UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിനെ അവഹേളിച്ച കെആര്‍കെയുടെ അക്കൗണ്ടുകള്‍ മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

കെആര്‍കെയുടെ പ്രധാനവരുമാനമായ ഗൂഗിള്‍ ആഡ്‌സെന്‍സ് അക്കൗണ്ടും പൂട്ടിക്കുമെന്നും മുന്നറിയിപ്പ്

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ അവഹേളിച്ച നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെയുടെ അക്കൗണ്ടുകള്‍ മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് വ്യത്യാസമില്ലാതെ മലയാളികള്‍ ഒന്നിച്ചാണ് കെആര്‍കെയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിനായി പ്രത്യേക സൈബര്‍ സേനയെ തന്നെ രൂപീകരിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളാണ് സ്വന്തമാക്കിയത്. കൂടാതെയും ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും റിക്കവര്‍ ഇമെയില്‍ വിവരങ്ങളും ഹാക്കര്‍മാര്‍ സ്വന്തമാക്കി. നിശ്ചിതസമയത്തിനുള്ളില്‍ മോഹന്‍ലാലിനെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ട് പൂര്‍ണമായും ഹാക്ക് ചെയ്യുമെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഗ്രൂപ്പില്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണി.

ഇത് വ്യക്തമാക്കുന്ന ഇമെയില്‍ കെആര്‍കെയ്ക്ക് അയച്ചിട്ടുണ്ട്. ലോഗിന്‍ വിവരങ്ങള്‍ ഹാക്ക് ചെയ്തത് സംബന്ധിച്ച തെളിവുകളും കൈമാറി. കെആര്‍കെയുടെ പ്രധാനവരുമാനമായ ഗൂഗിള്‍ ആഡ്‌സെന്‍സ് അക്കൗണ്ടും പൂട്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂടൂബ് വീഡിയോ പരസ്യങ്ങളിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് കെആര്‍കെയ്ക്ക് ഓരോ മാസവും ലഭിക്കുന്നത്.

സിനിമ രംഗത്തെ അതിപ്രശസ്തരെ അപമാനിക്കുന്നത് കെആര്‍കെയുടെ പതിവാണ്. അമിതാഭ് ബച്ചന്‍, രജനികാന്ത്, കരണ്‍ ജോഹര്‍, കമല്‍ഹാസന്‍, അജയ് ദേവ്ഗണ്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി നിരവധി പേരെയാണ് നിരൂപകന്‍ കൂടിയായ കെആര്‍കെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍