നരേന്ദ്ര മോദിയെ കമല്‍ നരഭോജി എന്ന് വിളിച്ചത് മോദി ഭക്തരെ ഓര്‍മ്മിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ് കുമ്മനം
ബിജെപിയും സംഘപരിവാറും തുടര്‍ച്ചയായി എംടി വാസുദേവന്‍ നായരെയും കമലിനെയും ആക്രമിക്കുന്നതിനിടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ ബിജെപി നേതാക്കളായ സി കെ പത്മനാഭനെയും എം എസ് കുമാറിനെയും തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കമലിനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
‘നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും നടന്‍ ഭരത് സുരേഷ് ഗോപിയെയും ശ്രീ കമല്‍ അവഹേളിച്ചത് ഇങ്ങനെയാണ്’ എന്ന കുറിപ്പിനൊപ്പം കമലിന്റെ പ്രസംഗത്തിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ഇടതുപക്ഷം നടത്തിയ ഒരു ചടങ്ങിലെ കമലിന്റെ പ്രസംഗമാണ് വീഡിയോയില്‍ ഉള്ളത്. ഈ പ്രസംഗത്തിലാണ് കമല്‍ നരേന്ദ്ര മോദിയെ നരഭോജിയെന്ന് വിളിക്കുന്നത്. കൂടാതെ നരേന്ദ്ര മോദിയുടെ അടിമയായി നിന്ന് സുരേഷ് ഗോപി രാജ്യസഭാംഗത്വം നേടിയെടുക്കുകയായിരുന്നെന്നും കമല്‍ ആരോപിക്കുന്നുണ്ട്.
ഈ പ്രസംഗത്തിന്റെ പേരിലാണ് സംഘപരിവാര്‍ കമലിനെതിരെ തിരിഞ്ഞത്. പിന്നീട് തുടര്‍ച്ചയായ ഭീഷണികളും കമലിന് നേരെ ഉയര്‍ത്തുകയും കമലിന്റെ കമാലുദ്ദീന്‍ എന്ന യഥാര്‍ത്ഥ പേര് ഉയര്‍ത്തിക്കാട്ടി പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനിടെ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ കമലിനോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ടതും വിവാദമായി. അതേസമയം ഈ പ്രസ്താവനയ്‌ക്കെതിരെ ആദ്യം സി കെ പത്മനാഭനും പിന്നീട് ബിജെപി വക്താവ് എം എസ് കുമാറും രംഗത്തെത്തി. കമലിനോട് രാജ്യം വിട്ട് പോകാന്‍ പറയേണ്ട കാര്യമില്ലെന്നാണ് ഇരുവരും പറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കമലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിക്കുകയാണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഈ സമയത്താണ് ഇന്ന് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. കമലിനെതിരെ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല എന്നതിന് തെളിവാണ് ഈ പോസ്റ്റ്. കൂടാതെ നരേന്ദ്ര മോദിയെ കമല്‍ നരഭോജി എന്ന് വിളിച്ചത് മോദി ഭക്തരെ ഓര്‍മ്മിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തങ്ങളുടെ തീരുമാനം എന്നും കുമ്മനം ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.