UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുരങ്ങു പനി; വയനാട്ടിലെ ആദിവാസി കോളനികളില്‍ നിന്നും ഭീതിയൊഴിയുന്നില്ല

Avatar

ജിബിന്‍ വര്‍ഗീസ്

വയനാട്ടിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനി, ദേവര്‍ഗദ്ദ, പാറക്കടവ്, ആനപ്പന്തി, മാതമംഗലം എന്നീ കോളനികളിലെ ജനങ്ങളെ സംബന്ധിച്ച കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ ഭീതിയുടേയും കണ്ണുനീരിന്റെയുമാണ്. ഇവരെ എല്ലാക്കാലവും പിന്തുടരുന്ന ദാരിദ്ര്യമോ പട്ടിണിയോ അവഗണനയോ മാത്രമല്ല ഇതിനു കാരണം. രോഗങ്ങളാണ്.

 

കുരങ്ങുപനിയെന്ന ഭീകരതയുടെ ഇരകളാണ് ഈ കോളനി നിവാസികള്‍. വനത്തില്‍ വസിക്കുന്ന കുരങ്ങുകളുടെ ദേഹത്തുള്ള ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. പതിവിലും വ്യത്യസ്തമായി ചൂട് വളരെയധികം കൂടിയതാണ് രോഗം തലപോക്കി തുടങ്ങാന്‍ കാരണം. വയനാട്ടിലെ ജനസംഖ്യയില്‍ അറുപതു ശതമാനവും ഗോത്രവര്‍ഗ്ഗ വിഭാഗമാണ്. അതില്‍തന്നെ നാല്‍പതു ശതമാനവും അധിവസിക്കുന്നത് വനത്തോടു ചേര്‍ന്ന ഗ്രാമങ്ങളിലാണ്. ചേകാടി, പാക്കം, ചെറിയമല, അപ്പപ്പാറ, ആച്ചനഹള്ളി, ഇരിപ്പൂട്, എടമല, കാപ്പിപ്പാടി, പാതിരി, ഇരുളം, മണല്‍വയല്‍, പന്നിക്കല്ല് തുടങ്ങിയ കോളനികളുടെ നീണ്ട നിരകള്‍ ഇനിയുമുണ്ടെങ്കിലും രോഗം ബാധിച്ചത് കാടിനോട് വളരെയധികം അടുത്തോ, കാടിനുള്ളിലോ സ്ഥിതി ചെയ്യുന്ന കോളനികളിലാണ്.

 

ചീയമ്പം എഴുപത്തിമൂന്ന് കോളനിയില്‍ ആറ്, ദേവര്‍ഗദ്ദ കോളനിയില്‍ രണ്ട്, ആനപ്പന്തി കോളനിയില്‍ രണ്ട്, മാതമംഗലം, പാറക്കടവ് കോളനികളില്‍ ഓരോരുത്തരും വീതവുമാണ് കുരങ്ങുപനി മൂലം മരണത്തിനു കീഴടങ്ങിയത്.

1957-ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസന്നൂരിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് 77 പേര്‍ രോഗം മൂലം മരണപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടേയും സര്‍ക്കാരിന്റെയും അവസരോചിതവും കഠിന പ്രയത്‌നവും മൂലം ഇന്ത്യയില്‍ നിന്ന് രോഗം തുടച്ചു മാറ്റപ്പെട്ടിരുന്നു. ഫ്‌ളാവി എന്ന കുടുംബത്തില്‍പ്പെട്ട വൈറസാണ് രോഗത്തിനു കാരണം. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കാട്ടിലെ എല്ലാ ജീവജാലങ്ങളുടേയും ദേഹത്ത് രോഗത്തിനു കാരണമായ ചെള്ള് വസിക്കുന്നുണ്ടെങ്കിലും പ്രധാനമായും കുരങ്ങിന്റെ ദേഹത്താണ് കൂടുതലായി കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുവീഴാന്‍ ഈ ചെള്ളുകള്‍ കാരണമാകുന്നു. ഇതേ ചെള്ളുകള്‍ തന്നെയാണു വനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ കയറിക്കൂടുന്നത്.

 

2012 ല്‍ വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍ ആദ്യമായി ഫ്‌ളാവി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യശരീരത്തില്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം പുല്‍പ്പള്ളിക്കടുത്തു മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏറ്റവും വലിയ കാട്ടുനായ്ക്കര്‍ സങ്കേതമായ കാപ്പിപ്പാടി കോളനിയില്‍ രോഗബാധ കണ്ടെത്തിയത് വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയായിരുന്നു. 

ആദിവാസി ജനതയെ സംബന്ധിച്ചിടത്തോളം കാടിനെ വെടിഞ്ഞൊരു ജീവിതം അസാധ്യമാണ്. കാടിന്റെ മക്കളാണ് അവര്‍. കാടില്ലാതെ മറ്റൊരു ‘നാടന്‍’ ജീവിതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. കാലി വളര്‍ത്തലും വന വിഭവശേഖരണവും ക്യഷിയുമൊക്കെയായി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ജനതക്ക് കാടുമായി തന്നെയാണ് നിരന്തര സംമ്പര്‍ക്കവും. ഇതു തന്നെയാണ് കുരങ്ങ് പനി വലിയ രീതിയില്‍ ഈ ജനതയെ ബാധിച്ചതിനു കാരണവും. ‘എന്നും രാവിലെ പൊതിച്ചോറുമായി കാട്ടിലേക്ക് പോയി കാലിയെ മേയിച്ച് വൈകുന്നേരം കാട്ടരുവിയില്‍ കുളിയും കഴിഞ്ഞ് തിരിച്ച് വരികയാണ് പതിവ്. അന്നും അങ്ങനെ തന്നെയാ വന്നത്. വന്നപാടെ ഛര്‍ദ്ദിച്ചു. നേരെ ആശുപത്രിയില്‍ പോയി, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും…” പറഞ്ഞത് മുഴുമിപ്പിക്കാന്‍ ആവാതെ വിങ്ങിപൊട്ടി ചീയമ്പം 73 കോളനിയില്‍ കുരങ്ങ് പനി മൂലം മരണപ്പെട്ട 35 കാരനായ മാധവന്റെ ഭാര്യ ബൊമ്മി. ചത്ത കുരങ്ങിന്റെയും രോഗം പരത്തുന്ന ചെള്ളിന്റെയും സാന്നിധ്യം പിന്നീട് തോടുകളിലും അരുവികളിലും പുഴകളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു.

തീരാദുരിതമനുഭവിക്കുന്ന ഈ ഗോത്രജനതയുടെ ഇടയിലേക്ക് കുരങ്ങ് പനി വന്നത് ദുരിതത്തിനുമേല്‍ ദുരിതം എന്നു പറയും പോലെയാണ്. മൂക്കില്‍ കൂടിയും വായില്‍ കൂടിയും അമിത രക്തസ്രാവം, അതിസാരം, വിറ, പേശീവേദന, കണ്ണില്‍ ചുവപ്പ്, കോച്ചിപിടുത്തം തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കോളനിനിവാസികളില്‍ കണ്ടു വന്ന സൂചനകള്‍. ആരോഗ്യവകുപ്പും, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റെും, പഞ്ചായത്ത് അധിക്യതരും സമയോചിതമായി ഇടപെട്ടു. എങ്കിലും 100-200 പേര്‍ക്ക് വരെ ഈ കോളനിയില്‍ പനി പടര്‍ന്നിരുന്നു. രോഗം വന്നുപോയവരില്‍ പോലും ഇപ്പോഴും പേശീവേദനയും നെഞ്ചുവേദനയും കണ്‍ ചുവപ്പും മുടികൊഴിച്ചിലുമൊക്കെയായി അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടു മാറിയിട്ടില്ല.

”ഞങ്ങള്‍ ഇവിടെ 150 വീടുകളിലായി 303 കുടുംബങ്ങളിലാണ് വസിക്കുന്നത്. 1967 മുതല്‍ സ്ഥിര താമസക്കാരുമാണ്. കൈവശാവകാശ നിയമപ്രകാരം രേഖ ലഭിച്ചിരുന്നതും 2009 ല്‍ സര്‍ക്കാര്‍ തന്നെ മുന്‍ കൈ എടുത്ത് സ്ഥിരതാമസക്കാര്‍ക്ക് രണ്ട് ഏക്കര്‍ വീതവും അടുത്തിടെ കുടിയേറിയവര്‍ക്ക് ഒരേ ഏക്കര്‍ വീതം സ്ഥലവും നല്‍കിയിരുന്നു. ഈ കോളനിയുടെയും ചുറ്റുമുള്ള വനത്തിന്റെയും ഓരോ സ്പന്ദനവും മുക്കും മൂലയും അറിയാമായിരുന്ന ഫോറസ്റ്റ് വാച്ചര്‍ സി.കെ രാജുവിനെയാണ് ഞങ്ങളുടെ ഇടയില്‍ നിന്ന് അദ്യം കുരങ്ങു പനി തട്ടിക്കൊണ്ടു പോയത്. ഇന്നും ഊരും ഊരു കൂട്ടവും അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല; ചീയമ്പം 73 കോളനിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍ അപ്പു പറയുന്നു.

കേണിച്ചിറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ വാക്കുകള്‍- ‘‘ക്യത്യമായ ചികിത്സയും ശ്രദ്ധയുമുണ്ടെങ്കില്‍ ഈ രോഗത്തെ നേരിടാന്‍ കഴിയും. അതുകൊണ്ട് തന്നെ മുന്‍ കരുതല്‍ ആവശ്യമാണ്. ഞങ്ങള്‍ പ്രശ്‌നത്തിന്റെ തീവ്രത അറിഞ്ഞുകൊണ്ട് വളരെ ഗൗരവമായാണ് ഇടപെടുന്നത്. വനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കു വിധേയരാക്കുകയും ചെയ്യുന്നുണ്ട്. ആറു മുതല്‍ 65 വയസ്സ് വരെ ഉളളവര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കി വരുന്നത്. പക്ഷേ ഈ സമൂഹത്തിന് ഇതില്‍ നിന്നുളള ആഘാതം ഇനിയും വിട്ട് മാറിയിട്ടില്ല. മാനസികമായുളള ആശങ്കയകറ്റി പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരിക എന്നുളളതാണ് ഏറ്റവും ശ്രമകരം.”

മാനസികമായി രോഗത്തെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ ആദിവാസി ജനതയെ സജ്ജരാക്കുന്ന തരത്തിലുളള ബോധവത്ക്കരണ ക്ലാസുകളും പരിപാടികളും ശക്തമാക്കുക എന്നതാവണം ആദ്യം ചെയ്യേണ്ട ഔഷധം. കാലാകാലങ്ങളായി കാട് തന്നെ ജീവിതമായി കാണുന്നവരാണെങ്കിലും ആ കാട്ടില്‍ നിന്ന് തന്നെയുണ്ടാവുന്ന പ്രതിസന്ധികളെ മാനസികമായി തരണം ചെയ്യാനുളള കരുത്ത് ഇപ്പോള്‍ ഇവര്‍ക്കില്ല. കാരണം അവര്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികളാണിതെല്ലാം. തങ്ങളുടേതായ വിശ്വാസങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കാത്ത ഇവരെ മാറിയകാലത്തിന്റെ അപകടങ്ങളെ കുറിച്ചു പറഞ്ഞു ബോധവത്ക്കരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവര്‍ കടമയായി കാണണം.

‘രോഗം കണ്ടെത്തിയ മാതമംഗലം, ചീയമ്പം 73 കോളനി, ആനപ്പന്തി കോളനികള്‍ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. പുറം ലോകവുമായി വലിയ ബന്ധങ്ങള്‍ ഒന്നും ഇല്ല. ക്യത്യമായ കുടിവെളള സൗകര്യമോ മികച്ച റോഡോ ഞങ്ങള്‍ക്കില്ല. അടുത്ത ടൗണായ പുല്‍പ്പള്ളിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിലേക്ക് ഇവിടുന്ന് പത്തും , കേണിച്ചിറ ടൗണിലെ പൊതു ആരോഗ്യ കേന്ദ്രത്തിലേക്ക് ഒമ്പതും കിലോമീറ്റര്‍ സഞ്ചരിക്കണം. ജനിച്ച കാലം മുതല്‍ മണ്ണിന്റെ മക്കളായ ഞങ്ങള്‍ക്ക് അധികാരികളുടെ പക്കല്‍ നിന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളു. ഇവിടുന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലോ, ബത്തേരി താലൂക്ക് ആശുപത്രിയിലോ എത്തണമെങ്കില്‍ ഇരുതും മുപ്പതും കിലോമീറ്റര്‍ യാത്ര ചെയ്യണം. കുരങ്ങ് പനി മൂലം മരണപ്പെട്ട കുടുംബത്തിന് അന്നത്തെ ഞങ്ങളുടെ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മി രണ്ടു ലക്ഷം രൂപയും ആശുപത്രിയില്‍ കിടന്നവര്‍ക്ക് 10000 രൂപയും പ്രഖ്യാപിച്ചിരുന്നെങ്കിലും പലര്‍ക്കും ഇനിയുമത് കിട്ടിയിട്ടില്ല.‘ ചീയമ്പം 73 കോളനി ഊരു മുപ്പനും, പൊതു പ്രവര്‍ത്തകനും, മുന്‍ പഞ്ചായത്ത് മെമ്പറുമൊക്കെയായ ബി.വി സോളന്റെ വാക്കുകള്‍ അവഗണിക്കപ്പെടുന്നവരുടെ രോഷം നിറഞ്ഞിട്ടുണ്ട്.

വയനാടന്‍ കാടുകളിലെ ഈ ശാപത്തെ തുടച്ച് മാറ്റും എന്ന് ആരോഗ്യ വകുപ്പ് അധിക്യതരും പഞ്ചായത്ത് അധികാരികളുമൊക്കെ ദ്യഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിലും കോളനിക്കാരുടെ മരണഭയം അതുകൊണ്ടൊന്നും മാറുന്നില്ല. അന്നത്തേക്കുള്ള അന്നം കണ്ടെത്തി എങ്ങനെയും മുന്‍പോട്ട് പോകാന്‍ ഏക ആശ്രയമായ കാട്ടില്‍ കയറുമ്പോള്‍ തിരികെ ചുടലക്കാടിലേക്കു പോകേണ്ടി വരാതിരിക്കാന്‍ മലക്കാരിയോടും ഗുളികനോടും കരഞ്ഞു പ്രാര്‍ത്ഥിക്കുകയാണ് ഇവര്‍.

ആരോഗ്യസംവിധാനത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യതയും ഉള്ള പുറം ലോകത്തിന്റെ അവസ്ഥയല്ല വനത്തിനുള്ളിലെ ഈ ആദിവാസി കോളനികളില്‍. രൂഢമൂലമായ കുറെയേറ വിശ്വാസങ്ങളില്‍ ജീവിക്കുന്നവരായതു കൂടി കൊണ്ട് ഇവരുടെ ആരോഗ്യസംരക്ഷണത്തില്‍ ആരോഗ്യവകുപ്പും വനം വകുപ്പും പഞ്ചായത്തുമെല്ലാം ഏറ്റവും ശ്രദ്ധയും അര്‍പ്പണബോധത്തോടെയും വേണം ഇടപെടാന്‍. ബോധവത്ക്കരണവും ആരോഗ്യപരിപാലനത്തിനുള്ള നിര്‍ദേശങ്ങളും കൃത്യമായി ഇവര്‍ക്ക് നല്‍കേണ്ടതിന്റെ പ്രധാന്യം കോളനികള്‍ സന്ദര്‍ശിച്ചാല്‍ മനസിലാകും. ആദിവാസികളും മനുഷ്യരാണെന്നു നാം മറന്നുപോകരുത്…

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍ വര്‍ഗീസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍