UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണയ്യരോട് നീതി ചെയ്യണമെങ്കില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ

Avatar

ടീം അഴിമുഖം

വാര്‍ദ്ധക്യം വേദനാജനകവും അതേ സമയം കൗശലം നിറഞ്ഞതുമാവാം. നിങ്ങള്‍ വാര്‍ദ്ധക്യകാലത്ത് കേരളത്തില്‍ ഒറ്റയ്ക്ക് കഴിയുകയും നിങ്ങളുടെ മക്കള്‍ വിദേശത്ത് പെട്രോ ഡോളര്‍ സമ്പാദിക്കുകയോ കരിയര്‍ വികസിപ്പിക്കുകയോ ചെയ്യുന്നതില്‍ വ്യാപൃതരായിരിക്കുകയും, ഒരു വലിയ വീട്ടില്‍ ആരോടും മിണ്ടാനില്ലാതെ നിങ്ങള്‍ ഏകാന്തവാസം നയിക്കുകയും ചെയ്യുകയാണെങ്കില്‍ ഇത് കൂടുതല്‍ അരോചകമായിരിക്കും. നിങ്ങള്‍ വിദ്യാഭ്യാസവും അനുഭവങ്ങളുമുള്ള ഒരാളാണെങ്കില്‍ പോലും ഇത്തരം അസ്തിത്വം വിചിത്രമായ മാനസികാവസ്ഥകളിലേക്ക് നിങ്ങളെ നയിച്ചേക്കാം. 

ആളുകള്‍ മരിക്കുമ്പോള്‍ അവരുടെ അടിസ്ഥാന തെറ്റുകളെ മറച്ചു പിടിച്ചുകൊണ്ട് അവരെ പ്രകീര്‍ത്തിക്കുക എന്നതാണ് പൊതു പ്രവണത. പ്രത്യേകിച്ചും മലയാളത്തില്‍, അവരുടെ വാഴ്ത്തുകള്‍ ഉറക്കെ പാടുന്നതിനായി നമ്മള്‍ ശക്തമായ വാക്കുകളും ആകര്‍ഷകങ്ങളായ പ്രയോഗങ്ങളും ആലങ്കാരികങ്ങളായ വരികളും ഉപയോഗിക്കും. പക്ഷെ ഈ പ്രക്രിയയ്ക്കിടയില്‍, നമ്മുടെ ജീവിതത്തില്‍ നേരിട്ടുള്ളതും നാടകീയവുമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയ തീരുമാനങ്ങള്‍ എടുത്ത ചരിത്ര പുരുഷന്മാരുടെ യഥാര്‍ത്ഥ ചരിത്രം നമ്മള്‍ കുഴിച്ചുമൂടും. അതുകൊണ്ട് തന്നെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിക്കുമ്പോള്‍, സമീപ വര്‍ഷങ്ങളില്‍ പൊതുജിവിതത്തില്‍ ചോദ്യങ്ങളുയര്‍ത്തിയ സംഭാവനകളുടെ ചരിത്രപരമായ കണക്കുകള്‍ നമ്മള്‍ പരിശോധിക്കുക എന്നത് യഥാര്‍ത്ഥ്യങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന നീതി മാത്രമാണ്. 

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേകിച്ചും. കലാപത്തെ കുറിച്ച് അന്വേഷിച്ച വസ്തുതാന്വേഷണ സമിതിയുടെ തലവനെന്ന നിലയില്‍ അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നതിനെ കുറിച്ച് നേരിട്ടുള്ള വിവരങ്ങള്‍ അറിയാവുന്നയാളാണ് അദ്ദേഹം. കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ട് ഇടപെട്ടെന്നതിനെ കുറിച്ച് നിരവധി പേര്‍, കൃഷ്ണയ്യരും ബോംബെ ഹൈക്കോടതിയിലെ ജഡ്ജി എച്ച് സുരേഷും മുന്‍ സുപ്രീം കോടതി ജഡ്ജി പി ബി സാവന്തും അടങ്ങുന്ന മൂന്നംഗ സമിതിക്ക് നിരവധി പേര്‍ മൊഴി നല്‍കിയതാണ്.

മുസ്ലീങ്ങളോട് പ്രതികാരം ചെയ്യുന്നതിന് ഹിന്ദുക്കള്‍ക്ക് എല്ലാ സഹായവും ചെയ്യണമെന്ന് പോലീസിനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ സമിതിയെ അറിയിച്ചിരുന്നതാണ്. ‘സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സംഘടിപ്പിച്ച ഒരു സംഘടിത കുറ്റകൃത്യമാണ്’ കലാപം എന്ന് മൂന്നംഗ സമിതി അതിന്റെ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തിരുന്നു. കലാപത്തിന് വഴി മരുന്നിടുന്ന തരത്തില്‍, അഹമ്മദാബാദിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്ന തരത്തില്‍ ട്രെയിനില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിഎച്ച്പി നേതാക്കള്‍ക്ക് കൈമാറാന്‍ ആരാണ് ഗ്രോധ്ര മജിസ്‌ട്രേറ്റിന് ഉത്തരവ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

വന്‍സാര മോദിയെ വിഴുങ്ങുമോ?
യഥാര്‍ഥത്തില്‍ ആരാണ് നരേന്ദ്ര മോദി?
ജനങ്ങളുടെ ചെലവില്‍ ഒരു നാനോ \’വിപ്ളവം\’
ഗാന്ധികള്‍ മോദിയെ പേടിക്കുമ്പോള്‍
തനിനിറം കാണിച്ച് മോദി സര്‍ക്കാര്‍

എന്നാല്‍, പ്രായത്തിന്റെയും സമയത്തിന്റെയും പിടിയില്‍ പെട്ട കൃഷ്ണയ്യര്‍ അതെല്ലാം മറക്കുകയും മോദിയോടുള്ള സമീപനത്തില്‍ വിചിത്രമായ രീതിയില്‍ മലക്കംമറിയുകയും ചെയ്തു. ‘നിങ്ങള്‍ നിങ്ങളുടെ സര്‍ക്കാരിനെ അഴിമതിരഹിതമാക്കുകയും മദ്യത്തിന്റെ കാര്യത്തില്‍ ഗാന്ധിയന്‍ പാത പിന്തുടരുകയും ചെയ്തു – നിങ്ങള്‍ ഒരു നല്ല നേതാവാണെന്ന് തെളിയിക്കാന്‍ പ്രാപ്തമായ കാര്യങ്ങളാണിത്. ശരിയായ സമയം ആഗതമാകുമ്പോള്‍, സോഷ്യലിസ്റ്റ്, മതേതര, ദേശീയ നയത്തിലും മദ്യനിരോധനത്തിലും ഊന്നിയുള്ള ഗാന്ധിയന്‍ മാതൃകയില്‍ രാജ്യത്തെ നയിക്കുക’ എന്ന് കൃഷ്ണയ്യര്‍ ഒരിക്കല്‍ നരേന്ദ്ര മോദിക്ക് എഴുതി. മറ്റൊരു നിഘണ്ടു അദ്ദേഹം ഉപയോഗിക്കാതിരിക്കുന്നിടത്തോളം, അദ്ദേഹം ഉപയോഗിച്ച ഓരോ വാക്കുകളും പാരമ്പര്യപരമായും ഭാഷാശാസ്ത്രപരമായും ഭാരിച്ചതാണെന്ന് മാത്രമല്ല, ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ശുദ്ധീകരണത്തിന്റെയും ബാധ്യത പേറുന്നതുമാണ്. മോദിയുടെ എറ്റവും കടുത്ത ആരാധകര്‍ പോലും അദ്ദേഹത്തില്‍ ആരോപിക്കാത്ത ഗുണഗണങ്ങളാണ് ഇതൊക്കെ.

കൃഷ്ണയ്യരുടെ ബുദ്ധികൂര്‍മ്മത അദ്ദേഹത്തിന്റെ പ്രൗഢമായ ഔദ്യോഗിക ജീവിതം തെളിയിച്ചതാണ്. അതിനാല്‍ ഞങ്ങള്‍ അതേ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല. ഇത്തരം അസംബന്ധം പുലമ്പിയതിനുള്ള ഒരേ ഒരു വിശദീകരണം അദ്ദേഹത്തിന്റെ പ്രായമാണ്. മോദിയെ കുറിച്ച് ഇത്തരത്തിലുള്ള ഒരു സങ്കീര്‍ത്തനം എഴുതുമ്പോള്‍ അദ്ദേഹം തന്റെ തൊണ്ണൂറുകളിലായിരുന്നു.

മോദിയുടെ കാലത്ത് ഗുജറാത്ത് ഒരിക്കലും അഴിമതിയില്‍ നിന്നും മുക്തമായിരുന്നില്ല എന്ന് മാത്രമല്ല, വ്യാവസായികവല്‍ക്കരണത്തിലുള്ള അദ്ദേഹത്തിന്റെ വിജയങ്ങളും ദ്രുതതീരമാനങ്ങള്‍ എടുക്കാനുള്ള കഴിവും മുതലാളിത്തത്തോടുള്ള സൗഹൃദഭാവത്തിന്റെ പ്രകടനമായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ കൂടുതലായി പുറത്ത് വരികയും ചെയ്യുന്നു. ആനുകൂല്യങ്ങള്‍ ലഭിച്ച വ്യവസായികളും മോദിയുടെ ഭീഷണിക്ക് മുന്നില്‍ ഇഴഞ്ഞ് നടന്ന് അദ്ദേഹത്തെ ഒരു കഴിവുറ്റ ഭരണാധികാരിയാണെന്ന് വാഴ്ത്താന്‍ നിര്‍ബന്ധിതമായ മുഖ്യധാര മാധ്യമങ്ങളും ചേര്‍ന്ന് മോദിയുടെ ചുറ്റും ഒരു വലയം തീര്‍ത്തിരുന്നു. അത് നേടിയെടുക്കുന്നതിനായി മോദിയും കൂട്ടാളികളും പബ്ലിക് റിലേഷന്‍ കളികള്‍ക്കായി കോടികള്‍ മുടക്കുകയും ചെയ്തു.

ടാറ്റയുടെ നാനോ കാര്‍ പ്ലാന്റിന് വേണ്ടി സാധാരണ ഗുജറാത്തികളാണ് സബ്‌സിഡി നല്‍കിയതെന്ന്- ആ പദ്ധതിക്ക് 30,000 കോടി രൂപയുടെ സബ്‌സിഡിയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയതെന്ന്- ഏത് സാധാരണ ഗുജറാത്തിയോട് അന്വേഷിച്ചാലും കൃഷ്ണയ്യര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞതും ഒട്ടും സുരക്ഷിതവുമല്ലാത്ത കാറുകളുടെ നിര്‍മ്മാണത്തിനായി സംസ്ഥാന വാര്‍ഷിക ബജറ്റിന്റെ നാലിലൊന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയത്.

മോദിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന സോളാര്‍ പദ്ധതി ഒന്ന് പരിശോധിക്കൂ. സംസ്ഥാന സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ നിരവധി ഇരട്ടി തുക നല്‍കി വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്ന, വന്‍ സബ്‌സിഡിയില്‍ അധിഷ്ഠിതമായ ഈ പദ്ധതിയെ കുറിച്ച് പുനഃരാലോചിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അദാനിയും അംബാനിയുമായുള്ള ഇടപാടുകളെ കുറിച്ച് ഇവിടെ വിശദീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. ഗുജറാത്തില്‍ കഴിഞ്ഞ 12 വര്‍ഷക്കാലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പോലീസിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുമില്ല.

മോദിയെക്കാളും, ഇന്നത്തെ ഏതൊരു രാഷ്ട്രീയക്കാരനെക്കാളും പതിന്മടങ്ങ് സംഭാവനകള്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് നല്‍കിയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. മോദിക്ക് ശുദ്ധിപത്രം നല്‍കാനും അദ്ദേഹത്തെ പുകഴ്ത്താനും കൃഷ്ണയ്യര്‍ക്ക് എങ്ങനെ സാധിച്ചു? യുക്തിപരമായ ഒരേ ഒരു ഉത്തരം അദ്ദേഹത്തിന്റെ പ്രായാധിക്യമാണ്. അതോ നമ്മള്‍ തെറ്റായി മനസിലാക്കിയതാണോ? എന്തെങ്കിലും വിശദീകരണങ്ങളില്ലാത്ത വിധത്തില്‍ ബൗദ്ധിക ഗുണനിലവാരം മനുഷ്യരില്‍ ഇടിയുമോ? അതോ ആരോടും പൊറുക്കാന്‍ കഴിയുന്ന വിധത്തിലുള്ള സഹാനുഭൂതി വാര്‍ദ്ധക്യം നമ്മില്‍ നിറയ്ക്കുമോ?

അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കുറച്ച് വര്‍ഷങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ, ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കസേരയില്‍ ഇരിക്കാന്‍ നരേന്ദ്ര മോദിയെ സഹായിച്ചതിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളോര്‍ക്കാതെ, വിആര്‍ കൃഷ്ണയ്യര്‍ എന്ന ഉന്നതശീര്‍ഷനായ മനുഷ്യനോട് നമുക്ക് നീതി ചെയ്യാനാവില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍