UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം’

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്; സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പഠിക്കണമെന്ന് ഉപദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍ പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്നു വിളിക്കുന്നത് വര്‍ഗ്ഗീയമാണെന്ന പിണറായിയുടെ പ്രസ്താവന ചരിത്രബോധമില്ലായ്മയില്‍ നിന്നുണ്ടായതാണെന്നും ചരിത്രമറിയില്ലെങ്കില്‍ സ്വാതന്ത്ര്യസമര ചരിത്രമെങ്കിലും പിണറായി പഠിക്കണം എന്നും ഫേസ്ബുക് പോസ്റ്റിലൂടെ കുമ്മനം ആവശ്യപ്പെടുന്നു. പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് കുമ്മനത്തിന്‍റെ പോസ്റ്റ്. കാറല്‍ മാക്സ് ഭാരതത്തെ പറ്റി പറയുമ്പോഴും എഴുതുമ്പോഴും ഹിന്ദുസ്ഥാന്‍ എന്ന വാക്ക് സമൃദ്ധമായി ഉപയോഗിച്ചിരുന്നെന്നും കമ്മ്യൂണിസ്റ്റ് നേതാവായ എസ് എ ഡാങ്കേ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മാർക്സിസ്റ്റ് കൂട്ടായ്മയുടെ പേര് ‘ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ’ എന്നായിരുന്നു എന്ന് പിണറായിക്ക് അറിയുമോ? എന്നും കുമ്മനം ചോദിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ എതിര്‍ക്കാന്‍ ഹിന്ദു ഫൌജ് എന്ന സംഘടന രൂപീകരിച്ച നേതാജിയും സാരേ ജാഹാൻ സേ അച്ഛാ ഹിന്ദു സിതാ ഹമാരാ എന്ന് ഉറുദുവിൽ പാടിയത് മുഹമ്മദ് ഇക്ബാലും ഒക്കെ വര്‍ഗ്ഗീയ വാദികളായിരുന്നോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. വിജയന്‍ എന്നത് അര്‍ജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ കൃഷ്ണ സ്മരണയാണ് പെട്ടെന്നു ഉണ്ടാകുന്നതെന്നും അത് കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിജയന് അവഹേളനമാണെന്നും അതുകൊണ്ട് പിണറായി വിജയന്‍ സ്വന്തം പേര് മാറ്റണം എന്നും കുമ്മനം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ ചരിത്രബോധമില്ലായ്മയിൽ നിന്ന് ഉണ്ടായതാണ്. ഭാരതത്തിന്‍റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാൻ ശ്രമിക്കണം. കാറൽ മാർക്സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാൻ എന്നാണ്. അദ്ദേഹം രചിച്ച The Historic View of United India എന്ന ഗ്രന്ഥത്തിന്‍റെ ഉറുദു പരിഭാഷക്കുള്ള പേര് ‘ഹിന്ദുസ്ഥാൻ കാ തരീക്കി കാഖാ’ എന്നാണ്. ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവായ എസ് എ ഡാങ്കേ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മാർക്സിസ്റ്റ് കൂട്ടായ്മയുടെ പേര് ‘ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ’ എന്നായിരുന്നു എന്ന് പിണറായിക്ക് അറിയുമോ? കാക്കോരി ഗൂഡാലോചന കേസിൽ പ്രതികളാകുമ്പോൾ അഷ്ഫക്കുള്ളാ ഖാനും രാമപ്രസാദ് ബിസ്മില്ലും ചന്ദ്രശേഖർ ആസാദും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു എന്ന് അറിയുമോ? ഈ സംഘടന പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന് പേരു മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ എതിർക്കാൻ നേതാജി രൂപീകരിച്ച സംഘടനയുടെ പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു എന്നെങ്കിലും പിണറായിക്ക് അറിവുണ്ടാകും.

സാരേ ജാഹാൻ സേ അച്ഛാ ഹിന്ദുസിതാ ഹമാരാ എന്ന് ഉറുദുവിൽ പാടിയത് മുഹമ്മദ് ഇക്ബാൽ ആയിരുന്നു. ഇവരൊക്കെ വർഗ്ഗീയവാദികളായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് പിണറായി ഈ വിഷം ചീറ്റുന്നത്?

ഹിന്ദുസ്ഥാൻ എന്ന പേരു പോലും വർഗ്ഗീയമാണെന്ന പിണറായിയുടെ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണ്. ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ഹൃദയത്തുടിപ്പായി ഏറ്റുവാങ്ങി മാതൃഭൂമിക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ അവഹേളിച്ച പിണറായി മാപ്പ് പറയണം. ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്‍റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോ? രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള കെൽപ്പ് സ്വന്തം പാർട്ടിക്ക് ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍