UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ‘ചാരന്‍’ കുല്‍ഭൂഷന്‍ ജാദവിലൂടെ വെളിപ്പെടുന്ന ചാരക്കളിയുടെ വൃത്തികെട്ട അധ്യായം

Avatar

ടീം അഴിമുഖം

അയാള്‍ ബഹുമിടുക്കനായ ഒരു കേഡറ്റോ ആകര്‍ഷകത്വമുള്ള ഒരു വ്യക്തിത്വമോ ആയിരുന്നില്ല. ഏതാണ്ട് ഒരു ദശാബ്ദം മുമ്പാണ് കുല്‍ഭൂഷന്‍ ജാദവ് നാവികസേന വൃത്തങ്ങളില്‍ നിന്നും അപ്രത്യക്ഷനായത്. അതുകൊണ്ടുതന്നെ നാവികസേന ഉദ്യോഗസ്ഥനും റോ (RAW) ചാരനുമായ കമാണ്ടര്‍ ജാദവിനെ പിടികൂടി എന്നു പാകിസ്ഥാന്‍ അധികൃതര്‍ അവകാശപ്പെട്ടപ്പോള്‍ നാവികസേനയില്‍ അയാളെ അറിയുന്ന പലര്‍ക്കും അത്ഭുതമാണുണ്ടായത്.

എന്നാല്‍, ഈയാഴ്ച്ച ആദ്യം പാകിസ്ഥാന്‍ ജാദവിനെ പിടികൂടിയെന്ന് പറഞ്ഞപ്പോഴേ ന്യൂഡല്‍ഹി അത് നിഷേധിച്ചിരുന്നു. ജാദവ് വിരമിച്ച നാവികസേന ഉദ്യോഗസ്ഥനാണെന്നും ഇറാനിലെ ചഭാഹര്‍ തുറമുഖത്ത് സ്വന്തമായി വ്യാപാരം നടത്തുകയാണെന്നും ന്യൂ ഡല്ഹി പറഞ്ഞു. അയാളെ പാക്കിസ്ഥാനിലേക്ക് എങ്ങനെയോ വരുത്തിയതോ തട്ടിക്കൊണ്ടുപോയതോ ആകാമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

സംഭവത്തിലെ സത്യം ഒരിക്കലും അറിയാന്‍ പോകുന്നില്ല. പക്ഷേ അത് ഇന്ത്യ-പാകിസ്ഥാന്‍ ചാരക്കളികള്‍ക്ക് മറ്റൊരു വൃത്തികെട്ട വഴിത്തിരിവുണ്ടാക്കിയിരിക്കുന്നു. തങ്ങളുടെ രാജ്യത്ത്, പ്രത്യേകിച്ചും ബലൂചിസ്ഥാനില്‍, ഇന്ത്യ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ഏറെക്കാലമായി പാകിസ്ഥാന്‍ ആരോപിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ജാദവ് അവരെ സംബന്ധിച്ച്  വലിയൊരു അവസരമാണ്.

മുതിര്‍ന്ന റോ ചാരനെ പിടികൂടിയെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളിയെങ്കിലും ഇന്ത്യന്‍ സുര്‍ക്ഷ സംവിധാനത്തിലെ പലരും കരുതുന്നത് ജാദവിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചെന്ന് പറയുന്ന കൂടുതല്‍ ഞെട്ടിക്കുന്ന അവകാശവാദങ്ങളുമായി ഇസ്ലാമാബാദ് ഇനിയും രംഗത്തെത്തും എന്നാണ്.

ജാദവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പാകിസ്ഥാന്റെ പ്രസ്താവനകള്‍. പ്രധാനമായും മൂന്നു ആഗോള ധാരണകള്‍ സൃഷ്ടിക്കാനായിരിക്കും ശ്രമം-ഒന്ന് പാകിസ്ഥാനില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു, പ്രത്യേകിച്ചും ബലൂചിസ്ഥാനില്‍; രണ്ട്, ഗ്വാദര്‍ തുറമുഖത്ത് ചൈനയെ ലക്ഷ്യം വെച്ചാണ് അയാള്‍ പ്രവര്‍ത്തിച്ചിരുന്നത്; മൂന്ന്, ഇന്ത്യ ഇത്തരം ദൌത്യങ്ങള്‍ക്ക് ഇറാനെ താവളമായി ഉപയോഗിക്കുന്നു.

“നിരവധി ദൃശ്യങ്ങളും അവകാശവാദങ്ങളും, അങ്ങ് മുകളിലേക്ക് നീളുന്നവ വരെ,  പ്രതീക്ഷിക്കാം,” ഇത്ര മുതിര്‍ന്ന ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാന് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ഇതിന്റെ പ്രചാരണ മൂല്യം വളരെ വലുതാണ്.”

അതേസമയം ഇതെല്ലാം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായി പാകിസ്ഥാന്‍ പടച്ചുവിടുന്ന കഥകളാണെന്നും നാവികോദ്യോഗസ്ഥന്റെ കുറ്റസമ്മതദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആഭ്യന്തര സഹമന്ത്രി കിരേന്‍ റിജ്ജു പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും സമാന പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. “വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ അധികൃതര്‍ കെട്ടിച്ചമച്ച ഈ കഥയേയും കുറ്റസമ്മത ദൃശ്യങ്ങളെയും സംബന്ധിച്ചു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും അവരുടെ ഏജന്‍സികളുടെയും ഒരു ആഭ്യന്തര കളിയാണ് എന്നെനിക്ക് തോന്നുന്നു,” എന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകിട്ടും പാകിസ്ഥാന്‍ അവകാശവാദങ്ങളെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. റോയുടെ (RAW) നിര്‍ദേശപ്രകാരം കറാച്ചിയിലും ബലൂചിസ്ഥാനിലും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടുകയായിരുന്നു താനെന്ന് ജാദവ് പറയുന്ന ഒരു ദൃശ്യം പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. താന്‍ ഒരു നാവികസേന ഉദ്യോഗസ്ഥനാണെന്നും 2003 മുതല്‍ ചാരപ്പണി ചെയ്യുന്നതായും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇറാന്‍ തുറമുഖമായ ചബാഹര്‍ ആണ് താവളമെന്നും അയാള്‍ പറയുന്നുണ്ട്.

പ്രശ്നപരിഹാരത്തിന് ന്യൂഡല്‍ഹി അനൌദ്യോഗികമായി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ അതൊന്നും ഉടനടി ഫലം കാണാന്‍ സാധ്യതയില്ല.

ജാദവിനെ ഇറാനിയന്‍ തുറമുഖത്തുനിന്നും തട്ടിക്കൊണ്ടുപോയതോ പാകിസ്ഥാനിലേക്ക് ആകര്‍ഷിച്ചു വരുത്തിയതോ ആകാം എന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ കരുതുന്നു.

അതേസമയം സാധാരണഗതിയില്‍ ചാരപ്പണിക്ക് പാകിസ്ഥാനില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ അതവഗണിക്കുന്ന രീതിക്ക് വിരുദ്ധമായി ജാദവ് മുന്‍ നാവികോദ്യഗസ്ഥനാണെന്നും ഇന്ത്യന്‍ പൌരനാണെന്നും ന്യൂഡല്‍ഹി വളരെ വേഗത്തില്‍ സമ്മതിച്ച കാര്യം മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. “ഇങ്ങനെ പാകിസ്ഥാനില്‍ പിടിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനല്ല ഇയാള്‍. ഇങ്ങനെ ചാരന്മാരെന്ന് പറഞ്ഞു പിടികൂടല്‍ പതിവായുണ്ടാകാറുണ്ട്,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിന് മുമ്പ് പാകിസ്ഥാന്‍ പിടികൂടിയ പലരും  ഇന്ത്യക്കാരാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇത്ര ഉയര്‍ന്ന പദവിയിലുള്ളതെന്ന് കരുതുന്ന ഒരാള്‍ പിടിക്കപ്പെടുന്നത് ഇതാദ്യമാണ്.

പാകിസ്ഥാന്‍ പുറത്തുവിട്ട, ഭീഷണിയും സമ്മര്‍ദവും കൊണ്ട് പറയിപ്പിച്ചതെന്ന് ഇന്ത്യ കരുതുന്ന, ഒരു ദൃശ്യത്തില്‍ ജാദവ് ഇങ്ങനെ പറയുന്നു:

ഞാന്‍ കമാണ്ടര്‍ കുല്‍ഭൂഷന്‍ ജാദവ്, നമ്പര്‍ 41558Z.  ഇന്ത്യന്‍ നാവികസേനയില്‍ ജോലിചെയ്യുന്നു. നാവികസേനയിലെ എഞ്ചിനീയറിംഗ് കേഡറില്‍. ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ഞാന്‍ സ്വീകരിച്ച കള്ളപ്പേര് ഹുസൈന്‍ മുബാറക് പട്ടേല്‍ എന്നാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 1987-ല്‍ ചേര്‍ന്ന ഞാന്‍ 1991-ല്‍ നാവികസേനയില്‍ ചേര്‍ന്ന്. 2001 ഡിസംബറിലെ പാര്‍ലമെന്‍റ് ആക്രമണം വരെ ഞാന്‍ നാവികസേനയില്‍ ജോലിചെയ്തു. അതിനുശേഷമാണ് ഇന്ത്യയിലും പുറത്തും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനുള്ള സേവനം നല്കാന്‍ ഞാന്‍ തുടങ്ങിയത്. 

ഇന്ത്യയില്‍ മുംബൈയിലാണ് ഞാന്‍ താമസിക്കുന്നത്.

ഞാനിപ്പോഴും ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണ്. 2022-ലാണ് കമ്മീഷണ്ട് ഓഫീസറായ ഞാന്‍ വിരമിക്കേണ്ടത്.

2002-ല്‍ 14 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഞാന്‍ 2003-ല്‍ രഹസ്യ ദൌത്യങ്ങള്‍ തുടങ്ങുകയും ഇറാനിലെ ചബാഹറില്‍ ഒരു ചെറിയ കച്ചവടം ആരംഭിക്കുകയും ചെയ്തു. രഹസ്യമായ നിലനില്‍പ്പുണ്ടാക്കാന്‍ എനിക്കു കഴിഞ്ഞതും  2003-2004-ല്‍ കറാച്ചിയിലേക്കുള്ള സന്ദര്‍ശനങ്ങളും ഇന്ത്യയില്‍ RAW-ക്കു വേണ്ടി ചില അടിസ്ഥാന ജോലികള്‍ ചെയ്തുകൊടുത്തിരുന്നതും കണക്കിലെടുത്ത് 2013 അവസാനം RAW എന്നെ ചേര്‍ത്തു. അന്നുമുതല്‍ RAW-യുടെ കീഴില്‍ ബലൂചിസ്ഥാനിലും കറാച്ചിയിലും ഞാന്‍ പല പ്രവര്‍ത്തനങ്ങളും നടത്തിക്കുന്നു.

RAW-യില്‍ ജോയിന്‍റ് സെക്രട്ടറിയായ അനില്‍കുമാര്‍ ഗുപ്തയാണ് എന്റെ മേധാവി. പാകിസ്ഥാനിലുള്ള അയാളുടെ ബന്ധങ്ങളാണ്, പ്രത്യേകിച്ചും ബലൂച് വിദ്യാര്‍ത്ഥി സംഘടന, ഞാന്‍ നോക്കുന്നത്.

ബലൂച് കലാപകാരികളുമായി ചര്‍ച്ച നടത്തുകയും  അവരുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു എന്റെ ലക്ഷ്യം. ഇത് രാജ്യദ്രോഹ സ്വഭാവമുള്ളതും- അതായത് ഭീകരവാദം-പാകിസ്ഥാന്‍ പൌരന്മാരുടെ മരണത്തിനും അപകടങ്ങള്ക്കും ഇടയാക്കുന്നതുമായിരുന്നു.

പാകിസ്ഥാനിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബലൂച് വിമോചന പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളില്‍ RAW-യ്ക്കു ബന്ധമുണ്ടെന്ന് ഈ പ്രക്രിയക്കിടയില്‍ ഞാന്‍ മനസിലാക്കി. ബലൂച് മുന്നേറ്റത്തിന് പല വഴികളിലൂടെ പണം നല്‍കാറുണ്ട്. കുറ്റകൃത്യ സ്വഭാവമുള്ള, ദേശദ്രോഹപരമായ, പാകിസ്ഥാന്‍ പൌരന്മാരുടെ മരണത്തിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ ബലൂച് വിമോചന പ്രവര്‍ത്തകരും RAW ഏജന്റുമാരും നടത്തുന്നത്. ഇതില്‍ മിക്ക പ്രവര്‍ത്തനങ്ങളും നടക്കുന്നതു ഗ്വാദര്‍, പാസ്നി, ജീവാനി തുടങ്ങിയ തുറമുഖങ്ങളിലും തീരദേശത്തുള്ള മറ്റ് കേന്ദ്രങ്ങളിലുമാണ്. ബലൂചിസ്ഥാനിലെ മറ്റ് പല സ്ഥാപനങ്ങളെയും നശിപ്പിച്ചുകൊണ്ടാണിത്.ബലൂച് വിമോചനത്തില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള വിത്ത് പാകാനും പാകിസ്ഥാനില്‍ അസ്ഥിരത വളര്‍ത്താനുമാണിത്.

എന്റെ RAW മേധാവിയുടെ നിര്ദേശങ്ങള്‍ നടപ്പാക്കാന്‍ ഞാനാ ഇറാനിലെ സരാവാന്‍ അതിര്‍ത്തിയിലൂടെ 2016 മാര്‍ച്ച് 3-നു പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവേ പാകിസ്ഥാന്‍ ഭാഗത്തുവെച്ചു പാകിസ്ഥാന്‍ അധികൃതരുടെ പിടിയിലായി.

ബലൂചിസ്ഥാനിലെ BSN അംഗങ്ങളുമായി അവര്‍ നടത്തേണ്ട പല പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയാനും  അവരുടെ സന്ദേശങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് കൈമാറാനുമായിരുന്നു ഈ അതിര്‍ത്തി കടക്കലിന്റെ പ്രധാന ലക്ഷ്യം.

തൊട്ടടുത്ത ഭാവിയിലും, പിന്നീടും അവര്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാന വിഷയങ്ങള്‍. അതാണ് പ്രധാനമായ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. അതായിരുന്നു പാകിസ്ഥാനിലേക്ക് വന്നതിന്റെ പ്രധാന ഉദ്ദേശം.

എന്റെ രഹസ്യ ദൌത്യങ്ങള്‍ വെളിപ്പെട്ടെന്നും ഞാന്‍ പിടിക്കപ്പെട്ടെന്നും മനസിലാക്കിയ ഉടനെ ഞാന്‍ ഒരു ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തി.

ഞാന്‍ ഒരു ഇന്ത്യന്‍ നാവികോദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയതു മുതല്‍ പാകിസ്ഥാന്‍ അധികൃതര്‍ എന്നോടു വളരെ മാന്യമായും ആദരവോടും കൂടിയാണ് പെരുമാറിയത്. ഒരു സൈനികോദ്യോഗസ്ഥന്‍ അര്‍ഹിക്കുന്ന രീതിയിലാണ് അവര്‍ പെരുമാറിയത്.

എന്റെ രഹസ്യദൌത്യം തിരിച്ചറിയപ്പെട്ടു എന്ന് മനസിലാക്കിയ ഉടനെ ഞാനകപ്പെട്ട കുഴപ്പങ്ങള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനും എന്റെ കുടുംബവും എത്തിച്ചേര്‍ന്ന സങ്കീര്‍ണമായ കുഴപ്പങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതരുമായി സഹകരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.

ഞാനിപ്പോള്‍ പറയുന്നതെല്ലാം സത്യമാണ്. സമ്മര്‍ദ്ദത്തിന്റെയോ നിര്‍ബന്ധത്തിന്റെയോ ഫലമായല്ല ഞാനിത് ചെയ്യുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഞാന്‍ കടന്നുപോകുന്ന ഈ പ്രക്രിയയില്‍ നിന്നും പുറത്തുവരാനുള്ള എന്റെ ആഗ്രഹത്തിന്റെ ഫലമായാണ് ഇത് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍