UPDATES

ട്രെന്‍ഡിങ്ങ്

കുടചൂടിയ പ്രേമം; ഇന്ന് മറൈന്‍ ഡ്രൈവില്‍

ചൂടിയ കുടയ്ക്കുള്ളിലേക്ക് ഒളിഞ്ഞു നോക്കുന്ന മനോരോഗികളെ ചികിത്സിക്കാനാണ് സമരം

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാന്‍ ഇന്ന് ആള്‍ക്കൂട്ടം നിരത്തിലിറങ്ങും. ചുംബിച്ചും, ആലിംഗനം ചെയ്തും, പാട്ടുപാടിയും, കുടചൂടി ഒന്നിച്ചിരുന്നും പ്രതിഷേധിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവര്‍ മറൈന്‍ ഡ്രൈവിലേക്കെത്തിക്കഴിഞ്ഞു. കിസ്സ് ഓഫ് ലവ്, ഊരാളി, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കലാകക്ഷി, പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസം, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകലാസമിതി എന്നീ സംഘങ്ങളാണ് പ്രതിഷേധിക്കാന്‍ എത്തുമെന്ന് പരസ്യമായി അറിയിച്ചിരുന്നത്. പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ ചിലരുടെ പ്രതികരണങ്ങളിലേക്ക്:

‘സംഘാടനമോ നേതൃത്വമോ ഇല്ലാത്ത സമരമാണ്. എത്ര പേരുണ്ടാവുമെന്ന് പറയാനാവില്ലെങ്കിലും ഇന്നലെയുണ്ടായ സംഭവത്തില്‍ അസ്വസ്ഥരായ പലരും ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ളവര്‍ വന്നിട്ടുണ്ട്. ഇനിയും പലരും വരുമെന്ന് അറിയിച്ചിട്ടുണ്ട്. മുമ്പ് നടന്ന ചുംബന സമരത്തില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി അക്രമങ്ങള്‍ക്ക് സാധ്യതയില്ലാത്ത സമരമായിരിക്കും ഇന്ന് ഇവിടെ സംഭവിക്കാന്‍ പോവുന്നത്. നിരവധി സംഘങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിഷേധങ്ങള്‍ അറിയിക്കും’ സമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ലാസര്‍ ഷൈന്‍.

‘ഒന്നിച്ചിരിക്കാനും ഒന്നിച്ച് നടക്കാനും പ്രണയിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഇന്നലെയുണ്ടായ സംഭവം മാത്രമല്ല ഈ സമരത്തില്‍ അണിചേരാന്‍ ഞങ്ങളെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നത്. നാട്ടില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുകയാണ്. അതിന് തടയിടാതെ സദാചാരം പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണ് ഇവിടെയുള്ള ചിലര്‍. ഇതേ കുറേക്കാലമായി നടക്കുന്നു. അഴീക്കലിലെ സംഭവം തന്നെ എത്ര ക്രൂരമായിരുന്നു. ഇത് ഇനിയെങ്കിലും അവസാനിപ്പിക്കണം.’ എറണാകുളം ആര്‍.എല്‍.വി. കോളേജിലെ വിദ്യാര്‍ഥിനിയായ അഞ്ജലി.

‘കുടചൂടാനും കൂടിയിരിക്കാനും പാടിയാടാനും മറൈന്‍ ഡ്രൈവിലേക്കെത്താനാണ് ഊരാളി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന പ്രതികരണങ്ങള്‍ ഞങ്ങളുടെ രീതിയല്ല. പാട്ടുപാടിയും കിളികളുടെ രൂപങ്ങള്‍ ഉണ്ടാക്കിയും മറൈന്‍ ഡ്രൈവിലെ ആള്‍ക്കൂട്ടത്തില്‍ ഞങ്ങളുമുണ്ടാവും. പൊതുജനത്തിന്റെ മനോഭാവമാണ് പോലീസിന്റെയും ശിവസേനയുടേയും നടപടികളില്‍ നിന്ന് മനസ്സിലാവുന്നത്. ആ മനോഭാവം മാറ്റുന്നതിന് വേണ്ടിയാണ് ഈ സമരം. പ്രണയിക്കുകയും, ഇഷ്ടമുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നത് വടിയെടുക്കുന്നതിനേക്കാളും തല്ലിയോടിക്കുന്നതിനേക്കാളും എന്തുകൊണ്ടും നല്ല പ്രവൃത്തിയാണ്. കേരളത്തിലെ സ്‌നേഹികളായ എല്ലാവരും സമരത്തിനെത്തുമെന്നാണ് പ്രതീക്ഷ’ ഊരാളി ബാന്‍ഡ് സംഘാംഗം മാര്‍ട്ടിന്‍.

ചൂടിയ കുടയ്ക്കുള്ളിലേക്ക് ഒളിഞ്ഞു നോക്കുന്ന മനോരോഗികളെ ചികിത്സിക്കാനാണ് സമരം. കുടകള്‍ ചൂടിയാണ് ഞങ്ങള്‍ ഒരു കൂട്ടര്‍ പ്രതിഷേധിക്കുന്നത്. എഴുത്തുകളും ചുംബിക്കുന്ന പെയിന്റിങ്ങുകളും നിറഞ്ഞ കുടകള്‍ നിവര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കാനാണ് കലാകക്ഷി സംഘം മറൈന്‍ഡ്രൈവില്‍ എത്തിയിരിക്കുന്നത്. ആലിഗനം ചെയ്തും ചുംബിച്ചും നില്‍ക്കുന്ന മനുഷ്യരുടെ ജീവിക്കുന്ന ശില്പങ്ങള്‍ എന്ന ആശയവും മനസ്സിലുണ്ട്.’ കലാകക്ഷി സംഘത്തിലെ ജാസ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍