UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിനയിക്കാത്തതു കൊണ്ടാണ് ഞാന്‍ ഇവിടെ ജയിച്ചത്-കെ എസ് ശബരിനാഥന്‍ എം എല്‍ എ/അഭിമുഖം

കേരളം രാഷ്ട്രീയ വേര്‍തിരിവില്ലാതെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത രാഷ്ട്രീയനേതാവായിരുന്നു ജി കാര്‍ത്തികേയന്‍. ഇന്നും ജനമനസുകളില്‍ അവരുടെ പ്രിയപ്പെട്ട ജി കെ ആയി അദ്ദേഹം നിലനില്‍ക്കുന്നു. നിനച്ചിരിക്കാതെ ഒരുനാളാണ് കാര്‍ത്തികേയന്‍ കേരളത്തിന് നഷ്ടമായത്. ആ വിയോഗത്തിന്റെ നിരാശ ബാധിച്ച രാഷ്ട്രീയകേരളം പക്ഷെ ഉണര്‍ന്നെഴുന്നേറ്റത് ജി കാര്‍ത്തികേയന്‍ എംഎല്‍എയുടെ പകരക്കാരന്‍ ആരായിരിക്കും എന്നറിയാനായിരുന്നു. ജി കെയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ കെ എസ് ശബരിനാഥന്‍ തന്നെ വരട്ടെയെന്ന രാഷ്ട്രീയതീരുമാനം രംഗം കൂടുതല്‍ കൊഴുപ്പിക്കുകയും പോരാട്ടം കനത്തതാക്കുകയും ചെയ്തു. ഏറെ ചര്‍ച്ചകളും വാഗ്വവാദങ്ങളും ആരോപണ-ആക്ഷേപങ്ങളും നിറഞ്ഞൊരു രാഷ്ട്രീയയുദ്ധം തന്നെ അരുവിക്കരയില്‍ നടന്നു. പക്ഷെ അവസാനവിജയം അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയത് അവരുടെ പ്രിയപ്പെട്ട ജി കെയ്ക്ക് തന്നെയായിരുന്നു, അതു ജി കെയുടെ മകനിലൂടെ അവര്‍ സാധ്യമാക്കി. രാഷ്ട്രീയത്തില്‍ അച്ഛന്റെ പിന്‍ഗാമിയായി മകന്‍ മാറുമ്പോള്‍, അത് വലിയൊരു വെല്ലുവിളിയും ഉത്തരവാദിത്വവുമാണ്…എങ്ങനെയായിരിക്കും ശബരിനാഥന്‍ അതു നിറവേറ്റുക? കെ എസ് ശബരിനാഥന്‍ എംഎല്‍എയുമായി നടത്തിയ അഭിമുഖം.

രാഷ്ട്രീയകേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ഉപതെരഞ്ഞെടുപ്പ്, അരുവിക്കരിയിലേതുപോലെ നടന്നിട്ടില്ല. ഒരു സര്‍ക്കാരിന്റെ തന്നെ ഭാവി തുലാസില്‍ നിര്‍ത്തിയത്. ഒടുവില്‍ വളരെ മികവാര്‍ന്നൊരു വിജയം. ഈ വിജയം രാഷ്ട്രീയമായും വ്യക്തിപരമായും എങ്ങനെ കാണുന്നു?
വ്യക്തിപരമായി ഈ വിജയത്തെ കാണുകയാണെങ്കില്‍, ഒരു മകനെന്ന നിലയില്‍ അധികം സന്തോഷം തരുന്നു. സ്ഥാനാര്‍ത്ഥിയായ നിമിഷം തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയത്, അച്ഛന്‍ ഒന്നും മണ്ഡലത്തില്‍ ചെയ്തിട്ടില്ല എന്ന ആരോപണങ്ങളായിരുന്നു. എതിരാളികള്‍ മൈക് കെട്ടി പലയിടത്തും ഇത് പറഞ്ഞു നടന്നപ്പോള്‍ ഒരു മകനെന്ന നിലയില്‍ എനിക്ക് രോഷം തോന്നിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ തന്നെ മുമ്പ് ജി കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ ചെയ്ത നല്ല കാര്യങ്ങളെ പ്രകീര്‍ത്തിച്ചവരാണ്. അതുകൊണ്ടെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. അച്ഛനു വേണ്ടി, കുടുംബത്തിനു വേണ്ടി…

രാഷ്ട്രീയമായി പറയുകയാണെങ്കില്‍, വളരെ പ്രധാനപ്പെട്ടൊരു പോരാട്ടമായിരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ വിലയിരുത്തല്‍ ആയിരിക്കുമിതെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ജനങ്ങള്‍ ആ വിശ്വാസം തകര്‍ത്തില്ല. തീര്‍ച്ചയായും ഈ വിജയം അരുവിക്കരയുടെ എംഎല്‍എ ആയിരുന്ന ജി കാര്‍ത്തികേയന്റെ വിജയമാണ്. അതിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ വിജയമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിലയിരുത്തിലുമായിരുന്നു.

അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥിത്വം. വലിയൊരു വെല്ലുവിളി. മനസ്സികമായി തയ്യാറായിരുന്നോ?
ജീവിതത്തില്‍ കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഞാന്‍ ചെയ്യുന്നതൊന്നും ഞാന്‍ വിചാരിച്ചതുപോലെ ആയിരുന്നില്ല. ഒന്നും പ്ലാന്‍ ചെയ്ത് നടന്നതുമല്ല.

ഒട്ടും പരിഭ്രമമില്ലാതെ, ജനങ്ങളോടും മാധ്യമങ്ങളോടുമെല്ലാം പക്വവും പരിചയസമ്പന്നതയോടുമുള്ള ഇടപെടലുകള്‍. ഒരുഭാഗത്ത് ഇതെല്ലാം അഭിനയമാണെന്ന വിമര്‍ശനവും?
ഞാന്‍ അഭിനയിക്കുകയാണെന്നു പറഞ്ഞുകേട്ടപ്പോള്‍ വ്യക്തിപരമായി വിഷമം തോന്നി. നമ്മളോരോരുത്തരും ഓരോതരത്തിലുള്ള വ്യക്തിത്വമുള്ളവരാണ്. മറ്റുള്ളവര്‍ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ തന്നെ നമ്മള്‍ പെരുമാറണമെന്ന് പറയരുത്. ഒരു തുടക്കക്കാരന്‍ പരിഭ്രമവും പതര്‍ച്ചയുമൊക്കെ കാണിക്കണമെന്നത് ചിലരുടെ കാഴ്ച്ചപ്പാടുകളാകാം. ഞാന്‍ പൊതുവെ ഇങ്ങനെയാണ്. എന്നെ അറിയാവുന്നവര്‍ക്ക്, എന്റെ കൂട്ടുകാര്‍ക്ക് എല്ലാം അതു മനസ്സിലാകും. ആ ക്യാരക്ടര്‍ പൊതുജീവത്തിലേക്ക് എക്‌സ്പാന്‍ഡ് ചെയ്തു എന്നേയുള്ളൂ. അതിനെ കളിയാക്കിയാണ് ചിലര്‍ ഞാന്‍ വെള്ളിമൂങ്ങയിലെ മോനിച്ചനെപ്പോലെയാണെന്നൊക്കെ പറഞ്ഞത്.

ഒരു കര്യം വ്യക്തമായിട്ട് പറയട്ടെ; അഭിനയിക്കാത്തതു കൊണ്ടാണ് ഞാന്‍ ഇവിടെ ജയിച്ചത്.

ജനങ്ങളോട് സത്യസന്ധമായി പെരുമാറി. അവര്‍ അത് തിരിച്ചറിഞ്ഞു. തിരിച്ചു സ്‌നേഹിച്ചു. എന്നെ ജയിപ്പിച്ചു. അവര്‍ക്കു മുന്നില്‍ മറ്റുള്ളവരെ പോലെ അഭിനയിക്കാതിരുന്നതുകൊണ്ടാണ് ഇത്ര കൂടുതല്‍ വോട്ട് കിട്ടിയത്, ഞാന്‍ എം എല്‍ എ ആയത്.

വളരെ ശക്തരായ രണ്ട് എതിരാളികള്‍?
തീര്‍ച്ചയായും. പ്രധാനമത്സരം നടന്ന ഞങ്ങള്‍ മൂന്നുപേരിലും യാതൊരു നെഗറ്റീവും ആരും പറഞ്ഞിരുന്നില്ല. അവര്‍ക്കിടയില്‍ ഞാനൊരു പയ്യന്‍. മികച്ച വ്യക്തിപ്രഭാവമുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു ഒ രാജഗോപാല്‍ സാര്‍. അരുവിക്കരയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകളില്‍ നല്ലൊരു പങ്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടമാണ്. അതേപോലെ തന്നെ വിജയകുമാര്‍ സാര്‍. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സ്ഥാനങ്ങള്‍ നേടി പ്രവര്‍ത്തിച്ചു വന്ന്, എംഎല്‍എയും സ്പീക്കറും മന്ത്രിയുമൊക്കെയായി പേരെടുത്തയാള്‍. പക്ഷെ മണ്ഡലത്തില്‍ വ്യക്തമായി യുഡിഎഫിന് എഡ്ജ് ഉണ്ടായിരുന്നു. അച്ഛന്‍ അവിടെ ചെയ്ത നല്ലകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ ജയിക്കണമെന്നും അതേപോലെ അച്ഛനുമായുള്ള ആത്മബന്ധം മണ്ഡലത്തിന് നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹത്തിന്റെ മകനായ ഞാനും ജയിക്കണമെന്നും ജനങ്ങള്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം അവരുടെമേല്‍ ആരും അടിച്ചേല്‍പ്പിച്ചതല്ല, അതവരുടെ സ്വന്തവും സ്വതന്ത്രവുമായ തീരുമാനം ആയിരുന്നു.

ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു?
കോണ്‍ഗ്രസ് പാര്‍ട്ടിയിലും യുഡിഎഫിലും അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുകൊണ്ട് എതിര്‍പ്പുകളൊക്കെ വെളിയില്‍ വരും. എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോഴും കോണ്‍ഗ്രസിന്റെ പാരമ്പര്യംപോലെ സ്വാഭാവിക എതിര്‍പ്പുകള്‍ ചിലയിടത്തു നിന്ന് ഉയര്‍ന്നു. വന്നപോലെ തന്നെ ഇല്ലാതായി. എതാണ്ട് ഒരു മണിക്കൂറോളം മാത്രം നിലനിന്നയൊന്ന്. അരുവിക്കരയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം തൊട്ട് യുഡിഎഫ് എനിക്കുവേണ്ടി ഒറ്റക്കെട്ടായി. മണ്ഡലത്തില്‍ എനിക്കുവേണ്ടി ഏറ്റവുമധികം പ്രവര്‍ത്തനം നടത്തിയത് യുഡിഎഫും കെഎസ്‌യുക്കാരും മുതിര്‍ന്നനേതാക്കളുമാണ്. മറ്റുപാര്‍ട്ടികളെപ്പോലെ എതിര്‍പ്പുകളുയര്‍ത്തിയാല്‍ വെട്ടി നിരത്തുകയോ തരംതാഴ്ത്തുകയോ കോണ്‍ഗ്രസിലോ യുഡിഎഫിലോ സംഭവിക്കില്ല. കോണ്‍ഗ്രസ് വലിയൊരു വടവൃക്ഷമാണ്. അവിടെ എല്ലാവര്‍ക്കും സ്ഥാനമുണ്ട്. ചിലപ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലതീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അത് പാര്‍ട്ടിക്കാര്‍ക്ക് മനസ്സിലാകും.

ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അവസാനം വരെ നിലനിന്നിരുന്ന ഒരു പ്രയോഗം സഹതാപതരംഗം മുതലെടുക്കുന്നു എന്നതായിരുന്നു
ഓരാളോട് നമുക്ക് സഹതാപം ഉണ്ടാകുന്നതെങ്ങനെയാണ്. അയാളോട് സ്‌നേഹവും അയാള്‍ ചെയ്തകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളുമൊക്കെ നമ്മളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആണ്. വെറുതെ ഒരാളോടും സഹതാപം ആര്‍ക്കും തോന്നുകയില്ല. അരുവിക്കരയില്‍ സഹതാപ തരംഗം ഉണ്ടായിരുന്നെങ്കില്‍, കാര്‍ത്തികേയനോട് അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്‌നേഹവും വിശ്വാസത്തില്‍ നിന്നുമായിരുന്നു. അച്ഛന്‍ കഴിഞ്ഞ 24 വര്‍ഷക്കാലമായി അവിടെ ചെയ്ത ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ട്, അതില്‍ റോഡുകള്‍, പാലങ്ങള്‍, കോളേജ് തുടങ്ങി നമ്മള്‍ കാണുന്ന വികസനങ്ങളെ കൂടാതെ ഇന്‍ടാന്‍ജബിള്‍ ആയ പലകാര്യങ്ങളുമുണ്ട്. അതിനൊന്നും വിലയിടാന്‍ കഴിയില്ല. അതില്‍ നിന്ന് ഉണ്ടാക്കിയ ആത്മബന്ധമാണ് മണ്ഡലത്തോട് അച്ഛനുള്ളത്.

മാധ്യമങ്ങളടക്കം പലരും അരുവിക്കരയെ ഒരു നഗരമായി മാത്രമാണ് കണ്ടിരുന്നത്. അവിടെ ട്രൈബല്‍ ഏരിയായുണ്ട്, ഹില്‍ ഏരിയായുണ്ട്, റബര്‍ കര്‍ഷകരുണ്ട്, അതേപോലെ നഗരപ്രദേശവുമുണ്ട്. എട്ടുപഞ്ചായത്തുകള്‍ക്കും വിവിധ ഘടനകളാണ്. അതുകൊണ്ട് ആ മണ്ഡലത്തില്‍ വേണ്ടത് പൊതുവായൊരു വികസനമല്ല. ഓരോ പ്രദേശത്തിനും അനുയോജ്യമായ വികസനമാണ് ആവശ്യം. അതായിരുന്നു അച്ഛന്‍ നടത്തിയിരുന്നത്. ജനം അത് അംഗീകരിച്ചിരുന്നു. പ്രബുദ്ധനായൊരു എംഎല്‍എ 2012 ലെ ബജറ്റ് സെഷനില്‍ പ്രസംഗിക്കവെ പറഞ്ഞത്, തരം കിട്ടിയാല്‍ കാര്‍ത്തികേയന്‍ വിഴിഞ്ഞം പദ്ധതി അരുവിക്കരയിലേക്ക് കൊണ്ടുപോകും എന്നായിരുന്നു. ഇതു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ത്തികേയന്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ല എന്നു പറഞ്ഞുനടന്നതും.

ഒത്തിരി പഴികേട്ടിരുന്നു, ഒരുഘട്ടത്തില്‍ കോണ്‍ഗ്രസുകാരില്‍ നിന്നല്ലാതെ വെള്ളം വാങ്ങി കുടിക്കരുതെന്ന് അമ്മ ഉപദേശിച്ചതായി വരെ കേട്ടിരുന്നു?
അമ്മ പറഞ്ഞതിന്റെ ഒരുഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വിവാദമാക്കുകയല്ലായിരുന്നോ. ജീവിതാനുഭവങ്ങളുള്ള ഒരു അമ്മ അവരുടെ മകന് നല്‍കിയ കോണ്‍ഷ്യസ് ആയൊരു ഉപദേശം മാത്രമായിരുന്നു അത്. ഇലക്ഷന്‍ കൂടുതല്‍ കടുക്കുമ്പോള്‍ സ്വഭാവികമായി ഇടതുപക്ഷക്കാര്‍ ചില തന്ത്രങ്ങള്‍ പയറ്റാറുള്ളതിനെ കുറിച്ച് അമ്മയോര്‍മിപ്പിച്ചു, അത്രമാത്രം. അല്ലാതെ അതില്‍ യാതൊരുവിധ വിവേചനഭാഷ്യവും ചമയ്‌ക്കേണ്ടതില്ല. കരുതിയതുപോലെ അതൊന്നും വലിയൊരു വിവാദമാക്കാന്‍ അവര്‍ക്കായില്ല. ജനം തള്ളിക്കളഞ്ഞു.

മണ്ഡലത്തിലെ പര്യടനത്തിനിടയില്‍ അച്ഛന്റെ സാമിപ്യം അനുഭവിച്ചിരുന്നോ?ഏതു മുക്കിലും മൂലയിലും പോയാലും അവിടെയൊക്കെ അച്ഛന്‍ ഒരിക്കലെങ്കിലും സഹായിച്ചൊരാള്‍ കാണും. അവരുടെ സ്‌നേഹം കാണുമ്പോള്‍ ഞാനവിടെ അച്ഛനെ കാണുന്നു. അച്ഛന്റെ ഓര്‍മ്മകളാണ് എവിടെയും. അതുപലപ്പോഴും എന്നെ വികാരാധീതനാക്കിയിട്ടുണ്ട്. അപ്പോള്‍ എതിര്‍പക്ഷത്തുള്ളവര്‍ പറഞ്ഞു, ഞാന്‍ അഭിനയിക്കുകയാണെന്ന്. മറ്റൊരാളെ ഹര്‍ട്ട് ചെയ്യുന്നത് ജീവിതത്തിലെ പോളിസി ആയി കൊണ്ടുനടക്കരുത്.

അരുവിക്കരയില്‍ അച്ഛനെതിരെ എഴുതിയവരും പറഞ്ഞവരുമൊക്കെ ഈ നാടിനു പുറത്തുള്ളവരായിരുന്നു. അകത്തുള്ളവര്‍ക്ക് അറിയാം, അച്ഛന്‍ അവിടെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്.

ടാറ്റ ട്രസ്റ്റിലെ അനുഭവം. അദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് വായിച്ചു. അരുവിക്കരയിലും ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. ജോലി ചെയ്തിരുന്നപ്പോള്‍ കിട്ടിയ അനുഭവം ഇവിടെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ?
ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ടാറ്റയുടെത്. ഏതാണ്ട് അഞ്ഞൂറുകോടി രൂപ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നു. ട്രസ്റ്റ് ഏറ്റവുമധികം ഇടപെടലുകള്‍ നടത്തുന്നത് ഇന്ത്യയില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന അമ്പതോളം സ്ഥലങ്ങളിലാണ്. അവിടെ ആദിവാസിക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമൊക്കെയായി നടത്തിയ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ക്കും കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥന്മാര്‍ക്കുമെല്ലാം ഒപ്പം പ്രവര്‍ത്തിച്ചു. മുളയിലധിഷ്ഠിതമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ ആദിവാസികളെ പരിശിലീപ്പിക്കുന്നതിലായിരുന്നു ഞാന്‍ പ്രധാനമായും ഏര്‍പ്പെട്ടിരുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍, നക്‌സല്‍ ബാധിത മേഖലകളിലായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ നടത്തിയിരുന്നത്. സര്‍ക്കാരിന്റെ കൂടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കിയ ആ പദ്ധതികളൊക്കെ വന്‍വിജയങ്ങളുമായിരുന്നു. അവിടെയെല്ലാം ഓരോന്നും ചെയ്യുമ്പോഴും നമ്മുടെ ബഞ്ച് മാര്‍ക്ക് കേരളമായിരുന്നു. മലയാളി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളാണ്. ഇന്ത്യയെ കുറിച്ച് വായിച്ചും കേട്ടും അതുവരെയുണ്ടായിരുന്ന കാഴ്ച്ചപ്പാടുകള്‍ മാറ്റുന്നതായിരുന്നു മധ്യേന്ത്യയിലെയും തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയുമൊക്കെ ഉള്‍നാടുകളില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍. പലതും ജീവിതത്തില്‍ പഠിക്കുന്നത് അവിടെ നിന്നാണ്. ആ എക്‌സീപിരിയന്‍സ് ഇനിയിപ്പോള്‍ എന്നെ ഏറെ സഹായിക്കും. മണ്ഡലത്തില്‍, പ്രത്യേകിച്ച് വിതുര, കുറ്റിച്ചിറ പോലുള്ള മേഖലകളില്‍ പലപ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കും. ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതൊക്കെ ചെറുതായിട്ടാണെങ്കിലും വിത്തുപാകാം എന്ന വിശ്വാസമുണ്ട്. ആരോഗ്യരംഗത്തായാലും അതുപോലെ ടെക്‌നോളജിയുടെ കാര്യത്തിലായാലുമൊക്കെ. അതിനൊക്കെ പറ്റിയ വളക്കൂറുള്ള മണ്ണ് ഇവിടെയുണ്ട്.

അരുവിക്കര മണ്ഡലത്തില്‍ നിലവില്‍ ഒരു പ്രശ്‌നവുമില്ല എന്നുപറയാന്‍ കഴിയുമോ? പ്രത്യേകിച്ച് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ചില റോഡുകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതൊക്കെ. അതേപോലെ ആദിവാസി മേഖലയില്‍ നിന്നും പരാതികളുണ്ട്.
റോഡുകളുടെ പ്രശ്‌നങ്ങള്‍ ഇല്ലായെന്ന് ഞാന്‍ പറയില്ല. അതൊരു പ്രധാനപ്രശ്‌നം തന്നെയാണ്. അതൊരു വിഷയമല്ല എന്നു ഞാന്‍ പറഞ്ഞാല്‍ നുണയാകും. ചില പാളിച്ചകള്‍, പ്രത്യേകിച്ച് അച്ഛന്റെ അവസാനകാലത്ത് സംഭവിച്ചിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരുടെ ഭാഗത്തുനിന്ന് വേണ്ട പിന്തുണ കിട്ടാതെ പോയതാണ് കാരണം. കഴിഞ്ഞ ബുധനാഴ്ച്ച(ജൂലൈ 1) രാവിലെ ഒമ്പതരയ്ക്കാണ് ഞാന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നു മണിക്ക് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ എത്രയും വേഗം സഞ്ചാരയോഗ്യമാക്കാനും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. റോഡ് വികസനത്തിനുള്ള പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പാക്കും. അതോടൊപ്പം തന്നെ ശുദ്ധജല, ഭവനനിര്‍മാണ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണം. പിന്നെ മനസ്സിലുള്ള ചില ആശയങ്ങള്‍ക്ക് അടിത്തറ പാകണം. എട്ടുമാസം കൊണ്ട് ഒന്നും ആകില്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ പുതിയ ഒത്തിരികാര്യങ്ങളൊന്നും ചെയ്യാന്‍ താല്‍പര്യമില്ല. റോഡ്/ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ചില വലിയ പദ്ധതികളുണ്ട്. അവ മുന്നോട്ടുകൊണ്ടുപോകണം. എട്ടുമാസം ചെറിയ കാലമാണ്, അതില്‍ തന്നെ രണ്ടുമാസത്തോളം തദ്ദേശഭരണ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നഷ്ടപ്പെടും. എങ്കില്‍ കൂടിയും മുന്നിലുള്ള കാലത്ത് എന്റെ ജനങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

കടുത്തപോരാട്ടം നടക്കുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ വിജയം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. അപ്രതീക്ഷിതമായിരുന്നോ ഈ ഭൂരിപക്ഷം?
എന്റെ മനസ്സില്‍ രണ്ടായിരത്തി അഞ്ഞൂറ് വോട്ടുകള്‍ക്ക് ഉള്ളില്‍ ജയിക്കുമെന്നായിരുന്നു. അതല്ലെങ്കില്‍ ഒത്തിരിയടിച്ചു മുന്നേറുമെന്നും തോന്നിയിരുന്നു. പ്രചാരണത്തിന്റെ പകുതി പിന്നിട്ടപ്പോള്‍, ഞാന്‍ കാണുന്ന ആളുകള്‍, അവരുടെ സംസാരം, കുടുംബങ്ങളിലെ സ്വീകരണം, ഇതെല്ലാം കണ്ടപ്പോള്‍ ഇവരാരും എനിക്ക് വോട്ട് ചെയ്യാതിരിക്കില്ല എന്നു മനസ്സിലായി. ഞാന്‍ കണ്ട എല്ലാവരും പോളിംഗ് സ്‌റ്റേഷനില്‍ എത്തിയാല്‍ വലിയൊരു ഭൂരിപക്ഷം കിട്ടുമെന്ന് കരുതിയിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു.

ജനങ്ങള്‍ പ്രധാനമായും ചിന്തിച്ചിരുന്നത്, കാര്‍ത്തികേയന്‍ സാറിന്റെ പയ്യന്‍, അവന്‍ അത്ര മോശമായിരിക്കില്ല, അവനെയൊന്നു പരിക്ഷിച്ചേക്കാം എന്നായിരുന്നു. അതായിരുന്നു അവരുടെ വിധിയെഴുത്ത്. അതോടൊപ്പം യുഡിഎഫ് ഗവണ്‍മെന്റ് മൂന്നോട്ടുപോകണമെന്നും ചിന്തിച്ചു.

മണ്ഡലത്തില്‍ ബിജെപിക്ക് ഉണ്ടായ വോട്ടുവര്‍ദ്ധനവ് എങ്ങനെ കാണുന്നു?ബിജെപിക്ക് കിട്ടിയ വോട്ടില്‍ ഭൂരിപക്ഷവും രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥി വ്യക്തിപരമായി സമ്പാദിച്ചതാണ്. മോദി തരംഗത്തിന്റെ ചില അലയൊലികളും ഉണ്ടായിട്ടുണ്ട്. അതുപക്ഷേ ഇനിയേറെ നാള്‍ ഉണ്ടാകില്ല. ഇവിടെ നാം കാണേണ്ട മറ്റൊരു പ്രധാനപ്രശ്‌നം സിപിഎമ്മില്‍ നിന്ന് വ്യാപകമായി ബിജെപിയിലേക്ക് നടക്കുന്ന കൊഴിഞ്ഞുപോക്കാണ്. ബിജെപി നേടിയ വോട്ടുകളില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെതാണ്. കാലത്തിന്റെ മാറ്റമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പണ്ട് ചെയ്തിരുന്ന ഒരു ബ്രാന്‍ഡ് ഓഫ് പൊളിറ്റിക്‌സ് ഇപ്പോള്‍ ബിജെപിക്ക് ചെയ്യാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നവരാണ് അങ്ങോട്ട് പോകുന്നത്. അതൊരു ശരിയായ ട്രെന്‍ഡ് അല്ല. പല ഇടതുപക്ഷനിലപാടുകളോടും താല്‍പര്യമുള്ള ഒരാളെന്ന നിലയില്‍ അതിലെനിക്ക് വ്യക്തിപരമായി വിഷമമുണ്ട്. ഇങ്ങനെ പോയാല്‍ ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിഗ്നിഫിക്കന്‍സ് നഷ്ടമാകും. അതേ കുറിച്ച് ഓര്‍ത്ത് ഇടതുപക്ഷം ആകുലപ്പെടേണ്ടിയിരിക്കുന്നു.

മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ച പ്രധാനമായും ഭീഷണിയാകുന്നത് എട്ടുമാസം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി അങ്ങോട്ടു ചെല്ലേണ്ട ശബരിനാഥനു തന്നെയായിരിക്കും?
ഞാന്‍ ചെല്ലണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. എന്നാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥി അവിടെ ചെല്ലേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുടെ വോട്ട് വളര്‍ച്ച പഠിച്ച് അതിനെ കൗണ്ടര്‍ ചെയ്യേണ്ടതുണ്ട്.

അമ്മയെ കുറിച്ച്
വളരെ ഇന്റലക്ച്വല്‍ ആയ, വളരെ ഇന്‍ഡിപെന്‍ഡന്റായ, വളരെ പ്രാക്ടിക്കലായ ഒരു സ്ത്രീയാണ് അമ്മ. അച്ഛനെ പോലെ തന്നെ നല്ല ക്വാളിറ്റീസ് ഉണ്ട്, സോഷ്യല്‍ ബന്ധങ്ങളുണ്ട്, അറിവും പക്വതയുമുണ്ട്. അമ്മയ്ക്ക് ഒരിക്കലും ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മറ്റുള്ളവര്‍ക്ക് അവരുടെ തീരുമാനം അമ്മയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. അമ്മയ്ക്ക് അമ്മയുടേതായ തീരുമാനങ്ങളുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ കേട്ട മറ്റൊരു വിമര്‍ശനം ശബരിയുടെ പൊളിറ്റിക്കല്‍ ബ്രാക്ഗ്രൗണ്ടിനെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് കോളേജ് രാഷ്ട്രീയത്തെ കുറിച്ചൊക്കെ പറഞ്ഞുകേട്ടത് വ്യാജമാണെന്നുപോലും വിമര്‍ശനമുണ്ടായി.
ഞാന്‍ എഞ്ചിനിയറിംഗിന് പഠിച്ചത് കോയമ്പത്തൂരിലോ തുംഗൂറിലോ അല്ല. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ടിഇസിയില്‍ എഴുന്നൂറ്റി പതിനാലാം റാങ്ക് വാങ്ങി അഡ്മിഷന്‍ നേടി കഷ്ടപ്പെട്ട് പഠിച്ച് എഴുപത്തിനാല് ശതമാനം മാര്‍ക്ക് വാങ്ങി പാസ്സായൊരുത്തനാണ്. അവിടെ ഞാന്‍ എന്തൊക്കെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നത് ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. എസ്എഫ് ഐയുടെയും എബിവിപിയുടെയും കോട്ടയില്‍ നിന്ന് ഞാന്‍ നുണയാണ് പറഞ്ഞതെങ്കില്‍ ഇന്ന് ഞാന്‍ എംഎല്‍എ ആകില്ലായിരുന്നു.

രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. ജീവിതത്തിലായാലും കലയിലായാലുമൊക്കെ രാഷ്ട്രീയം ഉണ്ട്. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായിട്ട് ഞാന്‍ കൂടുതലും ഇടപഴകിയിരുന്നത് മുഖ്യമന്ത്രിമാരോടും മന്ത്രിമാരോടുമൊക്കെയായിരുന്നു. ത്രിപുരയിലെയും മധ്യപ്രദേശിലേയുമൊക്കെ വനംവകുപ്പ് മന്ത്രിമാരോടുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യണമെങ്കില്‍ നമുക്കും ഒരു പൊളിറ്റിക്കല്‍ പശ്ചാത്തലം വേണം. ഡല്‍ഹിയിലുള്‍പ്പെടെയുള്ള പല രാഷ്ട്രീയ നേതാക്കന്മാരുമായിട്ട് ബന്ധമുണ്ട്. പക്ഷെ അവിടെയെല്ലാം ടാറ്റ ട്രസ്റ്റിലെ സിനിയര്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു ഇടപഴകിയത്. മലയാളികള്‍ക്കല്ലാതെ ഞാന്‍ ജി കാര്‍ത്തികേയന്റെ മകനാണ് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

അച്ഛന്റെ തിരുത്തല്‍വാദത്തിന് മകന്റെ തിരുത്ത്! എങ്ങനെ പ്രതികരിക്കും?
ഇതു പറയുന്നവര്‍ തിരുത്തല്‍വാദത്തിന്റെ അടിസ്ഥാന കാരണം എന്തായിരുന്നുവെന്ന് ആദ്യം അന്വേഷിക്കണം. വളര്‍ന്നു വന്നിരുന്നൊരു ഉപജാപജകസംഘത്തിനെതിരെയായിരുന്നു തിരുത്തല്‍വാദം. അതൊരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. ഒരു വ്യക്തിക്കെതിരെ അല്ലായിരുന്നു. അധികാരവൃന്ദത്തിനെതിരെ ആയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഇറങ്ങിയ സമയത്തായിരുന്നു ഈ ആക്ഷേപം. അതേല്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ ടാറ്റയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് പ്രചാരണം അഴിച്ചുവിട്ടു. പിന്നെ അടുത്ത ആരോപണവുമായി വന്നു. വ്യക്തിപരമായി എതിര്‍ക്കാന്‍ വഴികളടഞ്ഞപ്പോള്‍, സരിതയും ബാറും കോഴയുമൊക്കെയായി വിഷയങ്ങള്‍. ഇതൊക്കെ മൂപ്പതുദിവസത്തേക്ക് പ്ലാന്‍ ചെയ്യുന്നപ്രകാരം നടക്കുന്ന കാര്യങ്ങള്‍ മത്രം. ജയിച്ചു കഴിഞ്ഞപ്പോള്‍ പറഞ്ഞത് അച്ഛന്‍ നേടിയ വോട്ടിനേക്കാള്‍ കുറവാണ് എനിക്ക് കിട്ടിയത്. ഇവരിപ്പോഴും ഡേറ്റകള്‍ കൊണ്ട് ന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ഭൂരിപക്ഷം നേടിയെന്നു പറഞ്ഞിടത്ത് ഇത്തവണ ഞാന്‍ അതിലും അധികം വോട്ടുകള്‍ നേടിയല്ലോ. അതിന് ഉത്തരം പറയില്ലേ? ഇവര്‍ എത്രകാലമാണ് ഇങ്ങനെ മുന്നോട്ടുപോകാന്‍ നോക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തിയത് ക്ലീന്‍ കാമ്പയിന്‍ ആയിരുന്നു. ഒരാളെക്കുറിച്ചുപോലും ഞാനൊരു കുറ്റം പറഞ്ഞിട്ടില്ല.

ശബരിയുടെ വിജയം അരുവിക്കരക്കാരുടെ അപക്വമായ ചിന്താഗതിയുടെതും അവര്‍ പത്രവും ടീവിയുമൊന്നും കാണാത്തതിന്റെ കുഴപ്പമാണ് എന്നുമൊക്കെ പറയുന്നുണ്ട്.
അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പഴികേട്ടത്. അവരെ കുടിയന്മാരാക്കി, കാശുവാങ്ങുന്നവരാക്കി, ബുദ്ധിയില്ലാത്തവരാക്കി. ദേശാടനക്കിളികളായി എത്തിയവരാണ് ഇതൊക്കെ പറഞ്ഞത്. അവര്‍ക്ക് അരുവിക്കരയിലെ ജനങ്ങളെ അറിയില്ല. അവര്‍ ജനങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ്. അവര്‍ തിരിച്ചുപോയി. ഇപ്പോള്‍ ആളും ആരവുമെല്ലാം ഒതുങ്ങിയിരിക്കുന്നു. ഇനി ഞാനും എന്റെ ജനങ്ങളും മാത്രം. ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോട്ടെ.

ജൂലൈ 1. ജീവിതം ആകെ മാറിയ ദിവസം
അതിനു മുമ്പ് എല്ലാവരോടുംകൂടി പറയാനുള്ള മറ്റൊരു കാര്യമുണ്ട്. സാധരണ തെരഞ്ഞെടുപ്പുകള്‍ നടന്നുകഴിഞ്ഞ് കുറഞ്ഞത് ഒരുമാസമെങ്കിലും കഴിഞ്ഞാണ് നിയമസഭയില്‍ പോകേണ്ടി വരുന്നത്. അതിനിടയ്ക്ക് കിട്ടുന്ന സമയത്താണ് മണ്ഡലത്തില്‍ പര്യടനം നടത്തി കൂടെ നിന്നവര്‍ക്കും സപ്പോര്‍ട്ട് തന്നവര്‍ക്കുമെല്ലാം നന്ദി പറയുന്നതും. എന്റെ കാര്യത്തിലാകട്ടെ സംഭവിച്ചത് മറിച്ചാണ്. ഫലം വന്ന് പിറ്റേദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തു. സഭ സമ്മേളിക്കുന്ന ദിവസങ്ങളായതുകൊണ്ട് അവിടെ സംബന്ധിക്കേണ്ടതായും വന്നു. അതുകൊണ്ട് തന്നെ ഇനിയും എല്ലാവരെയും ചെന്ന് കാണാനോ, സംസാരിക്കാനോ സാധിച്ചിട്ടില്ല. സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്. ക്ഷമിക്കുക. ഇത്തിരി സമയംകിട്ടിയാല്‍ അതുമുതലാക്കി ഞാന്‍ യാതൊരു വിവേചനവും കാണിക്കാതെ എന്റെ ജനങ്ങളെ വന്നുകാണും.

ഇനി ജൂലൈ 1 ലെ അനുഭവത്തിലേക്ക്;

രാവിലെ ഒമ്പതരയ്ക്ക് സഭയിലെത്തണമെന്നായിരുന്നു നിര്‍ദേശം. നിയമസഭ എനിക്ക് ഒട്ടും അപരിചിതത്വം ഉള്ള സ്ഥലമല്ല. എന്നിട്ടും അന്ന് സഭയുടെ വാതില്‍ തുറക്കുമ്പോള്‍ ഒരു പത്തുപന്ത്രണ്ട് സെക്കന്‍ഡുകള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ വയ്യാത്തപോലെ. മുന്നിലുള്ളതൊക്കെ ഒന്നു റിയലൈസ് ചെയ്യാന്‍ സമയം എടുത്തു. വല്ലാത്തൊരു അനുഭവമായിരുന്നു. പിന്നീട് അകത്തേക്കു വിളിച്ചു. അച്ഛന്‍ ഇരുന്ന സ്ഥലം, അച്ഛന്റെ സഹപ്രവര്‍ത്തകര്‍, കൂട്ടുകാര്‍. എല്ലാവരോടും സ്‌നേഹം കാത്തുസൂക്ഷിച്ചൊരാള്‍ ആയിരുന്നു അച്ഛന്‍. ആ സ്‌നേഹത്തിന്റെ പ്രതിഫലമാണ് സഭയില്‍ കക്ഷിഭേദമന്യേ ഞാന്‍ അനുഭവിച്ച സ്‌നേഹവും വാത്സല്യവും. അച്ഛന്‍ അവിടെ എനിക്കൊപ്പം ഉണ്ടായിരുന്നു. അവിടെ മാത്രമല്ല, ഈ തെരഞ്ഞെടുപ്പിലേക്ക് ഞാനിറങ്ങിയപ്പോള്‍ തൊട്ട് കൂടെയുണ്ടായിരുന്നു, എന്റെ അച്ഛന്‍…

ഒന്നുകൂടി, മണ്ഡലത്തില്‍ ചെന്നപ്പോഴും സഭയില്‍ എത്തിയപ്പോഴുമെല്ലാം എല്ലാവരും എന്നോട് പറഞ്ഞ ഒരേയൊരു കാര്യം; അച്ഛനെ പോലെയാകണം എന്നായിരുന്നു. എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതാണ്…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍