UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്യൂരിറ്റി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് കെഎസ് യു നേതാവ് ശില്‍പ്പയും സംഘവും, അതീവ സുരക്ഷ മറികടന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ, എന്തുചെയ്യണമെന്നറിയാതെ പൊലീസ്‌

സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് കയറിയായിരുന്നു ശില്‍പയുടെ പ്രതിഷേധ പ്രകടനം.

കെ എസ് യു പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ടു താഴെവരെ എത്തി വനിത നേതാവ്. സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് കയറിയായിരുന്നു ശില്‍പയുടെ പ്രതിഷേധ പ്രകടനം. പ്രതിഷേധം മുന്നില്‍ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കിയിരുന്നു എങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ചായിരുന്നു ശില്‍പയുടെ നീക്കം.

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്. കെഎസ്‌യു സംസ്ഥാന നേതാവും അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമാണ് ശില്‍പ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരപ്പന്തലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ള നേതാക്കളെത്തി ശ്രദ്ധ അവിടേക്ക് മാറിയപ്പോഴാണ് സമരപ്പന്തലിന് സമീപം നിന്ന ശില്‍പ്പയും സംഘവും സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടുന്നത്. മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുന്ന പ്രതിഷേധക്കാരെ കണ്ട് അമ്പരന്ന സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു.

പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ പതിവിലേറെ സുരക്ഷയാണ് ഇന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ശില്‍പ്പയുടെ നേതൃത്വത്തില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ട അഞ്ച് അംഗ സംഘം മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരില്‍ ചിലരെ ദര്‍ബാര്‍ഹാളിന് സമീപം വച്ച് പിടികൂടുകയും ചെയ്തു. എന്നാല്‍ സുരക്ഷാ വലയം ഭേദിച്ച് നോര്‍ത്ത് ബ്ലോക്കിലേക്ക് ഓടിയെത്തിയ ശില്‍പ്പ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചു.    മന്ത്രിസഭായോഗം നടക്കുന്നതിനാല്‍  മുഖ്യമന്ത്രിയും  മന്ത്രിമാരെല്ലാരും നോര്‍ത്ത് ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്നു.

ശില്‍പയുടെ അപ്രതീക്ഷിത പ്രതിഷേധം കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഒട്ടൊന്ന് പകച്ച് നിന്ന ശേഷമാണ് വനിതാ പൊലീസ് അടക്കം ഉള്ളവരെത്തി ശില്‍പ്പയെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് മാറ്റുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമങ്ങള്‍ക്കെതിരെയുളള പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‌യു. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നിരാഹാരം മൂന്നാം ദിവസവും തുടരുകയാണ്.

മന്ത്രിസഭായോഗം നടക്കുന്ന സമയത്ത് പൊലീസ് സന്നാഹത്തെ മറികടന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റ് വളപ്പില്‍ വരെ കടക്കാനായത് വന്‍ സുരക്ഷാവീഴ്ചയായായാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി സമരത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് കാരണമാണ് വിദ്യാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക് കടന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.

Read More : കോഴിക്കോട് ഹോട്ടലില്‍ വസ്ത്ര വിവേചനം കാണിച്ചുവെന്ന് പരാതി; ലുങ്കി പ്രൊട്ടസ്റ്റുമായി കൂട്ടായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍