UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുത്തന്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തി ഫേസ്ബുക്ക് കൂട്ടായ്മ

Avatar

അജിത് ജി. നായര്‍

വിഷം തിന്നു മടുത്ത മലയാളി ജൈവ കൃഷി രീതിയിലേക്ക് തിരിയാന്‍ തുടങ്ങിയിരിക്കുകയാണ്. അതിര്‍ത്തികള്‍ കടന്നെത്തുന്ന വിഷലിപ്തമായ പച്ചക്കറികള്‍ക്കായി കാത്തിരിക്കാതെ, സ്വന്തം മണ്ണില്‍ വിളയിച്ചെടുക്കുന്ന ശുദ്ധമായ ആഹാരപദാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം കൂടിവരുന്നത് നമ്മൂടെ നാടിന് പുതിയൊരു ആരോഗ്യപരിരക്ഷ കൂടി സമ്മാനിക്കുകയാണ്. ഈയവസരത്തിലാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രാധാന്യം കൂടി നമ്മള്‍ തിരിച്ചറിയേണ്ടത്. ഈ കൂട്ടായ്മയിലൂടെ പരമ്പരാഗത കൃഷി വളര്‍ത്തിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഒരു കൂട്ടം ആളുകള്‍.

കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിച്ചും സാമ്പാര്‍ ചലഞ്ച്, സീഡേഴ്‌സ് ലവ് പോലുള്ള പരിപാടികള്‍ ഒരുക്കിയും ഇവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെയെല്ലാം പിന്തുണ നേടിയെടുക്കുകയുമാണ്. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചു വിത്ത് കൈമാറുന്നതിന് പകരം ഫേസ്ബുക്ക് പേജില്‍ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങള്‍ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയാണിവിടെ പിന്തുടരുന്നത്. കര്‍ഷക സംഘങ്ങളുടെയും കാര്‍ഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കര്‍ഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാര്‍ക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാര്‍ക്കറ്റിലുള്ളതിനെക്കാള്‍ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകള്‍ അയച്ചു കൊടുക്കുന്നത്.

ഓണം ഉണ്ണാന്‍ ഒരുപറ നെല്ല്
‘ഓണം ഉണ്ണാന്‍ ഒരുപറ നെല്ല്’ എന്നു പേരിട്ട് തിരുവോണ നാളിലേക്ക് വിളവെടുപ്പിന് പാകം ആകത്തക്കവണ്ണം വീടിന്റെ മട്ടുപ്പാവില്‍ നെല്ല് കൃഷി ചെയ്യുകയാണ് ഇപ്പോള്‍ കൃഷിഭൂമി കൂട്ടായ്മക്കാര്‍. ഇതിന്റെ പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. മണ്ണും വയലും നഷ്ട്ടപ്പെട്ട മലയാളിക്ക് ആശ്രയമായ ടെറസ് കൃഷിയില്‍ അല്ലെങ്കില്‍ ഉദ്യാന കൃഷിയില്‍ നെല്ലും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നമുക്ക് അന്യമായ നെല്‍കൃഷിയുടെ പൈതൃകം നിലനിര്‍ത്താന്‍ വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും നമ്മുടെ സ്വന്തം കൃഷിയിടത്തില്‍ വിളയുന്ന നെല്ലില്‍ നിന്നുള്ള കുത്തരി ഉപയോഗിച്ച് ചോറുണ്ണാന്‍, മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണത്തിന് നമ്മുടെ സ്വന്തം സദ്യയൊരുക്കാന്‍ ശ്രമിക്കാമെന്നുമാണ് ഈ പരിപാടിയെക്കുറിച്ച് കൃഷിഭൂമി കൂട്ടായ്മക്കാര്‍ക്ക് പറയാനുള്ളത്. ഏപ്രില്‍ ആദ്യവാരം തന്നെ ഇതിനുള്ള നെല്ല് പാകി കഴിഞ്ഞു. പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലിഫോണില്‍ വിളിച്ചും ഓണ്‍ലൈന്‍ ആയും റജിസ്റ്റര്‍ ചെയ്യാം. കൊറിയര്‍ ചാര്‍ജ് മാത്രം വാങ്ങി വിത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഈ ഗ്രൂപ്പിലെ പൊതുരീതി. കൃഷി ചെയ്യേണ്ട രീതി ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ഓരോ ജില്ലയിലും ഓരോ ആളുവച്ച് പരിശീലന ചുമതല നിര്‍വഹിക്കുന്നു. ഇവര്‍ അതാതു ജില്ലയിലെ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നു.

പ്രാദേശികമായി കൃഷിക്കൂട്ടായ്മകള്‍ ഉണ്ടാക്കുകയാണ് ഇവരുടെ ഇപ്പോഴത്തെ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ പ്രാദേശികമായി കൂട്ടായ്മ സംഘടിപ്പിച്ച് കൃഷി ചെയ്യുന്നുണ്ട് ഇപ്പോള്‍. ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനായി ഈ രംഗത്ത് പ്രാഗത്ഭ്യമുള്ള ആളുകളെ ഏര്‍പ്പാടാക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്്. എല്ലാ സമയത്തും വിത്തുകള്‍ ലഭിക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനിലും നിന്നും മറ്റും വിത്തുകള്‍ ശേഖരിച്ച് ഗ്രൂപ്പിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആവശ്യമനുസരിച്ച് സൗജന്യമായി വിതരണം ചെയ്യുന്നു.

പരമ്പരാഗത കൃഷിരീതികളെ തിരിച്ചു പിടിക്കല്‍
കൃഷിഭൂമി എന്ന ഈ ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയര്‍, മരവെണ്ട എന്നീ ഇനങ്ങള്‍ ഉള്‍പ്പെടെ വെള്ളരി, തക്കാളി, മുളകുകള്‍ എന്നിങ്ങനെ പലതരം പച്ചക്കറികള്‍ ഇവര്‍ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികള്‍ക്കു പിന്നില്‍ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്.

60ല്‍ പരം മുളകിനങ്ങള്‍ കൃഷി ചെയ്യുന്ന തൃശ്ശൂര്‍ ചന്ദ്രാപ്പിന്നി സ്വദേശിനി സബീന ,കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലുള്ള അന്‍ഷാദ് ഇസ്മയില്‍ എന്നിവരൊക്കെ പുതുലമുറയുടെ കര്‍ഷകപ്രതിനിധികളാണ്. അറുപതില്‍പ്പരം മുളകിനങ്ങളാണ് സബീന കൃഷി ചെയ്യുന്നത്. ഒരു പ്രധാന മുളകിനമായ ബൂട്ട് ജലാസിയോയുടെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, എന്നീ വ്യത്യസ്ത തരങ്ങള്‍ ഇവര്‍ കൃഷി ചെയ്യുന്നവയില്‍ പ്രധാനപ്പെട്ടവയാണ്. മനുഷ്യ തലച്ചോറിന്റെ ആകൃതിയിലുള്ള ബ്രയിന്‍ സ്‌ട്രെയിന്‍ എന്ന മുളകിനത്തിന്റെ വിവിധതരങ്ങളും ഇവരുടെ കൃഷിയിടത്തിലുണ്ട്. കൂടാതെ മഞ്ഞ, വെള്ള, പര്‍പ്പിള്‍ തുടങ്ങിയ ഏഴെട്ടിനം കാന്താരിയും ഇവരുടെ കൃഷിയിടത്തില്‍ വിളയുന്നു. ചെറി മുളക്, മാലി മുളക്, പേരക്ക മുളക്, കാരണംപൊട്ടി മുളക്, മത്തങ്ങ മുളക് എന്നിങ്ങനെ അറുപതോളം മുളകിനങ്ങള്‍ ഇവരുടെ വീടിന്റെ മട്ടുപ്പാവിലും തൊടിയിലുമായി വിളയുന്നു. കടലപ്പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി തുടങ്ങി തികച്ചും ജൈവീകമായ വളങ്ങള്‍ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കൃഷിഭൂമി ഗ്രൂപ്പിലെ അംഗങ്ങള്‍ ആണ് ഇത്രയും ഇനങ്ങളുടെ വിത്തുകള്‍ ഇവര്‍ക്കെത്തിച്ചു കൊടുത്തത്. പ്രാരംഭ ഘട്ടമായത് കൊണ്ട് വിളവെടുത്തത് വിത്തുകളാക്കി ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. ചില നേഴ്‌സറികളിലേക്കും തൈകള്‍ നല്‍കുന്നുണ്ട്.

ഈ പ്രദേശത്ത് കുടുംബശ്രീയിലൂടെയും മറ്റും ധാരാളം കൃഷി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണി വഴുതന, ചീര, പടവലം തുടങ്ങിയവയാണ് ഇവര്‍ കൂടുതലായും കൃഷി ചെയ്യുന്നത്. സബീനയ്ക്കു മുളക് കൃഷി ചെയ്യുന്നതിന് മുമ്പ് താല്‍പര്യം പൂക്കൃഷിയിലായിരുന്നു. മുമ്പ് ഇവരുടെ തോട്ടത്തില്‍ യുഫോര്‍ബിയ ചെടിയുടെ 140 ഇനങ്ങള്‍ ഉണ്ടായിരുന്നു. മുളക് കൃഷിയിലേക്ക് തിരിഞ്ഞപ്പോഴേക്കും പലതും നഷ്ടമായി. എന്നിരുന്നാലും ഇത് ഇവര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. ഓര്‍ക്കിഡിന്റെ പുതിയ ഇനങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് സബീന. സ്ഥലപരിമിതിയാണ് മറ്റൊരു പ്രശ്‌നം. കൃഷിഭൂമിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വിത്തുകളുടെ വിതരണം വളരെ സുഗമകരമായി നടക്കുന്നതായും സബീന പറയുന്നു.

ഈ ഗ്രൂപ്പില്‍ എത്തിയതിന് ശേഷമാണ് അന്‍ഷാദ് കൃഷിയില്‍ തല്‍പ്പരനായത്. അന്‍ഷാദിനെപ്പോലെ നിരവധി ചെറുപ്പക്കാര്‍ കൃഷിയുടെ മഹത്വം അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ അന്‍ഷാദിന്റെ കൃഷിയിടത്തില്‍ തന്നെ വിളയുന്നു. ആവശ്യം കഴിഞ്ഞുള്ളവ പുറത്തു വില്‍ക്കും. കോഴിക്കോട് പെരുവണ്ണാപുരം സ്വദേശിയും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ ഷൈജു തെക്കിനിയേടത്ത് ഈ ഗ്രൂപ്പില്‍പ്പെട്ട മറ്റൊരു കര്‍ഷകനാണ്. തക്കാളി ചുണ്ടയിലും മുളകു ചുണ്ടയിലും ഗ്രാഫ്റ്റ് ചെയ്യുന്നതില്‍ പ്രഗത്ഭനാണ് ഷൈജു. തനിക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലും ഷൈജു തല്‍പ്പരനാണ്. തൃശ്ശൂരില്‍ നടത്തിയ നവകര്‍ഷക പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് തുമ്പൂര്‍ മോഡല്‍ അവതരിപ്പിച്ച ഡോ.ഫ്രാന്‍സിസ് സേവ്യര്‍ ആണ്. മണ്ണുത്തി വെറ്റിനറി കോളേജിലെ സീനിയര്‍ പ്രൊഫസര്‍ ആണ് അദ്ദേഹം. ഇദ്ദേഹത്തിന്റെയൊക്കെ ഉപദേശപ്രകാരമാണ് പദ്ധതി ഇത്രയധികം വിജയമായത്. എസ്.ബി.ഐയിലെ ഉയര്‍ന്ന പദവിയില്‍ നിന്നും സ്വയം വിരമിച്ച് അട്ടപ്പാടിയില്‍ 25 ഏക്കറില്‍ കൃഷി ചെയ്യുന്ന സണ്ണി ചെറിയാനും ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ച രാജഗോപാല്‍ ടി ടി എന്ന കര്‍ഷകന്‍ ഈ കൂട്ടായ്മയിലെ ഒരു സജീവ പങ്കാളിയാണ്. ഇവരെപോലുള്ള ധാരാളം ആളുകള്‍ വിത്ത് വിതരണത്തിലും അനുബന്ധകാര്യങ്ങളിലും നിസ്വാര്‍ത്ഥ സേവനവുമായി ഒപ്പമുണ്ട്. മരവെണ്ടയുടെ വിത്തുക്കള്‍ വിതരണം ചെയ്യുന്നത് ഷെഫീര്‍ ഹൈദ്രോസ് എന്ന യുവാവാണ് കേരളത്തിലെമ്പാടുമുള്ള ആളുകള്‍ക്ക് ഷെഫീര്‍ വഴി വിത്തുകള്‍ ലഭിക്കുന്നു. കൂടുതലും നാടന്‍ പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്യുന്നത്. എങ്ങനെ ഇത് വിളവെടുക്കാം എന്നുള്ളത് ഫേസ്ബുക്ക് ഗ്രൂപ്പില്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നു. കൂടാതെ ഫോണ്‍ നമ്പറുകള്‍ നല്‍കിയിരിക്കുന്നത് സംശയ നിവാരണത്തിന് സഹായകരമാവും. തണ്ണിമത്തന്‍, തക്കാളി, കാരറ്റ് തുടങ്ങിയ ശീതകാല വിളകള്‍ കൃഷി ചെയ്യുന്നവരുണ്ട്. മാത്രമല്ല കൃഷി സംരക്ഷിക്കാന്‍ വേണ്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് നല്‍കുന്നു. കീട നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ ഗ്രൂപ്പില്‍ നിന്ന് ലഭ്യമാണ്. തികച്ചും ജൈവരീതിയിലാണെന്നതാണ് പ്രധാന സവിശേഷത. വേപ്പെണ്ണ, വേപ്പ് സോപ്പ്, പുകയില കഷായം, പച്ചിലകൊണ്ടുള്ള കീടനാശിനി, മഞ്ഞള്‍പ്പൊടി, ഗോമൂത്രം എന്നിവയാണ് പ്രധാന കീടനിയന്ത്രണ മാര്‍ഗങ്ങള്‍. കൂടാതെ സൂക്ഷ്മാണുക്കളായ സ്യൂഡോമൊണാസ്, ട്രൈക്കോ ഡെര്‍മ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള കീട നിയന്ത്രണവും പരീക്ഷിക്കുന്നു.

ഫേസ്ബുക്ക് കൃഷി കൂട്ടായ്മകളുടെ ഉത്ഭവം 
ഫേസ്ബുക്കിലെ കൃഷി കൂട്ടായ്മകളുടെ തുടക്കത്തെക്കുറിച്ച് മണ്ണുത്തി വെറ്റിനറി കോളേജ് സീനിയര്‍ പ്രൊഫസര്‍ ഫ്രാന്‍സീസ് സേവ്യര്‍ പറയുന്നതു ഇങ്ങനെയാണ്: യഥാര്‍ഥത്തില്‍ കൃഷിക്കു വേണ്ടിയുള്ള ഒരു ഗ്രൂപ്പ് തുടങ്ങുന്നത് മണ്ണുത്തി വെറ്റിനറി കോളേജില്‍ വച്ചാണ്. അതിനുശേഷം പല സമാന്തര വിഭാഗങ്ങളായി മാറിപ്പോവുകയാണ് ചെയ്തത്. അടുക്കളത്തോട്ടം, കൃഷിഭൂമി, മണ്ണ് തുടങ്ങിയ പേരുകളില്‍ വേര്‍തിരിഞ്ഞു പോവുകയായിരുന്നു. കേരളത്തിലുള്ള വിവിധ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്തിലൂടെയുള്ള ഒരു വിജ്ഞാനവ്യാപനമാണ് കൃഷിഭൂമി പോലുള്ള ഗ്രൂപ്പുകളുടെ പ്രധാനലക്ഷ്യം. പരമ്പരാഗത കൃഷിരീതികളുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്. 10 സെന്റില്‍ കുറവ് വസ്തു ഉള്ളവരെ കൃഷിക്കാരായി സര്‍ക്കാര്‍ പരിഗണിക്കുന്നില്ല ഈ സാഹചര്യത്തില്‍ ടെറസിലും മറ്റും കൃഷി ചെയ്യുന്നവര്‍ കൃഷി ചിലവ് കൂടുന്നത് മൂലം ഇത് വിട്ടുപോവുകയാണ്. കൃഷി വകുപ്പിന്റെ ഒരു ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. ഇങ്ങനെയൊരു അവസരത്തിലാണ് ഇദ്ദേഹം കൃഷിക്ക് വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ആലോചിക്കുന്നത് ഇത് കുറച്ചധികം വര്‍ഷങ്ങള്‍ക്ക്് മുമ്പാണ്. അന്ന് 150ഓളം ആളുകള്‍ മാത്രമേ ചെറിയ കൃഷി ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയെ വിജ്ഞാന വ്യാപന രംഗത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയുടെ ഫലമായി ഫ്രാന്‍സിസ് സേവ്യറിന്റെ മനസ്സില്‍ വിരിഞ്ഞ ആശയമായിരുന്നു കൃഷിക്ക് വേണ്ടി ഒരു ഗ്രൂപ്പ് എന്നത്. കൃഷിഭൂമി എന്ന ഗ്രൂപ്പ് അടുത്തകാലത്ത് തുടങ്ങിയതാണെന്നും അതിലൂടെ നാട്ടുകൃഷിയുടെ വന്‍പ്രചരണം നടക്കുന്നതായും ഇദ്ദേഹം പറയുന്നു.

ചെറുപ്പക്കാരുടെ കടന്നുവരവാണ് ഇത്തരം കൂട്ടായ്മകളുടെ ഏറ്റവും വലിയനേട്ടം. ഗ്രൂപ്പുകളില്‍ പങ്കാളിയായവരില്‍ ഏതാണ്ട് 80 ശതമാനവും ചെറുപ്പക്കാരാണ്. സര്‍വകലാശാലകള്‍ക്കും ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്കും ഇടപെടാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ക്ക് സാധിക്കും. നവമാധ്യമങ്ങളിലെ ഇത്തരം കൂട്ടായ്മകള്‍ കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചതായി കാണാം. പ്രദേശികമായ വിത്തുകളുടെ കൈമാറ്റങ്ങളിലൂടെ പരമ്പരാഗത കാര്‍ഷികയിനങ്ങളെ സംരക്ഷിക്കാനും കുത്തകകളുടെ ജനിതകമാറ്റം വരുത്തിയ വിത്തുകളെ ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രധാനനേട്ടം. ഓര്‍ഗാനിക് സാധനങ്ങളുടെ വിപണനം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓര്‍ഗാനിക് തൈകള്‍ ഉണ്ടെങ്കില്‍ ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ കാസര്‍ഗോഡുള്ള കര്‍ഷകരില്‍ വരെ അത് എത്തിക്കാന്‍ സാധിക്കുന്നു. അതുപോലെ തന്നെ ഒരുപാടു കൃഷിഗ്രൂപ്പുകള്‍ ഒന്നിച്ചു സഞ്ചരിക്കുകയും ഓരോ ഗ്രൂപ്പിലും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. കൃഷിഭൂമിയിലും, അടുക്കളത്തോട്ടത്തിലുമെല്ലാം ഓരോ മത്സരങ്ങള്‍ നടത്തുന്നുണ്ട്. സാമ്പാര്‍ ചലഞ്ച് എന്നാണ് കൃഷിഭൂമിയിലെ മത്സരത്തിന്റെ പേര്. ഒരു നവീന ആശയമാണിത്. കാലാവസ്ഥാ മാറ്റങ്ങളും നെല്‍പ്പാടങ്ങള്‍ ചുരുങ്ങിയതും കേരളത്തെ കാര്‍ഷിക രംഗത്തെ അതിന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. വന്‍കിട കൃഷികള്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ചെറിയ ഒരു പ്രതിരോധം എന്നതാണ് ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഫേസ്ബുക്കിലെ കൃഷിഗ്രൂപ്പുകളില്‍ കൃഷി ഓഫീസര്‍മാരും കൃഷി ഭവനുകളും ചേരുന്നത് സര്‍ക്കാരില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കാന്‍ സഹായകരമാവുന്നു. കൃഷിഭൂമിയുടെ ഒരു കൂട്ടായ്മ അടുത്തിടെ തൃശ്ശൂരില്‍ നടന്നു ഇപ്പോള്‍ എല്ലാ ജില്ലകളിലും ഇത്തരം കൂട്ടായ്മകള്‍ നടക്കുന്നു. ഇത് കര്‍ഷകരെ സാമൂഹിക സ്ഥിതികളെ നേരിടാന്‍ പ്രാപ്തരാക്കുന്നു. ഫേസ്ബുക്ക് കൂട്ടായ്മകളുടെ വ്യാപനം ഒരു പുത്തന്‍ കാര്‍ഷിക സംസ്‌കാരത്തിലേക്ക് നമ്മളെ നയിക്കുമെന്ന് തീര്‍ച്ചയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍