UPDATES

ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത യുവതിക്ക് ഓട്ടോഡ്രൈവര്‍മാരുടെ ഭീഷണി

അഴിമുഖം പ്രതിനിധി

ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത യാത്രക്കൊരുങ്ങിയ യുവതിക്കും ടാക്‌സി ഡ്രൈവര്‍ക്കും ഓട്ടോഡ്രൈവര്‍മാരുടെ ഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്‌സിയില്‍ കയറിയ വിദ്യ ഗോപാലകൃഷ്ണന്‍ എന്ന യുവതിയെയാണ് ടാക്‌സി ഡ്രൈവര്‍മാരും ഓട്ടോഡ്രൈവര്‍മാരും വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രപോകാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ വേറെ ടാക്‌സിയില്‍ പോകാമെന്നുമായിരുന്നു ടാക്‌സി ഡ്രൈവര്‍മാരും ഓട്ടോഡ്രൈവര്‍മാരും ആവിശ്യപ്പെട്ടത്. ഡ്രൈവര്‍മാരുടെ ഭീഷണി വിദ്യ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടത് വൈറലായി.

ഓട്ടോഡ്രൈവര്‍മാരുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് വിവരമറിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും അവരും ഓട്ടോഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി നിന്നതോടെ ഏറെ നേരം വൈകിയാണ് യുവതിക്ക് ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെയും ഓട്ടോഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തി.

തനിക്ക് സുരക്ഷിതത്വം തോന്നുന്നത് ഓണ്‍ലൈന്‍ ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴാണ്. ഓട്ടോ, ടാക്‌സി പിടിച്ചാല്‍ മീറ്റര്‍ ഇട്ട് പോകില്ല, കൂടുതല്‍ പണവും നല്‍കണം. സൗകര്യം ഓണ്‍ലൈന്‍ ടാക്‌സിയാണെന്നും വിദ്യ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഓട്ടോഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് യുവതിക്ക് പിന്തുണയുമായി ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കു നന്ദിയറിച്ച് യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. കൊച്ചിയില്‍ പലയിടത്തും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും പ്രാദേശിക ടാക്‌സിക്കാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നുവെന്ന് കാട്ടി ഓട്ടോഡ്രൈവര്‍മാരും ടാക്‌സി ഡ്രൈവര്‍മാരും പ്രതിഷേധത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍