കാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണം സംബന്ധിച്ച തര്‍ക്കമാണ് സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ബെന്നറ്റ് ഏബ്രഹാം ഉൾപ്പെട്ട സംഘത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. 2014 ൽ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്ന ബെന്നറ്റ് ഏബ്രഹാം ഉള്‍പ്പെടെയുള്ളവർ ഭരണത്തിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതായും സഭയുടെ ഇപ്പോഴത്തെ ഭരണ സമിതി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിടി മോഹനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കാരക്കോണം മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണം സംബന്ധിച്ച തര്‍ക്കമാണ് സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. കോളജിൽ അഡ്മിഷനായി തലവരിപ്പണമായി കൈപ്പറ്റിയ കോടിക്കണക്കിന് വരുന്ന തുക ബിഷപ്പ് ധര്‍മ്മരാജ് റസ്സാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തട്ടിച്ചെന്നാണ് പുതിയ ഭരണ സമിതിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് മുൻ ഡയറക്ടർ കൂടിയായിരുന്ന ബെന്നറ്റ് ഏബ്രഹാം ഉപ്പെടെയുള്ളവർക്കെതിരെ ആരോപണം പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
ബെന്നറ്റ് ഏബ്രഹാമും മറ്റു നാലുപേരും ചേർന്ന് കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഒരു കോടി 78 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നു കാണിച്ചാണ് സഭ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ബെന്നറ്റ് സ്ഥാപനത്തിൽ നിന്ന് 20 ചെക്കുകൾ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
ബെന്നറ്റ് ഏബ്രഹാം, കോളജിന്റെ മുൻ കണ്‍ട്രോളർ പി. തങ്കരാജ്, മുൻ പ്രിൻസിപ്പൽ പി.മധുസൂദനൻ, മുൻ ട്രഷറർ റസലയ്യൻ, റോസ് മേരി എന്നിവർ ചേർന്ന് ക്രമക്കേടുകളിലൂടെ കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കി. സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാത്ത 32 പേർക്കായി 2017-18 ൽ 1,77,50,000 രൂപയുടെ ചെക്കുകൾ നൽകി. 2018-19ൽ ഏഴുപേർക്കായി 30 ലക്ഷം രൂപയ്ക്കുള്ള ചെക്കുകളും തട്ടിയെടുത്തു. തന്റെ അസി.പഴ്സണൽ ഓഫിസറെ ഉപയോഗിച്ച് ബെന്നറ്റ് കോളജിന്റെ 20 ചെക്കുകൾ മോഷ്ടിച്ചെന്ന ഗുരുതരമായ ആരോപണവുമാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇതിന് പുറമെ കോളജുമായി ബന്ധപ്പെട്ട 30 പ്രമാണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അടുത്ത ദിവസങ്ങളിൽ പുറത്ത് വരുമെന്നും വിടി മോഹനൻ അഴിമുഖത്തോട് പ്രതികരിച്ചു.
മെഡിക്കല്‍ കോളജിനായി പലപ്പോഴായി വാങ്ങിയ പല സ്ഥലങ്ങൾക്കായി 60 പ്രമാണങ്ങളാണുള്ളത്. ഇതിൽ ചിലത് ഉപയോഗിച്ച് കോളജ് ആവശ്യത്തിനായി വായ്പ എടുത്തിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിലെ 30 പ്രമാണങ്ങൾ ഇപ്പോൾ എവിടെയെന്ന് അറിയില്ല. ഇതും ബെന്നറ്റ് ഉൾപ്പെട്ട സംഘം കടത്തിയെന്നും വിടി മോഹനൻ ആരോപിച്ചു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വെള്ളറട പോലീസ് സ്റ്റേഷനിൽ താൻ രണ്ട് പരാതികൾ നൽകിയികുന്നു. രണ്ട് വിദ്യാർത്ഥികളും ഇതിന് പിന്നാലെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ മൊഴിയെടുക്കുകയും ചെയ്തു. അന്ന് വെള്ളറട പോലീസ് എഫ് ഐആർ എടുത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് 26 പേർ പറ്റിക്കപ്പെടില്ലായിരുന്നെന്നും മോഹനൻ പറയുന്നു.
തലവരിപ്പണം തിരികെ നൽകുന്നതിനായി നൽകിയ ചെക്കുകളിൽ 10 എണ്ണം മോഷണം പോയ ചെക്കുകളാണെന്ന് കാട്ടി വെള്ളറട സ്റ്റേഷനിൽ ദക്ഷിണ കേരള മഹാ ഇടവക ട്രഷറർ പരാതി നല്‍കി. എന്നാൽ പരാതി നൽകി 12 ദിവസമായിട്ടും സ്വീകരിച്ചെന്ന് കാട്ടി റസീപ്റ്റ് നൽകാൻ പോലും പോലീസ് തയ്യാറായിട്ടില്ല. അത്രത്തോളം രാഷ്ട്രീയ ഇടപെടൽ ഇതിലുണ്ട്. ഭരണ കക്ഷിയുടെ ജില്ലാ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലുണ്ട്. രാഷ്ട്രീയക്കാരാണ് ബെന്നറ്റ് എബ്രാഹമിനെയും ബിഷപ്പിനെയും സാമ്പത്തിക കുറ്റവാളിയാക്കിയതെന്നും പിടി മോഹനൻ ആരോപിക്കുന്നു.
അതേസമയം, കാരക്കോണം മെഡിക്കൽ കോളജ് വിഷയത്തിൽ പാര്‍ട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ തനിക്കെതിരെ ഗുരുതരമായി ആരോപണം ഉയരുമ്പോഴും പ്രതികരിക്കാന്‍ ഇതുവരെ ബെന്നറ്റ് ഏബ്രാഹാം തയ്യാറായിട്ടില്ല.
Read More: പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക