UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസിക്ക് ചികിത്സ വേണം; നല്ലരീതിയില്‍ നടത്തിയാല്‍ രക്ഷപ്പെടുകയും ചെയ്യും

മുന്‍പ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തിയ പോലത്തെ വിറ്റുതുലയ്ക്കല്‍ മേളകളെക്കുറിച്ച് പുതിയ സര്‍ക്കാരും സംസാരിച്ചു തുടങ്ങിയ ഒരു ദിവസം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞ പ്രസക്തമായ കാര്യമുണ്ട്- ‘പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടത് ശ്രദ്ധയാണ്’. വിറ്റു തുലയ്ക്കാന്‍ തുടങ്ങിയ വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റ് ലാഭത്തിലായ അനുഭവവും അദ്ദേഹം വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെയെങ്കിലും വിറ്റു തുലയ്ക്കാന്‍ വെമ്പുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍ ആ വാക്കുകള്‍ക്കു വലിയ പ്രസക്തി ഉണ്ട്. മാര്‍ഗരറ്റ് താച്ചര്‍ അവരുടെ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിച്ച ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ ഗുണപരമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല എന്നും, അവ പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണ് എന്നും സംശയാതീതമായി തെളിഞ്ഞ ഈ ഘട്ടത്തില്‍ നമ്മള്‍ ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് വലിയ ചരിത്രപ്രസക്തിയാണ് ഉള്ളത്. സ്വകാര്യവല്‍ക്കരണം എന്നതു തന്നെ വലിയ അഴിമതിയാണ് എന്ന രൂപത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്. (http://www.theguardian.com/commentisfree/2014/jul/09/tide-turning-against-privatisation)

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ഇത്തരുണത്തില്‍ ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. അതിലെ ഏറ്റവും പ്രകടമായ പ്രശ്‌നങ്ങളുള്ള കെ എസ് ആര്‍ ടി സി യെ പ്രത്യേകിച്ചും. അതിന്റെ പ്രശ്‌നങ്ങള്‍ പോലെ തന്നെ സാധ്യതകളും സങ്കീര്‍ണമാണ്. ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഏറ്റവും ലളിതമായ മൂന്നു പരിഹാര നിര്‍ദേശങ്ങളാണ് ഇവിടെ മുന്നോട്ടു വയ്ക്കുന്നത്. 

ബസുകള്‍ ഇറക്കി, കാശുള്ള റൂട്ടിലും ഓടുക 
വളരെ ലളിതമെങ്കിലും, കെ എസ് ആര്‍ ടി സി യെക്കൊണ്ട് ചെയ്യിക്കാത്ത സംഭവം ആണ് ഇത്. ലാഭം സ്വകാര്യ ബസുകള്‍ക്കും നഷ്ടവും സാമൂഹ്യബാധ്യതയും കെ എസ് ആര്‍ ടി സി ക്കും എന്നതാണ് ഇപ്പോഴത്തെ സമവാക്യം. സ്വകാര്യ ബസുകള്‍ മത്സരിച്ചോടി കാശുണ്ടാക്കുന്ന പാല-കിടങ്ങൂര്‍ -മണര്‍കാട് -കോട്ടയം റൂട്ട് എടുക്കുക. അവിടെ നിന്ന് ആദ്യം പുറപ്പെടുന്നത് ബസ് കെ എസ് ആര്‍ ടി സി ആണ്. അവിടെ കൂടുതല്‍ സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി തുടങ്ങണം എന്ന് പരാമര്‍ശിച്ചു ഈ ലേഖകന്‍ കൊടുത്ത പരാതിക്ക്, ബസുകള്‍ ഇല്ല എന്ന വളരെ പരിഹാസ്യമായ മറുപടി ആണ് കിട്ടിയത്.

മാറ്റങ്ങള്‍ ഉണ്ടാക്കണം എന്ന ആഗ്രഹമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും പുതിയ ബസുകള്‍ വാങ്ങുന്നില്ല എന്ന രാഷ്ട്രീയ തീരുമാനമാണ് ഈ കാര്യത്തില്‍ കെ എസ് ആര്‍ ടി സിക്ക് വിനയായത്. കഴിഞ്ഞ സര്‍ക്കാര്‍ വര്‍ഷം 1000 ബസുകള്‍ വാങ്ങിച്ചിരുന്നു എന്ന സത്യം പരിഗണിക്കുമ്പോള്‍ പുതിയതായി പ്രവര്‍ത്തന രംഗത്ത് ഒന്നും തന്നെ ചെയ്യാന്‍ കഴിയാത്ത ഈ സര്‍ക്കാരിനു കൂവലുകള്‍ മാത്രമേ ലഭിക്കേണ്ടതുള്ളൂ.

നവീകരിക്കുക, അല്ലെങ്കില്‍ നശിക്കുക 
നവീകരണം വളരെ പുറകിലാണ് കെ എസ് ആര്‍ ടി സി യില്‍, കഴിഞ്ഞ സര്‍ക്കാര്‍ വ്യാപകമാക്കിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ വഴിമാറി ഇപ്പോള്‍ മാനുവല്‍ റാക്കുകള്‍ വന്നിരിക്കുന്നു. തല തിരിഞ്ഞ പുരോഗതി തന്നെ! കമ്പ്യൂട്ടര്‍വത്ക്കരണം, റിസര്‍വേഷന്‍ സൗകര്യം, ബസ് എവിടെ എത്തി എന്നറിയാന്‍ ഉള്ള സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും ഈ സ്ഥാപനം ഇഴയുകയാണ്. മാറിയ യാത്രക്കാരെ മനസിലാക്കാന്‍ സ്ഥാപനം ശ്രമിച്ചില്ലെങ്കില്‍ മറവി പുല്‍കുക എന്നതായിരിക്കും വിധി. സാങ്കേതിക വിദ്യയുടെ സഹായം കുറേ അധികം അധിക മാനവ വിഭവശേഷിയുടെ ഉപയോഗം കുറയ്ക്കാനും, ഒരു ബസിനു അഞ്ചു ജീവനക്കാര്‍ എന്ന സ്വപ്‌നറേഷ്യോ എത്തിക്കാനും ഉപകരിക്കും. ഇപ്പോള്‍ അത് എട്ട് ആണെന്നാണ് അറിവ്.

ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക 
എല്ലാ ഡിപ്പോകളിലും നിയമപരമായി പാസഞ്ചര്‍ ഫോറങ്ങള്‍ നിര്‍ബന്ധമായും രൂപീകരിക്കുക. ഡിപ്പോ പ്രവര്‍ത്തനങ്ങളില്‍ ഈ ഉപഭോക്തൃ സമിതിക്ക് പങ്കാളിത്തം കൊടുക്കുക. യാത്രക്കാരുടെ കൂടുതല്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടാനും, സമയം, റൂട്ടുകള്‍ എന്നിവയിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ജനോപകാരപ്രദമായ സ്ഥാപനമായി മാറാനും ഈ നീക്കം ഉപകരിക്കും. അഴിമതിക്കുള്ള ഏക മറുമരുന്നു ജനകീയ ജാഗ്രത ആണല്ലോ.

വലിയ ശമ്പളം പറ്റുന്ന യോഗ്യത ഇല്ലാത്ത താപ്പാനകളെ പുറത്താക്കുക, പുതിയ പുതിയ റൂട്ടുകള്‍ കണ്ടെത്തി സാന്നിധ്യം ഉറപ്പിക്കുക, ഏറ്റവും കുറഞ്ഞത് 50 ശതമാനം പൊതു ഗതാഗത വിഹിതം ഉറപ്പിക്കാന്‍ ശ്രമിക്കുക, പാസുകളുടെ പണം/ സാമൂഹ്യ ബാധ്യത എന്നിവ സര്‍ക്കാര്‍ കൃത്യമായി കൊടുക്കുക, നയത്തില്‍ അല്ലാത്ത കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിച്ച് സ്വയം ഭരണ രീതിയിലേക്ക് എത്തിക്കുക, അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതി എന്ന ഭൂതത്തെ തുടച്ചു മാറ്റുക, സ്വകാര്യ ബസ് മുതലാളി മാരുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങി നിരവധി മരുന്നുകള്‍ ഉള്ളപ്പോഴും, ആദ്യ ചികിത്സ മുകളില്‍ പറഞ്ഞവ കൊണ്ടാവട്ടെ !

 

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍