UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനം പിടിമുറുക്കുന്നു; ടി ജി മോഹൻദാസ് ബിജെപി ബുദ്ധിജീവി സെൽ കൺവീനർ

അഴിമുഖം പ്രതിനിധി 

ഭാരതീയജനതാ പാർട്ടിയിലെ ബുദ്ധിജീവി സെൽ കൺവീനറായി ടി ജി മോഹൻദാസിനെ നിയോഗിച്ചു.പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിയമിച്ച 12 വിവിധ സെല്ലുകളിൽ ഒന്നാണ് ബുദ്ധിജീവി കൂട്ടായ്മ. ആർ എസ് എസ് നോമിനിയായിട്ടാണ് മോഹൻദാസ് എത്തുന്നത്. ബിജെപിയിൽ മോഹൻദാസിന് ഇതുവരെ ചുമതലകളൊന്നുമില്ല. എന്നാൽ ബിജെപി യുടെവക്താവ് എന്ന രീതിയിൽ ടി.വിയിൽ ചർച്ചകൾക്കെത്തുന്ന മോഹൻദാസ് കടുത്ത വർഗീയപരാമർശം നടത്തുന്നത് സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. ഗുജറാത്തിൽ ഗോസംരക്ഷണ സേന ദളിതരെ മർദ്ദിച്ചപ്പോൾ കേവലം ചന്തിക്കടിയായി മോഹൻദാസ് സംസാരിച്ചതിനെതിരെയും പ്രതിഷേധം രൂക്ഷമായിരുന്നു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മോഹൻദാസ് സംഘപരിവാർ നിയന്ത്രണത്തിലുള്ള അയോധ്യ പ്രിന്റേഴ്സ്റ്റിന്റെ മാനേജർ കൂടി ആയിരുന്നു. കേസരിയിൽ പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തിന്റെ പേരിൽ പിന്നീട് എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തു. സിപിഎമ്മുമായി ആർ എസ് എസ് അടുപ്പം പുലർത്തണം എന്നതായിരുന്നു ലേഖനത്തിന്റെ കാതൽ. ഏറെ നാളായി ആർ എസ്‌ എസിൽനിന്നും അകന്നു കഴിഞ്ഞ മോഹൻദാസിനു കുമ്മനത്തിന്റെ വരവോടെയാണ് തിരിച്ചുവരവിനു കളമൊരുങ്ങിയത്.

മുരളീധര-കൃഷ്ണദാസ് പക്ഷ നേതാക്കളെ വെട്ടിനിരത്തുന്നു എന്ന പരാതിക്കിടയിലാണ് 12 സെല്ലുകൾ രൂപീകരിച്ചു ഇഷ്ടക്കാരെ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്താൻ കുമ്മനം നീക്കം നടത്തുന്നത് എന്നാണു വിവരം. മോഹൻദാസിന്റെ നിയമനത്തോടെ ചർച്ചയിൽ അടക്കം പങ്കെടുക്കുന്ന ബിജെപിനേതാക്കളുടെ മേൽ നിയന്ത്രണം കൊണ്ടുവരണമെന്നും കുമ്മനം കരുതുന്നു. നിലവിൽ ഒ. രാജഗോപാൽ അടക്കമുള്ള നേതാക്കൾ ഇത്തരം കാര്യങ്ങളിൽ. സ്വന്തമായി തീരുമാനമെടുക്കുകയാണ് പതിവ്. അതിന്റെ ഉദാഹരണമായിരുന്നു സ്പീക്കർ തെരെഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി  ശ്രീരാമകൃഷ്ണനു രാജഗോപാൽ വോട്ട് ചെയ്തത്. അതാകട്ടെ ചാനലിലൂടെയാണ് കുമ്മനം അറിഞ്ഞത്. 

സംഘടനയെ പൂർണമായും കുമ്മനം കൈപ്പിടിയിൽ ഒതുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സെല്ലുകളുടെ നിയമനമെന്നാണ് മറുഭാഗത്തിന്റെ വാദം. അതേസമയം തങ്ങളെ ഒതുക്കുന്നതായി പരാതി ഉണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം ദേശീയ നേതൃത്വത്തിനോട് പരാതി പറയാൻ പോലും സംസ്ഥാന ബിജെപിയിലെ മുൻനിര നേതാക്കൾക്ക് കഴിയുന്നില്ല എന്ന വസ്‌തുതയും നിലനിൽക്കുന്നുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍