UPDATES

ട്രെന്‍ഡിങ്ങ്

കോഹ്‌ലി സംസാരിക്കാതായിട്ട് ആറുമാസം, സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഒപ്പം നിന്നില്ല; കുംബ്ലെ പോകുന്നത് അപമാനിതനായി

വിരാടുമായി പ്രശ്‌നങ്ങളെല്ലാം തീര്‍ത്താല്‍ മാത്രം കുംബ്ലെയ്ക്കു കാലവധി നീട്ടി നല്‍കിയാല്‍ മതിയെന്നായിരുന്നു സിഎസി അംഗങ്ങളായ ബിഗ്‌ ത്രീയുടെ നിലപാട്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററും ലോകോത്തര സ്പിന്നറും മുന്‍ ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്തു നിന്നും രാജിവച്ചൊഴിയുന്നത് അപമാനിക്കപ്പെട്ട്. ബിസിസിഐ വൃത്തങ്ങള്‍ തന്നെ ചില ദേശീയമാധ്യമങ്ങളോട് പങ്കുവച്ച വിവരങ്ങളാണ് മഹാനായൊരു കളിക്കാരനോട് ഏതുവിധത്തിലാണ് നിലവിലെ ക്യാപ്റ്റനും കളിക്കാരും പെറുമാറിയതെന്ന് വ്യക്തമാക്കുന്നത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ എതിര്‍പ്പാണ് കുംബ്ലെയുടെ രാജിക്ക് പിന്നിലെ മുഖ്യമായ കാരണമെങ്കിലും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിലെ ബിഗ് ത്രീ എന്നു പെരുമപ്പെടുന്നവരും കുംബ്ലെയുടെ ഉറ്റസുഹൃത്തുക്കളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നവരുമായ സച്ചിനും ഗാംഗുലിയും ലക്ഷ്മണനും ഈയൊരു സാഹചര്യത്തില്‍ കുംബ്ലെയ്ക്ക് ഒപ്പമായിരുന്നില്ല നിന്നതെന്നും ബിസിസിഐയിലെ ഒരു ഉന്നതവ്യക്തി വെളിപ്പെടുത്തുന്നു. കുംബ്ലെ പരിശീലിക സ്ഥാനത്ത് തുടരട്ടെ എന്ന് സിഎസി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണനും നിര്‍ദേശം വച്ചിരുന്നുവെന്നും കുംബ്ലെയെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങിയെന്നുമായിരുന്നു വാര്‍ത്തകള്‍. കുംബ്ലെ വിന്‍ഡീസ് പര്യടനം വരെ തുടരട്ടെ എന്നു അവര്‍ മൂന്നുപേരും നിര്‍ദേശിച്ചിരുന്നു, പക്ഷെ വിരാടുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ കുംബ്ലെ പരിഹരിക്കുന്നെങ്കില്‍ മാത്രം മതി കാലാവധി നീട്ടി നല്‍കല്‍ എന്നൊരു ഡിമാന്‍ഡും അവര്‍ക്കുണ്ടായിരുന്നു. ലണ്ടനില്‍ ടീമിനൊപ്പമുണ്ടായിരുന്ന ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പങ്കുവച്ച കാര്യമാണിത്. പക്ഷേ മാധ്യമവാര്‍ത്തകളില്‍ ബിഗ് ത്രീ കുംബ്ലെയക്ക് മുന്നില്‍വച്ച് ഈ ഡിമാന്‍ഡ് ഉള്‍പ്പെട്ടില്ല. അതായത് നേരായ വഴിയില്‍ കുംബ്ലെയുടെ മുന്നില്‍ ഗ്രീന്‍ സിഗ്നല്‍ തെളിക്കുകയായിരുന്നില്ല അവര്‍ ചെയ്തത്.

വിരാടുമായി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കുംബ്ലെയോട് നിര്‍ദേശിച്ച വിവരം പറയുന്നതിനൊപ്പമാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യവും പുറത്തു വന്നത്. കോച്ച് അനില്‍ കുംബ്ലെയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ആറുമാസമായി ശരിയായി സംസാരിക്കാറുപോലുമില്ലായിരുന്നു. അവര്‍ തമ്മില്‍ മിണ്ടുന്നതുപോലും വളരെ കുറവായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനു പിന്നാലെയായിരുന്നു കോച്ചുമായുള്ള സംസാരം ക്യാപ്റ്റന്‍ ഒഴിവാക്കാന്‍ തുടങ്ങിയതെന്നും ബിസിസിഐ അംഗം പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു മുമ്പായി ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ മൂന്നു മീറ്റിംഗുകള്‍ നടന്നു. ആദ്യം ബിസിസിഐ ഉന്നതര്‍ കുംബ്ലെയുമായി നടത്തിയ മീറ്റിംഗ്. ഇതിനു പിന്നാലെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായി കുംബ്ലെയുടെ മീറ്റിംഗ്(കുംബ്ലെ ഇവരെ കാണുന്നതിനു മുമ്പ് കോഹ്‌ലി കണ്ടിരുന്നു). മൂന്നാമതായി കുംബ്ലെയും വിരാടും തമ്മിലുള്ള മീറ്റിംഗ്. അതായിരുന്നു നിര്‍ണായകമായ മീറ്റിംഗ്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ക്യാപ്റ്റനും കോച്ചും ഇരുന്നെങ്കിലും ഒരു സംസാരവും അവിടെ നടന്നില്ല. ആ മീറ്റിംഗ് പൂര്‍ണ പരാജയമായിരുന്നു.

അവര്‍ തമ്മിലുള്ള സംസാരം നിലച്ചിട്ട് ആറുമാസത്തോളമായിരുന്നു. ഡിസംബറില്‍ ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷമാണ് മിണ്ടാട്ടം ഇല്ലാതായത്. രണ്ടുപേര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആറുമാസത്തോളമായി ശരിയായ രീതിയില്‍ സംസാരംപോലുമില്ല എന്നത് വലിയ ഷോക്കായിരുന്നു. ഫൈനലിനു ശേഷം ഒരിക്കല്‍ കൂടി കുംബ്ലെയും വിരാടും ഒരു മേശയ്ക്കിരുവശവും ഇരുന്നു. ഇനിയത് മുന്നോട്ടു പോകില്ലെന്ന് അവര്‍ ഒരുമിച്ച് തീരുമാനിച്ചു അംഗീകരിക്കുകയും ചെയ്തു; ബിസിസിഐ ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

‘ഞങ്ങള്‍ കുംബ്ലെയോട് പ്രത്യേകമായി, വളരെ വ്യക്തമായി തന്നെ എന്താണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്നു തിരക്കുകയുണ്ടായി. വിരാടുമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു കുംബ്ലെയുടെ മറുപടി” കുംബ്ലെയുടെ രീതികളോട് കോഹ്‌ലിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലേ എന്നു ചോദിക്കുമ്പോഴും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്നത്, ഇതേകാര്യം ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു പ്രശ്‌നവും ഇല്ല എന്നു തന്നെയായിരുന്നു കുംബ്ലെയുടെ മറുപടി എന്നാണ്.

രണ്ടുപേര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവര്‍ തന്നെയാണ് പരിഹരിക്കേണ്ടത്. മൂന്നാമതൊരാള്‍ക്ക് അതിനു കഴിയണമെന്നില്ല. അതിനുവേണ്ടിയാണ് കുംബ്ലെയും കോഹ്‌ലിയും ഒരുമിച്ചിരുന്നത്. പക്ഷേ അവര്‍ തന്നെ പറയുന്നു, പരിഹരിക്കാന്‍ കഴിയാത്തവിധമായിരിക്കുന്നു പ്രശ്‌നങ്ങളെന്ന്; ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

പക്ഷേ ബാര്‍ബഡോസിലേക്ക്(വെസ്റ്റിന്‍ഡീസ്) അനിലിന് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. അനിലിന്റെ ഭാര്യയും ഒപ്പമുണ്ടാകുമെന്നും കേട്ടിരുന്നു. പക്ഷേ എല്ലാം കഴിഞ്ഞെന്നത് അദ്ദേഹത്തിനു മാത്രമറിയാവുന്ന കാര്യമായിരുന്നു; ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്താണ് യഥാര്‍ത്ഥത്തില്‍ കുംബ്ലെയ്ക്കും കോഹ്ലിക്കുമിടയിലെ പ്രശ്‌നം എന്നത് വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്ന മറുപടി; ക്യാപ്റ്റന്‍ എന്ന നിലയില്‍ തനിക്കുള്ള അധികാരമേഖലയിലും അനില്‍ ഇടപെടല്‍ നടത്തുന്നു എന്നു കോഹ്ലിക്കു തോന്നി. അനില്‍ മഹാനായൊരു കളിക്കാരനായിരുന്നു, ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ വിശ്വാസങ്ങളും ആശയങ്ങളും ഉണ്ടാകും. പക്ഷേ അവസാന തീരുമാനം എപ്പോഴും ക്യാപ്റ്റന്റെതായിരിക്കുമല്ലോ…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍