UPDATES

കായികം

കുംബ്ലെ മതിയാക്കുന്നു

ക്യാപ്റ്റനും കോച്ചുമായുള്ള പ്രശ്‌നപരിഹരം തീര്‍ക്കാന്‍ ബിസിസിഐയും പരാജയപ്പെട്ടു

ടീം ഇന്ത്യയില്‍ താരങ്ങളും പരിശീലകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അനില്‍ കുംബ്ലെ സമ്മതിക്കുന്നു. പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യം ഇല്ലെന്നും ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസതാരം വ്യക്തമാക്കിയതായും ദേശീയമാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള പിണക്കം രൂക്ഷമാകുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നതിനിടയിലാണു കുംബ്ലെ തന്നെ ഇക്കാര്യം ശരിവയ്ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലുള്ള ടീമില്‍ നിന്നും ഓരോ ദിവസവും പടലപിണക്കത്തിന്റെ വാര്‍ത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. അന്തരീക്ഷം തണുപ്പിക്കാനായി ബിസിസിഐ മൂന്നംഗങ്ങളെ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. താരങ്ങളും കോച്ചുമായി സംസാരിച്ചശേഷം ഇവര്‍ പറഞ്ഞത് മാധ്യമവാര്‍ത്തകള്‍ പലതും ഭാവനാസൃഷ്ടികളായിരുന്നുവെന്നാണ്. ഇതിനു പിന്നാലെ ക്രിക്കറ്റ് ഉപദേശ സമിതി അംഗം കൂടിയായ സൗരവ് ഗാംഗുലിയും ഇന്ന് ഇംഗ്ലണ്ടില്‍ എത്തിയിരുന്നു.കളിക്കാരുടെ അഭിപ്രായം തേടലായിരുന്നു ഗാംഗുലിയുടെ വരവിന്റെ ഉദ്ദേശ്യം.

ചാമ്പ്യന്‍സ് ട്രോഫിയോടെ പരിശീലക സ്ഥാനത്തെ കാലാവധി കഴിയുന്ന കുംബ്ലെയ്ക്ക് കാലാവധി നീട്ടി നല്‍കേണ്ടെന്നതു തന്നെയായിരുന്നു ബിസിസഐയുടെ തീരുമാനം. പുതിയ പരിശീലകനെ തേടി പരസ്യം നല്‍കിയതും അതുകൊണ്ടാണ്. ക്യാപ്റ്റന്‍ കോഹ്‌ലി കുംബ്ലെയുമായി ഒരുതരത്തിലും സമരസപ്പെടാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പരിശീലകനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആവശ്യമായി വരികയാണ്. ബംഗ്ലാദേശുമായുള്ള പരിശീലന മത്സരത്തിനു മുന്നോടിയായി നടന്ന നെറ്റ് പ്രാക്ടീസിനിടയില്‍ കുംബ്ലെയുടെ സാന്നിധ്യം ഇഷ്ടപ്പെടാതെ കോഹ്‌ലി ഇറങ്ങിപ്പോയെന്ന വാര്‍ത്തയും ഇതിനിടയില്‍ വന്നിരുന്നു. ടീമിലെ താരങ്ങളും ക്യാപ്റ്റനൊപ്പമാണെന്നാണു പറയുന്നത്.

ഈ സാഹചര്യങ്ങള്‍ തന്നെയാണ് ഇന്നലെ ബിസിസിഐ ഭരണസമിതിയില്‍ നിന്നും രാജിവച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നതും. താരങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണെന്നും ടീമിന്റെ വിജയത്തിനു പിന്നില്‍ കളിക്കാരുടെ കഴിവു മാത്രമല്ല, പരിശീലകന്റെയും സഹായികളുടെയും പങ്കും ഉണ്ടെന്നും ഗുഹ ചൂണ്ടിക്കാട്ടിയിരുന്നു. കുംബ്ലെയെ പിന്തുണച്ചായിരുന്നു രാമചന്ദ്ര ഗുഹയുടെ പരാമര്‍ശങ്ങള്‍.

കുംബ്ലെ മാറുന്നതോടെ ടീം ഇന്ത്യയുടെ പരിശീലകനായി വരുന്നവരുടെ ലിസ്റ്റില്‍ വിരേന്ദ്ര സേവാഗും ടോം മൂഡിയുമാണ് മുമ്പന്‍മാര്‍. ഇവരില്‍ നിന്നും ടോം മൂഡിക്ക് നറുക്ക് വീഴുമെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍