UPDATES

ഇത് അംഗീകരിക്കില്ല; ഒരാള്‍പ്പൊക്കം പിന്‍വലിച്ചതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

Avatar

സനല്‍ കുമാര്‍ ശശിധരന്‍റെ ഒരാള്‍പ്പൊക്കം എന്ന ചലച്ചിത്രം അടുത്തിടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. പത്തൊമ്പതാമത് ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം മികച്ച സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുകയുണ്ടായി. കച്ചവടസിനിമകളുടെ സ്ഥിരം ചേരുവകളില്‍ നിന്നും വ്യതിചലിച്ച് പ്രത്യേകമായ ആഖ്യാനശൈലികൊണ്ടും ശക്തമായ പ്രമേയം കൊണ്ടും നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങിയ ഈ ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്ന കെ.എസ്.ഡി.എഫ്.സി തിയേറ്ററുകളില്‍ നിന്നും വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കാതെ ചിത്രം പിന്‍വലിക്കുകയുണ്ടായി. സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു.
 

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായിരുന്നു തിയേറ്റര്‍ അനുവദിച്ചിരുന്നത്. ആലപ്പുഴ, ചേര്‍ത്തല, പെരുമ്പാവൂര്‍ എന്നിവടങ്ങിളിലുള്ള തിയേറ്ററുകളിലേക്ക് കൂടി വ്യാപിപ്പിക്കാമെന്നു വാക്ക് നല്‍കിയിട്ടുണ്ടായിരുന്നു. അത് കണ്‍ഫോം ചെയ്യാന്‍ ചെന്നപ്പോഴാണ് എല്ലാ തിയേറ്ററുകളില്‍ നിന്നും മാറ്റി എന്നുള്ള തീരുമാനം അറിയുന്നത്. അതിനു കെ.എസ്.ഡി.എഫ്.സി പറയുന്ന ന്യായം കൂടുതല്‍ ചിത്രങ്ങള്‍ ക്യൂവിലുണ്ട്, അത് കൂടി പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കുന്നതിനു വേണ്ടിയാണെന്നാണ്.

റിലീസ് ആയി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രേക്ഷകപിന്തുണയും നിരൂപകശ്രദ്ധയും നേടിയെടുക്കാന്‍ ഒരാള്‍പ്പൊക്കത്തിനു സാധിച്ചു. ദിവസവും പുതിയ ആള്‍ക്കാര്‍ സിനിമയ്ക്കായി എത്തുന്നു. തിരുവനന്തപുരം നിളയിലും കോഴിക്കോടും തൃശൂരും 2 ഷോ വച്ചായിരുന്നു അനുവദിച്ചിരുന്നത്. ശരാശരി ഒരു ദിവസം 100 പേര്‍ തിയേറ്ററിലെത്തുന്നുണ്ടായിരുനു, കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 582 പേര്‍ ഒരാള്‍പ്പൊക്കം തിരുവനന്തപുരത്തു നിന്നും കണ്ടിട്ടുണ്ട്. കോഴിക്കോടും തൃശൂരുമായി യഥാക്രമം 60-70 പേര് വീതം ഓരോ ഷോയിലും വരുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇടിത്തീപോലെ തിയേറ്ററില്‍ നിന്നും സിനിമ മാറ്റുന്ന കാര്യമറിഞ്ഞത്.

 

ഇതൊരു വ്യക്തമായ ധാരണയോടു കൂടി ചെയ്തതാണ്. തൃശൂരും കോഴിക്കോടും കൈരളി തിയേറ്ററാണ് പ്രദര്‍ശനത്തിനായി നല്‍കിയത്. അതു രണ്ടും വലിയ തിയേറ്ററുകളാണ്. കച്ചവട സിനിമകള്‍ക്കുണ്ടാവുന്ന രീതിയിലുള്ള ഒരു തള്ളിക്കയറ്റം ഉണ്ടാവില്ലെന്നറിയാവുന്നത് കൊണ്ടുതന്നെ ചെറിയ തിയേറ്റര്‍ മതിയെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്കാന്‍ പറ്റില്ല എന്നാണ് കെ.എസ്.ഡി.എഫ്.സി പറഞ്ഞത്. 60-70 ആള്‍ക്കാര്‍ ശരാശരി വരുന്ന ചിത്രത്തിനു വലിയ തിയേറ്റര്‍ തന്നാല്‍ സ്വാഭാവികമായും ഷോ ഫുള്‍ ആവില്ല. പക്ഷേ ഞങ്ങള്‍ക്ക് തരില്ല എന്ന് പറഞ്ഞ ചെറിയ തിയേറ്റര്‍ വേറെ കൊടുക്കുകയുണ്ടായി. ഒരു വശത്ത് സപ്പോര്‍ട്ട് നല്‍കുമെന്ന് പറയുകയും മറുവശത്ത് തകര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നു എന്നുള്ളതാണ് ഒട്ടും ദഹിക്കാത്ത വസ്തുത.

നല്ല സിനിമകള്‍ക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കാത്ത ഒരു കാലമായിരുന്നു കുറച്ചു മുന്‍പ് വരെ കേരളത്തില്‍. പ്രേക്ഷകസമൂഹം കൂടുതല്‍ ലിബറല്‍ ആയിത്തുടങ്ങിയതിന്റെ പ്രയോജനങ്ങള്‍ മനസ്സിലാക്കി സിനിമകള്‍ എത്തിച്ചതിന്റെ ഫലമാണ്‌ ടിപ്പിക്കല്‍ കൊമേഴ്സ്യല്‍ സിനിമാ കൂട്ടുകളില്‍നിന്ന് വ്യതിചലിച്ചുണ്ടായ ഒരാള്‍പ്പൊക്കം പോലെയുള്ള സിനിമകളെ പ്രേക്ഷകസമൂഹം അംഗീകരിച്ചത്.

 

ആദ്യസമയത്ത് അവര്‍ പറഞ്ഞിരുന്ന ന്യായീകരണം ആളെത്തുന്നില്ല എന്നാണ്. പക്ഷേ സിനിമയ്ക്ക് ലഭിച്ച പ്രതികരണം അതിനു മറുപടിയായി. ഉദ്ദേശിച്ച പ്രതികരണം ലഭിക്കാത്തതുകൊണ്ട് അടുത്ത കാലത്ത് മമ്മൂട്ടി നായകനായ ഒരു ചിത്രം പോലും തിയേറ്ററുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അക്കാലത്താണ്  ഒരാള്‍പ്പൊക്കം കാണാന്‍ ആള്‍ക്കാര്‍ എത്തുന്നത്. അതൊരു പ്രോഗ്രസായി കാണാതെ നല്ല സിനിമകളെ മുളയിലേ നുള്ളുന്ന ഒരു  പ്രവണതയാണ് ഇപ്പോള്‍ കെ.എസ്.എഫ്.സി.സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. പറയുന്നതൊന്നും ചെയ്യുന്നതൊന്നും, അതാണിപ്പോ അവരുടെ നിലപാട്. ഒരു സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്, അത് റിലീസായി പ്രേക്ഷകരില്‍ എത്തുന്നത് വരെ വലിയൊരു എഫര്‍ട്ട് ഉണ്ട്. നല്ല സിനിമയാണ് എന്ന് പ്രേക്ഷകര്‍ വിലയിരുത്തുകയും ചെയ്തിട്ട്  കൂടി, ഇത്തരം പിന്തിരിപ്പന്‍ നിലപാടാണെങ്കില്‍ നല്ല മലയാള സിനിമയെ ഇവര്‍ എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക എന്നാണ് എന്‍റെ ചോദ്യം.

 

ഇതില്‍ നിന്നും വ്യക്തമാവുന്നത് കെ.എസ്.ഡി.എഫ്.സിയുടെ ഇരട്ടത്താപ്പ് നയമാണ്. ഒരു വശത്ത് നല്ല മലയാള സിനിമകളുടെടെ രക്ഷകന്‍റെ കുപ്പായമണിയുകയും മറുവശത്ത് അതിനെ തകര്‍ക്കാനുള്ള ശ്രമവും. ഇത്തരം നിലപാടുള്ളവര്‍ എങ്ങനെയാണ് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ആളുകള്‍ ഇടിച്ചുകയറുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ കെ.എസ്.എഫ്.ഡി.സിയുടെ ആവശ്യവുമില്ല.

നല്ല സിനിമകള്‍ വിജയിക്കുന്നതിന് പ്രേക്ഷകരെ മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്തരം മോശം പ്രവണതകളെയും എതിര്‍ക്കേണ്ട അവസ്ഥയാണ്. ഒരു പുതിയ സിനിമ ചെയ്യാനോ അതേക്കുറിച്ചാലോചിക്കാനോ ഉള്ള ഊര്‍ജ്ജം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നു വരുന്നു എന്നുള്ളതാണ് ഒരു കലാകാരന്‍ എന്ന നിലയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.

കെ.എസ്.ഡി.എഫ്.സിയെ  ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ തന്നെ ഒരുപാട് സിനിമകള്‍ ക്യൂവിലുണ്ട്. അതുകൊണ്ട് ഇനി തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധ്യമല്ല എന്നാണ്.

 

തിയേറ്റര്‍ വാടകയ്ക്കെടുത്ത് സിനിമ കാണിക്കൂ, തിയേറ്റര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം തന്നാല്‍ മതി എന്നൊക്കെയാണ് അവരുടെ മറുപടി. കെ.എസ്.ഡി.എഫ്.സിയെ മുമ്പോട്ടു കൈപിടിച്ചു നടത്തി അതിന്‍റെ നിര്‍മ്മാണോദ്ധേശ്യമെന്താണോ അതിലേക്കെത്തിക്കാനുള്ള ശ്രമമാണ്  നടന്നുകൊണ്ടിരിക്കുന്നത് എന്നായിരുന്നു എല്ലാവരെയും പോലെ എന്‍റെയും വിശ്വാസം. അതിനു തെളിവുപോലെ കുറച്ചു നല്ല സിനിമകള്‍ റിലീസ് ചെയ്യാനുള്ള അവസരം ഇവര്‍ ഒരുക്കുകയും ചെയ്തിരുന്നു. പക്ഷെ അത് ജലരേഖയാണെന്ന് ഇപ്പോള്‍ മനസ്സിലായി. കെ.എസ്.ഡി.എഫ്.സി ലക്ഷ്യത്തിനു കാതങ്ങളകലെയാണ് എന്ന് വ്യക്തമാക്കിത്തരികയാണ് ഇപോഴത്തെ നിലപാടുകള്‍.

കെ.എസ്.ഡി.എഫ്.സിയുടെ പാക്കേജ് ഉപയോഗിച്ചിട്ടുള്ള ചലച്ചിത്രങ്ങളാണ് അടുത്തതായി വരാന്‍ പോകുന്നത് എന്ന് ചെയര്‍മാന്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ എന്താണ് ഈ പാക്കേജ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്നുള്ളത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ഷക്കീലയും രേഷ്മയും ഭാഗമായ സിനിമകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയും കെ.എസ്.എഫ്.ഡി.സി പാക്കേജ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് മാത്രമേയുള്ളൂ. സ്ഥിതിഗതികള്‍ക്ക് ഒരു മാറ്റവുമില്ല. രണ്ടു ലക്ഷം രൂപയുണ്ടെങ്കില്‍ ആര്‍ക്കും കെ.എസ്.എഫ്.ഡി.സി പാക്കേജ് ലഭിക്കും, ഏഴ് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുകയും ചെയ്യും. കഥ എന്താണെന്നു പോലും ചോദിക്കില്ല, രണ്ടു ലക്ഷം രൂപ കെട്ടിവച്ചാല്‍ മതി. അടുത്തതായി കെ.എസ്.ഡി.എഫ്.സി പാക്കേജ് ലഭിച്ചു റിലീസ് ആവുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്‌. ബജറ്റുകള്‍ ലക്ഷങ്ങള്‍ക്ക് മേലെ ഉള്ളവ. ഇത്തരം ചിത്രങ്ങള്‍ക്കാണോ സഹായം നല്‍കേണ്ടത്.

 

എന്റെ രണ്ടാമത്തെ ചിത്രമായ ‘ഒഴിവുദിവസത്തെ കളി’ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം പത്താം തീയതിക്കു മുന്‍പ് അവര്‍ക്കാവശ്യമായ ഫയലുകളും മറ്റും അയച്ചുകൊടുക്കാനുണ്ട്. അതിന്‍റെ തിരക്കുകളിലായിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ഇരുട്ടടി കിട്ടുന്നത്. ഞാനിപ്പോ ആകെ തകര്‍ന്ന അവസ്ഥയിലാണ്. പക്ഷേ ഇതിനെതിരെ ശക്തമായി  പ്രതിഷേധിക്കുക തന്നെ ചെയ്യും. കെ.എസ്.എഫ്.ഡി.സിയുടെ ഇപ്പോഴത്തെ തീരുമാനം അംഗീകരിച്ചു കൊടുക്കുന്നത് തികച്ചും ആത്മഹത്യാപരമായ ഒരു നടപടിയാണ്. കെ.എസ്.ഡി.എഫ്.സിയുടെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബന്ധപ്പെട്ടിരുന്നു. അനുകൂലമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ ഞാനും സഹപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധനടപടികളിലേക്ക് തിരിയാനാണ് തീരുമാനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍