UPDATES

സിനിമ

സിനിമ കുട്ടിക്കളിയോ ഈ കുഞ്ഞിരാമന്‍മാര്‍ക്ക്?

Avatar

സഫിയ ഒ സി

വര്‍ഷം തോറും ആയിരക്കണക്കിന് സിനിമകളാണ് ലോകത്തിറങ്ങുന്നത്. അതില്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ പുറത്തിറക്കുന്ന ചാഡ് റിപ്പബ്ലിക് പോലുള്ള രാജ്യങ്ങളും ആയിരത്തിലധികം സിനിമകള്‍ പുറത്തിറക്കുന്ന ഹോളിവുഡുമൊക്കെ ഉള്‍പ്പെടുന്നു. വിവിധ പ്രാദേശിക ഭാഷകളിലായി ഇന്ത്യയും ഈ സിനിമാ നിര്‍മ്മാണത്തില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. കോടികള്‍ കൈ മറിയുന്ന വ്യവസായമായിരിക്കുമ്പോള്‍ തന്നെ മനുഷ്യ ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍ ആവിഷ്കരിക്കുന്ന ഗംഭീര ആവിഷ്കാരങ്ങളും സിനിമാ ലോകത്ത് സംഭവിക്കുന്നുണ്ട്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമ കണ്ട് കയ്യടിക്കുന്ന നമ്മള്‍ ചെന്നൈ നഗരത്തിലെ ചേരിജീവിതം കുട്ടികളുടെ കണ്ണിലൂടെ ആവിഷ്ക്കരിച്ച കാക്കാമുട്ടൈ നെഞ്ചോട് ചേര്‍ക്കുന്നു. മലയാളിയുടെ സദാചാരത്തെ ചൊറിഞ്ഞ, മലയാളി യുവതയുടെ പൈങ്കിളി ഭാവനയെ ഇക്കിളിപ്പെടുത്തി ഉണര്‍ത്തിയ പ്രേമത്തെ ആഘോഷമാക്കുന്നു. ഓരോ സിനിമയും അത് എത്തിച്ചേരേണ്ട ആസ്വാദക സമൂഹത്തെ കുറിച്ച് കൃത്യമായ ബോധ്യത്തോടെയാണ് നിര്‍മ്മിക്കപ്പെടുന്നത്. പക്ഷേ സമീപകാലത്തിറങ്ങിയ പല മലയാള സിനിമകള്‍ക്കും അങ്ങനെ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് തോന്നുന്നില്ല. ഓണക്കാലത്തിറങ്ങിയ കുഞ്ഞിരാമായണവും തെളിയിക്കുന്നത് അതുതന്നെയാണ്. 

കുഞ്ഞിരാമായണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് നവാഗതനാണ്. സിനിമയോടുള്ള അഭിനിവേശം കാരണം ഐ ടി ജോലി ഉപേക്ഷിച്ച് വന്നയാള്‍. തുടക്കമെന്ന നിലയില്‍ ഒട്ടുമിക്ക ന്യു ജനറേഷന്‍ പയ്യന്മാരും ചെയ്യുന്ന പോലെ ഒന്നോ രണ്ടോ ചെറുചിത്രങ്ങള്‍ സംവിധാനം ചെയ്ത് യു ട്യൂബില്‍ റിലീസ് ചെയ്തു. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ അതിനെ പ്രചരിപ്പിച്ചു. നിരവധി ലൈക്കുകളും പ്രോത്സാഹന കമന്റുകളും സമ്പാദിച്ചു. അത് സിനിമയിലേക്ക് കയറാനുള്ള ചവിട്ടു പടിയാക്കി. അങ്ങനെ വിനീത് ശ്രീനിവാസനെ അസിസ്റ്റ് ചെയ്തു. അതിനു ശേഷം സ്വയം തിരക്കഥയൊരുക്കി. ആദ്യത്തെ പടം ചെയ്തു. അതില്‍ വിനീത് ശ്രീനിവാസനെയും അനിയന്‍ ധ്യാന്‍ ശ്രീനിവാസനെയും നായകരാക്കി. മോശമല്ലാത്ത മാധ്യമ ശ്രദ്ധയും കിട്ടി. പ്രേക്ഷകര്‍ പലതും പ്രതീക്ഷിച്ചു. പല നവാഗതരും മികച്ച സിനിമകള്‍ ചെയ്തുകൊണ്ടാണ് രംഗത്ത് കാലുറപ്പിച്ചത്. അങ്ങനെയൊരു ഓണക്കാല കറുത്ത കുതിരയായി കുഞ്ഞിരാമായണം മാറും. പക്ഷേ സംഭവിച്ചതോ?

കുഞ്ഞിരാമന്‍റെ (വിനീത് ശ്രീനിവാസന്‍) കഥയാണ് കുഞ്ഞിരാമായണം. കുഞ്ഞിരാമന്റെ സ്വയംവരത്തിന്റെ കഥ. രാമായണവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും ഇതൊരു നാടോടിക്കഥയാണ് എന്ന മട്ടിലാണ് കഥ പറച്ചില്‍. ബിജുമേനോന്റെ ശബ്ദത്തില്‍ ഒരു കഥ പറച്ചിലുകാരനും ഉണ്ട്. പ്രത്യേകിച്ച് യുക്തി ബോധമൊന്നും വേണ്ടതില്ലാത്ത ഒരു കഥ എന്ന തോന്നലുണ്ടാക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ വയ്യ. പക്ഷേ അത് പ്രേക്ഷകന്‍റെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലായാലോ?

ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ ഒരു സാങ്കല്‍പ്പിക കാലത്താണ് കഥ നടക്കുന്നത്. ദേശം എന്നു പേരുള്ള ഈ ഗ്രാമം കേരളത്തില്‍ എവിടെയുമാകാം. പക്ഷേ കഥ നടക്കുന്നത് എന്നാണ് എന്ന കാര്യത്തില്‍ കൃത്യമായ തീര്‍ച്ചപ്പെടുത്തലുകള്‍ക്ക് സ്കോപ്പില്ല. അംബാസഡര്‍ കാറില്‍ വലിയ പെട്ടികള്‍ കെട്ടി വെച്ച് മലയാളികള്‍ ഗല്‍ഫിലേക്കും അവിടെ നിന്നു ഇങ്ങോട്ടും പോയ 80കളും 90കളുടെ തുടക്കവുമൊക്കെയാണ് എന്നു വേണമെങ്കില്‍ പറയാം. (കുഞ്ഞിരാമന്റെ ഗള്‍ഫ് യാത്ര) അല്ലെങ്കില്‍ വിഡിയോ കാസറ്റ് പ്ലെയറിന്‍റെ സ്ഥാനത്ത് സി ഡി പ്ലെയര്‍ ഗ്രാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ 90കളുടെ ഒടുക്കമാണോ എന്നു സംശയിക്കാം. (ധ്യാന്‍ ശ്രീനിവാസിന്‍റെ തുണ്ട് പടം കാണല്‍) അതുമല്ലെങ്കില്‍ 1996ല്‍ എ കെ ആന്‍റണി ചാരായം നിരോധിച്ചതിന് ശേഷവുമാകാം. കാരണം ചിത്രത്തില്‍ കാണിക്കുന്ന ബിവറേജസ് ഷോപ്പുകള്‍ക്ക് മുന്‍പില്‍ സാമാന്യം നീണ്ട ക്യു കാണാം. പക്ഷേ സംവിധായകന്‍ ഇങ്ങനെയുള്ള കാര്യത്തിലൊന്നും വേവലാതിപ്പെടുന്നുണ്ട് എന്നു തോന്നുന്നില്ല. കാരണം ഇത് ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലെ സാങ്കല്‍പ്പിക കാലത്തെ സാങ്കല്‍പ്പിക മണ്ടന്‍മാരുടെ കഥയാണല്ലോ.

സ്ഥലകാല വിഭ്രമം മാത്രമല്ല സംവിധായകന്. താന്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് എന്തെങ്കിലും തെളിച്ചം ബേസിലിന് ഉണ്ടെന്ന് തോന്നുന്നില്ല. ആദ്യ പകുതി മുഴുവന്‍ സല്‍സ എന്ന മദ്യവും അത് ഗ്രാമത്തിലുണ്ടാക്കുന്ന പുകിലും പറയാന്‍ ചിലവഴിച്ച സംവിധായകന്‍ രണ്ടാമത്തെ പകുതിയില്‍ ഗ്രാമത്തിലെ കല്യാണങ്ങള്‍ എന്തുകൊണ്ടാണ് മുടങ്ങിപ്പോകുന്നത് എന്ന അന്വേഷണത്തിലായി. കല്യാണത്തിനും സല്‍സയ്ക്കും തമ്മില്‍ എന്താണ് ബന്ധം എന്നു ചോദിച്ചാല്‍… അതിവിടെ എഴുതുന്നില്ല. എന്തിനാണ് സംവിധായകന്‍ ആറ്റുനോറ്റുണ്ടാക്കുന്ന ഭയങ്കരമാന ട്വിസ്റ്റുകളുടെ ചീട്ട് കീറുന്നത്.(പൊതുവേ കഥ എഴുതി വെക്കുന്നവരാണ് ഓണ്‍ലൈന്‍ നിരൂപകര്‍ എന്ന പേരുദോഷം ഉണ്ട്).

യഥാര്‍ഥത്തില്‍ ഈ സിനിമയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണ്? വെറുതെ രണ്ടു മണിക്കൂര്‍ ചിരിച്ചു മറിഞ്ഞ് പ്രേക്ഷകര്‍ രസിക്കട്ടെ എന്നാണോ? (അങ്ങനെയെന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല). അല്ലെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള എന്തെങ്കിലും ദര്‍ശനം? സാമൂഹ്യ പ്രതിബദ്ധതയുള്ള സന്ദേശം? അല്ലെങ്കില്‍ തിയറ്റര്‍ വിട്ടാലും നമ്മളെ പിന്തുടര്‍ന്നെത്തുന്ന ചില കഥാപാത്രങ്ങള്‍? അതുമല്ലെങ്കില്‍ മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തേക്കാവുന്ന ജീവിതഗന്ധിയായ കഥ?

മുകളില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഒരുത്തരവും കുഞ്ഞിരാമായണം നല്‍കുന്നില്ല. കാരിക്കേച്ചര്‍ സമാനമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് നിരവധി കോമഡി സ്കിറ്റുകള്‍ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് ഒരു ഉദ്ദേശവും സംവിധായകന് ഉണ്ടെന്ന് തോന്നുന്നില്ല. ബേസില്‍ ജോസഫ് തന്റെ പൂര്‍വ മാതൃകയായി സ്വീകരിച്ചത് ലിജോ ജോസഫ് പല്ലിശേരി സംവിധാനം ചെയ്ത ആമേന്‍ ആകാനാണ് സാധ്യത. ഒരു സാങ്കല്‍പ്പിക നാടിന്റെ എല്ലാ മനോഹാരിതയും വൈചിത്ര്യവും കാല്‍പ്പനിക ഭാവവും ഒക്കെ പകര്‍ന്നു തന്ന ആമേനിലെ കുമരങ്കരി മാര്‍ക്കേസിന്റെ മക്കോണ്ടയാണ് എന്നു വരെ നിരൂപക വിശാരദന്‍മാര്‍ വ്യാഖ്യാനിച്ചു കളഞ്ഞിരുന്നു. എന്തായാലും അത്യാവശ്യം പണം ഉണ്ടാക്കുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നതില്‍ ആമേന്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ എന്തെങ്കിലും ലക്ഷ്യമോ ഭാവനാ വിലാസമോ കുഞ്ഞിരാമായണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇല്ല തന്നെ. ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവരതില്‍ അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നു. 

അജു വര്‍ഗ്ഗീസും നീരജ് മാധവനുമൊക്കെ അടങ്ങുന്ന തമാശ സംഘം അവര്‍ത്തന വിരസമായ പ്രകടനത്തിലൂടെ മടുപ്പിക്കുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഹൈസ്കൂള്‍ നാടകത്തിലെന്നപോലെ പലപ്പോഴും വെള്ളം കുടിക്കുന്നതാണ് കണ്ടത്. വിനീത് ശ്രീനിവാസന്‍ രൂപം കൊണ്ടും അഭിനയം കൊണ്ടും തന്‍റെ അച്ഛനെ അനുകരിക്കാന്‍ ആവോളം ശ്രമിക്കുന്നുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെപ്പോലെ ഒരു സസ്പെന്‍സ് നായകന്‍റെ വരവും പിന്നെ അതുവരെ മുഖം കാണിക്കാതിരുന്ന സസ്പെന്‍സ് നായികയും സിനിമയ്ക്ക് എന്തു ഗുണപരമായ സംഭാവനയാണ് നല്കിയത് എന്നു മനസിലായില്ല. 

സിനിമയ്ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും താരതമ്യേന പുതുമുഖങ്ങള്‍ ആണെന്നാണ് കേട്ടത്. തകര്‍പ്പന്‍ എനര്‍ജി പ്രകടിപ്പിക്കേണ്ട യുവാക്കള്‍. പക്ഷേ ആ എനര്‍ജിയൊന്നും സിനിമയില്‍ കാണാനില്ല. അഥവാ കുഞ്ഞിരാമായണം വെറും കുട്ടിക്കളിയായി മാറിപ്പോയോ എന്നൊരു സംശയം.  

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍