UPDATES

ട്രെന്‍ഡിങ്ങ്

തച്ചങ്കരി ചെയ്തത് വിത്തെടുത്ത് കുത്തല്‍; മന്ത്രിമാരും സിഎംഡിമാരും വാഴാത്ത കെഎസ്ആര്‍ടിസി

എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറായിരുന്ന എം പി ദിനേശിനാണ് കെഎസ്ആര്‍ടിസി സിഎംഡിയുടെ പുതിയ ചുമതല.

മൂന്ന് വര്‍ഷത്തിനിടെ അഞ്ച് സിഎംഡിമാര്‍, നാല് മന്ത്രിമാര്‍. കെഎസ്ആര്‍ടിസിയുടെ നേതൃമാറ്റം ഇങ്ങനെ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള കാര്യമാണിത്. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷത്തിലേക്കെത്തുമ്പോള്‍ പുതുതായി നിയമിതനായ എം പി ദിനേശ് ഉള്‍പ്പെടെ സിഎംഡി ചുമതല നിര്‍വഹിച്ചത് അഞ്ച് പേരാണ്. സമീപകാലത്ത് സെന്‍കുമാറും ആന്റണി ചാക്കോയും ഒഴിച്ച് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ കെഎസ്ആര്‍ടിസി എംഡിയായി ഇരുന്നിട്ടുള്ളവര്‍ ഇല്ല. അടിക്കടിയുണ്ടാവുന്ന നേതൃമാറ്റം കെഎസ്ആര്‍ടിസി പോലെ ഇപ്പോഴും ‘ക്ലച്ച്’ പിടിക്കാത്ത പൊതുമേഖലാ സ്ഥാപനത്തിന് കൂടുതല്‍ തിരിച്ചടിയാവുന്നതായാണ് തൊഴിലാളികളുടെ പക്ഷം. എന്നാല്‍ ടോമിന്‍ ജെ തച്ചങ്കരി മാറിയത് കെഎസ്ആര്‍ടിക്ക് ഗുണം മാത്രമേ ചെയ്യൂ എന്ന് അഭിപ്രായപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും.

യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതായിരുന്നു ആന്റണി ചാക്കോയെ. കരാര്‍ നിയമനം ആയിരുന്നു. രണ്ട് വര്‍ഷത്തിലേറെ സിഎംഡിയായി പ്രവര്‍ത്തിച്ചു. ഇലക്ട്രോണിക് ടിക്കറ്റ് മിഷന്‍ സംവിധാനം വ്യാപിപ്പിക്കുന്നതിനും വോള്‍വോ സ്‌കാനിയ ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കുന്നതിനുമുള്ള തീരുമാനം എല്ലാം ഇക്കാലത്തായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് മാസത്തിനുള്ളില്‍ ആന്റണി ചാക്കോഎ തത്സ്ഥാനത്തുനിന്ന് നീക്കി. കെഎസ്ആര്‍ടിസി രക്ഷിക്കാന്‍ മാനേജ്‌മെന്റ് തലപ്പത്ത് കാര്യമായ അഴിച്ചുപണി വേണമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. വരുമാനത്തിലുള്ള ശ്രദ്ധ പൂര്‍ണമായും നഷ്ടപ്പെട്ടു എന്നതായിരുന്നു അതിന് കാരണം. അഴിച്ചുപണി വന്നപ്പോള്‍ ആന്റണി ചാക്കോയ്ക്ക് പകരം ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തെ ചുമതലയേല്‍പ്പിച്ചു.

ആറ് മാസത്തിലധികം ചുമതലയിലിരുന്നില്ലെങ്കിലും രാജമാണിക്യമായിരുന്നു കെഎസ്ആര്‍ടിസിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കെഎസ്ആര്‍ടിസി ശമ്പളവും പെന്‍ഷനും നല്‍കിയിരുന്നത്. പലിശയിനത്തില്‍ തന്നെ ദിവസേന കോടികളായിരുന്നു തിരിച്ചടവുണ്ടായിരുന്നത്. എന്നാല്‍ ഈ വായ്പകളെല്ലാം ഒന്നിച്ച് ബാങ്ക് കണ്‍സോര്‍ഷ്യത്തിന് കീഴിലേക്ക് കൊണ്ടുവരാന്‍ പദ്ധതി ആലോചിക്കുന്നത് രാജമാണിക്യമായിരുന്നു. ഇതിന്‍മേലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ഖന്നാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ പ്രായോഗികമായത് നടപ്പാക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. എ കെ ശശീന്ദ്രന്‍ ആയിരുന്നു ആ സമയം ഗതാഗതമന്ത്രി. പിന്നീട് തോമസ് ചാണ്ടി ഈ വകുപ്പ് ഏറ്റെടുത്തു. അതിന് ശേഷമായിരുന്നു രാജമാണിക്യത്തിന്റെ സ്ഥാനമാറ്റം. സ്ഥാനക്കയറ്റം നല്‍കിയായിരുന്നു രാജമാണിക്യത്തെ ചുമതലയില്‍ നിന്ന് നീക്കുന്നത്. ഇതില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടായിരുന്നിരിക്കാം എന്നാണ് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. 2017 ഒക്ടോബര്‍ 21നാണ് രാജമാണിക്യം ചുമതലയൊഴിയുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രനായിരുന്നു പിന്നീട് നിയമിതനായ സിഎംഡി. 2017 ഏപ്രില്‍ 16വരെ ഹേമചന്ദ്രന്‍ കെഎസ്ആര്‍ടിസിയുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചു. കണ്‍സോര്‍ഷ്യവുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിച്ചതും കരാര്‍ ഒപ്പിടുന്നതും ഹേമചന്ദ്രന്റെ കാലത്താണ്. ഇതുവഴി കെഎസ്ആര്‍ടിസിയുടെ ബാധ്യത ഒരു പരിധിവരെ പരിമിതപ്പെടുത്തുന്നതിന് കഴിഞ്ഞു. പോലീസ് സേനയിലേക്ക് മടങ്ങിയെത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചുമതല മാറ്റിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

Also Read: പടിയിറക്കം രക്തസാക്ഷി പരിവേഷത്തില്‍; യഥാര്‍ത്ഥത്തില്‍ ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയിലെ വില്ലനോ നായകനോ?

തോമസ് ചാണ്ടി വിവാദച്ചുഴിയില്‍ പെട്ട് രാജിവക്കേണ്ടി വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഗതാഗത വകുപ്പിന്റെ സാരഥ്യം ഏറ്റെടുത്തു. ഈ സമയത്താണ് ഹേമചന്ദ്രനെ മാറ്റി എന്നും വിവാദനായകനായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ സിഎംഡി സ്ഥാനത്ത് നിയമിക്കുന്നത്. പിന്നീടുള്ള കാര്യങ്ങള്‍ ഒരു പ്രമുഖ തൊഴിലാളി സംഘടനാ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്: “എകെ-47ഉും മലപ്പുറം കത്തിയും അമ്പും വില്ലും ഒക്കെയായായിരുന്നു എംഡിയുടെ വരവ്. തൊഴിലാളി വിരുദ്ധത എന്നാല്‍ അദ്ദേഹത്തെ കണ്ട് പഠിക്കണമായിരുന്നു. സത്യത്തില്‍ ഇന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങളായി വാഴ്ത്തിപ്പാടുന്നതെല്ലാം മുന്‍ സിഎംഡിമാര്‍ ചെയ്ത് വച്ചതാണ്. വായ്പ കണ്‍സോര്‍ഷ്യത്തിലായതോടെതന്നെ ഒരു ദിവസം മൂന്ന് കോടി രൂപ വായ്പയടക്കേണ്ടതില്‍ നിന്ന് 86 ലക്ഷമായി അത് ചുരുങ്ങി. രാജമാണിക്യം സാറ് ഉണ്ടായിരുന്നകാലത്ത് പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റി. ഇദ്ദേഹം കുറേ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് വരുന്നത്. എന്നാല്‍ തൊഴിലാളികളെ വെറുപ്പിച്ചിട്ടുള്ള മാറ്റമായിരുന്നു അതെല്ലാം. പിന്നെ ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ എംഡി ഉയര്‍ത്തിക്കാട്ടിയിരുന്ന നേട്ടം പരിമിതപ്പെടുത്തിയുള്ള ലാഭമാണ്. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ല. പരമാവധി ഉത്പാദനക്ഷമത വര്‍ധിപ്പ് നേട്ടമുണ്ടാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. പക്ഷെ ഇവിടെ തൊഴിലാളികളെ പിരിച്ചുവിട്ടും സര്‍വീസുകള്‍ വെട്ടിക്കുറച്ചുമാണ് കോര്‍പ്പറേഷന്‍ ലാഭമുണ്ടാക്കിയത്. ഹേമചന്ദ്രന്‍ സാറിന്റെ കാലത്ത് 5300 സര്‍വീസുകള്‍ ഉണ്ടായിരുന്നപ്പോള്‍ 4600 സര്‍വീസുകളണ് ഇപ്പോള്‍ നടത്തുന്നത്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം തച്ചങ്കരിയാണ് നടപ്പാക്കിയത്. സാധാരണ സിംഗിള്‍ ഡ്യൂട്ടി വരുമ്പോള്‍ സര്‍വീസുകളുടെ എണ്ണം കൂടേണ്ടതാണ്. ശബരിമല സീസണ്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച വലിയ നേട്ടം ഉണ്ടായി എന്ന് കെഎസ്ആര്‍ടിസി എംഡി കണക്ക് പറഞ്ഞു. എന്നാല്‍ സാധാരണ തിങ്കളാഴ്ചകളില്‍ 32,00000 ആളുകള്‍ കയറേണ്ടിടത്ത് 26,00000 ലക്ഷം യാത്രക്കാര്‍ മാത്രമാണ് ബസുകളില്‍ കയറിയത്. ബസുകള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ മറ്റ് യാത്രാമാര്‍ഗം തേടിയതാണ്. ഈ അവസ്ഥയില്‍ ഇത് മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസി റിവേഴ്‌സ് ഗിയറിലേ പോവൂ. അതുകൊണ്ടാണ് തൊഴിലാളി യൂണിയനുകളെല്ലാം ഒറ്റക്കെട്ടായി നിന്ന് സിഎംഡിയെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ മാറ്റം ഗുണകരമായിരിക്കുമെന്ന് സംശയമില്ല.”

പത്ത് മാസമാണ് തച്ചങ്കരി സിഎംഡിയായി പ്രവര്‍ത്തിച്ചത്. ഇതിനിടെ എ കെ ശശീന്ദ്രന്‍ വീണ്ടും ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നും മറ്റും നിരവധി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെയും തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെയാണ് നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതും. ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കോടതിയെ പ്രകോപിപ്പിച്ചതിനാലാണ് ഇത്തരമൊരു ഉത്തരവ് വന്നതെന്നാണ് ചില തൊഴിലാളി യൂണിയന്‍ നേതാക്കളെങ്കിലും വിശ്വസിക്കുന്നത്. ഇതിനെതിരെയും കോര്‍പ്പറേഷനുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയാണെങ്കിലും മാനേജ്‌മെന്റ് ചുമതലയില്‍ രണ്ട് വര്‍ഷത്തേക്കെങ്കിലും ഒരാളെ മാറ്റാതെ നിര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് വികസനത്തിനായി നടപടികള്‍ സ്വീകരിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നല്‍കണമെന്നാണ് അവരുടെ അഭിപ്രായം. എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറായിരുന്ന എം പി ദിനേശിനാണ് കെഎസ്ആര്‍ടിസി സിഎംഡിയുടെ പുതിയ ചുമതല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍