UPDATES

സിനിമ

വി ഡി രാജപ്പനും ഒരു സ്റ്റാര്‍ ആയിരുന്നു; സൂപ്പര്‍ സ്റ്റാര്‍

Avatar

പ്രസിദ്ധ കലാകാരന്‍ വി.ഡി രാജപ്പനെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനത്തെ (ചിരിപ്പിച്ച് ചിരിപ്പിച്ച് തളര്‍ന്നുപോയ വി ഡി രാജപ്പന്റെ ജീവിതം; ഇന്ന് പാരഡിയല്ലതുടര്‍ന്ന്‍ അദ്ദേഹത്തിന് ആശ്വാസവും സഹായവുമൊക്കെയായി നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്; രാജപ്പന്റെ അടുത്ത സുഹൃത്തു കൂടിയായ കുഞ്ചന്‍ സംസാരിക്കുന്നു; വി.ഡി രാജപ്പന്‍ എന്ന ഒരു കാലത്തെ സൂപ്പര്‍ സ്റ്റാറിനെ കുറിച്ച്; ഒപ്പം സിനിമ മേഖലയെ കുറിച്ചും. 

 

സിനിമയിലുള്ളതിനെക്കാള്‍ അപ്രതീക്ഷിത രംഗങ്ങളായിരിക്കും ഒരു സിനിമാ നടന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുവരെ സഞ്ചരിച്ച ഉയരങ്ങളില്‍ നിന്ന് പെട്ടെന്നൊരു വീഴ്ച്ചയായിരിക്കും. സ്വന്തം വീട്ടുകാരല്ലാതെ പിന്നെ അവന്റെ ജീവിതത്തില്‍ ഒപ്പം നടന്ന് പുകഴ്ത്തിയവരോ ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചവരോ ആരും തന്നെ കാണില്ല. കുറച്ച് കഴിയുമ്പോള്‍ വീട്ടുകാര്‍ക്ക് പോലും ഒരു ഭാരമാകും. എത്രയോപേര്‍ ഇതുപോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരായുണ്ട്. നാളെകളെ കുറിച്ച് ഓര്‍ക്കാതെ ജീവിതം ആഘോഷിക്കുന്ന കലാകാരന്റെ ദുര്‍വിധിയാണത്. 

വളരെ ദുഖത്തോടുകൂടി മാത്രമെ എനിക്ക് ഇതുപോലുള്ള കലാകാരന്മാരെ കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. പലരും പറയും അവനവന്റെ കൈയിലിരിപ്പുകൊണ്ട് സംഭവിച്ചതല്ലേ എന്ന്. തെറ്റ് ചെയ്യാത്തവരായി ഏതു മനുഷ്യനാണുള്ളത്? ഞാനും നിങ്ങളുമൊന്നും തെറ്റ് ചെയ്തിട്ടില്ലേ? ഒരാളുടെ വീഴ്ച്ചയില്‍ അയാള്‍ക്ക് സംഭവിച്ച തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയല്ല, പകരം അയാള്‍ക്ക് നേരിടേണ്ടി വന്ന വിധിയില്‍ നമ്മളെക്കൊണ്ടാകുന്നതുപോലെ ആശ്വസിപ്പിക്കുകയാണ് വേണ്ടത്. എന്റയോ നിങ്ങളുടെയോ നാളത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ലല്ലോ!

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ തോന്നിയത് വി ഡി രാജപ്പനെ കുറിച്ച് ഓര്‍ത്തപ്പോഴാണ്. അനുഗ്രഹീതനായൊരു കലാകാരന്‍, പകരം വയ്ക്കാനില്ലാത്ത ആ പ്രതിഭയുടെ ഇന്നത്തെ അവസ്ഥ എന്നെ വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്. എത്രയോ സ്‌റ്റേജുകള്‍ ബാക്കിവച്ചിട്ടാണ് രാജപ്പന്‍ കിടന്നുപോയത്. അറുപതോ അറുപത്തിമൂന്നോ വയസേ രാജപ്പനായിട്ടുള്ളൂ, പക്ഷെ വിധി അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞു. ആരും നോക്കാനില്ലാതെ, നരകിച്ചു ജീവിക്കുന്നവരെപ്പോലെയല്ല രാജപ്പന്റെ കാര്യമെന്നതില്‍ അതിയായ സന്തോഷമുണ്ട്. ഭാര്യയും മക്കളും അദ്ദേഹത്തെ നല്ലപോലെ സംരക്ഷിക്കുന്നുണ്ട്. അതവരുടെ കടമയാണ്. ഇതേപോലൊരു കടമ നമുക്കെല്ലാവര്‍ക്കുമുണ്ട്.

മിമിക്രിയിലൂടെയും പാരഡിഗാനങ്ങളിലൂടെയുമെല്ലാം നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് വി ഡി രാജപ്പന്‍. തന്റെതായൊരു ഹാസ്യശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലും രാജപ്പന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. അങ്ങനെയുള്ളൊരു കലാകാരനെ, അയാളുടെ മോശം ജീവിതാവസ്ഥയിലും നമ്മള്‍ ഓര്‍ക്കേണ്ടതും പോയി കാണേണ്ടതും കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടതുമാണ്.

ശശികുമാര്‍ സിനിമകളിലൂടെയാണ് ഞാന്‍ രാജപ്പനെ ആദ്യം കാണുന്നത്. വലിയൊരു അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ലെങ്കിലും ഉണ്ടായിരുന്നത് കളങ്കമില്ലാത്ത ബന്ധമായിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ പിന്നെ നമ്മുടെ സമയം പോകുന്നത് അറിയില്ല. ചുറ്റുമിരിക്കുന്നവരെ രസിപ്പിക്കാന്‍ വല്ലാത്തൊരു കഴിവാണ് അദ്ദേഹത്തിന്. അടൂര്‍ ഭാസി ചേട്ടനൊക്കെ ഒത്തിരിയിഷ്ടായിരുന്നു രാജപ്പനെയും അദ്ദേഹത്തിന്റെ തമാശകളെയും. ഇടയ്‌ക്കൊക്കെ രാജപ്പന്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കും വരും. കുറേ നേരം ഇരുന്ന് സംസാരിക്കും. ജീവിതത്തില്‍ ഏറെ സങ്കടങ്ങള്‍ അനുഭവിച്ചൊരു മനുഷ്യനാണ്. പക്ഷെ അയാള്‍ ചെയ്യുന്നതോ ആളുകളെ തമാശ പറഞ്ഞ് ചിരിപ്പിക്കുന്നു. രാജപ്പന്‍ മാത്രമല്ല, ഞാനടക്കം നിങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിച്ച പലരും ജീവിതത്തില്‍ ദുരിതങ്ങളും ദുഖങ്ങളും അനുഭവിച്ച് വളര്‍ന്നവരാണ്. അതുകൊണ്ട് തന്നെ ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനപ്പുറം എനിക്ക് രാജപ്പനിലെ മനുഷ്യനെ വേഗം മനസ്സിലായിരുന്നു.

ഒരു കാലഘട്ടം വി ഡി രാജപ്പന്റെതായിരുന്നു. അയാളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ക്ക് എന്താവേശമായിരുന്നു. എത്രയെത്ര രാജ്യങ്ങളില്‍ പോയി. അതോടൊപ്പം സിനിമയിലും തിളങ്ങി. പക്ഷെ, ഉയരങ്ങളിലേക്ക് പോകുംതോറും കാലു വഴുതാനെളുപ്പമാണ്. രാജപ്പന് സംഭവിച്ചതും അതാണ്. വഴി തെറ്റിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. കലാകാരന്‍ പൊതുവെ ദുര്‍ബലനാണ്. ഈ ദൗര്‍ബല്യമാണ് മറ്റുപലരും മുതലെടുക്കുന്നത്. ലഹരിയില്‍ രാജപ്പനും മുങ്ങിപ്പോവുകയായിരുന്നു. തിരിച്ചു കയറാന്‍ പറ്റാത്ത ആഴമാണ് ലഹരിയ്ക്കുള്ളത്. അതില്‍ വീണുപോയാല്‍ നമ്മുടെ ജീവിതം നശിച്ചു.

ഇന്നിപ്പോള്‍ രാജപ്പന്റെ അവസ്ഥ കണ്ട് പണ്ട് ഒപ്പം നടന്ന് ആഘോഷിച്ചവരില്‍ എത്രപേര്‍ ഈ മനുഷ്യനെ തേടി വരുന്നുണ്ട്. എത്രപേര്‍ ഓര്‍ക്കുന്നുണ്ട്? താരങ്ങളെയാണ് എല്ലാവരും ആരാധിക്കുന്നതും ആര്‍പ്പു വിളിക്കുന്നതും, ഒരിക്കല്‍ രാജപ്പനും താരമായിരുന്നു, ഒരു സൂപ്പര്‍ സ്റ്റാര്‍. ഇന്നതല്ല അദ്ദേഹം, ഒന്നെഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ കിടന്നുപോയ ഒരു പാവം മനുഷ്യന്‍ മാത്രം. 

പലരില്‍ നിന്നും അറിഞ്ഞാണ് ഞാന്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കേള്‍ക്കുന്നത്. കേട്ടകാര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. രാജപ്പന്റെ സുവര്‍ണ്ണകാലമാണ് എനിക്കപ്പോള്‍ ഓര്‍മ്മവന്നത്. മനുഷ്യ ജീവിതം ഒരര്‍ത്ഥവുമില്ലാത്ത ഒന്നാണല്ലോ എന്ന് തോന്നിപ്പോയി. എന്തായാലും അദ്ദേഹത്തെപ്പോയി കാണണം എന്നു തീരുമാനിച്ചു. നടന്‍ ടോണിയേയും മറ്റു ചില സുഹൃത്തുക്കളേയും കൂട്ടിയാണ് ഞാന്‍ രാജപ്പന്റെ വീട്ടിലേക്ക് പോയത്.

ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വീല്‍ച്ചെയറിലാണ്. വലിയ സന്തോഷമായി ഞങ്ങളെ കണ്ടപ്പോള്‍. എനിക്ക് അത്രവലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനെന്നവണ്ണം പഴയ കഥാപ്രസംഗങ്ങള്‍ പറയുകയും പാരഡിപ്പാട്ടുകള്‍ പാടുകയുമൊക്കെ ചെയ്തു. പോകാന്‍ നേരം മകന്റെ ഭാര്യയുടെ കൈയില്‍ എനിക്ക് കഴിയാവുന്നൊരു സഹായം ഏല്‍പ്പിച്ചു. ‘എന്തായത്…’ എന്ന് രാജപ്പന്‍ വിളിച്ചു ചോദിച്ചു. എനിക്ക് ചെയ്യാന്‍ കഴിയുന്നൊരു ചെറിയ സഹായം എന്നു പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരി. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിട്ടും രാജപ്പന്റെ മനസ്സില്‍ നിന്ന് ഞാന്‍ വിട്ടുപോയിട്ടില്ലെന്ന് കേള്‍ക്കുമ്പോള്‍, കണ്ണുനിറഞ്ഞു പോകുന്നു.

ഒരുവന്‍ മാളികപ്പുറത്ത് നില്‍ക്കുമ്പോള്‍ അല്ല അയാളെ കാണാന്‍ ചെല്ലേണ്ടത്. ഒരു സിനിമ നൂറും ഇരുന്നൂറും ഓടുമ്പോള്‍ അതിന്റെ സംവിധായകനെ തേടി ചെന്ന് അഭിനന്ദിക്കുന്നവരുണ്ട്. ഇതേപോലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ എടുത്ത സംവിധായകര്‍ ഇപ്പോഴും ഇവിടെ ജീവിച്ചരിപ്പുണ്ട്. പക്ഷേ സിനിമയില്‍ അവരിപ്പോള്‍ ആരുമല്ല. അതുകൊണ്ട് തന്നെ അവരെ ആരും തിരക്കി പോകുന്നില്ല, അവരുടെയൊക്കെ പേരുംപോലും മറന്നുപോകുന്നു. എനിക്കങ്ങനെ അവരെയൊന്നും മറക്കാന്‍ കഴിയില്ല, എനിക്കൊരു ജീവിതം തന്ന സംവിധായകര്‍, എന്റെ അന്നദാനപ്രഭുക്കളെന്ന് ഇന്നും കരുതി ആദരിക്കുന്ന നിര്‍മ്മാതാക്കള്‍; ഇവരെയെല്ലാം ഞാന്‍ പോയി കാണാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്നെ മനുഷ്യനെന്ന് വിളിക്കാന്‍ പറ്റില്ല. ഒരു കാലത്ത് കുഞ്ചന്‍ ആരുമല്ലായിരുന്നു, പട്ടിണിയും ദാരിദ്ര്യവും അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതെല്ലാം എനിക്ക് ഒരുക്കി തന്നവര്‍ അവരാണ്. ഈശ്വരനെയും ജീവിതത്തില്‍ നമ്മളെ സഹായിച്ചവരെയും മറന്നാല്‍, അതിനുള്ള ശിക്ഷ വളരെ വലുതായിരിക്കും.അതനുഭവിച്ചിട്ടേ ഈ ഭൂമിയില്‍ നിന്നുപോകാന്‍ പറ്റൂ.

കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍ക്കെ മറ്റുള്ളവന്റെ വേദനയും മനസ്സിലാകൂ. ഒരാള്‍ ആവശ്യപ്പെടാതെ തന്നെ അയാള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതൊരു പുണ്യമാണ്. എന്റെ മറ്റൊരു സഹപ്രവര്‍ത്തകനും സുഹൃത്തും നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട നടനുമായ ഒരാളുടെ മകളുടെ കല്യാണത്തിന് പോയിരുന്നു. ചെറിയൊരു തുക എന്റെ വകയായി നല്‍കി. വളരെ സന്തോഷത്തോടെ അദ്ദേഹം എന്നോടു പറഞ്ഞത്, നാളെ പന്തലുകാരനു കൊടുക്കാന്‍ കാശയല്ലോ കുഞ്ചാ… എന്നാണ്. അദ്ദേഹത്തിന് അങ്ങനെയൊരു സഹായം ചെയ്യാന്‍ എനിക്കായല്ലോ എന്നോര്‍ത്തപ്പോള്‍ അതിലും വലിയ സന്തോഷം തോന്നി. നിങ്ങള്‍ കരുതും പോലെ എല്ലാ സിനിമാക്കാരും കോടീശ്വരന്മാരല്ല, ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ട്. അവരെ നമ്മളാരും അറിയുന്നില്ലെന്നുമാത്രം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെയൊ ഭാര്യയുടെയോ മക്കളുടെയോ പിറന്നാളുകള്‍ ഞങ്ങള്‍ വീട്ടിനുള്ളിലെ ആഘോഷം മാത്രമാക്കാറില്ല. ഏതെങ്കിലുമൊരു അഗതിമന്ദിരത്തിലോ അനാഥ മന്ദിരത്തിലോ പോകും. മക്കളുടെ പിറന്നാള്‍ ആണെങ്കില്‍ ഞാനവരെ കൊണ്ട് എന്തെങ്കിലും ആഹാരസാധനങ്ങള്‍ വാങ്ങിപ്പിക്കും. അതൊരു ലഡുവായാല്‍പ്പോലും എന്റെ മക്കളെ കൊണ്ട് അതുകൊടുപ്പിക്കും. എന്റെ മക്കള്‍ വേണ്ടെന്നു പറഞ്ഞ് കളയാറുള്ള ഒരു ലഡു മറ്റൊരാള്‍ എത്ര സന്തോഷത്തോടെയാണ് കഴിക്കുന്നതെന്ന് അവര്‍ കാണാന്‍ വേണ്ടിയാണ്. ഇല്ലായ്മയുടെ വേദന അവരും മനസ്സിലാക്കണം. എങ്കിലെ നാളെ എന്റെ കുട്ടികള്‍ സ്വര്‍ത്ഥ കാണിക്കാത്തവരായി ജീവിക്കൂ.

മറ്റൊരുത്തന്റെ വേദന സ്വന്തം വേദനായായി കാണാനുള്ള മനസ് നമുക്കുണ്ടെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ ഈശ്വരാനുഗ്രഹം. വി ഡി രാജപ്പന്‍ എന്നകലാകാരനോടും നമ്മള്‍ കാണിക്കേണ്ടതും ഈ മനസാണ്, സഹായിക്കാനല്ല പറയുന്നത്, മറക്കരുതെന്നാണ്… ഒന്നുപോയി കാണാനെങ്കിലും തയ്യാറാകണമെന്നാണ്…

(തയ്യാറാക്കിയത് രാകേഷ് നായര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍