UPDATES

ജനാധിപത്യത്തിന്റെ തുറസ്സിന് വേണ്ടി ഒരു കൂട്ടായ്മ; കെ എസ് ബിമലിനെ ഓര്‍ക്കുമ്പോള്‍

Avatar

അഡ്വ. എം സിജു 

ജനതയുടെ കൂട്ടായ്മയും അതിലൂടെ സാധ്യമാകുന്ന രാഷ്ട്രീയ ഇടപെടലുകളും സര്‍ഗാത്മക പ്രവര്‍ത്തനത്തിലൂടെയുള്ള സാംസ്‌കാരിക മുന്നേറ്റങ്ങളും ആയിരുന്നു കെ എസ് ബിമല്‍ നമ്മളോട് പങ്കുവച്ചത്. ഒരു വ്യക്തിക്ക് എങ്ങനെ കൃത്യമായി സമൂഹത്തില്‍, ഏതൊക്കെ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്ന് കാണിച്ചു തരാന്‍ ബിമലിനായി. ബിമല്‍ ശരീരം കൊണ്ട് ഇല്ലാതാകുമ്പോഴും അദ്ദേഹം മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രം സജീവമായി നിലനില്‍ക്കുന്നതിന് കാരണമതാണ്.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കലാപ്രവര്‍ത്തനങ്ങളിലും അതോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ബിമല്‍. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം രചിച്ച് അവതരിപ്പിച്ച് സമ്മാനം വാങ്ങിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കവിതാരചനയിലും കഥാരചനയിലും നേട്ടങ്ങള്‍ സ്വന്തമാക്കി. കലയോടൊപ്പം തന്നെ രാഷ്ട്രീയവും മുന്നോട്ടുകൊണ്ടുപോയി. രാഷ്ട്രീയക്കാരന്റെ തീക്ഷ്ണതയും കലാകാരന്റെ സര്‍ഗാത്മകതയും ചേര്‍ന്നതായിരുന്നു ബിമലിന്റെ പ്രവര്‍ത്തനങ്ങള്‍. നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. കലാലയ രാഷ്ട്രീയരംഗത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടി സ്ഥാനം വഹിച്ചിരുന്ന ബിമല്‍ പിന്നീട് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആവുകയും പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗമാവുകയും ചെയ്തു.

ഈ സമയത്തും അദ്ദേഹം കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്രകള്‍ നാടകരൂപത്തില്‍ ആക്കി ചെന്നൈയില്‍വെച്ചു നടന്ന ദേശീയനാടകോത്സവത്തില്‍ അവതരിപ്പിക്കുകയും സമ്മാനം നേടുകയും ഉണ്ടായി. 

അതേസമയം തന്നെ രാഷ്ട്രീയവ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്ന ബിമലിന് പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും അദ്ദേഹം പ്രസ്ഥാനത്തില്‍ നിന്ന് ഒതുക്കപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനാധിപത്യം കുറവാണെന്നും ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും ബിമല്‍ അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ രൂപത്തിലാണെങ്കിലും സിപിഐഎമ്മിന്റെ ഘടനയില്‍ കൃത്യമായ ജനാധിപത്യവിരുദ്ധ സ്വഭാവം ഉണ്ട്. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറച്ചുകൂടി ജനാധിപത്യവത്കരിക്കണമെന്നും ഭിന്നാഭിപ്രായക്കാരോട് സഹിഷ്ണുത കാണിക്കണമെന്നും ബിമല്‍ പ്രസ്ഥാനത്തിനകത്ത് തന്നെ നിലപാടുകള്‍ സ്വീകരിച്ചു.

പിന്നീടാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതും ബിമല്‍ പ്രസ്ഥാനത്തില്‍ നിന്ന് മാറുന്നതും. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നതിനുശേഷം കോഴിക്കോട് വിശാലമായൊരു കണ്‍വന്‍ഷന്‍ ബിമലിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു. അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധ സ്വഭാവം തുറന്നു കാണിക്കാനും ടി പി ചന്ദ്രശേഖരന്റെ വധത്തെ ശക്തമായി വിമര്‍ശിക്കാനും ബിമല്‍ തയ്യാറായി. ജനാധിപത്യവേദി എന്നൊരു സംഘടനയും രൂപീകരിച്ചു. ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം വളരെ ജനാധിപത്യരീതിയില്‍ സംഘടിപ്പിക്കണമെന്നും അതിനൊരു ചട്ടക്കൂട് തടസ്സമാകരുതെന്നുമായിരുന്നു ബിമലിന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് നാട്ടിലുണ്ടാകുന്ന ചെറിയ കൂട്ടായ്മകള്‍ പോലും വലിയ മുന്നേറ്റങ്ങളിലേക്ക് നയിക്കുമെന്നും ഈ മാര്‍ഗത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്നും ബിമലിന് വിശ്വാസമുണ്ടായിരുന്നു. അതേപോലെ, കലാസാഹിത്യപ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്നും ബിമല്‍ മനസ്സിലാക്കി തന്നൂ. ബിമലിന്റെ നാടകങ്ങള്‍ക്കെല്ലാം കൃത്യമായ രാഷ്ട്രീയ ഉള്ളടക്കം ഉണ്ടായിരുന്നു. 

എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നു ആഗോളവത്കരണത്തിന്റെ ദൂഷ്യങ്ങള്‍ക്കെതിരെ പോരാട്ടം നടത്തേണ്ട കാലമാണിതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതില്‍ നിന്ന് മാറി നില്‍ക്കരുതെന്നും എല്ലാത്തരം ജനവിഭാഗങ്ങളും അണിനിരക്കുന്ന പ്ലാറ്റ് ഫോം ഉണ്ടാക്കി മുന്നേറ്റങ്ങള്‍ നടത്തണമെന്നും ആയിരുന്നു ബിമലിന്റെ കാഴ്ച്ചപ്പാട്. ഈ ലക്ഷ്യമായിരുന്നു സംസ്ഥാനതലത്തില്‍ മാസ് എന്ന സംഘടനയുടെ രൂപീകരണത്തിലും ബിമലിനുണ്ടായിരുന്നത്.

ഈ വിധമെല്ലാം ജനതയെ എങ്ങനെ സംഘടിപ്പിക്കാമെന്ന നിരന്തരമായ അന്വേഷണത്തിലായിരുന്നു ബിമല്‍. ആ തുടര്‍ച്ചയെ തടസ്സപ്പെടുത്തിക്കൊണ്ടാണ് ബിമലിനെ രോഗം പിടികൂടുന്നതും അദ്ദേഹം അശുപത്രിയിലാകുന്നതും.

ഏറ്റവുമൊടുവിലായി ബിമല്‍ സജീവമായി ഇടപെടാനാഗ്രഹിച്ചത് ജൈവരാഷ്ട്രീയത്തിന്റെ മേഖലയിലായിരുന്നു. ബി രാജീവന്‍ മാഷിന്റെ ജൈവരാഷ്ട്രീയവും സഞ്ചയവും എന്ന കാഴ്ച്ചപ്പാടിനോട് ബിമലിന് താല്‍പര്യമുണ്ടായിരുന്നു. ജീവല്‍ സമരങ്ങളെല്ലാം ഏകോപിപ്പിക്കണമെന്നും അത്തരം മനുഷ്യസഞ്ചയത്തിന് വലിയ സാധ്യതയാണ് പുതിയകാലത്ത് ഉള്ളതെന്നും ബിമല്‍ മനസ്സിലാക്കി. ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിമലിന്റെ കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

ബിമല്‍ ഇപ്പോള്‍ ഇല്ലെങ്കിലും അദ്ദേഹം പിന്തുടര്‍ന്ന പ്രത്യയശാസ്ത്രങ്ങളെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മയിലൂടെ ബിമലിന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമം തുടരുകയാണ്. വലിയൊരു സുഹൃദ് സഞ്ചയത്തെ സൃഷ്ടിച്ച ബിമലിനു വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, അധ്യാപകര്‍, ബന്ധുക്കള്‍, നാട്ടുകാര്‍, വിവിധ കലാപ്രവര്‍ത്തകര്‍ എന്നിവരെല്ലാം വീണ്ടും ഒത്തുചേരുകയാണ്. നാളെ( ഒക്ടോബര്‍ 2) വടകര എടച്ചേരിയില്‍ സംഘടിപ്പിക്കുന്ന സുഹൃദ് സംഗമത്തില്‍ ബിമലിന്റെ സ്മരണകള്‍ക്ക് കൂടുതല്‍ ജ്വലനമുണ്ടാകും. ബി രാജിവന്‍ ആണ് സുഹൃദ്‌സംഗമം ഉത്ഘാടനം ചെയ്യുന്നത്.ചടങ്ങില്‍വെച്ച് ബിമല്‍ രചിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള നാടകങ്ങളുടെ സമാഹാരം എന്‍ പ്രഭാകരന്‍ പ്രകാശനം നടത്തും.

എടച്ചേരിയില്‍ പുഴയോരത്തായി ഒരേക്കര്‍ ഭൂമി വാങ്ങി അവിടെ ബിമലിന്റെ പേരില്‍ ഒരു സാംസ്‌കാരികഗ്രാമം സൃഷ്ടിക്കാന്‍ സൗഹൃദകൂട്ടായ്മയിലൂടെ പദ്ധതിയിടുകയാണ്. ഇതിനായുള്ള ഭൂമി വാങ്ങി കഴിഞ്ഞു. ഓപണ്‍ സ്റ്റേജ്, സംഗീതം-നൃത്തം എന്നിവ പഠിപ്പിക്കാനായി ഒരിടം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ ഇവിടെ ഉണ്ടാകും. കലപ്രവര്‍ത്തനങ്ങള്‍, നാടക പരിശീലനം, ഗവേഷണം എന്നിവ നടത്തുന്നവര്‍ക്ക് ഇവിടെ താമസിച്ച് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സൗകര്യമുണ്ടാകും.

സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സംരംഭമായി ഈ സ്മാരകത്തെ മാറ്റണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ഭാവി തലമുറയുടെ ദിശനിര്‍ണയിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കേന്ദ്രമായി ബിമലിന്റെ സ്മാരകം നിലനില്‍ക്കണം. ഒരിക്കലും കെടാന്‍ അനുവദിക്കരുതാത്ത ജ്വാലയാണ് കെ എസ് ബിമല്‍…അതിനുവേണ്ടിയാണ് ഈ കൈകോര്‍ക്കല്‍…

(കെ എസ് ബിമല്‍ സാംസ്കാരിക കൂട്ടായ്മ കണ്‍വീനറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍