UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി ജെ പി ആയുധമാക്കാന്‍ ശ്രമിക്കുന്ന ‘ഈഴവ ഗൗരി’യെ എന്തുകൊണ്ട് സിപി ഐഎം പേടിക്കണം?

അഴിമുഖം പ്രതിനിധി

സീറ്റ് നിഷേധത്തെ തുടര്‍ന്ന് രക്തസാക്ഷിപരിവേഷവുമായി നില്‍ക്കുന്ന ഗൗരിയമ്മയെ എന്‍ഡിഎ യുമായി സഹകരിപ്പിക്കാനുള്ള നീക്കം സജീവമാണ്. ഗൗരിയമ്മ ഇനിയും മനസ് തുറന്നിട്ടില്ലെങ്കിലും രാജന്‍ ബാബുവിന്റെ സഹായത്തോടെ അവരെ എന്‍ഡിഎ കാമ്പില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്കും ബിഡിജെഎസ്സിനുമുണ്ട്. ഗൗരിയമ്മയുടെ ജെഎസ്എസ് ഇപ്പോള്‍ വലിയൊരു ശക്തിയല്ലെങ്കിലും ഗൗരിയമ്മയുടെ രക്തസാക്ഷി പരിവേഷം ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വോട്ടാക്കി മാറ്റാന്‍ ആകുമെന്ന കണക്കു കൂട്ടലിലാണ് ബിജെപിയും ബിഡിജെഎസും.

ഗൗരിയമ്മയുടെ നീരസം തങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും ഈ തെരഞ്ഞെടുപ്പില്‍ ഏറെ ദോഷം ചെയ്യുമെന്ന് സിപിഐഎമ്മിനും നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഗൗരിയമ്മയെ അനുനയിപ്പിച്ച് എല്‍ഡിഎഫിനൊപ്പം നിര്‍ത്താനുള്ള നീക്കങ്ങളും സജീവമാണ്. ഗൗരിയമ്മയെ നേരിട്ട് സിപിഎം സംസ്ഥാന സമിതിയില്‍ എടുക്കാമെന്നും എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ചിലത് ഗൗരിയമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ജെഎസ്എസുകാര്‍ക്ക് നല്‍കാമെന്നുമൊക്കെയാണ് ദൂതന്‍ മുഖേന സിപിഐഎം ഗൗരിയമ്മയെ അറിയിച്ചിട്ടുള്ളതെന്നാണ് വാര്‍ത്തകള്‍. ഇതിനോടും ഗൗരിയമ്മ പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകിട്ട് ജെഎസ്എസ് സംസ്ഥാന സെന്റര്‍ ചേരുമ്പോള്‍ ഇക്കാര്യത്തില്‍ തന്റെ തീരുമാനം ഗൗരിയമ്മ അറിയിക്കുമെന്നാണ് സൂചന. രാജന്‍ബാബുവിനൊപ്പം എന്‍ഡിഎയില്‍ എത്തിയാല്‍ ഗൗരിയമ്മ പറയുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാമെന്ന വാഗ്ദാനവും ബിജെപിയും ബിഡിജെഎസും നല്‍കിയതായാണ് അറിയുന്നത്. ഗൗരിയമ്മ സിപിഎമ്മിന്റെ വാക്ക് ഒരിക്കല്‍ കൂടി വിശ്വസിക്കാനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നു. അതുകൊണ്ടു തന്നെ ഗൗരിയമ്മ തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ബിഡിജെഎസ്സിനെ ഒപ്പം ചേര്‍ത്തതിലൂടെ ഈഴവസമുദായം തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദം ഉന്നയിക്കുന്ന ബിജെപിക്ക് ഗൗരിയമ്മയെക്കൂടി പാളയത്തില്‍ എത്തിച്ചാല്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കാര്യമായ ഇടപെടലുകള്‍ക്ക് സാധ്യമാകുമെന്ന് കരുതാം. ഗൗരിയമ്മയുടെ ജാതിയും അവരുടെ രക്തസാക്ഷിപരിവേഷവും തന്നെയായിരിക്കും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഈഴവരെ വഞ്ചിക്കുന്നുവെന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുകയും ആ സാഹചര്യം മുതലെടുത്ത് വെള്ളാപ്പള്ളിയും കൂട്ടരും ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കിയതും ബിജെപിയെയാണ് ശരിക്കും സഹായിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെയോ ബിജെപിയുടെയോ അവകാശവാദങ്ങള്‍ പോലെയൊന്നും ഇതുവരെ നടന്നു കണ്ടില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ചിലതൊക്കെ ചെയ്യാനാകും. പ്രത്യേകിച്ച് ഈഴവ വോട്ടുകള്‍ ഫലം നിശ്ചയിക്കുന്ന കൊല്ലത്തും ആലപ്പുഴയിലും. 

ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വോട്ടുബാങ്കായി നില്‍ക്കുന്ന ഈഴവര്‍ക്കിടയില്‍ കാര്യമായ മുറുമുറുപ്പുകള്‍ കഴിഞ്ഞകാലങ്ങളിലായി കേട്ടുതുടങ്ങിയിട്ടുണ്ട്. ഈ പിണക്കം തന്നെയാണ് വെള്ളാപ്പള്ളി പെരുപ്പിച്ചു കാണിച്ചു ബിഡിജെഎസ് എന്ന സ്വകാര്യ പാര്‍ട്ടിയുണ്ടാക്കാന്‍ ഉപയോഗിച്ചതും. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎസിന്റെ കടന്നാക്രമണത്തിലൂടെ സിപി ഐഎം വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങളെ തല്ലിതകര്‍ത്ത് നടേശന്റെ തട്ടകത്തിലടക്കം നിലപരിശാക്കി. ആ അത്മവിശ്വാസം മാര്‍ക്സ്സിസ്റ്റ് പാര്‍ട്ടി ഇപ്പോഴുമുണ്ടെങ്കിലും സാഹചചര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന സത്യം അവര്‍ മനസിലാക്കിയിട്ടില്ല.

ഗൗരിയമ്മയുടെ കാര്യത്തില്‍ മനസാക്ഷിയുടെ നീതിയായിരുന്നു സിപിഐഎം കാട്ടേണ്ടിയിരുന്നത്. കാലങ്ങള്‍ക്കിപ്പുറം ഗൗരിയമ്മ എകെജി സെന്റ്‌റിന്റെ പടികടന്നു വന്ന നിമിഷം ഒരുപാട് മനസുകളില്‍ സന്തോഷം നല്‍കിയിരുന്നു. പക്ഷേ ഇപ്പോള്‍ അതേ മനസുകളില്‍ നീറ്റലാണ്. ഗൗരിയമ്മയോടുള്ള രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കെല്ലാം അപ്പുറം കേരള രാഷ്ട്രീയത്തിലെ ആ വയോവൃദ്ധയോട് സിപിഎം വഞ്ചന കാണിച്ചിരിക്കുന്നു എന്ന തോന്നല്‍ ഒട്ടുമിക്കപേരിലും ഉണ്ടായിരിക്കുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പടിക്കല്‍ നിന്നും അവരെ പിടിച്ചു മാറ്റിയതുപോലെ സിപിഐഎമ്മിന്റെ മറ്റൊരു ചതിയായിട്ടാണ് ഇപ്പോഴത്തെ സീറ്റ് നിഷേധവും കണക്കാക്കുന്നത്. ‘ഗൗരിച്ചോകോത്തി’യെന്ന ആക്ഷേപം ഒരിക്കല്‍ കേള്‍ക്കേണ്ടി വന്ന ഗൗരിയമ്മയ്ക്ക് വീണ്ടും വഞ്ചന നേരിടേണ്ടി വരുമ്പോള്‍ അവരുടെ ഈഴവസ്വത്വം സിപിഎമ്മിനെ തിരിച്ചടിക്കുമെന്നു തന്നെയാണ് ബിജെപിയും വെള്ളാപ്പള്ളിയുമൊക്കെ കണക്കുകൂട്ടന്നത്. അവരായുധമാക്കുന്നതും ഈഴവഗൗരിയെ ആയിരിക്കും. യാതതൊരു കാര്യവുമില്ലായെന്ന് അറിഞ്ഞു തന്നെ സിഎംപിക്ക് ചവറ സീറ്റ് നല്‍കാന്‍ കാണിച്ച ഉദാരമനസ്‌കത ഗൗരിയമ്മയോട് കാണിക്കാതിരുന്ന സിപിഐഎം ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍