UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മരണമണി; കെ എസ് ആര്‍ ടി സിക്കും

Avatar

ശരത് കുമാര്‍

കേരളത്തിന്റെ നാഡിയും ഞരമ്പുമായിരുന്ന, അല്ലെങ്കില്‍ ആയ ഒരു പൊതുമേഖല സ്ഥാപനം പ്രതിസന്ധിയുടെ നൂല്‍പ്പാലങ്ങളിലൂടെ സര്‍ക്കസ് കളിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ ഇപ്പോള്‍ അത് ചക്രശ്വാസം വലിക്കാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെ മരണമണി അകലെയെങ്ങോ ആണെന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പടിമുറ്റത്തിരുന്നു തുറിച്ച് നോക്കുന്നു. പക്ഷെ അത് കണ്ടതായി നടിക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല. എന്തിനും ഏതിനും ആത്മരോഷം അണപൊട്ടുന്ന സര്‍വ പ്രശ്‌നങ്ങളുടെയും ഉത്തരവുമായി നടക്കുന്ന ചാനലുകള്‍ പോലും (ഈ കുറിപ്പ് എഴുതുന്ന സമയം വരെ)അത് കണ്ടില്ലെന്ന് നടിക്കുന്നു (എഷ്യാനെറ്റ് ന്യൂസ് മാത്രമാണ് എന്തെങ്കിലും അന്വേഷണം ഇത് സംബന്ധിച്ച് നടത്തിയത്). പെന്‍ഷന്‍ മുടങ്ങിയതിന് ശേഷം 17 പേര്‍ ആത്മഹത്യ ചെയ്തു എന്നാണ് അനൗദ്ധ്യോഗിക കണക്ക്. ഇന്നലെയും തിരുവനന്തപുരം ജില്ലയില്‍ ഒരു മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി.

ശമ്പളം നല്‍കാനാവാത്ത അവസ്ഥ മുമ്പും കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസമായി പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥ ആദ്യമാണ്. എന്നാല്‍ ഇത് നല്‍കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു നിയമസഭയില്‍ ധനമന്ത്രി കെ എം മാണി. അതായത് പ്രതിസന്ധി പരിഹാരമില്ലാത്ത വിധം മുന്നോട്ട് പോവുകയും കോര്‍പ്പറേഷന്‍ പൂട്ടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും എന്നര്‍ത്ഥം. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്നാണ് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നില്‍ക്കക്കള്ളി ഇല്ലാതെയാവണം ഒരു പെന്‍ഷന്‍കാരന്‍ നിയമസഭയില്‍ കയറി ബഹളം വച്ചതും.

കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല സീസണിലാണ് ഈ അപചയം എന്നത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. എല്ലാ വര്‍ഷവും പുതിയ ബസ് വാങ്ങി മണ്ഡല-മകരവിളക്ക് കാലം ആഘോഷമാക്കി പത്ത് ചില്ലറ സംഘടിപ്പിക്കുന്ന കോര്‍പ്പറേഷന്‍ ഇത്തവണ പെട്ടെന്ന് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. ഇത്തവണ ഒറ്റ പുതിയ ബസുപോലും നിരത്തില്‍ ഇറക്കിയിട്ടില്ല. പല ഡിപ്പോകളിലേയും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയാണ് ശബരിമലയിലേക്ക് ബസുകള്‍ സംഘടിപ്പിക്കുന്നത്. അതായത് ഈ പ്രസ്ഥാനം പൂട്ടിക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നില്ലെ എന്ന് സംശയിക്കണം. പ്രതിപക്ഷം പോലും ഒരു ചോദ്യോത്തരത്തിന് അപ്പുറത്തേക്ക് പ്രശ്‌നം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു. മറ്റൊരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ഇരയാവുകയാണ് കെഎസ്ആര്‍ടിസി എങ്കില്‍ മലയാളികള്‍ അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. പാവം ഇമ്പിച്ചിബാവ. അദ്ദേഹം സിപിഎമ്മിനോടും ഇടതുപക്ഷത്തോടും പൊറുക്കട്ടെ!

ഈ സ്ഥാപനം നിലനില്‍ക്കുന്നത് ആര്‍ക്കൊക്കെയോ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നും ഈ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത് കാണുമ്പോള്‍. കെഎസ്ആര്‍ടിസി പൂട്ടേണ്ടി വരും എന്ന് ആദ്യം പറഞ്ഞത് അന്ന് വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദായിരുന്നു. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചിട്ട് അധികം നാളായിട്ടില്ല. ഹൈക്കോടതി നഷ്ടത്തിലാണല്ലോ എന്നാല്‍ അതും പൂട്ടിക്കൂടേ എന്ന് ഒരു സരസന്‍ ഒരു ചാനലില്‍ മറുചോദ്യം ചോദിച്ചിട്ടും അധികകാലം ആയിട്ടില്ല. അത്ഭുതം വളരെ വര്‍ഷങ്ങളായി ‘നഷ്ട’ത്തില്‍ ഓടുന്ന ഒരു പൊതുമേഖല സ്ഥാപനമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. എന്നിട്ടും നമ്മുടെ ബഹുമാനപ്പെട്ട കോടതി ഇപ്പോഴേ അത് അറിഞ്ഞുള്ളു എന്നത് അതിലും കഷ്ടം. ഏതായാലും സ്ഥാപനം പൂട്ടണം എന്ന് പൊതുജനങ്ങളെ കൊണ്ട് കൂടി പറയിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

എന്താണ് കെഎസ്ആര്‍ടിസിയുടെ ‘നഷ്ടം’? അതിനുള്ള ഉത്തരം ഇത് ഒരു വ്യവസായമാണോ സേവനമാണോ എന്ന വ്യക്തത ആദ്യം വരുത്തണം എന്നതാണ്. വ്യവസായമാണെങ്കില്‍ കെഎസ്ആര്‍ടിസി നേരിടുന്ന ധനകമ്മിയെ നഷ്ടം എന്ന് തന്നെ വിളിക്കണം. പക്ഷെ ഇതൊരു സേവനമാണെങ്കിലോ? അപ്പോള്‍ വരുന്ന ധനകമ്മി ആരാണ് നികത്തേണ്ടത്? സ്വാഭാവികമായും അത് സമൂഹത്തിന്റെഅല്ലെങ്കില്‍ സര്‍ക്കാരിന്റെ ബാധ്യതയാവില്ലെ? ഇവിടെയാണ് കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്‌നം കിടക്കുന്നത്. അത് ഒരു വ്യവസായമാണോ സേവനമാണോ എന്ന് ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. വ്യവസായമാണെങ്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന അതേ രീതി തന്നെ പിന്തുടരേണ്ടി വരും. രാത്രി ഏഴ് മണി കഴിഞ്ഞാല്‍ ദീര്‍ഘ ദൂരം ഒഴികെയുള്ള സര്‍വീസുകള്‍ നിറുത്തി വയ്‌ക്കേണ്ടി വരും. തിരക്കുള്ള ട്രിപ്പുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് വെക്കേണ്ടി വരും. ലാഭമുള്ള റൂട്ടികളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും വെക്കേണ്ടി വരും. എന്നാല്‍ സേവനമാകുമ്പോള്‍ ലാഭനഷ്ടം നോക്കാതെ സര്‍വീസ് നടത്തേണ്ടി വരും. അങ്ങനെ വരുന്ന നഷ്ടം ഒരു പരിധി വരെയെങ്കിലും നികത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാകും. ഇതൊരു പുതിയ കാര്യമൊന്നുമല്ല നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ഇത് മാത്രമല്ല കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാവുന്നതിന് കാരണമെന്നും എല്ലാവര്‍ക്കും അറിയാം. കെടുകാര്യസ്ഥത, അഴിമതി, തൊഴിലാളി യൂണിയനുകളുടെ താന്‍ പ്രമാണിത്തവും മര്‍ക്കടമുഷ്ടിയും തുടങ്ങി നമ്മുടെ ഒരു മാതിരി പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ രോഗങ്ങളും കെഎസ്ആര്‍ടിസിക്കും ഉണ്ട്.

എന്നാല്‍ ഇത്തരം ചര്‍ച്ചകളൊന്നുമല്ല ഇപ്പോള്‍ പ്രസക്തം. എല്ലാ കാലത്തും നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു സ്ഥാപനം ഇപ്പോള്‍ മാത്രം രൂക്ഷ പ്രതിസന്ധിയിലേക്ക് നീങ്ങി പൂട്ടപ്പെടേണ്ട അവസ്ഥയിലേക്ക് മാറുന്നതിന് പിന്നില്‍ മറ്റ് ചില താല്‍പര്യങ്ങള്‍ ഉണ്ടെന്ന് വേണം കരുതാന്‍. ഒരു പക്ഷെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ള ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആര്‍ടിസി. അത് പൂട്ടുകയും സ്വാകാര്യമേഖലയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്താല്‍ ഈ ഭൂമിയുടെ മേലുള്ള നിയന്ത്രണം മറ്റ് പലര്‍ക്കും തുറന്ന് കിട്ടും. തമ്പാനൂര്‍ ഡിപ്പോയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സ്വാര്‍ത്ഥ താല്‍പര്യക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വന്‍ സാധ്യതയാണ് കെഎസ്ആര്‍ടിസിയുടെ സ്വകാര്യവല്‍ക്കരണം മൂലം ‘പലര്‍ക്കും’ തുറന്ന് കിട്ടപ്പെടുന്നത്. ആ താല്‍പര്യക്കാരുടെ പട്ടികയില്‍ മാധ്യമ മുതലാളിമാര്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ മൂലം ആത്മഹത്യകള്‍ നടക്കുമ്പോള്‍ ഇങ്ങനെ ആകുമായിരുന്നില്ല മാധ്യമങ്ങളുടെ പ്രതികരണം. ഭൗമീകാമുകന്മാരുടെ താല്‍പര്യങ്ങളാണോ ഈ പ്രതിസന്ധിക്ക് പിന്നില്‍?

ഇവിടെ ഉന്നയിക്കുന്നത് വെറും സംശയങ്ങള്‍ മാത്രമാണ്. ആ സംശയങ്ങള്‍ ശരിയാണെങ്കില്‍, ഇപ്പോഴുള്ള പ്രതിസന്ധി കൃത്രിമ സൃഷ്ടിയാണെങ്കില്‍, അതിനെതിരെ ജാഗരൂകരാകേണ്ടത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാത്രമല്ല. പൊതുജനങ്ങളായ നമ്മള്‍ കൂടിയാണ്. കാരണം കൂട്ടിയാല്‍ കൂടാത്ത കോടികളുടെ പൊതു മുതലാണ് അന്യാധീനപ്പെടാന്‍ പോകുന്നത്. കെഎസ്ആര്‍ടിസിയും അതിന്റെ സ്വത്തുകളും നഷ്ടപ്പെടാതിരിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. അതിനായി നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍