UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി അവര്‍ പറയട്ടെ; കുടുംബശ്രീ റിയാലിറ്റി ഷോയില്‍ റിയാലിറ്റിയുണ്ടോ?

വളരെ യാദൃശ്ചികമായാണ് ഞാന്‍ ദൂരദര്‍ശനിലെ ‘ഇനി ഞങ്ങള്‍ പറയാം’ എന്ന പരിപാടി കാണുന്നത്. ടി വി എന്ന ‘സൌഭാഗ്യം’ ഇല്ലാത്ത ഒരാളായതിനാല്‍ യൂട്യൂബ് ആണ് എന്നെ ലോകത്തിലെ പരിപാടികളുമായി സമ്പര്‍ക്കത്തില്‍ നിര്‍ത്തുന്നത്. അങ്ങനെ ഉള്ള സ്ഥിരം തിരച്ചിലിലാണ് ഈ പരിപാടി കണ്ണില്‍ ഉടക്കുന്നത്. ഇതിനെ കുറിച്ച് അറിയാത്തവര്‍ക്കായി ഒരു ചെറിയ വിവരണം: കേരള കുടുംബശ്രീ മിഷന്‍റെയും പഞ്ചായത്തുകളുടെയും സഹകരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 70 കുടുംബശ്രീകളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയും അതിനെ 5 അംഗ പാനല്‍ വിലയിരുത്തുകയും അതിനു മാര്‍ക്ക്‌ നല്‍കുകയും ചെയ്യുന്ന ഒരു പരിപാടിയാണ് ‘ഇനി ഞങ്ങള്‍ പറയാം’. ഇതൊരു സോഷ്യല്‍ റിയാലിറ്റി ഷോ ആണ്.

ഈ പരിപാടി കാണുമ്പോള്‍ എങ്ങനെയാണ് കുടുംബശ്രീ എന്ന സംരംഭം സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിച്ചത്, എന്താണ് സാമ്പത്തിക സുരക്ഷ ഒരു സ്ത്രീക്ക് നല്‍കുന്നത് എന്ന ചില ചിന്തകളും,  ഈ പരിപാടിയെ കുറിച്ച് എന്‍റെ മനസ്സില്‍ വന്ന ചില വിമര്‍ശനങ്ങളും ആണ് ലേഖനം.

കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം കുടുംബശ്രീകളും, പഞ്ചായത്തുകളും എന്താണ് ചെയ്തത് അല്ലെങ്കില്‍ ഇവയുടെ ഇടപെടല്‍ കേരള സ്ത്രീ സമൂഹത്തിനെ ഏതു രീതിയില്‍ ആണ് സ്വാധീനിച്ചത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ്  ഈ റിയാലിറ്റി ഷോ എന്നതില്‍ സംവിധായകന്‍ ജി സാജന് അഭിമാനിക്കാം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്‌ഷ്യം വച്ച് തുടങ്ങിയ കുടുംബശ്രീ സ്ത്രീ മുന്നേറ്റത്തിന്റെ സകല മേഖലകളിലും കൃത്യമായ കയ്യൊപ്പ് (വളരെ ചെറിയ തോതില്‍ ആണെങ്കില്‍ പോലും) പതിപ്പിച്ചു എന്ന് പറയാതെ വയ്യ.

സ്വന്തമായി സമ്പാദിക്കുന്നത് ഒരു സുഖമാണ് എന്ന് പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അത് ഒരു സുഖത്തിനപ്പുറം ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ചങ്കൂറ്റമാണ് എന്ന്‍ നമുക്ക് ഓരോ കുടുംബശ്രീ പ്രവര്‍ത്തകയുടെയും മുഖത്തുനിന്നു വായിച്ചെടുക്കാം. ഓരോ അനുഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതാണ്‌. വരുമാനം എന്നും സ്ത്രീക്ക് അഭിമാനം ആണ്. വരുമാനമുള്ള സ്ത്രീകളെ അല്പമെങ്കിലും ബഹുമാനത്തോടെ മാത്രമേ കുടുംബത്തിലുള്ളവര്‍ കാണൂ. മധ്യവര്‍ഗ്ഗത്തിന്റെ കാര്യം അല്ല ഞാന്‍ ഇവിടെ പറഞ്ഞത്. മുപ്പതിനായിരം രൂപ മാസം ശമ്പളം കിട്ടിയിട്ടും ദിവസവും യാത്രാകൂലിക്ക് ഭര്‍ത്താവ് കല്‍പ്പിച്ചനുവദിച്ച പതിനഞ്ചു രൂപയുമായി വരുന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഞാന്‍ അറിയുന്നത് എം എക്ക് പഠിക്കുമ്പോള്‍ ആണ്.  ആ സ്ത്രീയേക്കാള്‍ സ്വാതന്ത്ര്യവും, കരുത്തും ദിവസവും മുന്നൂറു രൂപ സമ്പാദിക്കുന്ന ഈ സ്ത്രീകള്‍ക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പലതരം പണികള്‍ ആണ് ഓരോ പഞ്ചായത്തിലെയും സ്ത്രീകള്‍ ചെയ്യുന്നത്. നെല്‍ കൃഷി, പച്ചക്കറി, ആട്,പശു, പോത്ത് വളര്‍ത്തല്‍, ആഹാരസാധനങ്ങള്‍ ഉണ്ടാക്കി വില്‍പ്പന,  എന്നീ സാമ്പ്രദായിക ജോലികള്‍ ആണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. അതിനൊരു മാറ്റം കൊണ്ടുവരാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടില്ല എന്ന ഗൌരവപരമായ ഒരു പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സമൂഹം ചാര്‍ത്തിത്തന്ന എല്ലാ അലങ്കാരങ്ങളും അതെ പോലെ ചുമക്കുന്ന അവസ്ഥ മാറി എന്നൊന്നും അവകാശപ്പെടാന്‍ വയ്യ.   എങ്കിലും, ശിങ്കാരിമേളം ട്രൂപ്, പരമ്പരാഗത നെയ്ത്ത് ജോലികള്‍, ഇരുമ്പ് ആയുധങ്ങള്‍ കൂടത്തില്‍ ചെയ്യുക, ഫുട്ബോള്‍ ടീം ഇങ്ങനെ വ്യത്യസ്ഥ മേഖലകള്‍ കൈകാര്യം ചെയ്യുന്ന കുടുംബശ്രീകളും ഇവയിലുണ്ട് എന്നത് വേറിട്ട അനുഭവമായി തീരുന്നു.

പാനലിലെ ഒരു വ്യക്തി ചോദിച്ചപോലെ, സാമ്പത്തികമായി കുറേകൂടി ലാഭം ലഭിക്കുന്ന മറ്റു ജോലികള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഒരു പ്രവര്‍ത്തക പറഞ്ഞ മറുപടി ഇതാണ്. ” കുടുംബശ്രീയില്‍ ജോലി ചെയ്യുമ്പോള്‍ നമ്മള്‍ ഒറ്റക്കല്ല എന്ന് തോന്നും. നമുക്ക് കാര്യങ്ങള്‍  പങ്കുവയ്ക്കാനും പരിഹാരം തേടാനും ഒരുപാട് വ്യക്തികള്‍ കൂടെയുണ്ട്. അതൊരു ധൈര്യം ആണ്.”  നമ്മുടെ സമൂഹത്തില്‍ ഓരോ വ്യക്തിയും ഒറ്റപ്പെടല്‍ എത്രമാത്രം നേരിടുന്നു എന്നതിന്റെ തെളിവാണിത്. ഒരു പുതിയ കാര്യം ചെയ്യാന്‍ ഒരു പിന്തുണ; ധൈര്യം,നമുക്കിത് പറ്റും എന്ന ഒരു ഉറപ്പ് നമ്മെ എത്രമാത്രം ശക്തരാക്കുന്നു.

അതേപോലെ ഈ പരിപാടിക്കിടെ കേട്ട ഒരു മറുപടി, വാക്കിനെക്കാള്‍ ഏറെ അത് പ്രകടിപ്പിച്ച രീതി ആണ് എന്നെ ആകര്‍ഷിച്ചത്. കൂടുംബശ്രീയില്‍  നെല്‍കൃഷി ചെയ്യുന്ന ഇവര്‍ക്ക് എന്നെങ്കിലും പണി ഉണ്ടായില്ലെങ്കിലോ എന്ന പാനല്‍ ചോദ്യത്തിന് യാതൊരു ശങ്കയും ഇല്ലാതെ “അതില്ലേല്‍ ഞാന്‍ തൊഴിലുറപ്പിന് പോകും” എന്നായിരുന്നു അവരുടെ മറുപടി. ഈ ഉത്തരം പറയാന്‍ ഒരു നിമിഷം പോലും അവര്‍ ആലോചിച്ചില്ല എന്നതാണ് പ്രധാനം. എനിക്ക് ഇതല്ലെങ്കില്‍ ചെയ്യാന്‍ മറ്റൊന്നുണ്ട് എന്ന ഉറപ്പ് സ്ത്രീകള്‍ക്ക് നല്‍കാന്‍ സാധിക്കുക എന്ന വലിയ ഉത്തരവാദിത്വം ആണ് തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ യൂണിറ്റുകളും കേരളത്തില്‍ നിറവേറ്റിയിരിക്കുന്നത്.

തങ്ങള്‍ ഒരു സാദാ ‘വീട്ടമ്മ’യല്ല എന്ന തിരിച്ചറിവും ഇവര്‍ക്കുണ്ട്. ആറു മുതല്‍ പത്തു വര്‍ഷം വരെ മുന്‍പാണ് പലരും കുടുംബശ്രീ അംഗങ്ങള്‍ ആകുന്നത്. അതിനു മുന്‍പ് ഭര്‍ത്താവിനെ ആശ്രയിച്ചു കഴിഞ്ഞ പലരും സാമ്പത്തിക ബാധ്യതകൊണ്ടാണ് ഇത്തരം സംരഭങ്ങളില്‍ വന്നത്. എന്നാല്‍ ഈ കാലയളവില്‍ ലഭിച്ച അവസരങ്ങള്‍ അവരെ പഞ്ചായത്ത്/ബ്ലോക്ക്‌ തല രാഷ്ട്രീയ രംഗങ്ങളിലേക്ക് എത്താന്‍ സാധിക്കുന്ന തരത്തില്‍ പ്രാപ്തരാക്കി. എങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകാന്‍ ഉണ്ട്. 

പക്ഷെ നാം വിമര്‍ശനത്തോടെ സമീപിക്കേണ്ട പലതും ഉണ്ട്. കുടുംബം- കുട്ടികള്‍-വീട്- എന്ന ചക്കിനു ചുറ്റും കറങ്ങുകയല്ലാതെ; അല്ലെങ്കില്‍ ആ കയറിന്റെ നീളം നല്‍കുന്ന സ്വാതന്ത്ര്യം മാത്രം നുകരുന്ന ഒരു സമൂഹം മാത്രമാകാനേ ഇപ്പോഴും സ്ത്രീകള്‍ക്ക് സാധിക്കുന്നുള്ളൂ എന്ന സത്യം നാം കാണാതെ പോകരുത്. 

കുട്ടികളെ പഠിപ്പിക്കാന്‍ അല്ലെങ്കില്‍ സ്ഥിരവരുമാനം ഇല്ലാത്ത/ മരണപ്പെട്ട ഭര്‍ത്താവ് എന്നീ അവസ്ഥകള്‍ ആണ് ഭൂരിപക്ഷത്തെയും ഇതിലേക്ക് എത്തിക്കുന്നത്. ഇതിലെ ഒട്ടുമിക്ക സ്ത്രീകളും ദിവസം 16 മണിക്കൂര്‍ പണിയെടുക്കുന്നവര്‍ ആണ്. എന്നാല്‍ ഇങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം ആവശ്യങ്ങള്‍ക്ക് (സ്വകാര്യ ആവശ്യങ്ങള്‍ക്ക്) ഉപയോഗിക്കുന്നവരുടെ എണ്ണം ഒറ്റ കയ്യില്‍ എണ്ണിതീര്‍ക്കാം. വീട്ടിലെ ദൈനംദിന ചിലവിനും മക്കളുടെ പഠിപ്പിനും ആണ് ഈ തുക മുഴുവന്‍ ചിലവാക്കുന്നത്. അത് ഒരു മോശം കാര്യം ആണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. പക്ഷെ ഇതേ തോതില്‍ ഒരു പുരുഷന്‍ തന്‍റെ സമ്പാദ്യം എങ്ങിനെ  ചിലവഴിക്കുന്നു എന്ന് നോക്കിയാല്‍ മാത്രമാണ് ഇതിലെ അസമത്വം വെളിപ്പെടുക എന്ന് കുറിക്കട്ടെ.

ഒരു കുടുംബത്തിനുള്ളിലും വീട്ടുജോലി സ്ത്രീയുടെ അല്ലാതാകുന്നില്ല. അത് ചെയ്യാത്തവള്‍ കുടുംബത്തിനു ചേര്‍ന്നവള്/നല്ലവള്‍ അല്ല എന്ന മുദ്ര സ്വീകരിക്കാന്‍ ബാധ്യസ്ഥയാണ്. “നീ ഇന്ന് പഞ്ചായത്ത് മീറ്റിങ്ങിനു പോവല്ലേ, ചോറ് ഞാന്‍ വയ്ക്കാം” അല്ലെങ്കില്‍ ഭക്ഷണം പാകം ചെയ്യല്‍ എന്‍റെ ഉത്തരവാദിത്വം ആണ് എന്ന് കരുതുന്ന എത്ര ഭര്‍ത്താക്കന്‍മാര്‍/അച്ഛന്‍/സഹോദരന്‍ നമുക്കുണ്ട്? കുടുംബശ്രീയും ഇത്തരം സാമ്പ്രദായിക ചട്ടകൂട്ടിനകത്തു തന്നെ ആണ് നില്‍ക്കുന്നത്. അതുകൊണ്ടാകണം കുടുംബത്തിനകത്ത്‌ വലിയ ‘പൊട്ടിത്തെറികള്‍’ ഒന്നും ഇല്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ‘അനുവാദം’ ലഭിക്കുന്നത്.

എങ്കിലും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. രാത്രി അല്പം വൈകി വന്നാലും എവടെ നെരങ്ങാന്‍ പോയേക്കായിരുന്നെടീ” എന്ന ചോദ്യം അല്പം മയപ്പെട്ടു “ഇത്തിരീം കൂടി നേരത്തെ വരാന്‍ നോക്കണം” എന്ന ‘നിര്‍ദേശം’ ആയിട്ടുണ്ട്‌ എന്നതു ഒരു ചെറിയ കാര്യം അല്ല.

ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം ആണ്. പരിപാടിയില്‍ പങ്കെടുത്ത പലരും ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ചിലര്‍ വീട്ടിലെ കുറ്റപ്പെടുത്തലുകള്‍ മൂലം, മറ്റുചിലര്‍ സാമ്പത്തിക ബാധ്യത മൂലം, ചിലര്‍ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ മൂലം. നമ്മള്‍ ഭാരതീയര്‍ കുടുംബം, അതിന്റെ കെട്ടുറപ്പ്, ബന്ധങ്ങള്‍ ഇവയില്‍ അതിഭീകരമായി അഭിമാനം കൊള്ളാറുണ്ടല്ലോ എന്നിട്ടും എന്തുകൊണ്ടാകും നമ്മുടെ പ്രശ്നങ്ങളെ, സംഘര്‍ഷങ്ങളെ പരിഹരിക്കാന്‍ ഈ ചട്ടക്കൂടിന് സാധിക്കാതെ പോകുന്നത്? എന്തുകൊണ്ടാണ് ഇവ ചര്‍ച്ചയാകാത്തത്? മാറ്റം ആരില്‍ നിന്ന് എവിടെ നിന്നാണ് തുടങ്ങേണ്ടത്? ഇത്തരം സാമൂഹിക ഇടപെടലും, പ്രവര്‍ത്തനവും ഇല്ലാതിരുന്നാല്‍ നമുക്കിടയില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീ/പുരുഷന്മാര്‍ എത്രമാത്രം വര്‍ദ്ധിച്ചിരിക്കും? കുടുംബം എന്ന സങ്കല്പം പൊളിച്ചെഴുതേണ്ട കാലം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. കൂടുമ്പോള്‍ ഇമ്പം ഇല്ലെങ്കിലും ഇടി ഇല്ലാതാക്കാന്‍ എന്ത് ചെയ്യാനാകും നമുക്ക്? കുടുംബശ്രീക്കും തദ്ദേശീയ ഭരണകൂടത്തിനും അതില്‍ എങ്ങനെ പോസിറ്റീവായി ഇടപെടാന്‍ സാധിക്കും?  ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം.

പരിപാടിയുടെ അവതരണത്തില്‍ കുറച്ചൊക്കെ പ്രശ്നങ്ങള്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. അവതരണ ഗാനം മുതല്‍ ഈ പരമ്പരാഗത മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്നില്ലേ എന്ന്  സംശയിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. വിധികര്‍ത്താക്കളില്‍ ചിലരെങ്കിലും അല്‍പ്പം സാമ്പ്രദായിക മൂല്യങ്ങള്‍ മനസില്‍വച്ചല്ലേ സംസാരിക്കുന്നത് എന്ന വിമര്‍ശം പ്രസക്തമെന്നു കരുതുന്നു. നിങ്ങള്‍ പുറത്തുപോയാല്‍  വീട്ടുജോലി  എങ്ങനെ നടക്കും? അമ്മയോ മകളോ ചെയ്യുമോ? അമ്മായിഅമ്മ-മരുമകള്‍ പ്രശ്നം അനാദികാലം മുതല്‍ ഉള്ള സാര്‍വജനീനമായ പ്രശനം അല്ലെ  എന്നൊക്കെയുള്ള ചില വങ്കന്‍ ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ വളരണം; ഇടകലര്‍ന്നു കളിക്കണം എന്ന്  പറയാനെങ്കിലും സാധിക്കുന്ന ഒരു പാനല്‍ ആണ് ഈ പരിപാടിയില്‍ വിധി നിര്‍ണ്ണയം നടത്തുന്നത്  എന്നത് നിസ്സാരമല്ല. പക്ഷെ മുന്‍ അഡീഷണല്‍  ചീഫ് സെക്രട്ടറി പോലെ ഉള്ളവര്‍ വെറുതെ മിണ്ടാതിരിക്കുന്ന ഒരു റോളില്‍ ആണ് വരുന്നത് എന്നത് അല്പം ഖേദകരമാണ്.

ഓരോ പഞ്ചായത്തിലെയും ബാലസഭാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നാളത്തെ തലമുറ കരുത്തുള്ളവരാകും എന്നൊരു പ്രതീക്ഷ ഉണര്‍ത്തുന്നവരാണ് അവരില്‍ ഓരോരുത്തരും. മുതിന്നവരെക്കള്‍ കാര്യബോധതോടെയും, ഉറച്ച ഭാഷയിലൂടെയും അവര്‍ കാര്യങ്ങളെ അവതരിപ്പിച്ചു. കൂട്ടുകാരി നേരിട്ട ലൈംഗിക ചൂഷണത്തെപോലും  തിരിച്ചറിയാനും, അതിനെതിരെ നടപടി എടുക്കാനും പ്രാപ്തിയുള്ള ഒരു തലമുറയാണ് വളര്‍ന്നു വരുന്നത് എന്നത് ആശ്വാസകരം തന്നെ. ഈ  പെണ്‍കുട്ടികളുടെ കണ്ണുകള്‍ നക്ഷത്രം പോലെ  തിളങ്ങുന്നവായിരുന്നു. ആത്മവിശ്വാസത്തിന്റെയും തന്‍റെടത്തിന്‍റെയും താന്‍ പോരിമയുടെയും തിളക്കം.  ആ തിളക്കം നമുക്കെല്ലാം വഴികാട്ടിയാകട്ടെ.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍