UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ഇബി ചാര്‍ജ് വര്‍ധന: ഈ പോക്ക് നാശത്തിലേക്കാണ്

Avatar

രാകേഷ് നായര്‍ 

നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് പരിതപിക്കുന്ന നമ്മുടെ വൈദ്യുത ബോര്‍ഡിന് സ്വയം നന്നാകാനല്ല, ജനങ്ങളില്‍ നിന്ന് അകലനാണ് താല്‍പര്യമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. മേല്‍തട്ടിലുള്ള ഉപഭോക്താക്കളോട് കൂറുകാട്ടി സാധാരണക്കാരനെ പിഴിയുന്ന വിധത്തിലാണ് പുതിയ വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഈ കുല്‍സിത പ്രവര്‍ത്തിയില്‍ നിന്ന് കൈകഴുകി മാറി നില്‍ക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളും ജനകീയസമിതികളും ഇതിന്റെ യഥാര്‍ത്ഥവശം മനസ്സിലാകാതെ മൗനം ദീക്ഷിക്കുകയും ചെയ്യുമ്പോള്‍, പതിവുപോലെ ദുരിതം മുഴുവന്‍ സാധാരണക്കാരന്.

പുതുക്കിയ ചാര്‍ജ് വര്‍ദ്ധനവിലെ അപാകതകള്‍
വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിന് അനുവാദം നല്‍കുന്നത് വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ്. ചാര്‍ജ് വര്‍ദ്ധനവിന് കെഎസ്ഇബി അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ റഗുലേറ്ററി കമ്മീഷന്‍ കണ്‍സ്യൂമേഴ്‌സില്‍ നിന്ന് അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കാന്‍ ഒരു സിറ്റിംഗ് വിളിക്കാറാണ് പതിവ്. ഈ സിറ്റിംഗില്‍ എച്ച് ടി, എക്‌സ്ട്ര എച്ച് ടി, ഐസ് പ്ലാന്റ്, മെര്‍ച്ചന്റ്‌സ്, മില്ലുകള്‍, ഹോട്ടല്‍, ബാര്‍, വലിയ വീടുകള്‍ തുടങ്ങി ബഹുഭൂരിപക്ഷം വിഭാഗങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടി പറയാന്‍ ഒരു വാര്‍ഡ് മെംബര്‍പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണ റഗുലേറ്ററി കമ്മീഷനു മുന്നില്‍ ഹാജരായി പൊടിമില്ലുകാര്‍ നേടിയെടുത്ത ആനുകൂല്യം ശ്രദ്ധിക്കുക. കഴിഞ്ഞ തവണ 400 രൂപയായിരുന്ന ചാര്‍ജ് അവര്‍ ഇത്തവണ 100 രൂപയാക്കി. ഒറ്റയടിക്ക് 350 രൂപയുടെ കുറവ്. സ്വകാര്യ ബാങ്കുകളും പണമിടപാടുകാരും സ്വര്‍ണ്ണപ്പണയക്കാരുമെല്ലാം കൈയില്‍ കാശില്ലാത്തവരാണോ? എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇത്തവണയും കഴിഞ്ഞ തവണയും ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടായില്ലെന്നതാണ് വാസ്തവം. അതേസമയം കാര്‍ഷികാവിശ്യങ്ങള്‍ക്കായുള്ള വൈദ്യുതോപഭോഗത്തിന് ചാര്‍ജ് കൂട്ടുകയും ചെയ്തു! ഓരോ തവണയും ഉണ്ടാകുന്ന ചാര്‍ജ്ജ് വര്‍ദ്ധനവില്‍ നിന്ന് വമ്പന്മാര്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും പാവപ്പെട്ടവന്‍ നടുവൊടിഞ്ഞ് വീഴുന്നതും പതിവാകുകയാണ്.

പുതുക്കിയ ചാര്‍ജ് വര്‍ദ്ധനവിലെ കണക്കുകള്‍ നോക്കുക

50 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്നവര്‍ക്ക് നിലവിലെ ചാര്‍ജ് 66 രൂപയായിരുന്നു, ഇത് 139 ആയി വര്‍ദ്ധിപ്പിച്ചു; 111 ശതമാനത്തിന്റെ വര്‍ദ്ധനവ്, 70 യൂണിറ്റ് വരെയുള്ളവര്‍ക്ക് 90 ല്‍ നിന്ന് 193 ആയി വര്‍ദ്ധിച്ചപ്പോള്‍ 114 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. 80 യൂണിറ്റ് വരെയുള്ളവര്‍ക്ക് 102 ല്‍ നിന്ന് 220 ആയി ചാര്‍ജ് വര്‍ദ്ധിച്ചപ്പോള്‍ ശതമാന വര്‍ദ്ധനവ് 116 ശതമാനം. ഇത് സാധാരണക്കാരനെ സംബന്ധിച്ചുള്ള കണക്ക്. ഇനി മേല്‍ത്തട്ടിലുള്ള ഉപഭോക്താക്കളുടെ(സമ്പന്നരുടെ) കാര്യം ശ്രദ്ധിക്കുക 300 യൂണിറ്റ് ഉപയോഗിച്ചവരുടെ നിലവിലെ ചാര്‍ജ് 903 രൂപ, ഇപ്പോള്‍ 1124 ആയി വര്‍ദ്ധിപ്പിച്ചു. വെറും 25 ശതമാനം മാത്രം വര്‍ദ്ധനവ്. 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 1485 ല്‍ നിന്ന് 1762 ആയി വര്‍ദ്ധിപ്പച്ചപ്പോഴും 19 ശതമാനം മാത്രമാണ് കൂട്ടിയിരിക്കുന്നത്. 500 യൂണിറ്റ് വരെയുള്ളവര്‍ക്ക് 2200 ല്‍ നിന്ന് 2532 ആക്കിയപ്പോള്‍ ഉണ്ടായിരിക്കുന്നത് 15 ശതമാനം മാത്രം വര്‍ദ്ധനവ്. ഈ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്, ബോര്‍ഡിന്റെ സേവനങ്ങള്‍ സാധരണക്കാരനാണോ സമ്പന്നനാണോ പ്രയോജനം ചെയ്യുന്നതെന്ന്.

കൊക്കിനു വച്ചതും കൊണ്ടത് സാധാരണക്കാരന്
സംസ്ഥാനത്ത് 10 ലക്ഷത്തോളം അടഞ്ഞു കിടക്കുന്ന ഫ്ലാറ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ ഉടമസ്ഥര്‍ വേറെയായിരിക്കും താമസിക്കുന്നത്. ഇവര്‍ മാസത്തില്‍ ഓന്നോ രണ്ടോ തവണമാത്രമായിരിക്കാം ഇവ  തുറക്കുന്നതുപോലും. ഇത്തരം ഫ്ലാറ്റുകളിലെ വൈദ്യുതി ഉപഭോഗം 30-50 യൂണിറ്റില്‍ ഒതുങ്ങി നില്‍ക്കുയാണ് പതിവ്. അതിനാല്‍ ഈ ഫ്ലാറ്റുടമകളും മിനിമം ഉപഭോക്താക്കളുടെ പട്ടികയില്‍ വരികയാണ്. ഇതിനെതിരെ ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ സമീപിക്കുകയും മിനിമം ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പിലാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് മിനിമം യൂണിറ്റ് ഉപഭോക്താക്കളുടെ ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കാന്‍ കമ്മീഷന്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഈ വര്‍ദ്ധനവ് ഒരു കോടിക്ക് മുകളിലുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കാണ് ഇരുട്ടടിയായതെന്നുമാത്രം. കെഎസ്ഇബിയുടെ മറ്റൊരു അപ്രായോഗിക നിലപാടിന്റെ ദോഷമാണിത്. ഫ്ലാറ്റുകാരുടെ കള്ളക്കളി നിര്‍ത്താന്‍ ആയിരുന്നെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ബോര്‍ഡിന് സ്വീകരിക്കാമായിരുന്നു. പല താരിഫുകളില്‍ ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കുന്ന ബോര്‍ഡ് ഫ്ലാറ്റുടമകള്‍ക്കായി പ്രത്യേകമൊരു താരിഫ് ഇറക്കണമായിരുന്നു. അല്ലെങ്കില്‍ ഇവര്‍ക്ക് 100 രൂപയില്‍ കുറയാത്ത  ഫിക്‌സഡ് ചാര്‍ജ് നടപ്പാക്കണമായിരുന്നു. അതു ചെയ്യാതെ കാടടച്ചു വെടിവച്ചു.

ഒടുവില്‍ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബോര്‍ഡ് തന്നെ പോംവഴി കൊണ്ടുവന്നു.ആനുകൂല്യം വേണ്ടവര്‍ ബിപിഎല്‍ കാര്‍ഡും 1000 വാട്‌സില്‍ കുറവ് ഉപഭോഗം നടത്തുന്നവരാണന്ന് ഇലക്ട്രീഷ്യന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കുക. കേരളത്തിലെ ഏതു സാധാരണ കുടുംബത്തിലും ഇന്ന് 1000 വാട്‌സിന് മേല്‍ വൈദ്യുതോപഭോഗം നടക്കുന്നുണ്ടെന്നതാണ് വാസ്തവം. നാലഞ്ച് ബള്‍ബുകളും ടീവിയും മോട്ടറും പ്രവര്‍ത്തിച്ചാല്‍ തന്നെ 1000 വാട്‌സിനു മുകളില്‍ പോകും. അങ്ങനെ വന്നാല്‍ ഇവിടെ എത്രപേര്‍ക്ക് ബോര്‍ഡ് പറയുന്ന ഈ ആനുകൂല്യം കിട്ടും. പിന്നെ ഈ സര്‍ട്ടിഫിക്കെറ്റുകളൊക്കെ ആരു വിചാരിച്ചാലും സംഘടിപ്പിച്ചെടുക്കാനുള്ളതേയുള്ളു. ബിപിഎല്‍ ലിസ്റ്റില്‍പ്പോലും അര്‍ഹതപ്പെട്ടവരാണോ കയറിപ്പറ്റിയിരിക്കുന്നത്? അതിനാല്‍ ഈ പറയുന്ന കാര്യങ്ങളൊന്നും സാധാരണക്കാരന് ഗുണം ചെയ്യാന്‍ പോകുന്നില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

ലോകത്തിലെ ഏറ്റവും വില പിടിച്ച മണ്ണില്‍ നിന്ന്‍ കേരളത്തെ ഇറക്കി വിടുമോ?
രാഷ്ട്രീയക്കാരെ, നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം?
പന്ത് പിളരുന്ന ആ സ്മാഷ് കണ്ടില്ലെന്നു നടിക്കാന്‍ ഇനി അവര്‍ക്കാവുമായിരുന്നില്ല
കെ.എസ്.ആര്‍.ടി.സിയോട് ടെക്കികള്‍ക്ക് പറയാനുള്ളത്
പാഠം 1-പശു പാല്‍ തരും; മില്‍മ ലാഭം കൊയ്യും

വൈദ്യുതോപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ചാര്‍ജ് വര്‍ദ്ധനവിന്റെ പുറകിലുണ്ടെന്ന് പലപ്പോഴും ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ കാണിക്കുന്ന പ്രവര്‍ത്തികള്‍ വൈദ്യുതോപഭോഗം കുറയ്ക്കാനാണോ കൂട്ടാനാണോ ഉപകരിക്കുക എന്ന് മനസ്സിലാകുന്നില്ല. യൂണിറ്റ് കൂടുംതോറും ചാര്‍ജ് കുറഞ്ഞുവന്നാല്‍ ഉപഭോഗം കുറയുമെന്നാണോ കെഎസ്ഇബിക്കാര്‍ വിശ്വസിക്കുന്നത്. കുറയുന്നത് സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രമായിരിക്കും. കേരളത്തിലെ വൈദ്യുതി ഉത്പാദനം ഭൂരിഭാഗവും ജലത്തില്‍ നിന്നാണ്. ഈ ജലം ഇവിടെയുള്ള സാധാരണക്കാരനും സമ്പന്നനുമൊക്കെ ഒരുപോലെ അവകാശപ്പെട്ടതാണ്. അതില്‍ നിന്ന് ഉണ്ടാക്കുന്ന വൈദ്യുതി ഒരു കൂട്ടര്‍ക്ക് മാത്രം ലാഭത്തിലും മറ്റുകൂട്ടര്‍ക്ക് ഭാരമായും നല്‍കുന്നതില്‍ എന്തു യുക്തിയാണ് വൈദ്യുതി ബോര്‍ഡിന് പറയാനുള്ളത്?

 

ഒന്നും മിണ്ടാതെ സര്‍ക്കാര്‍
വൈദ്യുതി ബോര്‍ഡിന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കണോ എന്നു തീരുമാനിക്കുന്നതില്‍ റഗുലേറ്ററി കമ്മീഷനുള്ളതുപോലെ അവകാശം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. ചാര്‍ജ് വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത് സര്‍ക്കാരാണ്. ഇത്തവണയും ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് ശിപാര്‍ശ ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നതിനു മുന്നേ ബോര്‍ഡ് ചാര്‍ജ് വര്‍ദ്ധനവ് നടപ്പാക്കിയതാണ് ഇത്തവണ കാണാനായത്. സബ്‌സ്ഡിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം പറയുന്നുണ്ടോ എന്നുമാത്രമാണ് അവര്‍ കാത്തത്. എന്നാല്‍ ബാറും കോഴയുമെല്ലാം തലയില്‍ കേറിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. മൗനം സമ്മതം എന്ന ന്യായത്തില്‍ ബോര്‍ഡ് വൈദ്യുതി ചാര്‍ജ് കൂട്ടുകയും ചെയ്തു. ഇതറിഞ്ഞിട്ടും ഇപ്പോഴും ഒന്നും മിണ്ടാതിരിക്കുന്ന സര്‍ക്കാരിന്റെ മനസ്സിലും ചില കണക്കുക്കൂട്ടലുകളുണ്ട്. സബ്‌സിഡി കൊടിക്കണമെന്ന് പറഞ്ഞാല്‍ ആ ബാധ്യത എറ്റെടുക്കേണ്ടത് തങ്ങളാണെന്ന് അവര്‍ക്കറിയാം. സബ്‌സിഡി തുക ബോര്‍ഡിന് കൊടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരണ്. ഖജനാവ് കാലിയാണെന്ന് വിലപിക്കുന്നവര്‍ക്ക് ഈ ബുദ്ധിമുട്ടുകൂടി തലയിലേറ്റാന്‍ വയ്യ. ആ ഭാരം കൂടി ജനങ്ങള്‍ അനുഭവിച്ചിട്ടോയെന്ന് അവരങ്ങു തീരുമാനിച്ചു. അതായത് കണ്ണടച്ചു ഇരുട്ടാക്കി.

എന്നാല്‍ ഇതിനെതിരെയെല്ലാം പ്രതികരിക്കേണ്ടവര്‍ മറുഭാഗത്തുണ്ടല്ലോ. ആരും ഇതുവരെ ഒന്നും പറഞ്ഞു കേട്ടില്ല. അതോ ഈ കാര്യത്തിലും അഡ്ജസ്റ്റ്‌മെന്റ് ഉണ്ടോ? രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ജനകീയസമതിക്കാരുമൊന്നും വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതും ഒരു സത്യമാണ്. എന്തിന് സാധാരണജനങ്ങള്‍പോലും ഇക്കാര്യത്തില്‍ അജ്ഞരാണ്. കഴിഞ്ഞ തവണ 100 രൂപ അടച്ചവന്‍ ഇനി 250 രൂപ അടയക്കേണ്ടി വരും. അതേസമയം 1000 രൂപ അടച്ചവന് 1200 രൂപയേ വരൂ. അതായത് സമ്പന്നന് 20 ശതമാനം കൂടുതല്‍ അടച്ചാല്‍ മതിയെങ്കില്‍ സാധാരണക്കാരന് 150 ശതമാനം വര്‍ദ്ധനവ് താങ്ങേണ്ടിവരുമെന്ന്. ഇതൊക്കെ അടുത്ത തവണ കൈയില്‍ കറണ്ട് ബില്‍ കിട്ടുമ്പോഴെ പലര്‍ക്കും മനസ്സിലാകൂ. അന്നേരം ചിലപ്പോള്‍ സമരങ്ങളോ മറ്റോ ആരെങ്കിലും നടത്തിയേക്കാം. 2000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം വെള്ളക്കരം കൂട്ടിയതിലെ നൈതികത വൈദ്യുതി ചാര്‍ജിന്റെ കാര്യത്തില്‍ കാണിക്കാതിരുന്നതിനുള്ള ന്യായം അന്നേരത്തേക്ക് സര്‍ക്കാര്‍ കണ്ടുപിടിച്ച് സമരരക്കാരുടെ ഫ്യൂസ് ഊരിയിരിക്കും.

ഈ പോക്ക് നാശത്തിലേക്കാണ്
ജനങ്ങളിള്‍ നിന്ന് അകലാനാണ് ബോര്‍ഡിന്റെ നടപടികളെന്ന് സംശയിക്കാന്‍ ഉതകുന്നതാണ് ഈ പ്രവര്‍ത്തികളെല്ലാം. അങ്ങനെ വരുകില്‍ വൈദ്യുതി വിതരണരംഗത്തും സ്വകാര്യശക്തികള്‍ പിടിമുറുക്കുന്ന കാലം വിദൂരമാകില്ല നമ്മുടെ നാട്ടില്‍. ഇപ്പോള്‍ തന്നെ വൈദ്യുതി മേഖല സ്വകാര്യവത്കരിച്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സ്വകാര്യ കമ്പനികള്‍ വൈദ്യുതി വിതരണം നടത്തുന്നുമുണ്ട്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി നിലനിര്‍ത്തിയിരിക്കുന്നത്. നമ്മുടെ ബോര്‍ഡിനെയും സ്വകാര്യവത്കരിക്കാന്‍ പലശ്രമങ്ങളും ഇവിടെ നടന്നതുമാണ്. കേരളത്തിലെ പ്രമുഖ സമുദായ നേതാവും പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്രവുമൊക്കെ സ്വകാര്യ ലൈസന്‍സ് സ്വന്തമാക്കാന്‍ പലശ്രമങ്ങളും നടത്തിയതാണ്. അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും ഇനിയും എത്രനാള്‍ അത് തുടരാന്‍ കഴിയുമെന്ന് സംശയമുണ്ട്.

ബിഎസ്എന്‍എല്ലിന്റെ അവസ്ഥയിലേക്കാണ് നമ്മുടെ കെഎസ്ഇബിയും പോകുന്നത്. മോശം സേവനം നല്‍കി ഉപഭോക്താക്കളെ തങ്ങളില്‍ നിന്ന് അകറ്റുക. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കിലും മറ്റൊരു അപകടം കാണാതെ പോകരുത്. നാളെ കയ്യില്‍ കാശുള്ളൊരുത്തന്‍ വന്ന് എന്റെ കയ്യില്‍ കറണ്ട് ഉണ്ട് അത് ജനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുവാദം തരണമെന്ന് പറഞ്ഞാല്‍, സര്‍ക്കാരിന് അനുമതി നല്‍കിയേ പറ്റൂ, നിയമമുണ്ട്. നിലവില്‍ സ്വകാര്യമേഖല ഈ രംഗത്തേക്ക് കടന്നുവരാനുള്ള ഏകപ്രയാസം ഇതു പ്രസരിപ്പിക്കാനുള്ള സംവിധാനം അവര്‍ക്ക് സ്വന്തമായി ഇല്ലെന്നതാണ്.അതായത് വൈദ്യുതി പോസ്റ്റുകളും കമ്പികളും . വായുവില്‍ കൂടി കറണ്ട് പ്രസരിപ്പിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ എന്നേ കെഎസ്ഇബി അടച്ചുപൂട്ടിയേനേ! പക്ഷെ ഈ പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമുണ്ട്. ലൈസന്‍സ് ഉള്ളവര്‍ ആവശ്യപ്പെട്ടാല്‍ നിശ്ചിത വാടക വാങ്ങി കെഎസ്ഇബിയുടെ വൈദ്യുതപോസ്റ്റുകളും ലൈനുകളും ഉപയോഗിക്കാന്‍ അവരെ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ പോസ്റ്റുകളെല്ലാം സര്‍ക്കാര്‍ വക സ്ഥലത്താണല്ലോ, അതിനാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡിനു മുകളിലും സര്‍ക്കാരിന് തീരുമാനമെടുക്കാം. തൃശൂര്‍ മുനിസിപ്പാലിറ്റി ഇപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. അവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് പ്രദേശത്ത് വിതരണം ചെയ്യുന്നത്. ഈ രീതി പിന്തുടര്‍ന്ന് കൂടുതല്‍ പേര്‍ രംഗത്തേക്ക് വന്നാലോ? കെഎസ്ഇബി രണ്ടുരൂപയ്ക്ക് നല്‍കുന്ന വൈദ്യുതി ഞങ്ങള്‍ ഒന്നര രൂപയ്ക്ക് നല്‍കാമെന്നു പറഞ്ഞാല്‍ ഏതുപഭോക്താവാണ് അവരുടെ മുന്നില്‍ വീണുപോകാത്തത്! ആഗോളകച്ചവടക്കാരുടെ സ്ഥിരം സൂത്രപ്പണി തന്നെ, ആദ്യം വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കി, പിന്നെ ഒറ്റയടിക്ക് ഇരട്ടിവിലയാക്കും. അപ്പോഴേക്കും ഈ ഉപഭോക്താക്കള്‍ അവരുടെ വലയിലെ അഴിയാക്കുരുക്കില്‍ അകപ്പെട്ടിരിക്കും. ഇവിടെയും നടക്കാന്‍ പോകുന്നത് മറ്റൊന്നുമാകില്ല.

കെഎസ്ഇബി കമ്പനിയായി നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റു സ്വകാര്യ കമ്പനികളും വൈദ്യുതി വിതരണരംഗത്തേക്ക് വരും. നമ്മുടെ കൈഎസ്ഇബി നിലവില്‍ ചെയ്യുന്ന ഉപകാരങ്ങള്‍ ഓര്‍ക്കുമ്പോള്‍, ഒരു സംശയവും വേണ്ട, കേരളീയര്‍ ഈ സ്വകാര്യകമ്പനികളുടെ മുന്നില്‍ ക്യൂ നില്‍ക്കും.ഇപ്പോഴെ മിന്നി മിന്നി നില്‍ക്കുന്ന കെഎസ്ഇബി ലിമിറ്റഡ് അതോടെ പൂര്‍ണമായി അണയും. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണിത് തെളിഞ്ഞു കത്തണമെന്ന് നിര്‍ബന്ധം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍