UPDATES

എന്നു വരും? ആരു വരും? കെപിസിസിക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച

എ.കെ ആന്റണി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി സമവായ സാധ്യത തേടുന്നുണ്ട് എന്നാണ് സൂചനകള്‍.

കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലായിട്ട് രണ്ടാഴ്ച. വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷ പദത്തില്‍ നിന്ന് രാജി വച്ചതോടെ ഉണ്ടായ അനിശ്ചിതത്വമാണ് ഇപ്പോഴും തുടരുന്നത്. ഈ സ്ഥാനത്ത് ആരെ നിയമിക്കുമെന്നോ എപ്പോള്‍ നിയമിക്കുമെന്നോ സംസ്ഥാന നേതൃത്വത്തിന് യാതൊരു രൂപവുമില്ല. സുധീരന്റെ രാജി കാര്യത്തിലാകട്ടെ, ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനവുമെടുത്തിട്ടില്ല.

ദേശീയ തലത്തിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേരിടുന്ന നേതൃപ്രതിസന്ധി എത്ര വലുതാണെന്നതാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടിനോട് കേരളത്തിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് നേതാക്കള്‍. നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് തങ്ങളുടെ വാദം ഉന്നയിക്കുന്നതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്.

സുധീരന്‍ രാജിവച്ച സാഹചര്യത്തില്‍ വൈസ് പ്രസിഡന്റുമാരായ എം.എം ഹസന്‍, വി.ഡി സതീശന്‍ തുടങ്ങിയവരാര്‍ക്കെങ്കിലും താത്കാലിക ചുമതല നല്‍കേണ്ടതാണ്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും വ്യത്യസ്ത അഭിപ്രായം വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോയി.

അവിടെ ചികിത്സയിലുള്ള പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തിരിച്ചെത്തിക്കഴിഞ്ഞാല്‍ കെ.പി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനമായേക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. സോണിയാ ഗാന്ധി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു വന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യമൊന്നും സംസ്ഥാന നേതൃത്വത്തിന് അറിയുകയുമില്ല.

പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പുകാരനായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് പദവി എ ഗ്രൂപ്പിന് നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഐ ഗ്രുപ്പ് ഒരുക്കമാണ്. എന്നാല്‍ തങ്ങള്‍ക്കു കൂടി അംഗീകരിക്കാന്‍ പറ്റുന്ന ഒരാള്‍ വേണമെന്ന കാര്യമാണ് അവര്‍ ഉന്നയിക്കുന്നത്. എ ഗ്രൂപ്പിനാകട്ടെ, ആരാണ് തങ്ങളുടെ പ്രതിനിധി എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നുമില്ല. ഉമ്മന്‍ ചാണ്ടി തന്നെ ഈ പദവിയിലേക്ക് വന്നാല്‍ ആര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകില്ലെങ്കിലും അദ്ദേഹം ഇടഞ്ഞുതന്നെ നില്‍ക്കുന്ന സ്ഥിത തുടരുകയാണ്. അതിനിടെ, എ.കെ ആന്റണി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി സമവായ സാധ്യത തേടുന്നുണ്ട് എന്നാണ് സൂചനകള്‍.

കേരളത്തില്‍ ബി.ജെ.പി പിടിമുറുക്കുന്ന സാഹചര്യമുണ്ടായിട്ടും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഒലിച്ചു പോവുന്നതു കണ്ടിട്ടും യാതൊന്നും ചെയ്യാനാകാതെ സംസ്ഥാന നേതൃത്വം നിസംഗരാകുന്നതില്‍ പാര്‍ട്ടി നേതാക്കളിലും അണികളിലും അസംതൃപ്തി പടരുന്നുണ്ട്. അതിന്റെ സൂചനയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതെന്നാണ് സൂചനകള്‍. കെ.എസ്.യു തെരഞ്ഞെടുപ്പാകട്ടെ, പാര്‍ട്ടിയിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍