UPDATES

ട്രെന്‍ഡിങ്ങ്

‘പ്രളയ ദുരിതാശ്വാസത്തിന് ശമ്പളവും ബോണസും നല്‍കിയ ഞങ്ങളോടാണ് ഈ ചതി കാണിച്ചത്’

ദുരിതക്കയം താണ്ടി ലോംഗ്മാര്‍ച്ച്; എല്ലാവര്‍ക്കും പറയാനുള്ളത് തുച്ഛ ശമ്പളത്തിന് രാപകല്‍ അദ്ധ്വാനിച്ചതിന്റെ ദുരിത കഥകള്‍

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട 3861 കണ്ടക്ടര്‍മാര്‍ക്കും ഓരോ ജീവിതസാഹചര്യങ്ങളാണ് പറയാനുള്ളത്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ജോലിയില്‍ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. പത്തിലേറെ വര്‍ഷങ്ങള്‍ മറ്റ് ജോലികള്‍ തേടാതെ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് പെട്ടെന്നൊരു ദിവസം ജോലി നഷ്ടമായത്. ജീവിതമാര്‍ഗം വഴിമുട്ടിയ 3861 പേരുടെ കുടുംബങ്ങളാണ് സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് ഇന്നലെ രാവിലെ ലോംഗ് മാര്‍ച്ചുമായെത്തിയത്. ജോലിയില്‍ തിരിച്ചെടുക്കണമെന്ന ഒറ്റ ആവശ്യമേ ഇവര്‍ക്ക് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും പറയാനുമുള്ളൂ.

‘ജോലിയെ സംബന്ധിച്ച് എന്തെങ്കിലും അനുകൂല തീരുമാനമുണ്ടാകുമോ എന്നറിയാനായി എന്റെ മക്കള്‍ എപ്പോഴും ടിവിയുടെ മുന്നിലാണ്. കാര്യത്തിന്റെ ഗൗരവമൊന്നും അറിയില്ലെങ്കിലും അവരും അസ്വസ്ഥരാണ്. ഞങ്ങള്‍ ഇനി എങ്ങനെ മക്കളുടെ മുഖത്ത് നോക്കും.’ എറണാകുളം സ്വദേശിനി സുനിത ചോദിക്കുന്നു. ‘കണ്ടക്ടര്‍മാരില്ലാതിരുന്ന ഒരു അവസ്ഥയിലാണ് എംപ്ലോയിമെന്റ് വഴി ഞങ്ങളെ ജോലിക്കെടുത്തത്. ഏഴും എട്ടും ദിവസം അവധിയെടുക്കാതെ ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏഴ് വര്‍ഷമായി ജോലിയില്‍ കയറിയിട്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് 2012ല്‍ ജോലിക്ക് കയറിയതാണ്. ഇത്രയും കാലം സ്ഥാപനത്തിന് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരാണ് ഞങ്ങള്‍. ഒരു ദിവസം നിങ്ങള്‍ ഇനിമുതല്‍ ഡ്യൂട്ടിക്ക് വരേണ്ട എന്ന് പറയുന്ന അവസ്ഥയാണ് ഉണ്ടായത്. ഞങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒത്തിരിപേരുണ്ട്. 480 രൂപയാണ് ഒരുദിവസം കിട്ടുന്ന വേതനം. വേതനമുയര്‍ത്തിയിട്ട് അധികം നാളായിട്ടില്ല. ഇനി ഞങ്ങള്‍ എങ്ങോട്ട് പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഉള്ളത്. 43 വയസായ എനിക്ക് ഈ പ്രായത്തില്‍ എന്ത് ജോലി ചെയ്യാനാകും?‘ സുനിത കരച്ചിലടക്കാന്‍ പാടുപെട്ട് കൊണ്ട് പറഞ്ഞു.

സെക്രട്ടറിയേറ്റിലേക്ക് നീളുന്ന ലോംഗ് മാര്‍ച്ച് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായെന്നാണ് പന്തളം സ്വദേശികളായ അനില്‍ കുമാറും ബാബുരാജും ആരോപിച്ചത്. ജോലിയില്‍ പ്രവേശിക്കുന്നതിനായി ഡെപോസിറ്റ് ചെയ്ത തുകയുടെ രസീത് ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതില്‍ യാതൊരുവിധ മുന്നറിയിപ്പോ ഒന്നും തരാതിരുന്നവരാണ് ഇപ്പോള്‍ രസീത് ചോദിച്ചെത്തുന്നതെന്ന അമര്‍ഷം അവരുടെ വാക്കുകളിലുണ്ടായിരുന്നു. ‘ജോലിക്ക് കയറാന്‍ വേണ്ടി 5000 രൂപ ഡെപോസിറ്റ് നല്‍കണമായിരുന്നു. എംപ്ലോയ്‌മെന്റില്‍ നിന്നുള്ള അപ്പോയിന്‍മെന്റ് ഓര്‍ഡറും കാശ് അടച്ച രസീതും ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്നെ അതാത് ഡിപ്പോകളില്‍ കൊണ്ട് നല്‍കണമെന്ന അറിയിപ്പാണ് എംഡി നല്‍കിയിരിക്കുന്നത്. ലോംഗ് മാര്‍ച്ചില്‍ ഞങ്ങള്‍ പങ്കെടുക്കാതിരിക്കാനുള്ള മാനേജ്‌മെന്റിന്റെ ഗൂഡശ്രമമാണ് അത്. ഞങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ എല്ലാ രേഖകളും അവിടെയുണ്ട്. അത് ഞങ്ങള്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല.’ എമ്പാനല്‍ തൊഴിലാളികളായിരുന്നവര്‍ പറയുന്നു.

‘പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. അപ്പോഴും ശമ്പളവും ബോണസുമടക്കം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഡ്രൈവര്‍മാരാണെങ്കില്‍ വേറെ എവിടെയെങ്കിലും പോയി വണ്ടിയോടിക്കാമായിരുന്നു. ഞങ്ങള്‍ കണ്ടക്ടര്‍മാര്‍ എവിടെ ചെന്ന് ടിക്കറ്റ് കൊടുക്കും. ഈ ലോംഗ് മാര്‍ച്ച് ഏതെങ്കിലും പാര്‍ട്ടിയോ യൂണിയനോ ആയി നടത്തുന്നതല്ല. വെറും ഫോണ്‍ കോളിന്റെ മാത്രം ബലത്തില്‍ വന്നവരാണ് ഇവിടെ എത്തിയ എമ്പാനല്‍ ജീവനക്കാരും അവരുടെ കുടുംബവും. ഇനിയും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ വളരെ ശക്തമായിട്ടുള്ള സമരപരിപാടിയിലേക്ക് നീങ്ങും. കാരണം ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ല. ഞങ്ങള്‍ ഇനി എവിടെ പോകാനാണ്.’ പന്തളം സ്വദേശി തസ്ലീം വിശദീകരിച്ചു.

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

‘ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. 45ഉം 50ഉം വയസുള്ളവരാണ് ഇതിലധികവും. അവര്‍ ഇനി എന്ത് തൊഴിലെടുക്കാനാണ്? അതുകൊണ്ട് തന്നെ ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. കുടുംബങ്ങളുടെ അത്താണികളാണ് ഇതിലെ ഓരോ ആളുകളും. എത്രയും പെട്ടെന്ന് കെഎസ്ആര്‍ടിസിയില്‍ ഞങ്ങളെ തിരിച്ചെടുക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അല്ലാതെ വേറെ മാര്‍ഗങ്ങളൊന്നുമില്ല.’

തസ്ലീം സംസാരിച്ച് നില്‍ക്കുന്നതിന്റെ ഇടയിലേക്ക് നാലഞ്ച് പേപ്പറുകളുമായാണ് ഷാബു ജോര്‍ജ് എത്തിയത്. 2002 പി.എസ്.സി ലിസ്റ്റില്‍ ആദ്യത്തെ പേരായി വന്നതാണ് ഷാബു ജോര്‍ജ്. പക്ഷേ അപ്പോഴും അദ്ദേഹത്തെ സ്ഥിരപ്പെടുത്തിയില്ല. തുടര്‍ന്ന് കേസിന് പോയ ഇദ്ദേഹത്തെ ഹിയറിങ് നടത്തി ജോലി സ്ഥിരപ്പെടുത്തണമെന്ന് 2015 മാര്‍ച്ച് 17ന് കോടതി വിധി ഉണ്ടായി. എന്നാല്‍ ഹിയറിങില്‍ ആബ്‌സെന്‍സ് ചൂണ്ടിക്കാട്ടി ഷാബുവിന് ജോലി സ്ഥിരപ്പെടുത്തി നല്‍കിയില്ല. വീണ്ടും കേസിന് പോയ ഇദ്ദേഹത്തിന്റെ പരാതി പരിഗണിച്ചു കൊണ്ടിരിക്കെയാണ് എം പാനല്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്.

മലപ്പുറം ഡിപ്പോയില്‍ എം പാനല്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സലാവുദീന് വീട് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. ഇപ്പോള്‍ എട്ട് ലക്ഷം രൂപയുടെ കടം ബാധ്യതയുള്ള ആളാണ് സലാവുദീന്‍. ജോലി നഷ്ടമായതോടെ കടം വീട്ടാനാകാതെ വീട് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഇയാള്‍. ‘എന്റെ ഉപ്പക്ക് കണ്ണ് കാണില്ല. എം പാനലില്‍ ജോലി കിട്ടിയപ്പോള്‍ ഞാന്‍ ഉപ്പയോട് പറഞ്ഞു കടം തീര്‍ക്കാനുള്ള ശമ്പളമൊന്നും കിട്ടില്ലെന്ന്. പക്ഷേ സര്‍ക്കാര്‍ ജോലിയല്ലേ പോകണമെന്നാണ് ഉപ്പ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ എന്റെ ജോലി നഷ്ടമായിരിക്കുന്നു. ഇനി വീട് വില്‍ക്കുക എന്നല്ലാതെ വേറെ മാര്‍ഗങ്ങളൊന്നും എന്റെ മുന്നില്‍ ഇല്ല.’ ലോണ്‍ പാസ് ബുക്ക് ഉയര്‍ത്തിക്കാണിച്ച് കൊണ്ട് സലാവുദ്ദീന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ കണ്ടക്ടര്‍ സി.ആര്‍ മനോജ് കുമാര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ബിഎ ഇംഗീഷ് ലിറ്ററേച്ചര്‍, എംഎ മലയാളം ലിറ്ററേച്ചര്‍ കഴിഞ്ഞ ആളാണ്. പരിശീലന സമയത്ത് തന്നെ ജോലിയില്‍ സ്ഥിരപ്പെടുത്തുമെന്ന് വാക്ക് തന്നിരുന്നത് കൊണ്ട് വേറെ ജോലിക്കൊന്നും മനോജ് ശ്രമിച്ചിരുന്നില്ല. ‘ഒമ്പത് വര്‍ഷമായി ജോലി ചെയ്തുവരുന്നു. പല തരത്തിലുള്ള പ്രാരാബ്ധം കാരണം മറ്റ് ജോലിക്ക് ശ്രമിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഈ പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെല്ലാം എംപ്ലോയ്‌മെന്റ് വഴി സീനിയോറിറ്റി ലിസ്റ്റ് പ്രകാരം ജോലിയില്‍ പ്രവേശിച്ചവരാണ്. അതല്ലാതെ പാര്‍ട്ടിയുടെയും യൂണിയന്റെയും ശുപാര്‍ശ പ്രകാരം താല്‍ക്കാലിക ജീവനക്കാരായി കയറിയവരാണെന്ന വാദം ഉയരുന്നുണ്ട്. അത് തെറ്റാണ്. ഇനി എന്തെന്ന് അറിയാതെ നില്‍ക്കുന്ന ഞങ്ങളെ എല്ലാവരും തെറ്റുകാരാക്കാനാണ് ശ്രമിക്കുന്നത്.’ മനോജ് ആരോപിച്ചു.

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

2005ല്‍ ആലപ്പുഴയിലെ ഏറ്റവും നല്ല കണ്ടക്ടറിനുള്ള അവാര്‍ഡ് കിട്ടിയ വ്യക്തിയാണ് ബിന്ദു. അത്രയേറെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്നവള്‍. ബിന്ദുവിന്റെ ഭര്‍ത്താവ് അഞ്ച് മാസം മുമ്പ് മരിച്ചു പോയി. പിന്നീട് ബിന്ദുവിന് കിട്ടുന്ന ശമ്പളത്തിലാണ് വീട് കഴിഞ്ഞുപോന്നത്. ജോലിയില്‍ കയറി 11 വര്‍ഷമായതിനാല്‍ സ്ഥിരപ്പെടുമെന്ന് കരുതിയിരുന്ന ബിന്ദുവിന്റെ സ്വപ്‌നങ്ങളാണ് പിരിച്ചുവിടലിലൂടെ ഇല്ലാതായത്. വയസായ ഭര്‍തൃമാതാവിനെയും മക്കളെയും നോക്കാന്‍ ഇനി എന്ത് ജോലി കിട്ടുമെന്ന അന്വേഷണത്തിലാണ് ബിന്ദു ഇപ്പോള്‍. അപ്പോഴും സര്‍ക്കാരും മാനേജ്‌മെന്റും അനുകൂല തീരുമാനമെടുക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

130 രൂപ ദിവസവേതനത്തിലാണ് കാസര്‍ഗോഡ് ഡിപ്പോയിലെ വിശ്വനാഥന്‍ 2007ല്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ചിലര്‍ക്ക് ജോലി സ്ഥിരപ്പെടുത്തിയപ്പോള്‍ തനിക്കും ജോലി സ്ഥിരപ്പെടുമെന്ന ഇദ്ദേഹവും വിചാരിച്ചിരുന്നു. ‘ജോലിയില്‍ കയറി 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങളെ പിരിച്ചുവിട്ടിരിക്കുന്ന അവസ്ഥായാണുണ്ടായിരിക്കുന്നത്. കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കൂടുതലും എമ്പാനല്‍ ജീവനക്കാരെ തന്നെയാണ് നിയമിച്ചിരിക്കുന്നത്. രാവിലെ നാല് മണിക്ക് തുടങ്ങുന്ന സര്‍വീസ് കഴിയാന്‍ പതിനൊന്ന് മണിയൊക്കെയാകും. ഈ സര്‍വ്വീസുകളിലാണ് കെഎസ്ആര്‍ടിസി ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതും. നമ്മള്‍ ആരും ഒരു തെറ്റും ചെയ്തിട്ടല്ല. എന്നിട്ടുമെന്തിനാണ് ഞങ്ങളെ പിരിച്ചുവിട്ടിരിക്കുന്നതെന്നുള്ള വിശദീകരണമെങ്കിലും മാനേജ്‌മെന്റ് തരേണ്ടതല്ലേ?’, വിശ്വനാഥന്‍ ചോദിക്കുന്നു.

അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി പിരിച്ചുവിടപ്പെട്ട 3861 ജീവനക്കാരും വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തുമെന്ന് തന്നെയാണ് ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. നല്ല ആരോഗ്യമെല്ലാം ഉപയോഗപ്പെടുത്തി ചണ്ടിയായപ്പോള്‍ വലിച്ചുവെന്നാണ് സമരത്തിന് നേതൃത്വം കൊടുത്ത കൂട്ടായ്മയുടെ നേതാവ് ദിനേശ് ബാബു അഭിപ്രായപ്പെട്ടത്.

‘എനിക്ക് വിശക്കുന്നു’: ഈ കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇനിയെന്ത് ശരിയാക്കാനാണ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍