UPDATES

ഷഹീര്‍ കേസ് നമ്മോട് പറയുന്നത് ജിഷ്ണുവിനേറ്റ മുറിവുകളെ കുറിച്ചാണ്

ഷഹീറിനെ ഭീഷണിപ്പെടുത്തിയത് റാഗിംഗ് കാര്യം പറഞ്ഞിട്ട്; ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു; മറ്റൊരു ജിഷ്ണുവായി ഷഹീര്‍ മാറുമായിരുന്നു

ലക്കിടി ലോ അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയിലൂടെ കണ്ണോടിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാന്റെ അല്ല കൃഷ്ണദാസ് എന്ന ക്രിമിനലിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രമാണ് ലഭിക്കുക. കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവിനെക്കുറിച്ചും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയുടെ പേരിലാണ് ഷഹീര്‍ കൃഷ്ണദാസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. 2016 ഒക്ടോബര്‍ രണ്ടിനാണ് ഷഹീര്‍ ഈ പരാതി അയയ്ക്കുന്നത്.

പരാതിയെക്കുറിച്ച് അറിഞ്ഞ കോളേജ് അധികൃതര്‍ പിആര്‍ഒ സഞ്ജിത് വിശ്വനാഥനെക്കൊണ്ട് ഷഹീറിനെ ഫോണില്‍ വിളിച്ച് കൃഷ്ണദാസിന്റെ പാമ്പാടി നെഹ്രു കോളേജില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷഹീര്‍ ഇതിന് തയ്യാറായില്ല. 2017 ജനുവരി മൂന്നിന് താന്‍ പഠിക്കുന്ന ലക്കിടി കോളേജില്‍ എത്തിയ ഇയാളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് എക്‌സിക്യൂട്ടീവ് അവിടെ നിന്നും പാമ്പാടി നെഹ്രു കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഇനിയാണ് കൃഷ്ണദാസിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നത്.

കൃഷ്ണദാസിന്റെ മുറിയിലെത്തിയ ഷഹീറിനോട് ദേഷ്യപ്പെട്ടുകൊണ്ട് കൃഷ്ണദാസ് പറഞ്ഞത് ‘നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ എതിരെ നില്‍ക്കാന്‍, ഇതുപോലൊരു പരാതി എഴുതിക്കൊടുത്താല്‍ ഞാന്‍ ഒക്കെ ഇല്ലാതാകും എന്ന് വിചാരിച്ചോ നീ. കഴിഞ്ഞ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തിയത് ഞാനാണ്. അതുപോലെ നിന്റെ എംഎല്‍എ ശശിയും എംപി രാജേഷും എന്റെ ഉറ്റസുഹൃത്തുക്കളാണ്. ഇനി നീ എന്റെ കോളേജില്‍ പഠിക്കില്ല. നീ പുറത്തുപോകില്ല. നീ റാഗിംഗ് കേസിലെ പ്രതിയാണ്. 14 ദിവസം റിമാന്‍ഡിലിടും’ എന്നൊക്കെയാണ് പിന്നീട് ഇയാളെ ബോര്‍ഡ് റൂമിലേക്ക് കൊണ്ടുപോയ ശേഷം പരാതികള്‍ പിന്‍വലിച്ചെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങി.

പിന്നീട് എല്ലാവരും പുറത്തുപോയതോടെ തിരികെ വന്ന കൃഷ്ണദാസ് ഷഹീറിനോട് പറഞ്ഞ വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്. ‘ഇനി നീ ജീവിച്ചിരിക്കുന്നത് എന്തിനാണ്? വീട്ടുകാര്‍ക്കും ഈ ഭൂമിക്കും ഭാരമായി നീ ഇനി ജീവിക്കണ്ട. നീ ട്രെയിന് തലവച്ചു എന്നാണ് ഞാന്‍ ഇനി കേള്‍ക്കുക’ എന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് വീണ്ടും സംഘമായി തിരികെയെത്തിയ കൃഷ്ണദാസ് അഞ്ചില്‍ അധികം പേരെ റാഗ് ചെയ്തിട്ടുണ്ടെന്ന് എഴുതി നല്‍കാന്‍ ഷഹീറിനോട് ആവശ്യപ്പെട്ടു. താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കൃഷ്ണദാസ് വലംകൈകൊണ്ട് ഇടിച്ചെന്നാണ് ഷഹീറിന്റെ പരാതിയില്‍ പറയുന്നത്. പിന്നീട് തോളില്‍ പിടിച്ച് നിര്‍ത്തി കാല്‍മുട്ടുകൊണ്ട് ജനനേന്ദ്രിയത്തില്‍ ഇടിക്കുകയായിരുന്നു. നിലത്തുവീണ ഷഹീറിനെ അവിടെയിട്ടും ചവിട്ടികൂട്ടി. വേദനസഹിക്കാനാകാതെ പേടിയോടെ അയാള്‍ നീട്ടിയ പേപ്പറുകളിലെല്ലാം ഒപ്പുവയ്ക്കുകയും ചെയ്തു.

ഇനിയും പരാതിയുമായി മുന്നോട്ട് പോയാല്‍ നിന്റെ വീട്ടില്‍ കയറി വെട്ടും, പത്ത് മിനിറ്റ് മതി നിന്റെ വീട് വളയാന്‍ എന്നൊക്കെയായിരുന്നു ഭീഷണി. രാവിലെ ഒമ്പതേ മുക്കാലോടെ പമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയിലെത്തിച്ച ഈ വിദ്യാര്‍ത്ഥിയെ വൈകിട്ട് 5.30 ആയപ്പോഴാണ് കൃഷ്ണദാസും സംഘവും വിട്ടയച്ചത്. അതോടെ ഇയാള്‍ കുളപ്പുള്ളി അല്‍ അമീന്‍ കോളേജിലേക്ക് പഠനം മാറ്റുകയും ചെയ്തു.

ആത്മഹത്യ ചെയ്തുവെന്ന് മാനേജ്‌മെന്റ് ഇപ്പോഴും പറയുന്ന ജിഷ്ണുവിനെയും ഏകദേശം ഒരു ദിവസത്തോളം ഇതേ സംഘം ഇടിമുറിയില്‍ നിര്‍ത്തുകയുണ്ടായി. ഷഹീറിന് നേരിട്ട മര്‍ദ്ദനങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇവര്‍ ജിഷ്ണുവിനോടും ഏത് വിധത്തിലായിരിക്കും പെരുമാറിയിരിക്കുകയെന്ന് ഊഹിക്കാം. ഒരു പക്ഷെ കൂടുതല്‍ ക്രൂരമായി അല്ലെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തിന് താങ്ങാനാകുന്നതിലും അപ്പുറം. ഷഹീറിനെ പോലെ തന്നെ ജിഷ്ണുവും കോളേജ് മാനേജ്‌മെന്റിനെ ചോദ്യം ചെയ്തിരുന്നു. ഒരുപക്ഷെ ഭയന്നും വേദന സഹിക്കാനാകാതെയും ഷഹീര്‍ അവരെ അനുസരിച്ചതുകൊണ്ട് മാത്രമാകാം ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ജിഷ്ണുവിന് മുന്നേ മറ്റൊരു ജിഷ്ണുവായി അയാള്‍ മാറിയേനെ.

കൃഷ്ണദാസ് ഷഹീറിനെ ഭീഷണിപ്പെടുത്തിയത് റാഗിംഗിന്റെ പേരിലായിരുന്നു. എന്നാല്‍ ജിഷ്ണുവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത് കോപ്പിയടിയുടെ പേരിലായിരുന്നു. കൂടാതെ ഷഹീറിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ഈ പരാതിയില്‍ വ്യക്തമാണ്. ജിഷ്ണുവിനോടും ഇയാള്‍ ഇതുതന്നെ പറഞ്ഞിട്ടുണ്ടാകാം. എന്നിട്ടും വഴങ്ങാതിരുന്ന ജിഷ്ണുവിനെ നിശബ്ദനാക്കാന്‍ ഒരുപക്ഷെ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം. എന്തായാലും ഷഹീര്‍ കേസ് ജിഷ്ണു കേസിലേക്ക് പോലീസിന് ലഭിച്ചിരിക്കുന്ന ഒരു താക്കോല്‍ ആണെന്ന് ഉറപ്പ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍