UPDATES

ട്രെന്‍ഡിങ്ങ്

മാന്നാനം കെ.ഇ കോളേജ്: ആണും പെണ്ണും ഇരിക്കുന്നിടത്തേക്ക് മാത്രം കയറി വരുന്ന ഒന്നല്ല സദാചാരഗുണ്ടായിസം

കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിന്റെ കഥ തുടങ്ങുന്നത് മാന്നാനം കെ.ഇ കോളേജിലെ വനിതാദിന പോസ്റ്റര്‍കളില്‍ നിന്നാണ്

കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിന്റെ കഥ തുടങ്ങുന്നത് മാന്നാനം കെ.ഇ കോളേജിലെ വനിതാദിന പോസ്റ്റര്‍കളില്‍ നിന്നാണ്. എസ്എഫ്‌ഐ യൂണിയന്‍ വനിതാദിനത്തില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് അധ്യാപികമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പരസ്യമായി മാപ്പ് പറയണമെന്ന അധ്യാപികമാരുടെ ആവശ്യം നിരാകരിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് കോളേജ് സാക്ഷിയായത്. കോളേജ് ഡേ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി വേദിയിലെത്തിയ അധ്യാപികമാര്‍, യൂണിയന്‍ ഡയറക്ടര്‍ മാപ്പ് പറഞ്ഞിട്ടും അനുനയത്തിന് തയ്യാറാവാതെ വേദി വിടുകയുണ്ടായി.

ഇവിടെ പ്രതിസ്ഥാനത്ത് എസ്.എഫ്.ഐ ആയതുകൊണ്ട് തന്നെ രക്ഷകഭാവത്തില്‍ കെ.എസ്.യു എത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അരുണ്‍, സച്ചിന്‍ എന്നിവര്‍ക്കു വെട്ടേറ്റു.

സദാചാരഗുണ്ടായിസവും പീഡോഫീലിയയുമൊക്കെ വാര്‍ത്തകളില്‍ ചര്‍ച്ചയായി തുടങ്ങിയപ്പോഴാണ് അതിനെ ചുറ്റിപ്പറ്റിയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കും ശ്രദ്ധ കിട്ടി തുടങ്ങിയിരിക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നിടത്തേക്ക് മാത്രം കേറി വരുന്ന ആയുധമല്ല സദാചാരഗുണ്ടായിസം. അതൊരു ഊട്ടിയുറപ്പിച്ച മനോഭാവം പോലെ കൊണ്ടുനടക്കുന്നവര്‍ എല്ലാ അതിരുകളിലേക്കും സംശയമുനയുള്ള നോട്ടങ്ങള്‍ പായിച്ചു കൊണ്ടിരിക്കും.

കഴിവും മികവും കൊണ്ട് സ്ത്രീപുരുഷ തുല്യതയുടെ ആധികാരികമായ അവകാശപ്രഖ്യാപനങ്ങള്‍ നിരത്തി സ്ത്രീകള്‍ ആര്‍ജ്ജവത്തോടെ ആഘോഷിച്ച ‘ലോകവനിതാദിനം’ കടന്നു പോയപ്പോള്‍ വിരോധാഭാസപരമായ ചില സംഗതികള്‍ക്കും അതിനൊപ്പം ഇടം നേടേണ്ടി വന്നിട്ടുണ്ട് ,എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും അടിസ്ഥാനപരമായി ഇപ്പോഴും ഇരുട്ടിലാണെന്നുള്ള വാസ്തവത്തിലേക്കാണവയൊക്കെ വിരല്‍ ചൂണ്ടുന്നത്.

കോട്ടയം മാന്നാനം കെ.ഇ കോളേജില്‍ വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം വിവാദങ്ങളിലേക്ക് നടന്നു കയറുന്നത് ഒരുകൂട്ടം അധ്യാപികമാരുടെ പ്രതിഷേധവും, കോളേജ് ഡേ ബഹിഷ്‌കരണവുമൊക്കെ കൊണ്ടാണ്. എട്ടാം തീയതി കോളേജ് കാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട വനിതാദിനമത്സരത്തില്‍ പെണ്‍കുട്ടികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ‘സദാചാരഗുണ്ടായിസത്തിന്റെ കാലത്ത് തുറന്ന ചര്‍ച്ചകള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തനം’ കൂടിയാണെന്ന ആശയത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെട്ടു വരുന്ന തെറികളും, അശ്ലീല പ്രയോഗങ്ങളും അതിന്റെ ഉത്ഭവകേന്ദ്രം വിശദീകരിച്ച്, അതൊക്കെയും ഇനിമേല്‍ അശ്ലീലകരമല്ലായെന്ന ബോധ്യത്തിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ രചിക്കപ്പെട്ട പോസ്റ്ററുകളും, എഴുത്തുകളുമാണ് അധ്യാപികമാരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

മാസങ്ങള്‍ക്ക് മുന്നേ ഇതേ വിഷയത്തില്‍ ചര്‍ച്ചയായ ഗുരുവായുരപ്പന്‍ കോളേജിലെ ‘വിശ്വവിഖ്യാത തെറി’ എന്ന മാഗസിനിലെ ആശയങ്ങളും, വരികളും കടമെടുത്ത് സൃഷ്ടിച്ച പോസ്റ്ററുകള്‍ സ്ത്രീകളെ അവഹേളിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് ആരോപിച്ച് കോളേജിലെ വുമണ്‍സ് ഫോറത്തിന്റെ കീഴില്‍ അധ്യാപികമാര്‍ സംഘടിച്ച് പ്രൊഫ. ബ്രിജിത്ത് പോളിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയുണ്ടായി. പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിന് അടുത്തദിവസം നടക്കുന്ന കോളേജ് ഡേയില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പരസ്യമായി  മാപ്പ് പറഞ്ഞില്ലെങ്കില്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് അധ്യാപികമാര്‍ അറിയിച്ചിരുന്നു. അപ്രകാരം പത്താം തീയതി രാവിലെ ആരംഭിച്ച കോളേജ് ഡേ പരിപാടികളില്‍ യൂണിയന്‍ ചെയര്‍മാന്റെ അധ്യക്ഷ പ്രസംഗം നടന്നു കൊണ്ടിരിക്കെ അധ്യാപികമാര്‍ കൂട്ടമായി വേദിയില്‍ അണിനിരക്കുകയും, മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യൂണിയന്റെയും ചെയര്‍മാന്റെയും നിലപാട് വിപരീതദിശയിലാരുന്നു.

ആരാണ് ശ്ലീലവും അശ്ലീലവും സൃഷ്ടിക്കുന്നതെന്നും, ഇതൊക്കെയും പൊതുബോധത്തിന്റെ അഴുകിയ അവശിഷ്ടങ്ങളാണെന്നും അതിനുമേല്‍ ബോധപരമായ അട്ടിമറികള്‍ നടത്തിയാല്‍ മാത്രമേ യാഥാര്‍ത്ഥ്യം തെളിഞ്ഞു വരുകയുള്ളൂവെന്നും യൂണിയന്‍ നിലപാടെടുത്തു. തുടര്‍ന്ന് മൈക്ക് പിടിച്ചു വാങ്ങിയ അധ്യാപികമാര്‍ കോളേജ് എന്ന സാംസ്‌കാരിക ഇടത്തിന്റെ വിശുദ്ധിയെ പറ്റിയും, ഇവിടെ ഇതൊക്കെ സംസാരിക്കുന്ന പക്ഷം സാംസ്‌കാരികമായ അപചയത്തിലേക്ക് യുവത്വം നീങ്ങുമെന്നും അറിയിച്ചു.

യൂണിയന്‍ അംഗങ്ങള്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലേല്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ബ്രിജിത്ത് പോള്‍ പരസ്യമായി പ്രഖ്യാപിച്ചു. അധ്യാപികമാരുടെ പ്രതിഷേധം കൊണ്ട് പത്തരയ്ക്ക് തുടങ്ങേണ്ടിയിരുന്ന ചടങ്ങ് പന്ത്രണ്ട് മണിയിലേക്ക് നീണ്ടപ്പോള്‍ പ്രിന്‍സിപ്പലിന്റെയും, യൂണിയന്‍ ഡയറക്ടര്‍ വില്‍ഫ്രെഡ് അബ്രഹാമിന്റെയും അവസരോചിതമായ ഇടപെടല്‍ കൊണ്ട് സമധാനപരമായ ഒരു ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങി. മൂന്നാം വര്‍ഷവിദ്യാര്‍ഥികളുടെ അവസാന ആഘോഷമായ കോളേജ് ഡേ അലങ്കോലമാവാതിരിക്കുകയെന്ന ഉദ്ദേശത്തോടെ എല്ലാവര്‍ക്കും വേണ്ടി യൂണിയന്‍ ഡയറക്ടര്‍ മാപ്പ് പറഞ്ഞപ്പോള്‍ , താത്പര്യമില്ലാത്തവര്‍ക്ക് ബഹിഷ്‌കരിക്കാമെന്ന ശക്തമായ നിലപാടെടുത്ത് പ്രിന്‍സിപ്പല്‍ പരിപാടികള്‍ വീണ്ടും ആരംഭിക്കാനുള്ള നിര്‍ദേശം കൊടുത്തു. ശേഷം അധ്യാപികമാര്‍ കൂട്ടത്തോടെ വേദിയില്‍ നിന്ന് ഇറങ്ങി പോവുകയും, യൂണിയന്‍ ചെയര്‍മാന്‍ മാപ്പ് പറയാത്ത പക്ഷം യോഗം ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ചു.

അതിനു മുന്നേയുള്ള ദിവസങ്ങളില്‍ പോസ്‌റര്‍ എഴുതിയെന്ന് ആരോപിച്ച് സൈക്കോളജി വിഭാഗം അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

വിദ്യഭ്യാസത്തിലൂടെ കാഴ്ചപ്പാടുകളുടെ വികസനമാണ്  നേടേണ്ടതെന്ന മൊഴി വിരോധാഭാസപരമായി തിരിച്ചടിക്കുന്ന സംഭവവികാസങ്ങളാണ് കെ.ഇ കോളേജില്‍ അരങ്ങേറിയത്. സിലബസില്‍ ഉള്ള ഒ.വി വിജയന്റെ ധര്‍മ്മപുരാണവും മാധവിക്കുട്ടിയുടെയും, ഡി.എച്ച് ലോറന്‍സിന്റെയുമൊക്കെ കൃതികള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന അധ്യാപകര്‍ ഇത്രമേല്‍ ഇടുങ്ങിയ ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ആണെന്നുള്ള അറിവ് സിലബസ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പോലും ചോദ്യചെയ്യുന്നയൊന്നാണ്.

ട്രാന്‍സ്‌ജെണ്ടര്‍ പോലുള്ള പൊതുസമൂഹം ഇതുവരെ മാറ്റി നിര്‍ത്തിയിരിക്കുന്ന ഇടങ്ങളിലേക്ക് തെളിച്ചമുള്ള മുഖവുമായി കടന്നു ചെല്ലുന്ന ഒരു യുവതലമുറയാണ് ഇന്നിന്റെ രീതികളെ ഭരിക്കുന്നതും, നാളെയെ സൃഷ്ടിക്കുന്നതും. മാറ്റങ്ങള്‍ക്ക് വഴിയും നിലവും ഒരുക്കേണ്ട കലാലയങ്ങള്‍ ഇത്തരം പിന്തിരിപ്പന്‍ നയങ്ങളില്‍ കുടുങ്ങി കിടക്കുകയാണെങ്കില്‍ അടുത്ത തലമുറയും സദാചാരഗുണ്ടായിസത്തിനും ലൈംഗികാരാചകത്വത്തിനും നേരെ പേടിച്ച മുഖവുമായി തന്നെ നില്‍ക്കേണ്ടി വരും.

ഇതൊരു തുറന്ന കാഴ്ചയാണ്. കേരളത്തിലെ ഒട്ടുമിക്ക കോളേജുകളുടെയും അകത്തളങ്ങള്‍ ഇങ്ങനെയൊക്കെ മലിനപ്പെട്ടതു തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).

 

അയ്യപ്പന്‍ മൂലശ്ശേരീല്‍

അയ്യപ്പന്‍ മൂലശ്ശേരീല്‍

മാന്നാനം കെഇ കോളേജില്‍ വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍