവനക്കാര്‍ ദുരിതത്തില്‍
മൂന്ന് മാസത്തിലൊരിക്കലൊക്കെയാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ലൈബ്രറി കൗണ്‍സിലിന് കീഴിലെ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ തുച്ഛമാണ് ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം. എന്നാലും ‘കഴിഞ്ഞ മാസം കുറച്ച് കുട്ടികള്‍ വന്ന് ചില പുസ്തകങ്ങള്‍ ആവശ്യപ്പെട്ടു. മുന്‍പും പല തവണ വന്ന് ഇതേ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ല എന്ന് പറഞ്ഞ് അവരെ തിരിച്ചയക്കേണ്ടി വന്നതാണ്. എന്നാല്‍ ഇപ്രാവശ്യം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കുട്ടികള്‍ ആവശ്യപ്പെട്ട പുസ്തകങ്ങള്‍ വാങ്ങുകയായിരുന്നു. ജീവനക്കാര്‍ ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’. ലൈബ്രേറിയന്‍ പറയുന്നു.

പന്ത്രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. യാത്രാ ചെലവ് പോലും വീട്ടില്‍ നിന്നും വാങ്ങിയാണ് പലരും ജോലിക്കെത്തുന്നത്. ഇതൊന്നും ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ല. കഴിഞ്ഞ നാലു വര്‍ഷമായി പുസ്തകങ്ങളൊന്നും കാര്യമായി വാങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ജീവനക്കാരുടെ പ്രധാന പരാതി, അല്ലാതെ തങ്ങള്‍ക്ക് ശമ്പളം ലഭിയ്ക്കാത്തതിലല്ല. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞും ഉദ്യോഗസ്ഥരടക്കമുള്ള വായനക്കാര്‍ പത്രമാസികകള്‍ വായിക്കാന്‍ വരും. എന്നാലും അവസാനത്തെ വായനക്കാരനും പോയതിന് ശേഷം മാത്രമേ സെക്യൂരിറ്റി ജീവനക്കാരന്‍ പത്രങ്ങള്‍ എടുത്തുവയ്ക്കൂ. പണമില്ലാത്തതുകൊണ്ടാണ് മിക്ക മാസികകളും വരുത്തുന്നത് നിറുത്തുന്നത് എന്ന് അറിയാത്ത വായനക്കാര്‍ വന്ന് കയര്‍ത്ത് സംസാരിക്കുമ്പോള്‍ എല്ലാം പെട്ടന്ന് ശെരിയാക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിടാറാണ് പതിവ്.

പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ കൗശല്‍ കേന്ദ്ര
ഇന്ത്യയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കാണ് കൗശല്‍ കേന്ദ്ര. കേരളത്തില്‍ ആകെ മൂന്നെണ്ണമാണ് ഉള്ളത്. അന്താരാഷ്ട്ര തൊഴില്‍ രംഗത്ത് പുതുതലമുറയെ മത്സരസജ്ജരാക്കുകയെന്ന ദൗത്യവുമായി തൊഴില്‍ വകുപ്പ് കൊണ്ടുവന്ന പദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം. അറബിക്ക്, ഫ്രഞ്ച്, ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നതിനുള്ള അത്യാധുനികമായ രീതിയില്‍ സജ്ജീകരിച്ച ലാംഗ്വേജ് ലാബ്. കരിയര്‍ ഗൈഡന്‍സ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി കാലത്തിന്റെ ആവശ്യത്തിനൊത്ത രീതിയിലുള്ള സജ്ജീകരണങ്ങള്‍. എന്നാല്‍ ഇവയില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും രണ്ട് വര്‍ഷത്തിനിപ്പുറം പ്രവര്‍ത്തിക്കുന്നില്ല. ആകെയുള്ളത് സ്‌പോക്കണ്‍ ഇംഗ്ലീഷും, കരിയര്‍ കൗണ്‍സിലിങ്ങും. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച സൗകര്യങ്ങളെല്ലാം വെറുതെ കിടക്കുന്നു. നടത്തിപ്പിലെ അനാസ്ഥപോലും ചോദ്യം ചെയ്യപ്പെടുന്നില്ല. ലൈബ്രറിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനാമുറിയാണ് വാടകപോലും വാങ്ങാതെ കൗശല്‍ കേന്ദ്രയ്ക്ക് വിട്ട് നല്കിയത്. വായനക്കാരെ വരാന്തയിലേക്ക് മാറ്റി.

കലക്ടര്‍ യുവി ജോസ് ലൈബ്രറിയില്‍

നവീകരിച്ച മുറികളിലൊന്ന് വെറുതേ പൂട്ടിയിട്ടിരിയ്ക്കുകയാണ്. ‘വിശാലവും ശാന്തവുമായ ഹാളിലിരുന്ന് സ്വസ്ഥമായി വായിച്ചിരുന്നവരെ പിടിച്ച് ബഹളമയമായ വരാന്തയിലേക്കിരുത്തി. വായനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതോടെ മിക്കവരും ലൈബ്രറിയിലേക്ക് വരുന്നത് നിറുത്തി. ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ എന്ന് കരുതി അധികമാരും പ്രതികരിച്ചില്ല’ പതിറ്റാണ്ടായി ലൈബ്രറിയില്‍ അംഗത്തമുള്ള രഞ്ജിത്ത് പറയുന്നു. ‘എന്നാല്‍ കൗശല്‍ കേന്ദ്രയില്‍ പത്തില്‍ താഴെ പേര്‍ മാത്രമെ വരുന്നുള്ളൂ. അവര്‍ക്ക് വേണ്ടിയാണ് നൂറുകണക്കിന് വയനക്കാരെ പുറത്താക്കിയത്’. കൃത്യമായി കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തികളും കൗശല്‍ കേന്ദ്രയുടെ ഭാഗത്തുനിന്നോ, അത് ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ ഏജന്‍സിയില്‍ നിന്നോ ഉണ്ടാകുന്നില്ല. പുറത്ത് ആയിരക്കണക്കിന് രൂപ നല്‍കേണ്ടി വരുന്ന കോഴ്‌സുകള്‍ക്ക് വളരെ തുച്ഛമായ ഫീസാണ് ഇവിടെ ഈടാക്കുന്നത്. ലക്ഷക്കണക്കിനു രൂപ ഗ്രാന്റിനത്തില്‍ ലഭിയ്ക്കുന്ന ഏജന്‍സിക്ക് കുട്ടികള്‍ വന്നോളണമെന്നൊന്നും ഇല്ലല്ലോ?

എല്ലാം ശെരിയാക്കും – കളക്ടര്‍
കോഴിക്കോട് പുതിയ കളക്ടറായി ചാര്‍ജെടുത്തയുടന്‍ യുവി ജോസ് ആദ്യം ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് മാനാഞ്ചിറ പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു. പുരോഗതി വിലയിരുത്തിയ അദ്ദേഹം തുടര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രാരംഭഘട്ടമെന്നോണം നിലവിലെ ഗവേര്‍ണിംഗ് അംഗമായ എംടി വാസുദേവന്‍ നായരുടേതടക്കമുള്ളവരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. അവകാശ തര്‍ക്കങ്ങള്‍ക്കിടയിലും യോജിപ്പുകള്‍ കണ്ടെത്തിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരമാകൂ എന്ന തിരിച്ചറിവ് പുതിയ കളക്ടര്‍ക്കുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ജനപ്രതിനിധികളില്‍ നിന്നും കൂടുതല്‍ ധനസഹായം ഉറപ്പുവരുത്തിയും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിനടക്കം പൊതുസമൂഹത്തിന്റെ പിന്തുണതേടിയും ലൈബ്രറിയെ രക്ഷിക്കാം. മുഖ്യരക്ഷാധികാരി എന്ന നിലയില്‍ കളക്ടര്‍ക്കേ ഇത് സാധിക്കൂ.

വര്‍ഷങ്ങളായി ലൈബ്രറിയുടെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനിക്കുന്നുണ്ട്. മുന്‍പ് മാനാഞ്ചിറയിലുണ്ടായിരുന്ന സെന്‍ട്രല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ്് ഈ ലൈബ്രറി സ്ഥാപിച്ചത്. നിര്‍മ്മാണ ശേഷം ഇതിനെ പുതിയ ലൈബ്രറിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാലങ്ങള്‍ക്കിപ്പുറം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്തെ മിക്ക ലൈബ്രറികളും അതിനു കീഴില്‍ ആക്കി. എന്നാല്‍ മാനാഞ്ചിറ ലൈബ്രറി തല്‍സ്ഥിതി തുടര്‍ന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഈ ലൈബ്രറി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് ലൈബ്രറി കൗണ്‍സില്‍ രംഗത്തെത്തി. വിഷയം കോടതിയിലുമെത്തി. എന്തുചെയ്യണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാം എന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അംഗീകരിക്കാന്‍ ഗവേര്‍ണിംഗ് ബോഡി തയ്യാറായില്ല. അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. പഴയ ഉത്തരവിന് സ്റ്റേയും വാങ്ങിച്ചു.

ഈ ലൈബ്രറി ലൈബ്രറി കൗണ്‍സിലിനെ ഏല്‍പ്പിക്കേണ്ട എന്നൊരു പൊതു വികാരമുണ്ട്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗവേര്‍ണിംഗ് ബോഡി ചേര്‍ന്ന് കൃത്യമായ വാടക പിരിച്ചാല്‍ തന്നെ മനോഹരമായി കൊണ്ടുനടക്കാവുന്ന സ്ഥാപനമാണിത്. ഇത് വെറും ഒരു ലൈബ്രറി മാത്രമല്ല, ഒരു റിസര്‍ച്ച് സെന്റര്‍കൂടിയാണ്. റിസര്‍ച്ചിന് കാര്യമായി യാതൊരുവിധ സംഭാവനകളും നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എങ്കില്‍ പോലും സാധ്യതകള്‍ ഇനിയുമുണ്ട്. ഗവേര്‍ണിംഗ് ബോഡിയിലെ പഴയ താപ്പാനകളെ മാറ്റി യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. സെന്‍ട്രല്‍ ലൈബ്രറിക്ക് കോര്‍പറേഷന്‍ അനുവദിച്ച സ്ഥലത്ത് കൗണ്‍സിലിന്റെ കീഴില്‍ പുതിയ ലൈബ്രറി വരുന്നുണ്ട്. അതുകൊണ്ട് മാനാഞ്ചിറ ലൈബ്രറി സ്വതന്ത്രമായി തന്നെ നിലനില്‍ക്കട്ടെ. ഒന്ന് മനസ് വച്ചാല്‍ ശരിയാകുന്നതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍. ജില്ലാ ഭരണകൂടം അതിന് ശ്രമിച്ചില്ലെങ്കില്‍ അത് കോഴിക്കോടിനോട് ചെയ്യുന്ന കടുത്ത വഞ്ചനയാകും.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍