UPDATES

കായികം

ഒരു ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍; സംഗക്കാരയ്ക്ക് ചരിത്രനേട്ടം

അഴിമുഖം പ്രതിനിധി

ഹോബാര്‍ട്ടിലെ ബെല്ലിറൈവ് ഓവല്‍ ഗ്രൗണ്ടില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ബാറ്റുകൊണ്ട് പുതിയൊരു പുതിയൊരു ചരിത്രമെഴുതി. ആദ്യമായി ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ നാലു സെഞ്ച്വറി നേടിയ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് സംഗക്കാര ഇന്ന് സ്‌കോട്‌ലാന്‍ഡിനെ നേടിയ സെഞ്ച്വറിയോടെ സ്വന്തമാക്കിയിരിക്കുന്നത്. 13 ഫോറുകളുടെയും നാലു സിക്‌സുകളുടെയും അകമ്പടിയോടെ 95 പന്തുകളില്‍ നിന്ന് 124 റണ്‍സാണ് ഇന്ന് സംഗ സ്‌കോട്‌ലാന്‍ഡിനെതിരെ നേടിയത്. 86 പന്തുകളിലാണ് സംഗക്കാര ഈ ടൂര്‍ണമെന്റിലെ തന്റെ നാലാം സെഞ്ച്വറി അടിച്ചെടുത്തത്. പാകിസ്താന്റെ സഹീര്‍ അബ്ബാസ്, സയ്യീദ് അന്‍വര്‍, ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സ്, എ ബി ഡിവില്ലിയേഴ്‌സ്, ക്വാന്റണ്‍ ഡി കോക്ക്, ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍ എന്നിവര്‍ നേടിയ മൂന്നു സെഞ്ച്വറികളുടെ കണക്ക് മറികടന്നാണ് സംഗക്കാര ലോകകപ്പിലെ സെഞ്ച്വറികളുടെ എണ്ണത്തിലെ മുമ്പനായത്.

ബംഗ്ലാദേശിനെതിരെയായിരുന്നു ഈ ലോകകപ്പില്‍ സംഗയുടെ ആദ്യ സെഞ്ച്വറി. 73 പന്തില്‍ നിന്നാണ് അന്ന് സെഞ്ച്വറി പിറന്നത്. അടുത്തത് ഇംഗ്ലണ്ടിനെതിരെയായിരുന്നു. ആ സെഞ്ച്വറി പിറന്നതാകട്ടെ 70 പന്തുകളിലും. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് സംഗക്കാര തന്റെ മൂന്നാം സെഞ്ച്വറി നേടിയത്. 100 പന്തുകളില്‍ ആയിരുന്നു ആ സെഞ്ച്വറി. ശ്രീലങ്കയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാനാകാതെ ലങ്കയ്ക്ക് ആ കളിയില്‍ പരാജയം സമ്മതിക്കേണ്ടിവന്നെങ്കിലും സംഗയുടെ സെഞ്ച്വറി പോരാട്ടത്തിന് ഒട്ടും തിളക്കം കുറയുന്നില്ല. ലോകകപ്പില്‍ ഏറ്റവും അധികം സെഞ്ച്വറി നേടിയവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തും സംഗക്കാരയ്ക്കുണ്ട്. ആറു സെഞ്ച്വറിയുമായി ഒന്നാം സ്ഥാനത്ത് സച്ചിനും അഞ്ച് സെഞ്ച്വറിയുമായി റിക്കി പോണ്ടിംഗുമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കരിയറിലെ ഇരുപത്തിയഞ്ചാം സെഞ്ച്വറികൂടിയായിരുന്നു ഇന്ന് സംഗക്കാര നേടിയത്. ശ്രിലങ്കയുടെ ഏക്കാലത്തെയും ഏറ്റവും മികച്ച വിക്കറ്റ്-കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയുടെ അവസാന ലോകകപ്പ് ആണ് ഇത്.

സംഗക്കാരയ്ക്ക് പുറമെ സെഞ്ച്വറി നേടിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെയും തകര്‍പ്പന്‍ അടിയിലൂടെ അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെയും മികവില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ശ്രീലങ്ക 363 റണ്‍സ് നേടി. 99 പന്തുകളില്‍ നിന്ന് ഒരു സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ ദില്‍ഷന്‍ 104 റണ്‍സ് നേടി. സ്‌കോട്‌ലാന്‍ഡിനായി ജെ എച്ച് ഡേവി 3 വിക്കറ്റുകള്‍ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍