UPDATES

കേരളം

കേരളത്തിലെ കോണ്‍ഗ്രസിനെ (തത്ക്കാലം) എം.എം ഹസന്‍ നയിക്കുമോ?

സംഘടന തെരഞ്ഞെടുപ്പ് വഴി പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് എ ഗ്രൂപ്പ് നിലപാട്

കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടന്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം താത്കാലി അധ്യക്ഷനെ നിയമിക്കാനാണു ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. വിദേശ ചികിത്സ കഴിഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഇന്നു പുലര്‍ച്ചെ തിരിച്ചെത്തിയിട്ടുണ്ട്. താത്കാലിക അധ്യക്ഷന്റെ കാര്യത്തില്‍ സോണിയയുടെ തീരുമാനമാനം ഉടന്‍ അറിയാമെന്നും കരുതുന്നു.

സുധീരന്‍ രാജിവച്ചശേഷം ഒരാഴ്ചയിലധികമായി കെപിസിസിക്ക് നാഥനില്ലാത്ത അവസ്ഥയിലാണ്. സുധീരന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതു സംഘടന തെരഞ്ഞെടുപ്പിലൂടെ മതിയെന്നാണു ഹൈക്കമാന്‍ഡ് നിലപാട്. ഡിസംബര്‍ മാസം കൊണ്ട് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും അതിനുശേഷം പിസിസി അധ്യക്ഷന്റ കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നുമാണു ഹൈക്കമാന്‍ഡ് പറയുന്നത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയശേഷം മതിയെന്നുമാണു ഡല്‍ഹിയില്‍ നിന്നുള്ള നിലപാട്. അതിനാല്‍ പുതിയ അധ്യക്ഷന്‍ ഉടന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ താത്കാലിക പ്രസിഡന്റ് എന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധിയുടെതാണ്. സോണിയയ്ക്കു മുന്നില്‍ വരുന്ന ഈ നിര്‍ദേശം അവര്‍ അംഗീകരിക്കുകയാണെങ്കില്‍ ഈ മാസം തന്നെ താത്കാലിക അധ്യക്ഷന്‍ വരും.

ആരാകണം താത്കാലിക അധ്യക്ഷന്‍ എന്നതിലും കേരളത്തില്‍ തര്‍ക്കം തുടരുകയാണ്. താത്കാലിക അധ്യക്ഷന്‍ എന്ന നിര്‍ദേശം തന്നെ ഇവിടെ പല നേതാക്കളും എതിര്‍ക്കുകയാണ്. പക്ഷേ ഹൈക്കമാന്‍ഡ് തീരുമാനം ഇവര്‍ക്കും അംഗീകരിക്കേണ്ടി വരും. അതിനിടയില്‍ എ ഗ്രൂപ്പ് നിര്‍ദേശിക്കുന്ന ഒരാള്‍ ആയിരിക്കും താത്കാലിക പ്രസിഡന്റ് സ്ഥാനത്തേക്കു വരിക എന്നും അറിയുന്നു. അങ്ങനെയാണെങ്കില്‍ നിലവിലെ കെപിസിസി വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ എം എം ഹസന്റെ പേര് ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുമെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കാനും സാധ്യതയുണ്ട്. ഐ ഗ്രൂപ്പുകാര്‍ ഈ സ്ഥാനത്തിനുവേണ്ടി ശബ്ദമുയര്‍ത്തില്ലെന്നാണു പൊതുവില്‍ കേള്‍ക്കുന്നത്. പ്രതിപക്ഷനേതാവ് സ്ഥാനം ഐക്കാര്‍ക്ക് ഉണ്ടെന്നതിനാല്‍ കെപിസിസി അധ്യക്ഷസ്ഥാനം എ കൊണ്ടുപോകുന്നതില്‍ അവര്‍ക്ക് വിയോജിപ്പ് പറയാന്‍ കഴിയില്ല. മാത്രമല്ല, ഒരിടവേളയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി കേരളത്തിലെ പാര്‍ട്ടിയില്‍ അതിശക്തനായി കൊണ്ടിരിക്കുകയുമാണ്. സംഘടന തെരഞ്ഞെടുപ്പില്‍ യുവജനഘടകങ്ങളില്‍ എ ശക്തമായ മേല്‍ക്കൈ നേടിയെടുക്കുകയാണ്. ഈ മേധാവിത്വം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. സംഘടന തെരഞ്ഞെടുപ്പ് വഴി പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെയും അന്തിമവിജയം തനിക്കായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാം. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവ് താന്‍ തന്നെയാണെന്നത് ഒരിക്കല്‍ കൂടി എല്ലാവരെയും ബോധ്യപ്പെടുത്താനും കഴിയുമെന്ന് ഉമ്മന്‍ ചാണ്ടി കണക്കു കൂട്ടുന്നു. തത്കാലം ഉമ്മന്‍ ചാണ്ടിയോട് ഇടയാതെ വെടിനിര്‍ത്തല്‍ നയം സ്വീകരിക്കാനായിരിക്കും ചെന്നിത്തലയും ആലോചിക്കുന്നത്.

അതേസമയം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തിനായി ഹൈക്കമാന്‍ഡ് എന്തെങ്കിലും മാനദണ്ഡം മുന്നോട്ടുവച്ചിട്ടുണ്ടോ എന്നു മുകുള്‍ വാസ്‌നിക് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സോണിയ ഗാന്ധിക്ക് കൈമാറുമെന്നുമാത്രമാണ് മുകുള്‍ വാസ്‌നിക് അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍