സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ഇന്നു മുതല്‍ പ്രക്ഷോഭം
കേരളത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയാണ് കെഎസ്‌യു. കലാലയങ്ങള്‍ കൂടുതലായി അരാഷ്ട്രീയവത്കരിക്കപ്പെടുകയും അക്രമരാഷ്ട്രീയത്തിലേക്കു വീണുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരള സ്റ്റുഡന്റ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എത്രകണ്ട് ഫലപ്രദമാകുമെന്നും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഏതൊക്കെ രീതിയില്‍ ഇടപെടലുകള്‍ നടത്താമെന്നതിനെക്കുറിച്ചും കെ എസ് യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎം അഭിജിത്ത് അഴിമുഖവുമായി സംസാരിക്കുന്നു.
രാകേഷ്: ഏറെ മാറിയിരിക്കുന്ന കലാലായ രാഷ്ട്രീയാന്തരീക്ഷത്തില്‍ കെഎസ്‌യുവിന്റെ ചുമതലക്കാരനായി മാറുന്നു എന്നത് വലിയ ഉത്തരവാദിത്വങ്ങളും അതുപോലെ വെല്ലുവിളികളും നല്‍കുകയാണ്. ഏതു രീതിയിലുള്ള പ്രവര്‍ത്തനമായിരിക്കും മു്‌ന്നോട്ടു വയ്ക്കുന്നത്?
അഭിജിത്ത്: കേരള സ്റ്റുഡന്റ് യൂണിയന്റെ പുതിയ കമ്മിറ്റി പൂര്‍ണമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒന്നാണ്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത വിധം പൂര്‍ണമായി ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പാണിത്. അതിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒപ്പം, ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ചുമതലയുടെ പ്രധാന്യവും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ചുള്ള ബോധ്യവും മനസിലാക്കുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനമായിരിക്കും എന്നില്‍ നിന്നും ഉണ്ടാവുക.
രാ: വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളും പരാതികളും ഉയരുകയാണ്. ഏറ്റവും ഒടുവിലായി എസ്എസ്എല്‍സി കണക്കു പരീക്ഷ ചോദ്യപേപ്പര്‍ വിവാദം വരെ. എന്ത് ഇടപെടലുകളാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
അഭി: കേരളത്തില്‍ വിദ്യാര്‍ത്ഥി/യുവജനവിരുദ്ധ സമീപനവുമായി മുന്നോട്ടുപോകുന്ന ഒരു സര്‍ക്കാരാണുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പത്താംക്ലാസ് പരീക്ഷയില്‍ കണക്കു ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വീഴ്ച. ചോദ്യ പേപ്പര്‍ സ്വകാര്യസ്ഥാപനത്തിനു വില്‍ക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. പ്ലസ് ടു പരീക്ഷയുടെ ഒരുവിധം ചോദ്യങ്ങളെല്ലാം ഔട്ട് ഓഫ് സിലബസ് ആണ്. ഇവിടെ എന്തിനാണ് ഒരു വിദ്യാഭ്യാസ വകുപ്പുള്ളത്? കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദഗ്ദ്ധരായവരെ നിയോഗിക്കേണ്ടതിനു പകരം സ്വകാര്യസ്ഥാപനവുമായി ബന്ധമുള്ള ഒരാളെ ചുമതലയില്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും സര്‍ക്കാരിന്? ഇത് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണ്. ചരിത്രത്തില്‍ ആദ്യമായി കണക്കു പരീക്ഷയ്ക്ക് ട്രെയിലര്‍ ഇറക്കിയ വിദ്യാഭാസ മന്ത്രി എന്നാണ് ബഹുമാനപ്പെട്ട രവീന്ദ്രനാഥിനെതിരെ പരിഹാസം ഉയരുന്നത്. താനുമൊരു അധ്യാപകനായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവച്ച് വിദ്യാര്‍ത്ഥികളോട് മാപ്പു പറയുകയാണ് വേണ്ടത്.
രാ: വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണോ കെ എസ് യു ആരോപിക്കുന്നത്?
അഭി: ആരോപണമല്ല, അതാണു വാസ്തവം. ഇരകള്‍ക്കൊപ്പമെന്നു പറയുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് സര്‍ക്കാര്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജിഷ്ണു പ്രണോയിയുടെ മരണം. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തളൊന്നും ശുഭസൂചകങ്ങളല്ല. കൊടിയ മനുഷ്യാവകാശലംഘനങ്ങളാണ് ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. ഇത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലയുറപ്പിച്ച് പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകാനാണു ഞങ്ങളുടെ തീരുമാനം.
വിദ്യാര്‍ത്ഥികളോട് എങ്ങനെയുള്ള സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നു ജിഷ്ണുവിന്റെ മരണത്തിലും ലോ അക്കാദമി സമരത്തിലും അവര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പറഞ്ഞു തരുന്നുണ്ട്. ലക്ഷ്മി നായര്‍ക്കെതിരേയുള്ള കേസ് ഇപ്പോള്‍ ഏതവസ്ഥയിലാണ്? ഇത്രയേറെ ആരോപണങ്ങളും കേസും ഉണ്ടായിട്ടും ലക്ഷ്മി നായരെ ഇതുവരെ അറസ്റ്റ് ചെയ്‌തോ? ടോംസ് കോളേജ് ചെയര്‍മാനെതിരേ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്? അഫിലിയേഷന്‍ വീണ്ടും അനുവദിച്ചുകൊടുക്കാന്‍ പോവുകയാണ്. വിദ്യാര്‍ത്ഥികളോട് യാതൊരുവിധ ഉത്തരവാദിത്വവും സര്‍ക്കാരിനില്ലെന്നാണോ?
ജിഷ്ണുവിനെ മാനസികമായും ശാരീരികമായും ആക്രമിച്ചു കൊല ചെയ്തു എന്നതിന്റെ പൂര്‍ണ തെളിവുകള്‍ പുറത്തുവന്നിട്ടും കൃഷ്ണദാസിനെ സംരക്ഷിച്ചു മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍. ഷൗക്കത്ത് അലി എന്ന വിദ്യാര്‍ത്ഥിയുടെ പരാതി പോലും പൊലീസ് ആദ്യം അവഗണിക്കുകയായിരുന്നു. പിന്നീട് ഐജിക്കു പരാതി കൊടുത്തപ്പോള്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ആ അറസ്റ്റ് പോലും ഒരു നാടകമായിരുന്നു. കൃഷ്ണകുമാര്‍ റിമാന്‍ഡില്‍ പോകേണ്ടിയിരുന്ന കേസില്‍ അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനു സൗകര്യം ഒരുക്കി കൊടുക്കുകയും മറ്റൊരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ മര്‍ദ്ദനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും; സര്‍ക്കാരിന്റെ നാടകം ആര്‍ക്കും മനസിലാകില്ലെന്നാണോ? മര്‍ദ്ദനക്കേസില്‍ ജാമ്യം കിട്ടുമെന്ന് പൊലീസിനും അറിയാം സര്‍ക്കാരിനും അറിയാം കൃഷ്ണദാസിനും അറിയാം; പക്ഷേ ഇതൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു പിണറായി വിജയന്‍ ധരിക്കരുത്.
രാ: ശക്തമായ പ്രതിഷേധം സര്‍ക്കാരിനെതിരേ കെ എസ് യുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ?
അഭി: തീര്‍ച്ചയായും. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അഴിമതി ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാര്‍ നടത്തുന്ന ദ്രോഹങ്ങള്‍ക്കെതിരേ കെഎസ് യു ഇന്ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ച് അതിന്റെ തുടക്കമാണ്. എല്ലാ ജില്ലകളിലും സമരവും പ്രതിഷേധവും കെ എസ് യു വ്യാപിപ്പിക്കും. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകള്‍ ബോധ്യപ്പെടുത്തും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് ഒരുഭാഗത്തു പറയും മറുഭാഗത്ത് പൊതുവിദ്യാഭ്യാസത്തെ കച്ചവടം ചെയ്യാന്‍ കൂട്ടുനില്‍ക്കും. ഒരു വശത്ത് ജിഷ്ണുവിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ പോകും അതേ സമയത്തു തന്നെ കൃഷ്ണദാസിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും. ഈ ഇരട്ടത്താപ്പ് കെ എസ് യു തുറന്നു കാണിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷകള്‍ പോലും കച്ചവടം ചെയ്യുന്നവരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നീതി പ്രതിക്ഷിച്ചിട്ടു കാര്യമില്ല.
രാ: എബിവിപിയുടെ വളര്‍ച്ച കേരളത്തിലെ കലാലയങ്ങളില്‍ ഉണ്ടായിരിക്കുന്നു. കാമ്പസുകള്‍ കൂടുതലായി വര്‍ഗീയവത്കരിക്കപ്പെടുന്നുണ്ട്. അക്രമ-വര്‍ഗീയ രാഷ്ട്രീയം നേരിടാന്‍ കെഎസ്‌യു സജ്ജമാണോ?
അഭി: കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ അക്രമ ഫാസിസവും എബിവിപിയുടെ വര്‍ഗീയ ഫാസിസവുമാണ് നടക്കുന്നത്. ഈ രണ്ടു സംഘടനകളും ചേര്‍ന്ന് നമ്മുടെ കലാലയങ്ങളെ കലാപഭൂമിയാക്കുകയാണ്. ഈ രണ്ടു ഫാസിസിസ്റ്റ് പ്രവര്‍ത്തനങ്ങളെയും കൃത്യമായി പ്രതിരോധിച്ചുകൊണ്ടുള്ള കര്‍മപരിപാടിയായിരിക്കും കെഎസ്‌യു നേതൃത്വം കൊടുക്കുന്നത്. ഏറ്റവും മികച്ച വിദ്യാര്‍ത്ഥി ജില്ലാ കമ്മിറ്റികളാണു കെഎസ് യുവിനുള്ളത്. ഏപ്രില്‍ മാസത്തില്‍ ജില്ല കമ്മിറ്റികളുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൂടാതെ കെ എസ് യുവിനു മണ്ഡലം കമ്മിറ്റികളും രൂപീകരിക്കാന്‍ തീരുമാനമുണ്ട്. ദേശീയ നേതൃത്വത്തിന്റെ അനുവാദം കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. എങ്ങനെയെല്ലാം എസ് എഫ് ഐ- എബിവിപി സംഘടനകളുടെ അക്രമ-വര്‍ഗീയ രാഷ്ട്രീയങ്ങളെ പ്രതിരോധിക്കാമെന്നുള്ള നിര്‍ദശങ്ങളും കര്‍മപരിപാടികളും എല്ലാവര്‍ക്കും വിശദീകരിച്ചു കൊടുക്കുകയും അതിനായി സജ്ജരാക്കുകയും ചെയ്യും. ജനാധിപത്യത്തിന്റെ പാതയിലൂടെ എബിവിപിയേയും എസ്എഫ് ഐയേയും കെ എസ് യു പ്രതിരോധിക്കും.
എബിവിപിയുടെ വര്‍ഗീയ ഫാസിസം കലാലയത്തില്‍ വേരുപിടിക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാനകാരണം എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയമാണ്. എസ് എഫ് ഐ യുടെ അക്രമം കാമ്പസുകളില്‍ അവസാനിപ്പിച്ചാല്‍ വര്‍ഗീയസംഘടനകളുടെ വളര്‍ച്ച തടയാന്‍ കഴിയും. പക്ഷേ എവിടെയും അടിയും വെട്ടുമായി അവര്‍ മുന്നോട്ടുപോകുമ്പോള്‍ മറ്റു ഫാസിസ്റ്റ് വര്‍ഗീയ സംഘടനകള്‍ക്ക് വളരാനുള്ള സാഹചര്യമൊരുങ്ങുകയാണ്. കേരളത്തിലെ കാമ്പസുകളില്‍ എബിവിപി പോലുള്ള വര്‍ഗീയസംഘടനകള്‍ വളരുന്നുണ്ടെങ്കില്‍ അത് എസ് എഫ് ഐ യുടെ പങ്കുണ്ടെന്നതില്‍ സംശയമില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറീംഗ് കോളേജിലുള്ള വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ യുടെ അക്രമം പ്രതിരോധിക്കാനായി കാമ്പസ് ഫ്രണ്ട് എന്ന വര്‍ഗീയ സംഘടനയിലേക്കു പോയിരിക്കുന്നു. ഒരുകാലത്തും ഉണ്ടായിട്ടില്ലാത്തവിധം വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കപ്പെടുകയാണ്. ഇതു ചെറുക്കാന്‍ എസ് എഫ് ഐ പരാജയപ്പെട്ടു. എന്നാല്‍ ഈകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കെ എസ് യു തയ്യാറല്ല. അതില്‍ ഒരു തര്‍ക്കവുമില്ല.
രാ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുപോലെ എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളില്‍ കെഎസ്‌യുവിന് യൂണിറ്റുകള്‍ ഉണ്ടാകുമോ?
അഭി: എകെജി സെന്ററിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസായിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ്. ഇവിടെ അടിയന്തിരമായി കെഎസ് യുവിന്റെ യൂണിറ്റ് ഇടാനുള്ള നടപടി ഞങ്ങള്‍ സ്വീകരിക്കും. ഇതേപോലെ എസ് എഫ് ഐ അക്രമം നടക്കുന്ന വടകരയിലെ മടപ്പള്ളി കോളേജില്‍ ഒരു മാസം മുമ്പ് കെ എസ് യു യൂണിറ്റ് ഇട്ടിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാഹചര്യം നല്‍കാത്ത എസ്എഫ്‌ഐ നിലപാട് ഇനി നടക്കില്ല.
രാ: സ്വയംവിമര്‍ശനം നടത്തിയാല്‍ മാറ്റങ്ങള്‍ കെ എസ് യു വിലും ഉണ്ടാകേണ്ടതല്ലേ? പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നും അതിന്റെ യുവജന സംഘടനകളില്‍ നിന്നും നേതാക്കള്‍ കൊഴിഞ്ഞുപോകുന്ന സ്ഥിതിയില്‍?
അഭി: കെഎസ് യുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന് ഒരിടത്തും പറയില്ല. ന്യൂനതകള്‍ പലതുണ്ട്.പക്ഷേ ആ ന്യൂനതകള്‍ എന്നും അതേപോലെ നിര്‍ത്താന്‍ ഞങ്ങള്‍ തയ്യാറല്ല. തിരുത്തേണ്ടതു തിരുത്തി തന്നെ മുന്നോട്ടുപോകും. സ്വയം മനസിലാക്കുന്നതും മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതുമായ തെറ്റുകള്‍ തിരുത്താന്‍ യാതൊരു മടിയും ഇല്ല. ജനാധിപത്യത്തില്‍ പൂര്‍ണമായി ഞങ്ങള്‍ വിശ്വസിക്കുന്നു. സംഘടനയ്ക്കുള്ളിലും പുറത്തും ആരോടും ഞങ്ങള്‍ക്ക് അസഹിഷ്ണുതയില്ല. തെറ്റുകള്‍ തിരുത്തിയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും മുന്നോട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥി സംഘടനയാണ് കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍.
കെ എസ് യു എന്നല്ല, ഏതു സംഘടനയിലും ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്കുണ്ട്. കെഎസ്‌യുവിനെ സംബന്ധിച്ച് ആ ഉത്തരവാദിത്വം ഓരോരുത്തരും കൃത്യമായി നിര്‍വഹിക്കേണ്ടതുണ്ട്. ഒന്നുകില്‍ പണിയെടുക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ചുമതല മറ്റൊരാളെ ഏല്‍പ്പിച്ച് ഒഴിഞ്ഞു നില്‍ക്കുക എന്ന സന്ദേശമാണ് കെ എസ് യു നല്‍കുന്നത്.