UPDATES

നാളെ കെ പി സി സി യോഗം; കലുഷിതമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിയുലയവേ നാളെ ചേരുന്ന കെപിസിസി ഭാരവാഹികളുടെ യോഗം കലുഷിതമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഒളിയമ്പ് നാളത്തെ യോഗത്തില്‍ ഉന്നയിക്കാന്‍ ഐ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയെയും തന്റെ അതൃപ്തി ചെന്നിത്തല നേരിട്ട് അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കാമെന്ന് ആന്റണിയെ അദ്ദേഹം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ തല്‍ക്കാലം കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് ചെന്നിത്തലയെ ആന്റണി ഉപദേശിച്ചതായി അറിയുന്നു. തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ വിഷയം കെപിസിസി യോഗത്തില്‍ ഉയര്‍ന്ന് വരാതിരിക്കാനുള്ള ശ്രമങ്ങള്‍ എ ഗ്രൂപ്പും നടത്തുന്നുണ്ട്. ഇടഞ്ഞുനില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കുന്നതിന്റ ഭാഗമായി മാത്രം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കണ്ടാല്‍ മതിയെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണം. ഇതിനിടെ ചെന്നിത്തലയെ ന്യായീകരിച്ച് ഒരു കാലത്ത് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തിയത് എ ക്യാമ്പുകളില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ചെന്നിത്തല പറയുന്നതാണ് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നതെന്നായിരുന്നു വിഷയത്തിലുള്ള ആര്യാടന്റെ പ്രതികരണം.

വിഷയം കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ ഉയര്‍ന്ന് വരികയാണെങ്കില്‍ ശക്തമായ വാക് പോരിന് ഇടനല്‍കും എന്ന് ഉറപ്പാണ്. ഇതിനിടെ എകെ ആന്റണിയെ കേരളത്തില്‍ കൂടുതല്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തുന്നതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേതൃത്വമാറ്റം എന്ന പഴയ മുദ്രാവാക്യമാണ് സുധീരന്റെ മനസിലുള്ളതെന്നും ചില കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഏതായാലും ബാര്‍ കോഴ വിവാദം സര്‍ക്കാരിന് കീറാമുട്ടിയായിരിക്കുന്നു എന്ന് മാത്രമാണ് തല്‍ക്കാലം പറയാന്‍ സാധിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍