UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസീല്‍ ഉമ്മന്‍ ചാണ്ടിയാണെങ്കിലും മാന്‍ ഓഫ് ദി മാച്ച് ദണ്ഡപാണിയാണ്

Avatar

പി പി താജുദ്ദീന്‍

ഹൈക്കോടതിയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫയലിംഗ് സെക്ഷന്‍. എട്ടുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഹൈക്കോടതി കെട്ടിടസമുച്ചയത്തില്‍ സദാതിരക്കുള്ള സ്ഥലം ഫയലിംഗ് വിഭാഗമാണ്. തിരക്കേറിയ ഈ സെക്ഷനിലേക്ക് കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് കടന്നുവന്ന് ഹൈക്കോടതി ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയില്‍ കയര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കും കൂടിനിന്നിരുന്ന അഭിഭാഷക ഗുമസ്തന്‍മാര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു; മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം. 

സര്‍ക്കാരിന്റെ അടിയന്തിരസ്വഭാവമുള്ള ഒരു അപ്പീല്‍ ഫയല്‍ ചെയ്ത അന്നുതന്നെ ബെഞ്ചിലെത്തിച്ച് വാദം കേള്‍പ്പിക്കാനുള്ള ചടുലമായ നീക്കം പാളുന്നുവെന്ന് കണ്ടാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നേരിട്ട് രംഗത്തെത്തി ഹൈക്കോടതി ഉദ്യോഗസ്ഥരോട് കയര്‍ത്തത്. തലേദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് കണ്ണക്കറ്റ നിലയില്‍ പ്രഹരം നല്‍കി ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ഒരു വിധിപ്രസ്താവന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കളമശ്ശേരി – കടകംപള്ളി ഭൂമി തട്ടിപ്പുകേസുകള്‍ സിബിഐയ്ക്ക് കൈമാറുന്ന വിധിയായിരുന്നു അത്. വിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിനതീതമായിരിക്കണമെന്നത് അടക്കമുള്ള കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു. 

ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിന് തന്നെ കോട്ടം വരുത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിധിക്കെതിരെ ഫയല്‍ ചെയ്ത അപ്പീല്‍ അന്നു തന്നെ ബെഞ്ചിലെത്തിച്ച് സ്റ്റേ വാങ്ങാനുള്ള നീക്കമായിരുന്നു ഐ.ജി. നടത്തിയത്. ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷിദിന്റെ വിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള മൂന്ന് വാചകങ്ങള്‍ മാത്രം ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ച് പറഞ്ഞ മൂന്നുവാചകങ്ങള്‍ക്കു മാത്രമായി സ്റ്റേ. അത് അത്യപൂര്‍വ്വമായ നടപടിയാണെങ്കിലും എ.ജി.യുടെ നീക്കങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കുകയായിരുന്നു. അസാധാരണമായ അനുകൂല വിധി വാങ്ങിയതിനുശേഷമാണ് ഐ.ജി. തന്റെ ക്യാമ്പ് ഓഫീസിലേക്ക് മടങ്ങിയത്. 

ഉമ്മന്‍ചാണ്ടിയുടെ ഇന്നിംഗ്‌സ് പൂര്‍ത്തിയാവാന്‍ ഇനി ബാക്കിയുള്ളത് വെറും മൂന്നുമാസം. ഇന്നിംഗ്‌സ് പൂര്‍ത്തിയാവുംവരെ ഉമ്മന്‍ചാണ്ടി ക്രീസില്‍ തുടര്‍ന്നാലും മാന്‍ ഓഫ് ദി മാച്ച് മറ്റാരുമല്ല; അത് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയാണ്. 

എറണാകുളം നഗരത്തിലെ ഇടത്തരം കച്ചവട കുടുംബത്തില്‍ പിറന്ന കെ.പി.ദണ്ഡപാണി വക്കീല്‍ കോട്ടണിഞ്ഞ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച് അധികനാള്‍ കഴിയും മുമ്പ് തന്നെ സമര്‍ത്ഥനായ അഭിഭാഷകനെന്ന് പേരെടുത്തു. കെ.പി.ദണ്ഡപാണി അസോസിയേറ്റ് എന്ന അഭിഭാഷക സ്ഥാപനം ആരംഭിച്ചു. ഒപ്പമുള്ളത് ഭാര്യയും മുതിര്‍ന്ന അഭിഭാഷകയുമായ സുമതി ദണ്ഡപാണി, മകന്‍ മില്ലു ദണ്ഡപാണി. മലയാളമനോരമയുടെ അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമല്ല, ഒട്ടനവധി സ്ഥാപനങ്ങളുടെയും ഉന്നത വ്യക്തികളുടെയും കേസ് നടത്തിപ്പില്‍ പ്രശസ്തി നേടി. 

ഇതിനിടെ ഹൈക്കോടതിയില്‍ ദണ്ഡപാണി ന്യായാധിപനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ജേര്‍ണലുകളില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ ന്യായാധിപസ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. 

ഭരണകക്ഷി അഭിഭാഷക സംഘടനയുടെ പിന്തുണയില്ലാതെ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്ത് തുടരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അകമഴിഞ്ഞ പിന്തുണകൊണ്ടുമാത്രമാണ്. ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന് സമസ്തമേഖലയില്‍ നിന്നും കല്ലേറ് കൊണ്ട മറ്റൊരുകാലം മുന്‍പുണ്ടായിട്ടില്ല. മകന് നിരവധി പൊതുമേഖല-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അഭിഭാഷക പദവി (സ്റ്റാന്‍ഡിംഗ് കോണ്‍സല്‍) ലഭിച്ചത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് അഡ്വ. എം.വി.എസ്. നമ്പൂതിരി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു. നിരവധി തവണ പരാതി പറഞ്ഞിട്ടും അനുകൂല നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് നമ്പൂതിരി കെ.പി.സി.സി. പ്രസിഡന്റിന് രാജി നല്‍കി. പരസ്യപ്രസ്താവന നടത്താനും നമ്പൂതിരി മടിച്ചില്ല. 

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇടുക്കി ഡാമിന് ഒന്നും സംഭവിക്കില്ലെന്ന എ.ജി.യുടെ കോടതിയിലെ പരാമര്‍ശമാണ് കേരളത്തെ ഞെട്ടിച്ചത്. കേസ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എ.ജി. ഈ വിവാദപരാമര്‍ശത്തിനെതിരെ വിവിധ സംഘടനകള്‍ തെരുവിലിറങ്ങി. എ.ജി.യുടെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും നാടാകെ നടന്നു. 

ബന്ധുവായ മുന്‍ സൈനിക ഉദ്യോഗസ്ഥന് ഭൂമി പതിച്ചുനല്‍കി ക്രമക്കേട് കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സര്‍ക്കാര്‍ കേസെടുത്തു. പ്രതിപക്ഷത്തിനെതിരെയുള്ള തുറുപ്പുചീട്ടാക്കി ഈ കേസ് കൊണ്ടുനടക്കുന്നതിനിടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിഎസിനെതിരായ കേസ് തന്നെ റദ്ദാക്കിയത്. സിംഗിള്‍ ബഞ്ച് വിധിക്കു സ്റ്റേ വേണമെന്നത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് പോലും ഹാജരാക്കാതെ എ.ജി. ഡിവിഷന്‍ ബഞ്ചില്‍ നിന്നും സ്റ്റേ സമ്പാദിച്ചു. വിധിപകര്‍പ്പില്ലാതെ മേല്‍ക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചത് ഇന്നും ഹൈക്കോടതിയുടെ ഇടനാഴികളിലെ ചൂടുപിടിച്ച ചര്‍ച്ചകളിലൊന്നാണ്. ഹൈക്കോടതിയുടെ ഭരണവിഭാഗത്തില്‍ നിലനില്‍ക്കുന്ന പല നടപടിക്രമങ്ങളുടെയും കടമ്പ കടന്ന് സ്റ്റേ സമ്പാദിച്ചത് എ.ജി.യുടെ ‘മാജിക്’. 

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജിന്റെ മൊബൈല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാരിനെയാണ് ഈ ഉത്തരവ് ഭയപ്പെടുത്തിയത്. ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എ.ജി. അപ്പീല്‍ നല്‍കി. ഉടന്‍ സ്റ്റേ വാങ്ങി. സ്റ്റേ വാങ്ങിയിരുന്നില്ലെങ്കില്‍ സോളാര്‍ കമ്മീഷനില്‍ സരിത നായര്‍ വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ അപ്പോള്‍ തന്നെ ഹൈക്കോടതിയില്‍ എത്തുമായിരുന്നു.

ബാര്‍ കോഴ ഹൈക്കോടതിയിലെത്തിയപ്പോള്‍ തന്നെ കോടതി വിജിലന്‍സിനെതിരെ തിരിഞ്ഞു. വിജിലന്‍സിനെ സ്വയംഭരണ ഏജന്‍സിയായി മാറ്റുന്ന കാര്യം പരിശോധിക്കണമെന്നായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിലപാട്. കോടതിയെ നിയമപരമായി സഹായിക്കുന്നതിന് രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിക്കുകയും ചെയ്തു. എ.ജി.യുടെ കീഴില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കപ്പെട്ടിട്ടുള്ള പലരും അബ്കാരിയുടെ നോമിനികളാണെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി. ഈ വിധിയെ പ്രതിരോധിക്കാനാണ് മന്ത്രി കെ.സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടറിനെതിരെ ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍’ എന്ന് പരാമര്‍ശിച്ച് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ഏറ്റുവാങ്ങുന്നത്. തന്റെ കീഴിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വിമര്‍ശനം ഉണ്ടായ സിംഗിള്‍ ബഞ്ച് വിധിയും എ.ജി. സ്റ്റേ വാങ്ങി തടഞ്ഞു. അങ്ങനെ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്നതിനെ ‘ഫലപ്രദമായി’ തടയാന്‍ കഴിഞ്ഞു. 

സര്‍ക്കാരിന്റെ മദ്യനയത്തിനും കോടതിയില്‍ നിന്നും ആദ്യം കടുത്ത പ്രഹരമാണ് കിട്ടിയത്. സുപ്രീംകോടതിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കൊണ്ടുവന്നാണ് സര്‍ക്കാരിനെ രക്ഷിച്ചത്. സിംഗിള്‍ ബഞ്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ നല്‍കണമെന്ന ഉത്തരവിട്ടെങ്കിലും ഡിവിഷന്‍ ബഞ്ചില്‍ നിന്നും മദ്യനയത്തിന് ക്ലീന്‍ചീറ്റ് വാങ്ങാനായി. പുറത്തുനിന്നും സര്‍ക്കാരിനു വേണ്ടി വക്കീലന്‍മാരെ കൊണ്ടുവരില്ലെന്ന എ.ജി.യുടെ പ്രഖ്യാപിത നയം മാറ്റേണ്ടി വന്നെങ്കിലും മദ്യത്തില്‍ നിന്നും സര്‍ക്കാരിനെ കരയ്ക്കുകയറ്റി. പിന്നീട് സുപ്രീംകോടതിയും മദ്യനയം ശരിവച്ചു. 

സോളാര്‍ തട്ടിപ്പു കേസുകള്‍ സിബിഐയ്ക്കു കൈമാറണമെന്ന പ്രതിപക്ഷത്തിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയും എ.ജി. ഫലപ്രദമായി പ്രതിരോധിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു വിധി. പിന്നീടങ്ങോട്ട് ഹൈക്കോടതിയില്‍ എത്തിയ സോളാര്‍ കേസുകളൊന്നും തന്നെ ഫലം കണ്ടില്ല. 

എ.ജിയുടെ ‘ഡിഫന്‍സ്’ വലയില്‍ നിന്നും ചോര്‍ന്നത് പാമോലീന്‍, കളമശ്ശേരി – കടകംപള്ളി ഭൂമി തട്ടിപ്, ടൈറ്റാനിയം എന്നീ അഴിമതി കേസുകള്‍ മാത്രമാണ്. പാമോലിന്‍ കേസിലും ടൈറ്റാനിയം കേസിലും തുടരന്വേഷണത്തിനാണ് കോടതി നിര്‍ദ്ദേശം. രണ്ടിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണം നേരിടുന്നു. 

നിലവാരമില്ലാത്ത ബാറുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ഇടക്കാല കോടതിവിധിക്കെതിരെ ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ചില സ്വകാര്യ പ്ലാന്റേഷന്‍ കമ്പനികളുടെ ഭൂമി കയ്യേറ്റ കേസില്‍ വേണ്ടത്ര നിയമനടപടികള്‍ ഉണ്ടായില്ലെന്നും ആരോപിച്ച് ഭരണപക്ഷ എം.എല്‍.എ.മാര്‍ അടക്കമുള്ളവര്‍ എ.ജി.യെ ആക്രമിച്ചു. ഭരണപക്ഷത്തുനിന്നും ആക്രമണപരമ്പര ഉണ്ടായിട്ടും കുലുങ്ങിയില്ല ഈ എ.ജി.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. തൊടുപുഴ  സ്വദേശി)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍