UPDATES

വിദേശം

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ വളഞ്ഞിട്ടാക്രമിച്ച് കുര്‍ദ് സേനയുടെ മുന്നേറ്റം

Avatar

ലവ്‌ഡെ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വടക്കന്‍ ഇറാഖി നഗരമായ സിഞ്ചാറില്‍ ന്യൂനപക്ഷ വിഭാഗമായ ആയിരക്കണക്കിന് യസീദികളടക്കമുള്ള 7,500 പേരുടെ കുര്‍ദ് പെഷ്‌മെര്‍ഗ പോരാളികള്‍ യു.എസ് സൈന്യം നടത്തുന്ന വ്യോമാക്രമണത്തിന്റെ അകമ്പടിയോടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ മൂന്നു ഭാഗങ്ങളില്‍ നിന്നും ആക്രമണം തുടങ്ങിയിരിക്കുന്നു. 

സിഞ്ചാര്‍ മലയുടെ താഴ്‌വാരത്തില്‍ വ്യാഴാഴ്ച അതിരാവിലെ അവര്‍ ഒത്തുകൂടി. തങ്ങളുടെ നിരകളിലേക്ക് നീങ്ങും മുമ്പേ ചിലര്‍ പ്രാര്‍ത്ഥിച്ചു, മറ്റ് ചിലര്‍ തീ കാഞ്ഞു. മുന്നണിയിലേക്കുള്ള മണ്‍പാതകളില്‍ പോരാളികളെ നിറച്ച വണ്ടികള്‍ തിങ്ങിനിറഞ്ഞിരുന്നു. 

കവചിത വാഹനങ്ങളുടെ ഇഴഞ്ഞുനീങ്ങുന്ന ഒരു വ്യൂഹത്തിന്റെ അകമ്പടിയോടെ താത്കാലികമായി കൂര്‍ദുകളുടെ പ്രത്യേക സേന കാല്‍നടയായി ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള പ്രദേശത്തേക്ക് നീങ്ങി. രാത്രിയായപ്പോഴേക്കും സിറിയയിലെ റക്കയില്‍ നിന്നും ഇറാഖിലെ മൊസൂളിലേക്കുള്ള നഗരത്തിനടുത്തുള്ള ദേശീയപാത മുറിക്കാന്‍ അവര്‍ക്കായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭൂപ്രദേശമാണ് മുറിഞ്ഞത്. 

പെഷ്‌മെര്‍ഗ് പോരാളികള്‍ ഒരു മുന്‍ ഇറാഖ് സൈനിക താവളത്തിലെത്തി, ഏതാനും ഗ്രാമങ്ങള്‍ സ്വതന്ത്രമാക്കി. 

സിഞ്ചാര്‍ വീണ്ടെടുക്കാനുള്ള നീക്കം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ കുര്‍ദ് സേനയുടെ ഏറ്റവും വലിയ മുന്നേറ്റമാണ്. അവരുടെ സൈനിക ശേഷിയുടെ നിര്‍ണായകമായ പരീക്ഷണവും. ഐ എസിന്റെ താത്കാലിക തലസ്ഥാനമായ സിറിയയിലെ റക്കയില്‍ നിന്നും പടിഞ്ഞാറന്‍ ഇറാഖിലെ റമാദിയില്‍ നിന്നും ഒരേ പോലെ ഭീകരവാദികള്‍ ആക്രമണം നേരിടുകയാണ്. 

സിഞ്ചാര്‍ നഷ്ടപ്പെടുന്നത് ഐ എസിന് കനത്ത തിരിച്ചടിയായിരിക്കും. ഇറാഖിനും സിറിയക്കും ഇടക്കുള്ള വിതരണ ശൃംഖലയാണ് ഇല്ലാതാകുക. അത് പ്രചോദനം നല്‍കുന്ന പോരാട്ടം കൂടിയാണ്. 

2014 ഓഗസ്റ്റില്‍ വളരെപ്പെട്ടന്ന് സിഞ്ചാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായതോടെ യസീദി സമുദായം പാടെ തകര്‍ന്നു. ആയിരക്കണക്കിനാളുകള്‍ സിഞ്ചാറിലും പരിസരപ്രദേശങ്ങളിലും നിന്നും പലായനം ചെയ്തു. പലരും ചെന്നുവീണത് യസീദികളെ ദൈവനിഷേധികളായി കരുതുന്ന ഐ എസ് ഭീകരരുടെ കൈകളിലേക്ക് തന്നെയായിരുന്നു. യസീദി പുരുഷന്മാരേ കൂട്ടത്തോടെ കൊന്നുകളഞ്ഞു. സ്ത്രീകളെ ലൈംഗിക അടിമകളായി വില്‍ക്കാനും വാങ്ങാനുമായി തടഞ്ഞുവെച്ചു. ആയിരക്കണക്കിനാളുകള്‍ സിഞ്ചാര്‍ മലയിലേക്ക് കയറി. 

വ്യാഴാഴ്ച്ച അതിരാവിലെ മലയുടെ താഴ്‌വരയില്‍ ആക്രമണത്തിന് തയ്യാറെടുക്കവെ യസീദി പോരാളികള്‍ പകവീട്ടാന്‍ പ്രതിജ്ഞയെടുത്തു. 

‘അതൊരു ദുരന്തമായിരുന്നു, ഞങ്ങള്‍ ഓരോരുത്തരും അതിന്റെ ദുഃഖം പേറുകയാണ്,’ 28കാരനായ സലീം ഷെവന്‍ പറഞ്ഞു;’ഞങ്ങള്‍ പകരം വീട്ടും.’

കുര്‍ദ് സേന മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയതോടെ വഴിയില്‍ ബോംബ് സ്‌ഫോടനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള യു.എസ് നല്‍കിയ കവചിത വാഹനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ബുള്‍ഡോസറുകള്‍ മണ്‍തിട്ടകള്‍ നീക്കാന്‍ തുടങ്ങി. 

ഏറ്റവും അടുത്തുള്ള ഗ്രാമങ്ങള്‍ ആളൊഴിഞ്ഞു കിടന്നു. പക്ഷേ സിഞ്ചാറിലേക്ക് തിരിഞ്ഞതോടെ പ്രതിരോധം നേരിട്ടുതുടങ്ങി. 

അകലെനിന്നും സിറിയന്‍ ദിശയില്‍ നിന്നും ഒരു വണ്ടി വാഹന വ്യൂഹത്തിന് നേരെ പാഞ്ഞുവരുന്നു. 

‘ചാവേര്‍ ബോംബ്! ചാവേര്‍ ബോംബ്!’ പ്രത്യേക സേനയുടെ മേധാവിയും കുര്‍ദ് മേഖല പ്രസിഡന്റിന്റെ മകനുമായ ബ്രിഗേഡിയര്‍ ജനറല്‍ രാവാണ്‍ ബര്‍സാനി മുന്‍നിരയിലുള്ളവരോട് വിളിച്ചുപറഞ്ഞു. വാഹനവ്യൂഹത്തില്‍ നിന്നും രണ്ടു ടാങ്ക് വേദ മിസൈലുകള്‍ തൊടുത്തു. പക്ഷേ അവയ്ക്കു ലക്ഷ്യം തെറ്റി. ഒടുവിലൊന്ന് ചാവേര്‍ വണ്ടി വാഹന വ്യൂഹത്തിന് അടുത്തെത്തവെ ലക്ഷ്യം കണ്ടു. ആകാശത്തില്‍ ചാരപ്പുക. 

ദേശീയപാത 47ലാണ് സിഞ്ചാര്‍. ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെയും, ആയുധങ്ങളും എണ്ണയും കടത്താന്‍ ഉപയോഗിയ്ക്കുന്ന വഴി. 

ഏറ്റുമുട്ടല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് കുര്‍ദ് സേനാനായകര്‍ പറയുന്നു. വ്യാഴാഴ്ച്ച ഉണ്ടായ പെട്ടെന്നുള്ള നേട്ടങ്ങളുണ്ടെങ്കിലും പട്ടണം പിടിക്കല്‍ എളുപ്പമാകുമെന്ന് ആരും കരുതുന്നില്ല. 

യു.എസിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഉപദേശകര്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞ പെന്റഗണ്‍ മാധ്യമ സെക്രട്ടറി പീറ്റര്‍ കുക് എന്നാല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. 

തങ്ങളും ദൗത്യത്തെ പിന്താങ്ങുന്നു എന്നു ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ ഏതാണ്ട് 400500 ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഉണ്ടാകുമെന്നാണ് യു.എസ് അധികൃതര്‍ കണക്കാക്കുന്നത്. തീവ്രവാദികള്‍ നഗരത്തില്‍ തുരങ്കങ്ങളും ഒളിത്താവളങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്ന് പെഷ്‌മെര്‍ഗ് കമാന്‍ഡര്‍ ഡില്‍ഗാവഷ് സെബാരി പറഞ്ഞു. ‘ചാവേറുകളുമുണ്ട്. ഉള്ളിലേക്ക് കയറുന്തോറും ഇതെല്ലാം കൂടുതലാകും.’

ദൗത്യം പരാജയപ്പെട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പൊരുതുന്ന വിവിധ സംഘങ്ങളുടെ അനൈക്യമായിരിക്കും കാരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

മോശം കാലാവസ്ഥയും കുര്‍ദ് പോരാളികളിലെ പല വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും മൂലം ഏറെ നാളായി ആസൂത്രണം ചെയ്ത ദൗത്യം വൈകുകയായിരുന്നു. തുര്‍ക്കി കേന്ദ്രമാക്കിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (PKK) പോരാളികള്‍ നഗരത്തില്‍ പലയിടത്തും നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് അവരുമായി ഏകോപനമില്ലെന്ന് പെഷ്‌മെര്‍ഗ് സേന പറയുന്നു. 

‘മോചനം വൈകുകയാണെങ്കില്‍ അത് വിവിധ കക്ഷികളിലെ സേനകള്‍ സ്വന്തം നിലയ്ക്ക് പോകുന്നതുകൊണ്ടായിരിക്കും,’ സെബാരി പറഞ്ഞു. 

ഇസ്ലാമിക് സ്റ്റേറ്റിനെ ദുര്‍ബലമാക്കാനുള്ള വ്യാപകമായ ശ്രമങ്ങളില്‍ കുര്‍ദ് നീക്കത്തിന് പ്രാധാന്യമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ മറ്റ് സിറിയന്‍ സംഘങ്ങള്‍ ആയുധം പരിശീലിപ്പിക്കാനുള്ള നീക്കം പാളിയതില്‍ പിന്നെ സിറിയയിലെ പെന്റഗണ്‍ പദ്ധതിയില്‍ കുര്‍ദ് പോരാളികള്‍ക്കാണ് പ്രാധാന്യം. 

സിറിയന്‍ കുര്‍ദുകള്‍ ഐ എസിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തി. തുര്‍ക്കി അതിര്‍ത്തിയിലുള്ള കൊബെയ്ന്‍ പട്ടണം പിടിച്ചെടുക്കാനുള്ള നീക്കത്തെ കഴിഞ്ഞവര്‍ഷം പ്രതിരോധിക്കുകയും ചെയ്തു. 

പക്ഷേ കുര്‍ദ് പോരാളികളുടെ പ്രാധാന്യം നിര്‍ണായകമാകുന്നത് യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. കുര്‍ദ് വിഘടന വാദികളുമായി (PKK) പതിറ്റാണ്ടുകളായി ഏറ്റുമുട്ടുന്ന NATO അംഗം കൂടിയായ തുര്‍ക്കിക്ക് കുര്‍ദ് പോരാളികളുടെ സൈനിക, രാഷ്ട്രീയ പ്രാധാന്യം ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഈ പ്രാമുഖ്യം സ്വയംഭരണത്തിനുള്ള ആവശ്യത്തിന് ശക്തി പകരുമെന്ന് അവര്‍ ഭയക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍