UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ്: കൃഷ്ണദാസിന് ജാമ്യം; ലക്കിടി എഎസ്ഐക്ക് സസ്പെന്‍ഷന്‍

പൊലീസിനെ കോടതി വിമര്‍ശിച്ചു. കേസ് ഡയറിയില്‍ മതിയായ തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും കോടതി വിലയിരുത്തി.

പാലക്കാട് ലക്കിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നെഹ്രു കോളേജ് പിആര്‍ഒ സഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യവും കോടതി അനുവദിച്ചു. അതേസമയം പൊലീസിനെ കോടതി വിമര്‍ശിച്ചു. കേസ് ഡയറിയില്‍ മതിയായ തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. തിടുക്കത്തില്‍ അറസ്റ്റ് നടത്തിയത് കേസ് ഡയറിയിലില്ല. പരാതിക്കാരന്‍റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും കോടതി വിലയിരുത്തി.

അതേസമയം കേസില്‍ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച്, ലക്കിടി ജവഹര്‍ ലോ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത എഎസ്‌ഐ ജ്ഞാനശേഖരനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഐജിയാണ് ജ്ഞാനശേഖരനെ സസ്‌പെന്‍ഡ് ചെയ്തത്. ഷൗക്കത്തലിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ എഎസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടത് ഫെബ്രുവരി 27നായിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതാകട്ടെ കഴിഞ്ഞയാഴ്ചയും. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വരെയും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു കൃഷ്ണദാസിനും മറ്റുമെതിരെ ചുമത്തിയിരുന്നത്. ഇത് പ്രതികളെ സഹായിക്കാനാണെന്നാണ് വിലയിരുത്തല്‍. വളരെ ഗൗരവമുള്ള കസില്‍ ഇത്രയും ലാഘവത്തോടെ വകുപ്പുകള്‍ ചുമത്തിയത്് ഗുരുതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ക്ക് പകരം ജാമ്യമില്ലാ വകുപ്പുകളായ 365, 384 വകുപ്പുകള്‍ ചുമത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍