UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി അധികം ഓടില്ല നമ്മുടെ കെഎസ്ആര്‍ടിസി; ഇല്ലാതാക്കാന്‍ സര്‍ക്കാരും ജീവനക്കാരും ഒപ്പത്തിനൊപ്പം

Avatar

സമരങ്ങളും ചര്‍ച്ചകളും പാക്കേജ് പ്രഖ്യാപനങ്ങളും എല്ലാം നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച ആശങ്ക ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഏതുസമയം ബ്രേക്ഡൗണാകാവുന്ന സ്ഥിതിയില്‍ തന്നെയാണ് കെഎസ്ആര്‍ടിസി ഓടുന്നത്. നിലവിലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണ്. അധികമകലെയല്ലാതെ അവസാന സ്റ്റോപ്പ് കാണുന്നു. ഡിജോ കാപ്പന്‍ എഴുതുന്നു.

 

കെഎസ്ആര്‍ടിസി എന്ന നമ്മുടെ പൊതുഗതാഗത സംവിധാനത്തിന്റെ ചക്രങ്ങള്‍ ഇനിയധികം ഉരുളുമെന്ന് വിശ്വസിക്കുന്നില്ല. 2015 ഓടുകൂടി ഇതിന്റെ മരണമണി മുഴങ്ങും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനങ്ങാതെ കൂലിവേണമെന്ന ജീവനക്കാരുടെ വാശിയുമാണ് ഈ മരണത്തിന്റെ ഉത്തരവാദികള്‍. അസംഘടിതരായ നമ്മള്‍ യാത്രക്കാര്‍ക്ക് ഇവിടെ കണ്ണീരൊഴുക്കാന്‍മാത്രമെ സാധിക്കൂ.

പൊതുജനതാല്‍പര്യപ്രകാരം വര്‍ഷങ്ങളായി ഈ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നുള്ളതുകൊണ്ട് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നടത്തിയിട്ടുണ്ട് ഞങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലത്തേത് 241 ദേശസാല്‍കൃത പാതകളില്‍ കെഎസ്ആര്‍ടിസിയ്ക്ക് പെര്‍മിറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി കൊടുത്തതാണ്. 2003ല്‍ തന്നെ സുപ്രിം കോടതി 241 ദേശസാല്‍കൃത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം പെര്‍മിറ്റ് നല്‍കി ഉത്തരവിട്ടതാണ്. എന്നാല്‍ കഴിഞ്ഞ 10 കൊല്ലം ഇവിടെ മാറിമാറി ഭരിച്ച മുന്നണികളിലെ ഗതാഗതമന്ത്രിമാര്‍ ഇങ്ങനെയൊരു ഉത്തരവുണ്ടെന്നുപോലും അറിയില്ലെന്ന ഭാവം നടിച്ചു. ഒടുവില്‍, 2013ല്‍ കെഎസ്ആര്‍ടിസി മുങ്ങാന്‍ തുടങ്ങുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അന്നത്തെ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് 241 റൂട്ടുകളില്‍ ബസോടിക്കാന്‍ ഉത്തരവിട്ടു. ഇതിനു പിറകെ ആര്യാടന്‍ വകുപ്പില്‍ നിന്നു മാറുകയും തിരുവഞ്ചൂര്‍ പകരം വരികയും ചെയ്തു. ഫലം, ഒറ്റ ബസും ഓടിയില്ല. അത്രയ്ക്ക് ബാഹ്യസമ്മര്‍ദ്ദം തിരുവഞ്ചൂരിനു മുകളില്‍ ഉണ്ടായിരുന്നു. അദ്ദേഹം ആരെയും പിണക്കാന്‍ തയ്യാറായിക്കാണില്ല. ഇങ്ങനെയാണ് കെഎസ്ആര്‍ടിസിയോടുള്ള കടമ സര്‍ക്കാര്‍ കാണിക്കുന്നത്.

 

കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം നടത്തിയിരുന്നല്ലോ. അവരുടെ പ്രധാനപ്പെട്ട രണ്ടാവശ്യങ്ങള്‍ പെന്‍ഷന്‍ വിതരണവും 241 റൂട്ടുകളില്‍ ബസ് ഓടിക്കണം എന്നതുമായിരുന്നു. ഈ 241 റൂട്ടുകളില്‍ ഓര്‍ഡിനറിയായി പ്രൈവറ്റ് ബസുകളെ ഓടാന്‍ അനുവദിക്കണമെന്ന് 28-8-2014 ലെ മന്ത്രിയുമായുള്ള എഗ്രിമെന്റില്‍ ഐഎന്‍ടിയുസി, സിഐടിയു നേതാക്കള്‍ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. ഒരു കൈകൊണ്ട് മുതലാളിമാരെ സഹായിക്കാന്‍ ഒപ്പിട്ടവര്‍ തന്നെയാണ് മറുകൈ പൊക്കി സമരത്തിനായി മുദ്രാവാക്യം മുഴക്കുന്നത്. കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റ് കൊടുത്ത റൂട്ടില്‍ സ്വകാര്യബസുകള്‍ക്കും ഓടാന്‍ അനുവാദം കൊടുക്കണമെന്ന് പറഞ്ഞവര്‍ തന്നെ കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുമ്പോള്‍ തമാശ തോന്നുന്നു. ഇവര്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ നോക്കുകയാണ്.

സര്‍ക്കാരിന്റെയും സംഘടനകളുടെയും ഇരട്ടത്താപ്പ് എന്താണെന്ന് ഈയൊരൊറ്റ കാര്യത്തിലൂടെ മനസ്സിലാക്കാവുന്നതെയുള്ളൂ. ഇത്തരം നിലപാടുകളുമായി ഇവര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ പിന്നെയാര്‍ക്കാണ് നമ്മുടെ പൊതുഗതാഗത സംവിധാനത്തെ രക്ഷിക്കാന്‍ സാധിക്കുക? ഇതൊന്നും കൂടാതെ മറ്റൊരു അപകടം കൂടി കാത്തു നില്‍ക്കുന്നുണ്ട്. അടുത്തവര്‍ഷം ഒരു റോഡ് സേഫ്റ്റി ബില്‍ നിയമമാക്കാന്‍ പോവുകയാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന പ്രധാന നിര്‍ദേശം 247 ാം വകുപ്പ് പ്രകാരം ഇതുവരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ കീഴിലുണ്ടായിരുന്ന എല്ലാ നടപടികളും ഇല്ലാതാക്കുമെന്നാണ്. അതായത് ദേശസാല്‍കൃത റൂട്ടുകളെന്ന നിര്‍ദേശങ്ങള്‍പോലും ഇല്ലാതാകും. കേരളത്തിലെ 74 ദേശസാല്‍കൃത റൂട്ടുകളില്‍ ഓടിക്കിട്ടുന്നതായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രധാന വരുമാനം. ബില്‍ നിയമമാകുന്ന 2015 മാര്‍ച്ച്-ഏപ്രിലോടുകൂടി ഈ വരുമാനം കൂടി നിലയ്ക്കും. അതോടെ നമ്മുടെ സ്വന്തം ആര്‍ടിസിക്ക് ചരമഗീതം പാടാം. നാഷണലൈസ്ഡ് റൂട്ടുകള്‍ ഇല്ലാതാകുന്നതോടെ ഇവിടെ സ്വകാര്യബസുകളുടെ വിളനലമാകും. തിരുവന്തപുരത്തു നിന്നും കോഴിക്കോടുവരെ കുതിച്ചുപോകുന്ന സ്വകാര്യബസുകളെ നിരത്തുകളില്‍ കാണാം. സ്വകാര്യബസുകളെന്നു പറയുമ്പോള്‍, നമ്മുടെ നാടന്‍ മുതലാളിമാരുടെതല്ല, അംബാനി തുടങ്ങിയ കുത്തകമുതലാളിമാരുടെ ആഢംബരബസുകള്‍. അവയ്ക്കു മുന്നില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എന്ത്!

 

ചികിത്സിച്ചിട്ടു കാര്യമില്ലാത്ത മാരകരോഗം ബാധിച്ച അവസ്ഥയൊന്നും ഇന്നും കേരളത്തിലെ ആര്‍ടിസിക്ക് വന്നിട്ടില്ല. പക്ഷെ, രോഗമുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുന്നവരുടെ നടുവില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയിലായിപ്പോയെന്നുമാത്രം. വരുമാനം ഉണ്ടാക്കാന്‍ പറ്റുമോയെന്ന് നോക്കാതെ കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങുകയാണ്.പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ എത്രയിടങ്ങളില്‍ നിന്ന് ഇതിനകം കോടികള്‍ വായ്പ്പയെടുത്തു കഴിഞ്ഞു. തിരിച്ചടയ്ക്കാന്‍ ഒരുവഴിയും കണ്ടിട്ടുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് നിലനില്‍ക്കുന്നത് കേരളത്തിലാണ്. 95 പൈസയാണ് ഒരു കിലോമീറ്ററിന് ഇടാക്കുന്നത് (അതേസമയം തമിഴ്‌നാട്ടിലേക്ക് 45 പൈസയ്ക്ക് നമ്മുടെ വണ്ടികള്‍ ഓടുന്നുമുണ്ട്). എന്നിട്ടും നമ്മുടെ വണ്ടികള്‍ ഓടുന്നത് നഷ്ടത്തില്‍. ഇതിലും ചാര്‍ജ് കുറച്ച് ഓടിയിട്ടും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയുമൊക്കെ ആര്‍ടിസികള്‍ ലാഭത്തിലും. നമുക്കറിയാത്ത എന്ത് മാജിക്കാണാവോ അവര്‍ കാണിക്കുന്നത്. എഴുപതുശതമാനം പണവും കേന്ദ്രം മുടക്കുന്ന, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് മുതല്‍ മുടക്കുകളൊന്നും ഇല്ലാതെ കിട്ടിയ ജനറം ബസുകള്‍പോലും നമ്മുടെ നാട്ടില്‍ നഷ്ടത്തിലാണെന്നു പറയുമ്പോള്‍ എന്താണ് അവസ്ഥ!

പത്തൊമ്പത് പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് യൂണിയനുകള്‍ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിരുന്നല്ലോ. ഒന്നു ചോദിച്ചോട്ടെ- ഏതാണ്ട് 41 കോടി രൂപ പെന്‍ഷന്‍ ഫണ്ടില്‍ കിടപ്പുണ്ടല്ലോ. അതില്‍ നിന്ന് എന്തെങ്കിലുമെടുത്ത് സഹായം ചെയ്തിരുന്നെങ്കില്‍ ആ മരണങ്ങള്‍ ഒഴിവാക്കാമായിരുനന്നില്ലേ! പെന്‍ഷന്‍കാരുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച സംഘടനയില്‍ നിന്ന് അവരുടെ സഹായത്തിന് ഒരു നക്കാപ്പിച്ചയും കൊടുക്കാന്‍ തയ്യാറാകത്തവര്‍ ഒടുവില്‍ മരിച്ചവന്റെ ശരീരവുമായി സമരത്തിനിറങ്ങുന്നത് എത്ര അസംബന്ധമാണ്. സംഘടനയും നോക്കില്ല, സര്‍ക്കാരും നോക്കില്ല, കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ ജനങ്ങള്‍ നോക്കിക്കോളണമെന്നാണ് ഇപ്പോള്‍ പുതിയ തീരുമാനം. അതാണ് സെസ് പിരിവിലൂടെ നടത്താന്‍ നോക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ യാത്രക്കാരോട് സെസ് പിരിക്കുന്നു! എന്ത് മര്യാദകേടാണിത്. കൊള്ളക്കൂലി വാങ്ങിയോടുന്നതു കൂടാതെയാണ് ഈ ചുങ്കപ്പിരിവും.

 

ഒരുകാര്യം ഉറപ്പിച്ചു പറയാം- സെസ് വന്നാല്‍ കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ കുറയും. യാതൊരു സംശയവും വേണ്ട. 168 കോടി ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആകെ ഇത് ഫലം ചെയ്യുക തിരുവനന്തപുരത്ത് മാത്രമായിരിക്കും. കാരണം അവിടെ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയെയാണ് കൂടുതലായി ആശ്രയിക്കേണ്ടത്. ബാക്കി സ്ഥലങ്ങളിലെ അവസ്ഥ അതല്ല. ഇഷ്ടംപോലെ സ്വകാര്യബസുകളുണ്ട്. കോട്ടയത്തു നിന്നു കുമളിവരെ 85 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സ്ഥിരം കയറുന്ന യാത്രക്കാര്‍ക്ക് സ്വകാര്യബസുകള്‍ പത്തുരൂപ കുറച്ചുകൊടുക്കുന്നു. ഒരുദിവസം യാത്രക്കാരന് ഇതുവഴി 20 രൂപ ലാഭിക്കാം. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഒരു യൂണിയന്റെ പ്രമുഖ നേതാവിന്റെ ഭാര്യ ഉള്‍പ്പെടെ ഈ ആനുകൂല്യം കൈപ്പറ്റിയാണ് യാത്ര ചെയ്യുന്നത്. സുഖകരമായ യാത്രയും അമിതചാര്‍ജും ഇല്ലാതെ സ്വകാര്യബസുകള്‍ ഉള്ളപ്പോള്‍ നിലവിലുള്ള ഭാരത്തിനു മേല്‍ ഇനിയും കൂടുതല്‍ ചുമന്ന് കെഎസ്ആര്‍ടിസിയില്‍ തന്നെ കേറി യാത്ര ചെയ്യാന്‍, അത്ര വലിയ മനസൊന്നും നമ്മുടെ യാത്രക്കാര്‍ക്ക് ഇല്ല. ചുരുക്കത്തില്‍ കാലി സീറ്റുമായി ഓടേണ്ടി വരും നമ്മുടെ ആനവണ്ടകള്‍ക്ക്. മറ്റേത് സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വളരെ ചെലവേറിയതാണ്. ഈയൊരറ്റ കാരണം തന്നെയാണ് സ്വകാര്യബസുകളിലെ തള്ളിക്കയറ്റത്തിനും വഴിയൊരുക്കുന്നത്.

 

സമരം ചെയ്യാനിറങ്ങുന്ന ജീവനക്കാര്‍ക്ക് ഈ സംവിധാനം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെങ്കില്‍ അവരാദ്യം ചെയ്യേണ്ടത് തങ്ങളുടെ അദ്ധ്വാനം കൂട്ടുകയാണ്.കേരളത്തില്‍ നിന്ന് ബാംഗ്ലൂരുവിലേക്ക് നമ്മുടെ വണ്ടി ഓടുന്നത് രണ്ടു ഡ്യൂട്ടിക്കാണ്. അവിടെ നിന്ന് ഇങ്ങോട്ട് വരുന്ന അവരുടെ ബസുകള്‍ ഒറ്റ ഡ്യുൂട്ടിക്കും (അധികസമയത്തിന് എതാണ്ട് 120 രൂപ എക്‌സ്ട്ര കിട്ടുമെന്നുമാത്രം). അവിടെ അവര്‍ 24 ദിവസവും ജോലി ചെയ്യുമ്പോള്‍ കേരളത്തില്‍ 13 ദിവസം ജോലി ചെയ്ത് 30 ദിവസത്തെ ശമ്പളം വാങ്ങുന്നു. ആളെണ്ണം കൂട്ടി പിരിവും നടത്തി സംഘടനകള്‍ വലുതാകുന്നതല്ലാതെ ഇവരെകൊണ്ട് കെഎസ്ആര്‍ടിസിക്ക് എന്ത് ലാഭമാണ് കിട്ടുന്നത്. ഇതേ കുറ്റം തന്നെയാണ് സര്‍ക്കാരും കെഎസ്ആര്‍ടിസിയോട് ചെയ്യുന്നത്. ഇവരെല്ലാം വളര്‍ത്താനല്ല, തളര്‍ത്താനാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരും സംഘടനകളം നടത്തുന്ന സമരങ്ങളും ചര്‍ച്ചകളുമെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണെന്ന് പറയേണ്ടി വരും. നാശത്തിന്റെ പടുകുഴിയിലേക്ക് നമ്മുടെ കെഎസ്ആര്‍ടിസി ഉരുണ്ടിറങ്ങുന്നത് തടയാന്‍ ഇവര്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ല. നമ്മള്‍ യാത്രക്കാര്‍ സംഘടിതരുമല്ലല്ലോ!

(സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ട്രസ്റ്റിയാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍