UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ഷര്‍ധാം ക്ഷേത്രം ആക്രമണ കേസില്‍ വെറുതെ വിട്ടയാളെ ഗോവധമാരോപിച്ച് വീണ്ടും ജയിലിലടച്ചു

Avatar

അഴിമുഖം പ്രതിനിധി

2002-ലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമണ കേസില്‍ 2014-ല്‍ നിരപരാധിയാണ് എന്ന് കണ്ട് സുപ്രീംകോടതി വെറുതെ വിടുന്നതുവരെ 11 വര്‍ഷമാണ് ചന്ദ് ഖാന്‍ ഏലിയാസ് ഷാന്‍ ഖാനും മറ്റ് അഞ്ചു പേരും ജയിലില്‍ കിടന്നത്. പക്ഷെ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഗോ വധം ആരോപിക്കപ്പെട്ട് വീണ്ടും ചന്ദ് ഖാന്‍ ജയിലഴിക്കുള്ളിലായി.

2014 മേയില്‍ സുപ്രീംകോടതി വെറുതേ വിട്ടതിനെ തുടര്‍ന്ന് സബര്‍മതി ജയിലില്‍ നിന്ന് പുറത്തിറങ്ങി ബറേലിയില്‍ തന്റെ കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു ഖാന്‍. നേരത്തെ അക്ഷര്‍ധാം കേസില്‍ 2006 ജൂലൈയില്‍ വിചാരണ കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതിയും ശരിവെച്ചിരുന്നു.

പിലിബിത്തിലെ ബീസാല്‍പൂര്‍ പോലീസ്റ്റേഷനില്‍ ഗോവധം ആരോപിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഖാന്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ വീണ്ടും ബീസാല്‍പൂര്‍ ജയിലിലാണ്. സബ് ഇന്‍സ്‌പെക്ടര്‍ ശ്യാം സിങ്ങ് യാദവിന്റെ ഭാഷ്യമനുസരിച്ച് ജൂണ്‍ 15-ന് ബീസാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നവാധിയ സിതാര്‍ഗഞ്ച് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി സുസുക്കി കാറില്‍ നിന്ന് 500 കിലോ ബീഫാണ് പിടിച്ചെടുത്തത്. ബറേലിയിലെ കക്കര്‍ട്ടോല നിവാസികളായ ഷാന്‍ ഖാന്‍, അതീഖ്, ഫൈസന്‍ എന്നിവര്‍ക്കെതിരേ ഗോവധ നിരോധന നിയമപ്രകാരം കേസുമെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസും പിടിച്ചെടുത്തു.

അക്ഷര്‍ധാം കേസില്‍ വിചാരണ നേരിട്ട ചന്ദ് ഖാന്‍ ആണ് താനെന്ന് ഷാന്‍ ഖാന്‍ വെളിപ്പെടുത്തിയില്ല എന്നും പോലീസ് പറയുന്നു. അതേസമയം, പഴയകഥ കുത്തിപ്പൊക്കി നിരപരാധിയായ ഖാനെ പോലീസ് വേട്ടയാടുകയാണ് എന്ന് കുടുംബം ആരോപിക്കുന്നു. ഗുജറാത്ത് പേലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അറസ്റ്റ് ചെയ്യപ്പെട്ടത് ഖാന്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു.

2002 സെപ്റ്റംബര്‍ 25ന് അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെയും എന്‍ എസ് ജി കമാന്‍ഡോകള്‍ കൊലപ്പെടുത്തി. 2003 സെപ്തംബര്‍ 12 നാണ് ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

അഹമ്മദാബാദ് വിചാരണ കോടതിയില്‍ ഖാന് വേണ്ടി ഹാജരായ ഖാലിദ് ഷെയ്ക്ക് വ്യക്തമാക്കുന്നത് തീവ്രവാദികളെ അഹമ്മദാബാദിലേക്ക് എത്തിച്ചു, നഗരം മുഴുവന്‍ കൊണ്ടുനടന്നു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഖാന് വധശിക്ഷ വിധിച്ചത് എന്നാണ്. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഖാനെ വെറുതേ വിട്ടു. പോട്ട (2004-ല്‍ റദ്ദ് ചെയ്യപ്പെട്ട തീവ്രവാദനിരോധന നിയമം) യുടെ കീഴില്‍ വരുന്ന കുറ്റസമ്മതവും കോടതി അംഗീകരിച്ചില്ല.

ആക്രമണം നടത്താന്‍ 40,000 രൂപക്ക് അംബാസിഡര്‍ കാര്‍ വാങ്ങിയെന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും രഹസ്യമായി സൂക്ഷിച്ചു എന്നുമുള്ള കുറ്റങ്ങളും മുന്‍നിര്‍ത്തിയാണ് അഹമ്മദാബാദിലെ പോട്ട വിചാരണകോടതി ഖാന് വധശിക്ഷ വിധിച്ചത്. അഹമ്മദാബാദില്‍ നിന്ന് ബറേലിയിലേക്ക് എത്തിയ ഖാന്‍ നഗരത്തില്‍ പലയിടത്തും തീവ്രാദികളെ ഓട്ടോറിക്ഷയില്‍ എത്തിച്ചുവെന്നും ആയുധങ്ങള്‍ മാറ്റാന്‍ സഹായിച്ചു എന്നും കോടതി അംഗീകരിച്ചിരുന്നു. മറ്റൊരു ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ട സുബൈര്‍ എന്ന തീവ്രവാദിയില്‍ നിന്ന് 30,000 രൂപ ഖാന്‍ കൈപ്പറ്റിയതായും ആരോപണം ഉണ്ടായിരുന്നു.

എന്നാല്‍ സുപ്രീംകോടതിയില്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നത് തെളിയിക്കാന്‍ ആയില്ല എന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ കുറ്റസമ്മത മൊഴികള്‍ പരസ്പരം പൊരുത്തപ്പെടുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യുഷന്‍ നിരത്തിയ തെളിവുകളും സാക്ഷിമൊഴികളും പരസ്പര വിരുദ്ധമായിരുന്നു എന്നും അന്വേഷണസംഘം അവതരിപ്പിച്ച കഥയില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നതായും കോടതി വ്യക്തമാക്കി. 

2014-ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഖാന്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായി പണിയെടുത്തവരികയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ താഹിര്‍ ഖാന്‍ പറയുന്നത്. ജൂണില്‍ രണ്ട് യാത്രക്കാരെ പിലിബിത്തിലേക്ക് ടാക്‌സിയില്‍ കൊണ്ട് പോയി. അവരെ ഇറക്കിയ ശേഷം റസിയാകാന്‍പൂരില്‍ അമ്മയുടെ കുടുംബവീട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് പോലീസ് തടഞ്ഞു. ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ഗോവധം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തികയായിരുന്നു എന്നും മൊറാദാബാദില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന താഹിര്‍ ഖാന്‍ വെളിപ്പെടുത്തി.

ഷാന്‍ ഖാനിന്റെ ഭാര്യ നഗ്മ പര്‍വീണ്‍ ആരോപിക്കുന്നത് പോലീസ് അകാരണമായി തങ്ങളെ വേട്ടയാടുകയാണ് എന്നാണ്. അടുത്തിടെ പിലിബിത്തിലെ തന്റെ വീട്ടില്‍ പോലീസ് എത്തിയിരുന്നു എന്നും വീണ്ടും കേസില്‍പ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയതായും നഗ്മ പറയുന്നു. ഇടക്കിടെയുള്ള പോലീസ് സന്ദര്‍ശനം മക്കളുടെ പഠനത്തെപ്പോലും ബാധിച്ചതായി ഇവര്‍ വ്യക്തമാക്കുന്നത്. ഖാനിന്റെ അറസ്റ്റിന് ശേഷം അടുത്തുള്ള പലചരക്ക് കടയില്‍ പണിയെടുക്കുകയാണ് നഗ്മ. ഒമ്പതിലും ആറിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

അക്ഷര്‍ധാംകേസിലെ അറസ്റ്റിനെ കുറിച്ച് അവര്‍ പ്രതികരിക്കുന്നത് ക്ഷേത്രം ആക്രമിക്കപ്പെടുമ്പോള്‍ കശ്മീരിലെ അനന്ത്‌നാഗില്‍ കഴിയുകയായിരുന്നു ഇവര്‍. അനന്ത് നാഗില്‍ ഖാന്‍ കാര്‍ മെക്കാനിക്കായിരുന്നു. മൂത്ത മകള്‍ക്ക് 3 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കേസില്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് നഗ്മ രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍