UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കായി വാതില്‍ തുറന്ന്‍ മാതൃകയാവുന്ന ഒരു സ്കൂള്‍

Avatar

വി. ഉണ്ണികൃഷ്ണന്‍

‘നാട്ടില്‍ കുട്ടികളുടെ വിദ്യാഭ്യാസം പ്രയാസകരമാണ്. പ്രധാനകാരണം സ്കൂളുകള്‍ തമ്മിലുള്ള ദൂരമാണ്. ചെറിയ സ്കൂളില്‍ നിന്നും വലുതിലേക്ക് കുട്ടികളെ കൊണ്ടുപോകണം എങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ബസ് സൗകര്യം ഉണ്ടാവില്ല. ചെറിയ പ്രായത്തില്‍ അത്ര ദൂരം അവരെക്കൊണ്ട് നടത്തിക്കുക വലിയ പാപമാണ്. നാട്ടിലെ ജോലിക്കും ശമ്പളം കുറവാണ്. ഇവിടെ കേരളത്തില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ജോലിക്ക് മാന്യമായ ശമ്പളം കിട്ടുന്നു. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും പറ്റുന്നു. ഇവിടെ ഒരു സ്കൂളില്‍ നിന്നും മറ്റൊരിടത്തേക്ക് പോകാന്‍ എളുപ്പമാണ്’

അഭിപ്രായം ബീഹാര്‍ സ്വദേശി എംഡി തമന്നയുടേതാണ്. തിരുവനന്തപുരം മണക്കാടുള്ള കുരിയാത്തി ജിഎല്‍പിഎസില്‍ വച്ചാണ് തമന്ന അഭിപ്രായം പങ്കുവച്ചത്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ബീഹാറിക്കെന്താ കാര്യം എന്ന് പുരികം ചുളിച്ചു ചിന്തിക്കുന്നവരുണ്ടാവും.

വളച്ചുകെട്ടാതെ കാര്യത്തിലേക്ക് കടക്കാം.

കുരിയാത്തി സ്കൂളില്‍ അവര്‍ക്കും കാര്യമുണ്ട്. ഈ എല്‍പി സ്കൂളില്‍ അവര്‍ക്കും തങ്ങളുടെ മക്കളെ ചേര്‍ക്കാം. പല സ്കൂളുകളും ഒഴികഴിവുകള്‍ പറഞ്ഞ് ഇവരെ ഒഴിവാക്കുമ്പോള്‍ ഈ സ്കൂളിന്റെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയായിരിക്കും. ഒരു സമയത്ത് 1000-ല്‍ ഏറെ വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയ ഈ വിദ്യാലയത്തില്‍ ആകെ 30 കുട്ടികള്‍ മാത്രമേ ഇന്ന് ഉള്ളൂ. അതില്‍ പകുതിയും ഇതരസംസ്ഥാനത്തു നിന്നുള്ളവരുടെ കുട്ടികള്‍. ബംഗാള്‍, അസം, ഛത്തിസ്‌ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവിടെ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു.

എന്തുകൊണ്ട് കുരിയാത്തി സ്കൂള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് അവസാന ആശ്രയം ആകുന്നു എന്നൊരു ചോദ്യം ഉണ്ടാകാം. അതിനുത്തരം അവിടത്തെ പിടിഐയും ജീവനക്കാരും തന്നെയാണ്. പുറത്ത് നിന്നും എത്തുന്നവര്‍ക്ക് ഇവിടുത്തെ വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കണം എങ്കില്‍ നൂലാമാലകള്‍ ഏറെയാണ്. അത് കടന്നുകിട്ടുക ഭഗീരഥപ്രയത്നവും. ഭാഷ അറിയാതെ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിപ്പെട്ടാല്‍ പിന്നെ പകച്ചുനില്‍ക്കുക എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല.

എന്നാല്‍ ഇവിടെ സ്കൂള്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഇവരെ സഹായിക്കുക. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ഇതരസംസ്ഥാനത്തുനിന്നുള്ള മാതാപിതാക്കളോടൊപ്പം അവരും എത്തും. അടുത്ത ദിവസങ്ങളില്‍ പുതുതായി എത്തിയ ഒരു കുട്ടിയുടെ അഡ്മിഷന് ആവശ്യമായ രേഖകള്‍ ലഭിക്കാനായി ഹെഡ്മിസ്ട്രസ് ജയകുമാരി തന്നെയാണ് വില്ലേജ് ഓഫീസില്‍ എത്തിയത്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇവരെ മാറ്റിനിര്‍ത്തുമ്പോള്‍, കേരളം മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളി വിരുദ്ധവികാരം പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഈ സ്കൂളിനെ അത് ബാധിക്കാത്തത് എന്തായിരിക്കും. ഉത്തരം അവിടത്തെ പ്രൈമറി വിഭാഗം അധ്യാപകന്‍ ജയശങ്കര്‍ പറയും.

‘ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ എത്തുന്ന ഇതരസംസ്ഥാനക്കാരില്‍ പലരും ആ ആവശ്യം മാത്രം മുന്നില്‍ക്കണ്ടാണ് കേരളത്തില്‍ എത്തുന്നത്. അവിടത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരവും ലഭ്യതയും ഒക്കെ കണക്കിലെടുത്താല്‍ കേരളം അവര്‍ക്ക് സ്വര്‍ഗ്ഗമാണ്. അടുത്തടുത്ത് സ്കൂളുകള്‍, അവിടെ കിട്ടുന്നതിനേക്കാള്‍ ശമ്പളം എന്നിങ്ങനെ വിഷയങ്ങള്‍ അനേകം. കുട്ടികള്‍ എവിടെയായാലും കുട്ടികള്‍ തന്നെ. വിദ്യാഭ്യാസം അവര്‍ക്ക് നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഷ്ടപ്പെടുന്നു. ഞങ്ങള്‍ അതിനാവശ്യമായ സഹായം നല്‍കുന്നു. ചിലര്‍ നടത്തിയ പ്രവൃത്തികള്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നല്ലതല്ല’- ജയശങ്കര്‍ വ്യക്തമാക്കി.

എണ്ണം കുറവാണെങ്കിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്കൂള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. പിടിഐ, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പിന്തുണയുള്ളതിനാല്‍ പുതിയവ ലഭ്യമാക്കാനും അധികൃതര്‍ ശ്രമിക്കാറുണ്ട്. നിലവില്‍ പ്രൊജക്ടര്‍ അടക്കമുള്ള കമ്പ്യൂട്ടര്‍ ലാബ്, ഓരോ ദിവസവും വെവ്വേറെ മെനു അനുസരിച്ചുള്ള ഭക്ഷണം, പഠനയാത്രകള്‍, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ എന്നിങ്ങനെ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. യോഗ, കാരാട്ടെ എന്നിവയും പ്രത്യേക പഠന രീതികളും ഉടന്‍ ആരംഭിക്കും എന്ന് പ്രധാനാധ്യാപിക ജയകുമാരി പറയുന്നു.

‘കഴിഞ്ഞ ഒരു വര്‍ഷമായാണ് ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എത്താന്‍ തുടങ്ങിയത്. ആദ്യം ഒരാള്‍ വന്നു. അവര്‍ പറഞ്ഞറിഞ്ഞു മറ്റുള്ളവരും. ഇപ്പോള്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ ഏകദേശം 18-ഓളം കുട്ടികള്‍ ഉണ്ട്. വേറെ അഡ്മിഷന്‍ വരുന്നുമുണ്ട്. ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ഭാഷയാണ്. ഗ്രാമപ്രദേശങ്ങളില്‍ നിന്നായതിനാല്‍ ഇവരില്‍ പലര്‍ക്കും ഹിന്ദി പോലും വ്യക്തമായി സംസാരിക്കാന്‍ അറിയില്ല. ഒരു വിധത്തില്‍ ഇതിനെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കിലും താല്‍ക്കാലികമായി എങ്കിലും ഒരു ഹിന്ദി ടീച്ചറെ നിയമിക്കുകയാണെങ്കില്‍ ഇത് പൂര്‍ണ്ണമായും പരിഹരിക്കാനാകും’- ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ഛത്തിസ്‌ഗഡ് സ്വദേശിയായ മുഹമ്മദ് അഹ്രാഷിന്റെ മക്കളും ഈ സ്കൂളില്‍ത്തന്നെയാണ് പഠിക്കുന്നത്. കിഴക്കേക്കോട്ടയില്‍ത്തന്നെയുള്ള ഒരു ഹോട്ടലില്‍ പൊറോട്ടമേക്കര്‍ ആണ് അഹ്രാഷ്. ഹോട്ടല്‍ ജീവനക്കാര്‍, വസ്ത്രവില്‍പ്പനക്കാര്‍ എന്നിങ്ങനെ പല മേഖലയില്‍ നിന്നുമുള്ള തൊഴിലാളികളാണ് ഇവിടെ തങ്ങളുടെ മക്കളെ ചേര്‍ക്കാന്‍ എത്തുന്നുണ്ട്. സ്കൂളില്‍ മക്കള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ശ്രദ്ധയും മറ്റെങ്ങും ലഭിക്കുന്നില്ല. അതിനാല്‍ സംതൃപ്തരാണ് തങ്ങള്‍ എന്നുള്ളതും ഇവര്‍ വ്യക്തമാക്കുന്നു. 

അധ്യാപകര്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പിടിഐയും സ്കൂളില്‍ ഉണ്ട്. സര്‍ക്കാര്‍ സഹായം പലപ്പോഴും സമയത്ത് ലഭിക്കാത്തതിനാല്‍ പിടിഐ തന്നെ മുന്‍കൈയ്യെടുത്താണ് കാര്യങ്ങള്‍ നടപ്പിലാക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഔഷധസസ്യത്തോട്ടവും അപൂര്‍വ്വയിനം വാഴകൃഷിയും സ്കൂളിലെ കുട്ടികള്‍ക്ക് പ്രകൃതിയെക്കുറിച്ചുള്ള അറിവും പകരുന്നു.

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍