UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

Avatar

അഴിമുഖം പ്രതിനിധി

കോട്ടയം ജില്ലയിലെ കുമ്മനംകാരനായ രാജശേഖരൻ ഹിന്ദു മുന്നണിയുണ്ടാക്കിയാണ് ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1987 നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുമ്മനം രണ്ടാം സ്ഥാനത്ത് എത്തി. കോണ്‍ഗ്രസ് എസുകാരനായ ഇടതു  സ്ഥാനാർഥി കെ.ശങ്കരനാരായണ പിള്ളയാണ് വിജയിച്ചത്. ഐക്യ മുന്നണി ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ ജനവിധി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്സിൽ നിന്നും പുറത്തു പോവുകയും കേരള വികാസ് പാർടി ഉണ്ടാക്കുകയും ചെയ്തു. ഒടുവിൽ ബിജെപി മുന്നണിയിൽ അഭയം തേടി രാഷ്ട്രീയത്തിൽ ശങ്കരനാരായണ പിള്ള അപ്രസക്തനായി മാറിയപ്പോൾ  കുമ്മനം തീവ്ര ഹിന്ദു വക്താവായി  തീർന്നിരുന്നു. നീണ്ട 28 വർഷങ്ങൾക്കു ശേഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് കുമ്മനം മടങ്ങി വരുന്നു.

1979 ൽ വിശ്വഹിന്ദു പരിഷദ് ജില്ല പ്രസിഡന്‍റും 1981 കാലത്ത് സംസ്ഥാന ജോ.സെക്രട്ടറിയും ആയിരുന്ന രാജശേഖരനെ കുമ്മനം രാജശേഖരനായി കേരളം അറിഞ്ഞത് നിലയ്ക്കൽ സമരത്തിലൂടെ ആയിരുന്നു. കേരളത്തെ രണ്ടാക്കി പിളർത്തി ഹിന്ദു -ക്രിസ്ത്യൻ പോരാട്ടത്തിലേക്ക് എത്തിച്ചത് കുമ്മനത്തിന്റെ ഇടപെടൽ ആയിരുന്നു. ഫുഡ് കോർപ്പഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജി വച്ച് ആർ.എസ്.എസ് പ്രചാരകനായി ഇദ്ദേഹം മാറുന്നത് 1987ൽ ആയിരുന്നു.

നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങാതെയുള്ള രാഷ്ട്രീയ കളികളിലായിരുന്നു കുമ്മനത്തിനു എന്നും താല്പര്യം. ഏറ്റെടുക്കുന്ന സമരം വിജയിപ്പിക്കാനുള്ള തന്ത്രം മെനയുന്നതിൽ എന്നും ഒരു പടി മുന്നിലായിരുന്നു. കടുത്ത വർഗീയവാദിയായി പൊതുവെ അറിയപ്പെടുമ്പോഴും രാഷ്ട്രീയ എതിരാളികളോട് ചിരിച്ചു കൊണ്ട് മാത്രമായിരിക്കും കുമ്മനം ഇടപെടുക. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം മാറ്റി നിർത്തിയാൽ കുമ്മനം നയിച്ച എല്ലാ സമരങ്ങളിലും വർഗീയതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും കാർഡുകളാണ്‌ എറിഞ്ഞത്. രണ്ടാം മാറാട് കലാപത്തിൽ കൊലക്കത്തിക്ക് ഇരയായവരുടെ കുടുംബത്തിനു പത്തു ലക്ഷം രൂപ നേടിയെടുക്കുന്നത് വരെയും, മുസ്ലിം കുടുംബങ്ങളെ തുറയിലേക്ക് മാസങ്ങളോളം അടുപ്പിക്കാതെയും സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അപമാനിക്കപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ ഗ്രീൻ സിഗ്നലിനായി അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് കാത്തു നില്ക്കേണ്ടി വന്നു. ശിവഗിരി മഠം സർക്കാർ ഏറ്റെടുത്തപ്പോൾ സമര സഹായ സമിതിയുമായി കുമ്മനം ഓടിയെത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ , എസ്.എൻ.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുമായും അടുപ്പമുണ്ടാക്കി.

ജി സുധാകരനും വി എം സുധീരനും ഒപ്പം ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൽ പങ്കെടുത്ത കുമ്മനം തീവ്ര ഹിന്ദുത്വ വാദി എന്ന ലേബലിൽ നിന്നും പൊതു സ്വീകാര്യതയിലേക്ക് ഉയർന്നു. 1982 മുതൽ സംസ്ഥാനത്തെ ആർഎസ്.എസിന്റെ  നിയന്ത്രണം സേതുമാധവന്റെ കൈകളിലാണ്. ദീർഘ നാൾ പ്രാന്തപ്രചാരകനായി പ്രവർത്തിച്ച ശേഷം ദക്ഷിണ ഭാരതത്തിന്റെ ചുമതലയിലേക്ക് മാറുമ്പോഴും സ്വന്തം ആളുകളെ സംസ്ഥാനത്തിന്റെ ചുമതലയിൽ നിയോഗിച്ചു സേതുമാധവൻ റിമോട്ട്  കണ്‍ട്രോൾ ഭരണം നടത്തിയിരുന്നു. കല്ലിൽ പിളർക്കുന്ന ആജ്ഞയാൽ ബിജെപിയെ വരച്ച വരയിൽ  നിർത്താൻ സേതുവിന് പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. കെ ജി മാരാർക്ക്  ശേഷം ബിജെപിയിൽ മികച്ച സംഘാടകനായി കഴിവ് തെളിയിച്ച പി പി മുകുന്ദനെ രാഷ്ട്രീയ വനവാസത്തിനു അയച്ചതിന് പിന്നിൽ സേതുമാധവൻ -ഓ. രാജാഗോപാൽ കൂട്ടുകെട്ടാണ്. പുതിയ സംസ്ഥാന അധ്യക്ഷനായി പി പി മുകുന്ദനുമായി അടുത്ത ബന്ധം പുലർത്തുന്ന ബാലശങ്കറിന്റെ പേര് ഉയർന്നപ്പോഴാണ് കുമ്മനത്തിന്റെ പേര് പ്രാന്തപ്രചാരക് ശശിധരൻ വഴി  സേതുമാധവൻ ഉയർത്തുന്നത്. 40 വർഷമായി കേരളത്തിൽ നിന്ന് അകന്നു നിൽക്കുന്ന ബാലശങ്കറിനേക്കാൾ നല്ലത് 40 വർഷമായി കേരളത്തിൽ സാന്നിധ്യമുറപ്പിച്ച കുമ്മനം തന്നെയാണ് എന്ന് ദേശീയ നേതൃത്വത്തിനും തോന്നി. സാധാരണ എല്ലാ പാർടികളിലും ആദ്യം ചർച്ച പിന്നീട് തീരുമാനം എന്നാണെങ്കിൽ സംഘ പരിവാറിൽ ആദ്യം തീരുമാനം പിന്നീടു ചർച്ച എന്നതാണ് പതിവ്. അതുകൊണ്ട് ആരും ചോദ്യം ചെയ്യാനും പോയില്ല.  

ആരെയും പിണക്കാൻ ഇഷ്ടപ്പെടാത്ത കുമ്മനം ഉറച്ച തീരുമാനം എടുക്കുന്നതിൽ  സംഘടനയ്ക്കുള്ളിൽ പിന്നിലാണ്. കോടിയേരി ബാലകൃഷ്ണനെ പോലെ ചിരിച്ചു മാത്രം ഇടപെടുന്ന ഇദ്ദേഹം രാഷ്ട്രീയ ചർച്ചകളിൽ തികഞ്ഞ പരാജയവും. ടിവി ചർച്ചയിൽ വി ഡി സതീശന്റെ വാദമുഖങ്ങൾക്ക് മുന്നിൽ തലകുമ്പിട്ടു ഇരിക്കുന്നത് കേരളം കണ്ടതാണ്. ശ്രീധരൻ പിള്ള , സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്‌, വി മുരളിധരൻ എന്നീ അധ്യക്ഷൻമാരെ പോലെ പ്രായോഗിക രാഷ്ട്രീയമല്ല, ശശികല ടീച്ചർ സൂക്ഷിക്കുന്ന കടുംകാവി രാഷ്ട്രീയമാണ് കുമ്മനത്തിന്റെ കൈമുതൽ. ബീഫ് വിഷയം മുതൽ ബിഡിജെഎസുമായുള്ള ബന്ധം വരെ പുതിയ അധ്യക്ഷന് കീറാമുട്ടി ആകും. മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പു തന്നെയാണ് കുമ്മനത്തിന്റെ ആദ്യ അഗ്നിപരീക്ഷ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍