UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞുമോന്റെ സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ അഥവാ അവസരവാദിയുടെ കശുവണ്ടി സ്നേഹം

Avatar

അഴിമുഖം പ്രതിനിധി

പിളരുന്തോറും വളരുന്ന പാര്‍ട്ടിയെന്ന പ്രസിദ്ധി കേരള കോണ്‍ഗ്രസിന് സ്വന്തം. എന്നാല്‍ പിളരുന്തോറും തളരുന്ന പാര്‍ട്ടിയെന്ന ഖ്യാതിയോ? അത് വൈകാതെ തന്നെ ആര്‍ എസ് പിക്ക് ലഭിക്കുമെന്ന് തീര്‍ച്ച. പ്രതാപ കാലത്ത് പേട്ട മുതല്‍ ചവറ വരെ ഉണ്ടായിരുന്ന ആര്‍ എസ് പി ഇന്നിപ്പോള്‍ ചവറ മുതല്‍ ചവറ വരെയായി മെലിഞ്ഞു. നിന്നിടം പിളര്‍ത്തി പുതിയ കേരള കോണ്‍ഗ്രസിന് ജന്മം കൊടുക്കുന്ന നേതാവിന്റെ പേരിന്റെ ആദ്യാക്ഷരമാണ് പാര്‍ട്ടിയുടെ ഇനീഷ്യല്‍ ആയി വരുന്നതെങ്കില്‍ ആര്‍ എസ് പിക്ക് അത് ബോള്‍ഷെവികും ലെനിനിസ്റ്റും ഒക്കെയാകും. മെന്‍ഷെവിക്കിനെ ആരും പിടിക്കില്ല. കാരണം വമ്പ് പറഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ റഷ്യന്‍ ഭാഷയില്‍ ന്യൂനപക്ഷമെന്ന് അര്‍ത്ഥം വരുന്ന മെന്‍ഷെവിക് എന്ന വാല് സ്വീകരിക്കാന്‍ പറ്റില്ലല്ലോ.

വാലില്‍ പേര് ചേര്‍ത്തത് കേരള കിസ്സിഞ്ചറായ ബേബി ജോണിന്റെ പേരില്‍ മകന്‍ ഷിബു ബേബി ജോണിനെ മുന്നില്‍ നിര്‍ത്തി ബാബു ദിവാകരനും താമരാക്ഷനും ചേര്‍ന്ന് ആര്‍ എസ് പിയെ പിളര്‍ത്തി ആര്‍ എസ് പി (ബി) രൂപീകരിച്ചപ്പോള്‍ മാത്രമാണ്. എന്നാല്‍ പിന്നീട് ബി എന്നത് ബോള്‍ഷെവിക് എന്ന് മാറ്റി. കുഞ്ഞുമോനാകട്ടെ എം എടുക്കാനും പറ്റില്ല. മാര്‍ക്‌സിനെ കൂട്ടുപിടിച്ച് പഴയ തൊഴില്‍ മന്ത്രിയായ ബാബു ദിവാകരന്‍ ആര്‍ എസ് പി (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ചിരുന്നു. ഇപ്പോള്‍ ആര്‍ എസ് പിയില്‍ നിന്ന് പുറത്തു പോയി സ്വന്തമായി രൂപീകരിച്ച ഒരു ആര്‍ എസ് പി കോവൂര്‍ കുഞ്ഞുമോന് എടുക്കാന്‍ പറ്റുക എല്‍ ആണ്. ലെനിനിന്റെ എല്‍. അങ്ങനെ ആര്‍ എസ് പിയുടെ എല്ലൂരി പിറന്നു വീണ പുതിയ പാര്‍ട്ടി ആര്‍ എസ് പി (ലെനിനിസ്റ്റ്) ആയി.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എല്‍ ഡി എഫില്‍ നിന്നും യു ഡി എഫിലേക്ക് ചാടിയ ആര്‍ എസ് പിയില്‍ ഇപ്പോള്‍ അസംതൃപ്തരായവരെല്ലാം തന്റെ കൂടെ വരുമെന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ വാദം. ആര്‍ എസ് പി എന്നാല്‍ ശ്രീകണ്ഠന്‍ നായര്‍ ആയിരുന്ന കാലം തൊട്ട് ഇങ്ങോട്ട് കോവൂര്‍ കുഞ്ഞുമോന്റെ രാഷ്ട്രീയ ചാട്ടം വരെ എടുത്തുനോക്കിയാല്‍ അതിലെല്ലാം ഉണ്ടായിരുന്ന സജീവമായ അന്തര്‍ധാര സ്വന്തം നിലനില്‍പ് എന്നതായിരുന്നു. തൊട്ടുമുമ്പ് ഇടംവലം ചാടിയ പ്രേമചന്ദ്രന്റേത് അടക്കം.

പാളയത്തില്‍ പട കാരണം ആര്‍ എസ് പിക്ക് എല്‍ഡിഎഫില്‍ നഷ്ടമായ കൊല്ലം ലോക് സഭാ സീറ്റിനുവേണ്ടി യുഡിഎഫിനോട് വിലപേശി സീറ്റു വാങ്ങി മത്സരിച്ചു ജയിച്ചു പ്രേമന്‍. കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎല്‍എ ആകാന്‍ കഴിഞ്ഞില്ല. അധികാര പദവികളില്‍ ഇല്ലാതെ അഞ്ചു കൊല്ലം നില്‍ക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയത്. ഇനിയൊരു പക്ഷേ തിരുവനന്തപുരം ജില്ലയില്‍ ആര്‍ എസ് പി നിയമസഭയിലേക്ക് മത്സരിച്ചു മുന്‍ സ്പീക്കര്‍ കാര്‍ത്തികേയനോട് തോറ്റു കൊണ്ടിരിക്കുന്ന അരുവിക്കര തങ്ങള്‍ക്കു തരണം എന്ന് പറഞ്ഞു വാശി പിടിച്ച് തിരിച്ചൊരു ചാട്ടം നടത്താനും മടിച്ചേക്കില്ല. ആര്‍ എസ് പിയുടെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കാത്തവര്‍ ആ പാര്‍ട്ടിയിലുണ്ടാകില്ലേ.

ഇപ്പോള്‍ സമാനമായ അവസ്ഥയാണ് കോവൂര്‍ കുഞ്ഞുമോനും നേരിട്ടത്. യുഡിഎഫില്‍ തുടര്‍ന്നാല്‍ കുന്നത്തൂരില്‍ നിലം തൊടില്ല. എല്‍ഡിഎഫിന്റെ വോട്ട് വാങ്ങി നിയമസഭയില്‍ എത്തിയ കുഞ്ഞുമോന് അടുത്ത നിയമസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസിന്റേയും ആര്‍ എസ് പിയുടേയും വോട്ടുകള്‍ പോരാതെ വരും. അപ്പോള്‍ കുഞ്ഞുമോന്റെ അവസ്ഥ ദയനീയമാകും. പ്രത്യേകിച്ച് ആര്‍ എസ് പിയില്‍ കുഞ്ഞുമോന് വലിയ വിലയൊന്നും ഇല്ലാതെ ഇരിക്കുമ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രേമചന്ദ്രന്‍ ആര്‍ എസ് പിയേയും കൊണ്ട് യുഡിഎഫിലേക്ക് ചാടിയപ്പോള്‍ ആ ബസില്‍ കേറാന്‍ കുഞ്ഞുമോന് മടിയായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. അധികാരം കയ്ക്കില്ലല്ലോ അതുകൊണ്ട് കുഞ്ഞുമോനാ മടി തല്‍ക്കാലത്തേക്ക് മടിയില്‍ തന്നെ വച്ചു. പിന്നെയത് കുഞ്ഞുമോന്‍ ഓര്‍ത്തത് തന്നെ സരിതയും സോളാറും ബാറും ഒക്കെ ഒരു മുഴം മുന്നേയെറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴാണ്.

2001-ല്‍ ആദ്യമായി എംഎല്‍എ ആകും മുമ്പ് കുന്നത്തൂരില്‍ സിപിഐഎമ്മിന്റെ വാലായി നടന്നിരുന്ന കുഞ്ഞുമോനെ ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത് ബേബി ജോണാണ് എന്നത് കുന്നത്തൂരുകാര്‍ ഇപ്പോഴും മറന്നിട്ടില്ല. അവിടെ ആര്‍ എസ് പിക്ക് നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥിയില്ലാതെ വന്നപ്പോള്‍ സീറ്റ് സി പി ഐ എം എടുക്കുമെന്ന അവസ്ഥ വന്നിരുന്നു. അപ്പോഴാണ് സി പി ഐ എമ്മിന്റെ പിന്നാലെ നടന്നിരുന്ന കുഞ്ഞുമോനില്‍ കേരള കിസ്സിഞ്ചറിന്റെ ശ്രദ്ധ പതിയുന്നത്. അങ്ങനെ കുഞ്ഞുമോന്‍ ആര്‍ എസ് പിയായി. അത് കുഞ്ഞുമോന്റെ തലവര മാറ്റിയെഴുതി. മൂന്നുതവണ കുന്നത്തൂരില്‍ നിന്ന് ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കുഞ്ഞുമോന് ഇനിയൊരു തവണ കൂടി വിജയിക്കണമെങ്കില്‍ സി പി ഐ എമ്മിന്റെ പിന്തുണ കൂടിയേ തീരൂവെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആര്‍ എസ് പിയില്‍ എല്ലാക്കാലത്തും അവഗണന നേരിട്ടിരുന്ന അദ്ദേഹത്തിന്റേയും രാഷ്ട്രീയ നിലനിലനില്‍പ്പിന് ഈ കുതിരച്ചാട്ടം മതിയായേ തീരൂ. സത്യത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എയായ സെല്‍വരാജിന്റെ ചാട്ടത്തിന്റെ വില പോലും കുഞ്ഞുമോന്റെ ചാട്ടത്തിന് ഇല്ല.


ചെറിയ പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍ സി പി ഐ എം ഏറ്റെടുത്ത് അവയെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. അതിന്റെ അന്തരഫലം പിന്നീട് സി പി ഐ എം അനുഭവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്നെ ധൃതരാഷ്ട്രാലിംഗനം ചെയ്തു കൊള്ളൂവെന്ന് പറഞ്ഞു കൊണ്ട് കുഞ്ഞുമോനും പാര്‍ട്ടിക്കും സി പി ഐ എമ്മിന് മുന്നില്‍ നില്‍ക്കുകയേ വഴിയുള്ളൂ. മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടുന്നവരുടെ അവസ്ഥയിലാണ് കൊല്ലത്തെ ആര്‍ എസ് പിയിലെ അണികളും ചെറിയ നേതാക്കളും. സി പി ഐ എമ്മിലേക്കും മറ്റുമാണ് ഒഴുക്ക്. കൂടാതെ നിഷ്‌ക്രിയര്‍ ആകുന്നവരും ഉണ്ട്. ഇവരെയെല്ലാം തനിക്ക് തടുത്തു കൂട്ടാം എന്ന പ്രതീക്ഷ കുഞ്ഞുമോന്‍ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ കുന്നത്തൂര്‍ സീറ്റു മാത്രമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ സി പി ഐ എം ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കുഞ്ഞുമോന്റെ കൂടെ വന്നവര്‍ വെള്ളോം കോരി, വിറകും വെട്ടി കഴിഞ്ഞോളണം എന്നത് വ്യക്തം.

കൊല്ലത്ത് പൊളിഞ്ഞു കൊണ്ടിരിക്കുന്ന ആര്‍ എസ് പിയുടെ ഇല്ലത്തു നിന്നും കിട്ടിയ കഴുക്കോലുകളും ഊരിക്കൊണ്ടു ചാടിയ കുഞ്ഞുമോന്‍ യുഡിഎഫിന്റെ അഴിമതിയേയും മറ്റും വിമര്‍ശിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ കാരണവരെ രണ്ട് ഭള്ള് പറയാതെ പോകുന്നത് എങ്ങനെ. കഴിഞ്ഞ രണ്ടു കൊല്ലം യു ഡി എഫില്‍ കഴിഞ്ഞപ്പോള്‍ അറിയാത്ത ഈ നാറ്റം എം എല്‍ എ സ്ഥാനം രാജി വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമേ കുഞ്ഞുമോന്‍ അറിഞ്ഞുള്ളൂവെന്നുണ്ടോ. ബാര്‍, സോളാര്‍, ടൈറ്റാനിയം, പാമോയില്‍ അങ്ങനെ പുറത്തു വന്നതും അല്ലാത്തതുമായ ആരോപണങ്ങളുടെ നാറ്റം സഹിക്ക വയ്യാതെ നാട്ടുകാര്‍ യുഡിഎഫിനെ അടിക്കാന്‍ പത്തലും വെട്ടി കാത്തിരിക്കുമ്പോള്‍ യുഡിഎഫിലെ അധികാരത്തിന്റെ തണലില്‍ വിശ്രമിച്ചിരുന്ന കുഞ്ഞുമോന് അഞ്ചുവര്‍ഷം അധികാരത്തില്‍ ഇല്ലാതെ ഇരിക്കുന്നതിനേക്കാള്‍ മൂന്ന് മാസം എംഎല്‍എ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുക എന്നതാണ് നല്ലതെന്ന് തോന്നിയതില്‍ അത്ഭുതമില്ല.

കശുവണ്ടി തൊഴിലാളികളോടുള്ള പ്രേമവും സഹതാപവും അദ്ദേഹത്തിന്റെ രാജി പ്രസംഗത്തില്‍ വഴിഞ്ഞൊഴുകിയിരുന്നു. എന്നാല്‍ പതിനാലേ മുക്കാല്‍ കൊല്ലം എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി എന്തു ചെയ്തുവെന്ന് പറഞ്ഞു കണ്ടില്ല. ആര്‍ എസ് പിക്ക് വേരോട്ടം ഉണ്ടെന്ന് പറയുന്ന ഈ ജില്ലയില്‍ കശുവണ്ടി തൊഴിലാളികള്‍ വോട്ടു ബാങ്കാണെന്ന കാര്യം രാജി വയ്ക്കുന്ന സമയത്ത് മാത്രമേ ഓര്‍മ്മ വന്നുള്ളുവോ കുഞ്ഞുമോന്. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ കുഞ്ഞുമോന് കശുവണ്ടി തൊഴിലാളി സ്‌നേഹം പ്രകടിപ്പിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് ചന്ദ്രശേഖരന്റെ സമരപന്തലിന് സമീപത്ത് ഒരു പന്തലിടാമായിരുന്നു.

2001-ല്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ തനിക്ക് ധാരാളം വിവാഹ ആലോചനകള്‍ വന്നിരുന്നുവെന്ന് ഇപ്പോഴും അവിവാഹിതനായി തുടരുന്ന കുഞ്ഞുമോന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അവയൊക്കെ തള്ളിയതു പോലെ ആര്‍എസ് പിയില്‍ നിന്ന് രാജിവച്ച് പുറത്തു വരാന്‍ സിപിഐഎം മുന്നോട്ടു വച്ച വാഗ്ദാനങ്ങളെ തള്ളിക്കളയാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നതിന് പിന്നില്‍ അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കണമെന്ന ആഗ്രഹം തന്നെയാകും.

ഒരു വിധം അല്ലലില്ലാതെ ജീവിച്ചു കൊണ്ടിരുന്ന ആര്‍ എസ് പിയെ ഈ വിധം ആക്കുന്നത് തുടക്കം കുറിച്ചത് രണ്ടു പ്രൊഫസര്‍മാര്‍ തമ്മിലെ ഈഗോയും അധികാര വടംവലിയുമായിരുന്നു. ചന്ദ്രചൂഢനും താമരാക്ഷനും തമ്മില്‍. ബിജെപി പിന്തുണയോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ താമരാക്ഷന്‍ മത്സരിച്ചിരുന്നു. വിമോചന സമരത്തെ പിന്തുണച്ചിരുന്ന ആര്‍ എസ് പിക്ക് റെവല്യൂഷനും സോഷ്യലിസവും ഒക്കെ പേരില്‍ മാത്രമാണെന്ന് കുഞ്ഞുമോന്റെ ചാട്ടവും തെളിയിക്കുന്നു. എല്ലാം അധികാര ഭ്രമം മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍