UPDATES

Main

എഴുത്തുകാര്‍ ആക്രമിക്കപ്പെടുന്നു ; നാം ജീവിക്കുന്നത് ഭീതി ഒരു അനുഭവമായി നിലനില്‍ക്കുന്ന കാലത്ത് : സാറാ ജോസഫ്

ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്ന അനിശ്ചിതത്വം ഉണ്ട്. ഇവ ഒരുകാലത്ത് സാഹിത്യത്തില്‍ പ്രതിഫലിക്കും.

സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് നവോത്ഥാനകാലത്ത് മാറ്റമോ വിമോചനമോ അല്ല ഒത്തുതീര്‍പ്പില്‍ അധിഷ്ഠിതമായ പരിഷ്‌കരണം മാത്രമാണുണ്ടായതെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. കൃതി വിജ്ഞാനോല്‍സവത്തില്‍ ‘ അസ്വസ്ഥതകളുടെ തുടര്‍ച്ച, എഴുത്തിന്റെയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്‍, സെന്റ് സേവ്യേഴ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി മിലന്‍ ഫ്രാന്‍സ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നവോത്ഥാന കാലത്ത് ചില പരിശ്രമങ്ങളുണ്ടായെങ്കിലും ലിംഗനീതി നടപ്പാക്കാനായിട്ടില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. വേണമെങ്കില്‍ പുരഷന്റെ മേന്മയ്ക്കു വേണ്ടി സ്ത്രീ അബലയായി തന്നെ ഇരുന്നോട്ടെ, എന്നാല്‍ അവളുടെ പട്ടുചേലയുടെ വക്കു വേണം രാജ്യത്തിന്റെ മുറിവു കെട്ടാന്‍ എന്നാണ് വിടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് നാടകത്തിന്റെ ആദ്യ പതിപ്പുകളുടെ അവസാനഭാഗത്ത് കുറിച്ചിട്ടുള്ളത്. ഇത് ഒത്തുതീര്‍പ്പാണ്. അത് ഒത്തുതീര്‍പ്പാണെന്ന് തെളിയിക്കുന്ന തൊട്ടടുത്ത് ഇറങ്ങിയ മറ്റൊരു നാടകമുണ്ട്. അക്കാലത്ത് സ്ത്രീകള്‍ നിര്‍മിച്ച് പുറത്തിറക്കിയ തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകം്. ആ നാടകത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ലായിരുന്നു. തൊഴിലെടുക്കാനുള്ള അവകാശത്തെക്കുറിച്ചും അത് ഭര്‍ത്താവും പിതാവും അടക്കം ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ലെന്നും സ്ത്രീകള്‍ പ്രഖ്യാപിച്ച ആ നാടകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ചര്‍ച്ചചെയ്യപ്പെട്ടതാണ് നവോത്ഥാന കാലഘട്ടത്തില്‍ സംഭവിച്ചതെന്ന് സാറാ ജോസഫ് പറഞ്ഞു.

ഭീതി ഒരു അനുഭവമായി നിലനില്‍ക്കുന്ന കാലത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്ന അനിശ്ചിതത്വം ഉണ്ട്. ഇവ ഒരുകാലത്ത് സാഹിത്യത്തില്‍ പ്രതിഫലിക്കും. അത്തരം എഴുത്തുകള്‍ വരുമ്പോള്‍ അത് എഴുതുന്നവര്‍ അക്രമിക്കപ്പെട്ടേക്കാം. എഴുത്തുകാര്‍ ആക്രമിക്കപ്പെടുന്ന കാലത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. പുരാണ ഇതിഹാസങ്ങളെ പുനര്‍വായന നടത്തി അതിലെ ഗോത്ര പ്രാതിനിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം. അവ വീണ്ടെടുത്ത് പുനരാഖ്യാനം ചെയ്യേണ്ടതുണ്ട്.

മുഖ്യധാരാ എഴുത്തില്‍ സ്ത്രീകളുടെ ഇടം അംഗീകരിക്കുന്നതില്‍ നിരൂപണ രംഗത്തെ പ്രമുഖര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. ലിംഗനീതി പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗിക തലത്തില്‍ യാഥാര്‍ഥ്യമാവുന്നില്ല. മുമ്പ് പരിസ്ഥിതിയെ വര്‍ണിക്കുകയും പരിസ്ഥിതിയോട് മല്ലിട്ട മനുഷ്യരുടെ കഥ പറയുകയുമായിരുന്നു സാഹിത്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് അവസ്ഥമാറി. പരിസ്ഥിതികളെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന കലമാണിതെന്നും സാറാ ജോസഫ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍