UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി എന്ന സൂത്രശാലിയായ ഒറ്റുകാരന്‍

Avatar

കെ എ ആന്റണി

വെള്ളാപ്പള്ളി നടേശന്‍ജിയും കുമ്മനം രാജശേഖരന്‍ജിയും ചേര്‍ന്ന് പാപ്പി അപ്പച്ചാ കളിക്കുകയാണെന്ന് വേണം ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ കരുതാന്‍. പാപ്പി അപ്പച്ചാ എന്ന സിനിമയിലെ പോലെ തന്നെ രണ്ടു പേരും തുടക്കത്തില്‍ ഒരുമിച്ചും ഇടയ്‌ക്കൊന്ന് ഇടഞ്ഞും പിന്നീട് വിജയം കൊയ്‌തെടുക്കുന്ന തട്ടുപ്പൊളിപ്പന്‍ സ്റ്റൈലില്‍ തന്നെയാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. വെള്ളാപ്പള്ളിയുടെ മാറിയും മറിഞ്ഞും പറഞ്ഞുള്ള വാക്കുകള്‍ക്ക് അര്‍ത്ഥമേറെയാണ്. അതാവട്ടെ കേരളത്തില്‍ ഒരു മാറ്റത്തിനുവേണ്ടിയുള്ള ബിജെപിയും വെള്ളാപ്പള്ളിയും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായി വേണം കാണാന്‍.

ചിലരെങ്കിലും വെള്ളാപ്പള്ളിയുടെ ലേറ്റസ്റ്റ് തമാശ കേട്ട് ഇയാള്‍ക്ക് പ്രാന്തിളകിയോ എന്ന് സംശയിക്കുന്നുണ്ടാകും. ബിഡിജെഎസ് എന്ന ഒരു പാര്‍ട്ടിയെ ഗര്‍ഭം ധരിക്കുകയായിരുന്നില്ല ദിവ്യ ഗര്‍ഭം ധരിക്കുകയായിരുന്നു വെള്ളാപ്പള്ളിയെന്ന് അറിയുന്നവര്‍ക്ക് അറിയാം ഈ പാപ്പി അപ്പച്ചന്‍ കളിയിലെ അത്യന്തം കുടിലമായ ചില ചടുല നീക്കങ്ങള്‍. അമിത് ഷായും മോദിയും ചേര്‍ന്നൊരുക്കിയ ഒരു തിരക്കഥയില്‍ നിന്നാണ് ആ പാര്‍ട്ടിയുടെ പിറവിയും.

ചിലരൊക്കെ വെള്ളാപ്പള്ളിയെ വിലകുറച്ചു കാണുന്നുണ്ട്. കൊച്ചു കൊച്ചു തമാശകളുടെ ഉടയതമ്പുരാനായിട്ടാണ് വെള്ളാപ്പള്ളിയെ കാണുന്നത്. പക്ഷേ, ഇന്ന് വെള്ളാപ്പള്ളി ഒരു ജാതി സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആള്‍ മാത്രമല്ല. ഒരു പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ്. ഇതിന് ഊര്‍ജ്ജം നല്‍കിയത് ആകട്ടെ ബിജെപിയും ആര്‍ എസ് എസും. അപ്പോള്‍ പിന്നെ വെള്ളാപ്പള്ളിയുടെ ഏറ്റവും പുതിയ പ്രസ്താവനകളെ അത്ര ലളിത ചിന്തകള്‍ക്ക് വിടുന്നത് ഒരിക്കലും രാഷ്ട്രീയപരമായോ സാമൂഹ്യപരമായോ യുക്തി ചിന്തയ്ക്ക് ഉതകുന്നതല്ല എന്നുവേണം കരുതാന്‍.

ഇക്കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞതുകേട്ട് ഒരുപാടു പേര്‍ ചിരിച്ചിട്ടുണ്ടാകും. രാഷ്ട്രീയം ആദര്‍ശപരമല്ലെന്നും അവസരവാദപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാണെന്ന് അറിയുന്ന മുഴുവന്‍ രാഷ്ട്രീയക്കാരും അവര്‍ക്കൊപ്പം അണികളും നമ്മളുമൊക്കെ ചിരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത്തരമൊരു പ്രസ്താവനയുടെ പിന്നാമ്പുറത്തെ യുക്തിയിലേക്ക് പോയാല്‍ അതില്‍ കുടികൊള്ളുന്ന തന്ത്രങ്ങള്‍ വ്യക്തമാകും.


വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അച്ഛന്‍ പറഞ്ഞത് മുഴുവന്‍ ശരിയല്ലെന്ന് പറയുന്നതിലും ഉണ്ട് ഒരു കൂട്ടുകച്ചവടത്തിന്റെ കൃത്യമായ ധ്വനി. ഒടുവില്‍ പാപ്പിയും അപ്പച്ചനും ചേര്‍ന്ന് വോട്ടര്‍മാരെ മുഴുവന്‍ പറ്റിച്ചു കളയാമെന്ന ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമായേ ഇതിനെ കാണാന്‍ ആകൂ.

ഇതാ പഴയ കാലമല്ല. നമ്മള്‍ മലയാളികള്‍ തമാശ പ്രിയരായിരുന്നു. ശ്രീനിവാസന്റേയും ജഗതിയുടേയും ഇന്നച്ചന്റേയും ഏറ്റവും ഒടുവിലായി സുരാജ് വെഞ്ഞാറമൂടിന്റേയും മാത്രമല്ല സകലമാന പുതുമുഖ കോമേഡിയന്‍മാരുടേയും തമാശകള്‍ കേട്ട് ചിരിച്ചു പോകാത്തവര്‍ ആരുണ്ട്. ഗൗരവം സദാ സൂക്ഷിക്കുന്ന പിണറായി സഖാവ് മുതല്‍ ഇടിച്ചു നിരത്തല്‍ വീരന്‍ എന്ന് കുപ്രസിദ്ധി നേടിയ വി എസ് സഖാവ് വരെ ഇത്തരം തമാശക്കാരുടെ മുന്നില്‍ തോറ്റ് തൊപ്പിയിട്ടുണ്ട്. ഇഎംഎസ് ഏതൊക്കെ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അതിനെ കുറിച്ച് ആരും എഴുതി കണ്ടിട്ടുമില്ല. കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ചാര്‍ളി ചാപ്ലിനെയെങ്കിലും മനസ്സാ നമിച്ചിട്ടുണ്ടാകണം. എകെജി ഫലിതപ്രിയനായിരുന്നുവെന്ന് കേട്ടറിവുണ്ട്. അദ്ദേഹം ഒരു പക്ഷേ സിനിമയില്‍ അടൂര്‍ഭാസിയുടേയും ബഹദൂറിന്റേയും ഒക്കെ ഫലിതങ്ങള്‍ ആസ്വദിച്ചിരിക്കാം.

ഇത്രയൊക്കെ പറഞ്ഞത് കഷായ കുടിച്ച പോലത്തെ മുഖമുള്ള വി എം സുധീരനും പിണറായി വിജയനും ഒക്കെ വെള്ളാപ്പള്ളിയെ വെറുമൊരു കൊമേഡിയനായി കാണുകയും ഇടയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ്. കാര്യങ്ങള്‍ വളരെ ലളിതമാണ്. അത് ഇന്നലെ തന്നെ കുമ്മനം വ്യക്തമാക്കി കഴിഞ്ഞു. ബിഡിജെഎസുമായി ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. ശേഷം ഭാഗം സ്‌ക്രീനില്‍ കണ്ടുകൊള്ളൂ എന്ന് പറഞ്ഞതില്‍ തന്നെയുണ്ട് ഒരു രാഷ്ട്രീയ പുതുനീക്കത്തിന്റെ ധ്വനികള്‍.

ഒരു പക്ഷേ, ഒന്നോ രണ്ടോ സീറ്റുകള്‍ കേരളത്തില്‍ ബിജെപി നേടിയേക്കാമെന്ന സീതാറാം യെച്യൂരിയുടെ വിലയിരുത്തല്‍ മാത്രമല്ല ഈ പാപ്പി അപ്പച്ചന്‍ കളിക്ക് ഉത്തേജകമാകുന്നത്. കാളകളിച്ച് സിപിഐഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും പറ്റുമെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും സഹായം തേടാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി തന്നെ വേണം ഇതിനെ വിലയിരുത്താന്‍.

വിഎസിനോട് ഏതിരിട്ട് നില്‍ക്കുന്ന വെള്ളാപ്പള്ളി തുടക്കം മുതലേ പിണറായി വിജയനെ പ്രകീര്‍ത്തിച്ചിരുന്നു. ഒടുവില്‍ ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലയ്ക്കു മുകളിലും പുഷ്പവൃഷ്ടി നടത്തുകയാണ്. ഒരു അയ്യോ പാവം കള്ളുകച്ചവടക്കാരന്റെ റോളിലേക്ക് ബിജെപി തന്നെ മുന്‍കൈയെടുത്ത് വെള്ളാപ്പള്ളിയെ ഇറക്കി വിട്ടിരിക്കുകയാണ്. തോറ്റുപോയൊരു കള്ളു കച്ചവടക്കാരനാണേ ഞാന്‍ എന്ന് പറയുന്നതിന് പകരം ഞാനൊരു പാവം ബിഡിജെഎസ് നേതാവ്. അബദ്ധങ്ങള്‍ പൊറുക്കണമേയെന്ന് ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും മാത്രമല്ല കോണ്‍ഗ്രസിനോടു പോലും ഏറ്റുപറയുന്ന ഈ കോമേഡിയന്‍ ചില്ലറക്കാരനല്ല. യഥാര്‍ത്ഥ രാഷ്ട്രീയ നാടകത്തിന്റെ യവനികയ്ക്ക് പിന്നില്‍ നിന്ന് കളിക്കുന്ന ഒരു സൂത്രശാലിയായ ഒറ്റുകാരന്റെ മുഖം കൂടിയുണ്ട് ഇപ്പോള്‍ വെള്ളാപ്പള്ളിക്ക്.

എ എ ഷുക്കൂര്‍ മുതല്‍ പലരും വെള്ളാപ്പള്ളിയെ എടുക്കാത്ത നോട്ട് എന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ എടുക്കുന്ന നോട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുക്കാന്‍ ആകുമോ എന്ന തന്ത്രത്തിന്റെ ഭാഗം തന്നെയാണ് ഈ പാപ്പി അപ്പച്ചാ കളിയെന്ന് വേണം കരുതാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍