UPDATES

ദില്‍ന വികസ്വര

കാഴ്ചപ്പാട്

ദില്‍ന വികസ്വര

ന്യൂസ് അപ്ഡേറ്റ്സ്

ഓലപീപ്പിയിലൂടെ നമ്മള്‍ കേട്ട ദളിതരുടെ ശബ്ദം

ഒട്ടുമിക്ക കലാരൂപങ്ങളും കളികളും സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അവയില്‍ ഏറെയും ചരിത്രരചനകള്‍ക്ക് പാത്രമായിട്ടുമുണ്ട്. ചിലത് ചരിത്രാഖ്യാനങ്ങളില്‍ മറച്ചുവയ്ക്കപ്പെട്ടിട്ടുണ്ടെന്നും അത് ബോധപൂര്‍വമാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. കലാരൂപങ്ങള്‍ക്ക് പ്രത്യേകിച്ച് കുരുത്തോലകളില്‍ തീര്‍ക്കുന്ന രൂപങ്ങള്‍ക്ക് കേരള സംസ്‌കാരത്തോളം പഴക്കമുണ്ട്. ആയിരത്തിയെഴുന്നൂറുകളുടെ അവസാനവും എണ്ണൂറുകളിലും നാട്ടിന്‍പുറങ്ങളിലെ ആഘോഷങ്ങള്‍ക്ക് വ്യാപകമായി കുരുത്തോല ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചുപോന്നിരുന്നു. അത് ഇന്നും തുടര്‍ന്നുപോരുന്നു. ഇത്തരം കലാരൂപങ്ങള്‍ക്കൊണ്ടുള്ള ചമത്കാരങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലക്ഷങ്ങളാണ് ഈടാക്കുന്നത്. അതേ സമയം ഇടനിലക്കാര്‍ മുഖേന എത്തുന്ന അലങ്കാര വസ്തുക്കളുടെ അണിയറശില്പികള്‍ പിന്നാക്ക വിഭാഗക്കാരാണെന്നത് അറിയാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സമയമെടുത്ത് കരുതലോടെ തയ്യാറാക്കുന്ന കുരുത്തോലരൂപങ്ങള്‍ കേവലം കുട്ടിക്കളിയല്ലെന്ന് ആ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ കളിപ്പാട്ടങ്ങളും കലാരൂപങ്ങളും നിര്‍മിക്കുന്ന കുറച്ചു കുട്ടിക്കലാകാരന്‍മാരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കളിക്കാനായാണ് ഉണ്ടാക്കുന്നതെങ്കിലും അതിനായി കുട്ടികള്‍ കാണിക്കുന്ന ജാഗ്രത ആരെയും അതിശയപ്പെടുത്തും. സാധാരണക്കാരായ, എന്നാല്‍ ഏറെ പ്രത്യേകതകളുള്ള കുരുത്തോലക്കലാകാരന്‍മാരാണ് ഇവര്‍. ജീവിത നിലവാരത്തിന്റെ അളവുകോലുകൊണ്ടളക്കുമ്പോള്‍ അവര്‍ സാധാരണക്കാരാണെങ്കിലും കഴിവുകള്‍ മാറ്റുരയ്ക്കുന്ന പ്രഗത്ഭരുടെ ലോകത്ത് അവര്‍ അസാധാരണക്കാരാണ്. ഇലകളും ഈര്‍ക്കിലിയും വെള്ളക്കയുമൊക്കെയാണ് അവരുടെ കലാരൂപങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍. അവയിലെല്ലാം നല്ലനല്ല രൂപങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി അവര്‍ തിരിച്ചറിയുന്നു. കളിപ്പാട്ടവും കളിവള്ളവും മുതല്‍ ബാഗും കൊട്ടയും വട്ടിയും പുട്ടിയും വരെ കുട്ടിക്കരങ്ങള്‍ മെനഞ്ഞെടുക്കുന്നു.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ പഞ്ചായത്തില്‍ വളമംഗലം എന്ന കൊച്ചുഗ്രാമത്തിലെ എട്ടാംക്ലാസുകാരിയായ ശ്രീക്കുട്ടി, നാലാം ക്ലാസുകാരിയായ നിളാദേവി, അഞ്ചാംക്ലാസുകാരനായ ശ്രീശാന്ത്, ആറാം ക്ലാസുകാരനായ ആല്‍വിന്‍, ഒന്നാം ക്ലാസുകാരനായ ദേവാനന്ദ് എന്നിവരാണ് കുരുത്തോല കലാകാരന്‍മാര്‍. ഉരുളന്‍ പന്ത്, ത്രികോണപന്ത്, പമ്പരം, പാമ്പ്, വാച്ച്, മോതിരം, മാല, കണ്ണട, കുട്ട, വെള്ളയ്ക്കാവണ്ടി, വെള്ളയ്ക്കാ ത്രാസ്, പാവക്കുട്ടി, ഓലപ്പീപ്പി, തൊപ്പി, പൂക്കുട്ട, ഇറച്ചിക്കുട്ട, മീന്‍കുട്ട, വട്ടി, എന്നിങ്ങനെ നീളുന്നു കളിപ്പാട്ടങ്ങളുടെ നിര. തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണിവര്‍ ഈ മാസ്മരവിദ്യ സ്വായത്തമാക്കിയത്. ഇവര്‍ക്കിതിനെല്ലാം പരിശീലനം നല്‍കുന്നതാവട്ടെ നിളാദേവിയുടെ അച്ഛന്‍ മധുവും അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് രമണനുമാണ്. അവര്‍ക്ക് അവരുടെ അഛനമ്മമാരില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവാണിത്. അത് അവര്‍ വളരെ കരുതലോടെ അടുത്ത തലമുറയ്ക്കും പകര്‍ന്നു നല്‍കുന്നു. കുരുത്തോലകളാല്‍ നിളാദേവി തീര്‍ത്ത കലാരൂപങ്ങള്‍ കണ്ട് സ്‌കൂള്‍ ആകെ അത്ഭുതപ്പെട്ടിരുന്നു. പ്രദര്‍ശനത്തില്‍ അവള്‍ക്ക് സെലക്ഷനും ലഭിച്ചു. മധുവിനോടും രമണനോടും അവരുടെ സമീപവാസികളോടും സംസാരിച്ചു തുടങ്ങിയപ്പോഴാണ് കുരുത്തോലക്കളി കേവലം കുട്ടിക്കളിയല്ലെന്നും അതിനു പിന്നില്‍ ഒരു തലമുറയുടെ ചരിത്രം ചളിപിടിച്ചു കിടക്കുന്നുണ്ടെന്നുമറിയുന്നത്.

കേരളത്തിന്റെ വയലേലകളില്‍ പ്രത്യേകിച്ച് നെല്ലറയായ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ കൃഷിപ്പണിക്കാര്‍ അധികവും പുലയര്‍ തുടങ്ങിയ പിന്നാക്ക വിഭാഗക്കാരായിരുന്നു. ജില്ലയുടെ പലമേഖലകളില്‍ നിന്നും കൃഷിപ്പണിക്കായി നിരവധി പേര്‍ കുട്ടനാട്ടില്‍ പോയിരുന്നു. അവര്‍ക്കറിയാവുന്ന ഏക തൊഴില്‍ അതു മാത്രമായിരുന്നു. പ്രദേശവാസികളായ പിന്നാക്കക്കാര്‍ അവിടുത്തെ സ്ഥിരം ജോലിക്കാരുമായിരുന്നു. മുലകുടിക്കുന്ന കുഞ്ഞുങ്ങളെപ്പോലും പാല്‍ നല്‍കിയശേഷം പാടവരമ്പില്‍ തൊട്ടിലുണ്ടാക്കി അതിലുറക്കിയാണ് അമ്മമാര്‍ പാടത്തിറങ്ങിയിരുന്നത്. പള്ളിക്കൂടങ്ങളും പൊതുവിടങ്ങളും അവര്‍ക്കന്യമായിരുന്നതിനാല്‍ വീടും പാടവരമ്പുമായിരുന്നു അവരുടെ കളിയിടങ്ങള്‍. അവിടെയവര്‍ ഓലകളും ഇലകളുംകൊണ്ടുള്ള കളിപ്പാട്ടങ്ങളില്‍ അവരുടെതായ ലോകം സൃഷ്ടിച്ചു. അതിജീവനത്തിനായി പടവെട്ടിയ അവര്‍ക്ക് കഴിവു തെളിയിക്കാന്‍ കഴിയുന്ന മത്സരമില്ലാത്ത വേദികളായി കൃഷിയിടങ്ങള്‍.

വിള തിന്നാനെത്തുന്ന കിളികളുടെ ശബ്ദത്തെ മറികടന്നെത്തുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍മാറ്റാന്‍ അമ്മമാര്‍ പാടുന്ന പാട്ടുകള്‍ ഓരോ പുല്‍ നാമ്പിനും സുപരിചിതമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റിയിട്ട് പാടത്തിറങ്ങി പണി ചെയ്തില്ലെങ്കില്‍ തമ്പ്രാന്റെ ചീത്തവിളി കേള്‍ക്കേണ്ടിവരുമെന്ന ഭയത്താല്‍ അതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ അച്ഛന്മാര്‍ ചിന്തിച്ചുതുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാനും ശ്രദ്ധയാകര്‍ഷിക്കാനും പുരുഷന്‍മാരാണ് ഓലകളില്‍ ചില രൂപങ്ങളും കളിക്കോപ്പുകളുമുണ്ടാക്കിത്തുടങ്ങിയത്. ഓല ഉപയോഗിച്ച് ചുറ്റിയുണ്ടാക്കിയെടുത്ത പീപ്പിയില്‍ നിന്നുള്ള ശബ്ദം കുഞ്ഞിന്റെ കാതുകള്‍ക്ക് ഇമ്പമേകി. അതില്‍ അവന്‍ ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും ഇടങ്ങള്‍ കണ്ടെത്തി. പിന്നീട് കുഞ്ഞ് ഓടിക്കളിക്കുന്ന പ്രായമെത്തിയപ്പോള്‍ ഓലയും ഈര്‍ക്കിലിയുമുപയോഗിച്ചുള്ള പമ്പരമുണ്ടാക്കി നല്‍കി. കൂട്ടുപണിക്കാരുടെ മക്കള്‍ കളിക്കൂട്ടുകാരായി മാറിയപ്പോള്‍ ഉരുളന്‍ പന്ത്, ത്രികോണപന്ത്, പമ്പരം, പാമ്പ്, വാച്ച്, മോതിരം, മാല, കണ്ണട, കുട്ട, വെള്ളക്കാവണ്ടി, വെള്ളക്കത്രാസ്, പാവക്കുട്ടി, ഓലതൊപ്പി, മീനുകള്‍, കിളികള്‍ എന്നിങ്ങനെ വ്യത്യസ്തമായ കളിക്കോപ്പുകളുടെ നിര്‍മാണശാലയായി മാറി പാടവരമ്പുകള്‍. പണിയെടുത്തു ക്ഷീണിച്ചവര്‍ കഞ്ഞികുടികഴിഞ്ഞ് പാടവരമ്പില്‍ വിശ്രമിക്കുമ്പോഴായിരുന്നു കളിക്കോപ്പുകള്‍ അധികവും പിറവിയെടുത്തിരുന്നത്. ഇത് കുട്ടനാട്ടിലെമാത്രം കാഴ്ചയായിരുന്നില്ല. നിലം ഉഴുതുമറിച്ച് പൊന്നുവിളയിച്ച കേരളത്തിലെ പാടവരമ്പുകളെല്ലാം ഇത്തരം സൃഷ്ടികളുടെകൂടി വിളനിലമായിരുന്നു.

വര്‍ണങ്ങളുടെ വ്യവസ്ഥയില്‍ സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ട് ചലനശേഷിയില്ലാതെ കഴിഞ്ഞപ്പോഴും അവന്റെ/അവളുടെ കലാഹൃദയം സൃഷ്ടികള്‍ക്കായി വെമ്പല്‍കൊണ്ടിരുന്നു. ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന സാധന സാമഗ്രികളുപയോഗിച്ച് അവന്‍ രൂപങ്ങള്‍ നെയ്തുകൊണ്ടേയിരുന്നു. ചളിക്കുഴമ്പു വരമ്പുകളിലൂടെ ജീവിതം തള്ളിനീക്കിയ അവന് സാഹചര്യങ്ങള്‍ അനുകൂലമായിരുന്നെങ്കില്‍ സവര്‍ണ കലാകാരന്‍മാരെപ്പോലും തോല്‍പ്പിക്കാന്‍ കഴിയുന്ന കമനീയ കരകൗശലങ്ങള്‍ ജന്മമെടുത്തേനേ. 

ഏറെ പിന്നോട്ടു സഞ്ചരിച്ചാല്‍ കേരളീയര്‍ ജീവിച്ചിരുന്നത് ജാതിയില്‍ത്തന്നെയായിരുന്നെന്നു നമുക്ക് മനസിലാകും. അവര്‍ക്ക് അവരുടേതായ തനതായ വച്ചാരാധനകളും തുള്ളലുകളും കുരുതിയുമൊക്കെയുണ്ടായിരുന്നു. മതങ്ങളുടെ ഏകതാന സ്വഭാവത്തില്‍ അവയൊക്കെ ഉപേക്ഷിച്ചെങ്കിലും ഇന്നും അതിന്റെ ശേഷിപ്പുകളുണ്ട് അത്തരം ഇടങ്ങളില്‍ കുരുത്തോലകളിലും വാഴപ്പിണ്ടികളിലും തീര്‍ക്കുന്ന അലങ്കാരങ്ങളും രൂപങ്ങളും സമാനതകളില്ലാത്തതാണ്. കേരളത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷകളുടെ ഒഴിവാക്കാനാകാത്ത ഒന്നായി കുരുത്തോല ഉത്പന്നങ്ങളെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അവയുടെ യഥാര്‍ത്ഥ സൃഷ്ടികര്‍ത്താക്കളെ കാണാതെപോകുന്നു. ഓലകളും കുരുത്തോലകളും കൊണ്ടുള്ള ഉത്പ്പനങ്ങളുടെ പേറ്റന്റിന് അര്‍ഹര്‍ ഇവിടുത്തെ പട്ടികവിഭാഗക്കാരാണ്. കേരളത്തിന്റെ കാര്‍ഷികമേഖല വളര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ ഒരു തലമുറയുടെ പുത്രവാത്സല്യവും താളവും ഈണവും കലാപരമായ കഴിവുകളുമെല്ലാം പ്രകടമായ, പകരം വയ്ക്കാനാവാത്ത മഹത്തരമായ സൃഷ്ടികളായിരുന്നു ആ ഉത്പ്പന്നങ്ങളും രൂപങ്ങളും. കൂടാതെ ഒരു വലിയ ജനവിഭാഗത്തെ കാളകള്‍ക്കൊപ്പം പൂട്ടിയും അടിമകളാക്കി പണിയെടുപ്പിച്ചും കടന്നുപോയ സവര്‍ണ ജന്മിത്വത്തിനെതിരെയുള്ള കീഴാളന്റെ നൊമ്പരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആവിഷ്‌കാരംകൂടിയായിരുന്നു ആ രൂപങ്ങള്‍. അതിനെ അടുത്തറിയുമ്പോഴാണ് ചരിത്രത്തില്‍ അവയ്ക്കും അതിന്റെ നിര്‍മാതാക്കള്‍ക്കും പ്രാധാന്യമേറുന്നത്.

ചരിത്ര രചനകളില്‍ കാണാതെ പോകുന്ന ഇത്തരം സൃഷ്ടികര്‍ത്താക്കളെ കണ്ടെത്താനും അവരെ അടയാളപ്പെടുത്താനും നമുക്ക് ബാധ്യതയുണ്ട്. കേരളം കാര്‍ഷികനാടായി വാഴ്ത്തപ്പെടുമ്പോള്‍ അതിനായി വയലേലകളില്‍ പണിയെടുത്ത കര്‍ഷകത്തൊഴിലാളികളെ പലരും വിസ്മരിക്കുന്നു. അതുപോലെ തന്നെയാണ് സ്വസിദ്ധമായ കലാരൂപങ്ങളുടെയും ഉത്പന്ന നിര്‍മാണങ്ങളുടെയും വറ്റാത്ത ഉറവയായിരുന്നു പട്ടികവിഭാഗക്കാരുടെ ജീവിതം. അവരെ പലപ്പോഴും കാണാതെ പോകുന്നു. അവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ കുരുത്തോല കലാകാരന്‍മാരെന്നത് ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് കുരുത്തോല ഉത്പ്പന്നങ്ങളുടെ നിര്‍മാണം കളിമാത്രമല്ല പാരമ്പര്യമൂല്യങ്ങളോടുള്ള ഇഴുകിച്ചേരല്‍കൂടിയാണ്. ഫോര്‍ ജി മൊബൈലിലും കമ്പ്യൂട്ടറിലും ഗെയിമുകള്‍ കളിക്കുന്ന കുട്ടികളില്‍ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നതും അതുതന്നെയാണ്. ഇതുകാണുമ്പോള്‍ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുത്തൂടെയെന്ന് ചില പരിഷ്‌കാരികള്‍ ചോദിക്കുമായിരിക്കാം. പക്ഷേ ആ ചോദ്യങ്ങളൊന്നുംതന്നെ അവരുടെ രക്ഷിതാക്കളെ ഒട്ടും അലോസരപ്പെടുത്താറില്ല. കാരണം തങ്ങളുടെ കുട്ടികള്‍ പരിശീലിക്കുന്നതും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുതും വലിയ സംസ്‌കാരത്തെക്കൂടിയാണെന്ന് അവര്‍ക്കറിയാം.

തഴയും പോട്ടയുമുപയോഗിച്ചുള്ള ഉത്പ്പനങ്ങളും ഇത്തരത്തില്‍ സമാനതകളില്ലാത്ത സൃഷ്ടിയുടെ സാക്ഷ്യങ്ങളാണ്. ഇത്തരം ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പങ്കുവച്ച ഓര്‍മകളിലെല്ലാം ആ സംസ്‌കാരത്തിന്റെ ചൂടും തുടിപ്പും ഞാന്‍ അനുഭവിച്ചു. വള്ളിക്കളസവുമിട്ട് ഓലക്കുട്ടയുമായി മീന്‍വാങ്ങാന്‍ ചന്തയില്‍പോകുന്നതും 15 പൈസയ്ക്ക് കുട്ടനിറയെ മീനുമായി വീട്ടിലെത്തുന്നതും അവര്‍ ഇന്നും ഓര്‍മ്മിക്കുന്നു. ഇറച്ചി വില്‍ക്കുന്ന കടകള്‍ക്കുസമീപം ഓലകൊണ്ടുള്ള കുട്ട നെയ്തു നല്‍കുന്ന അവരുടെ സഹോദരതുല്യരായ വൃദ്ധന്‍മാരെ അവര്‍ ഇന്നും ഓര്‍ക്കുന്നു. ഇറച്ചിവാങ്ങാനെത്തുന്നവര്‍ക്ക് ഈ കുട്ടയിലിട്ടാണ് ഇറച്ചി നല്‍കിയിരുന്നത്. പ്ലാസ്റ്റിക്ക് കിറ്റുകളും ബിഗ്‌ഷോപ്പറുകളും എത്തുന്നതിന് മുമ്പ് മലയാളിക്ക് മീനും ഇറച്ചിയും വാങ്ങാന്‍ പരമ്പരാഗത രീതിയില്‍ ഓലക്കുട്ടകള്‍ നെയ്തു നല്‍കിയിരുന്നതവരാണ്. എത്ര കുട്ടനെയ്തു നല്‍കിയാലും അതിന് പ്രതിഫലമായി പണം നല്‍കില്ലെന്നത് ദുഖകരമായിരുന്നെങ്കിലും കച്ചവടം കഴിയുമ്പോള്‍ കുട്ടയില്‍ നിറയെ ഇറച്ചി നല്‍കുമായിരുന്നത്രെ. ഇറച്ചിയുമായി പോകുമ്പോഴും ചോറുവയ്ക്കാന്‍ വീട്ടില്‍ അരിയില്ലെന്നത് അവനെ അലട്ടിയിരുന്നു. അതുകൊണ്ട് ഇറച്ചി വിറ്റ് കിട്ടുന്ന പണമുപയോഗിച്ച് അരിമേടിച്ചിട്ടാണ് അവന്‍ വീട്ടിലെത്തിയിരുന്നത്.

ഓലക്കുട്ടകള്‍ നെയ്യുന്ന വൃദ്ധരുടെ അരികില്‍ മുറുക്കാന്‍ സൂക്ഷിക്കാന്‍ മുറുക്കാന്‍ വട്ടിയെന്നപേരില്‍ അവര്‍ തഴകൊണ്ടുള്ള ചെറു വട്ടികള്‍ കരുതുമായിരുന്നു. സമ്പത്തിന്റെയും ആഢ്യത്വത്തിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു അന്ന് വെറ്റിലച്ചെല്ലങ്ങള്‍. തമ്പ്രാന്റെ പിന്നാലെ ചെല്ലവുമായി നടക്കാന്‍ ഒരാളെ നിയോഗിച്ചിരുന്നു എന്നോര്‍ക്കുമ്പോഴാണ് ചെല്ലങ്ങളുടെ പ്രാധാന്യം നമ്മെ ചിന്തിപ്പിക്കുന്നത്. പകിട്ടു കുറവാണെങ്കിലും തമ്പ്രാന്റെ വെറ്റിലച്ചെല്ലത്തെ വെല്ലുന്നതരത്തില്‍ നിരവധി അറകളുള്ളതായിരുന്നു ആ വട്ടികള്‍. ഓരോ അറകളിലായി വെറ്റില, ചുണ്ണാമ്പ്, പുകയില, അടയ്ക്ക, ചെറുകത്തി എന്നിവയുമുണ്ടായിരുന്നു. അതിനായി അവരുടെ ചുറ്റും ലഭ്യമായ തഴയും, പോട്ടയുമാണതിനധികമായി അവര്‍ ഉപയോഗിച്ചിരുന്നത്. തഴ ചെത്തി മുള്ളുകള്‍ കോന്തിക്കളഞ്ഞ് അവ മിടഞ്ഞ് വെയിലില്‍ ഉണക്കിയെടുത്തശേഷം പായകള്‍ നെയ്‌തെടുക്കും. പല വീതിയിലും നീളത്തിലുമാണവയുടെ നിര്‍മാണം. കൊയ്‌തെടുത്ത നെല്‍ക്കറ്റകള്‍ മെതിച്ചു നെല്ലാക്കുന്നതിനും അവ വെയിലില്‍ ഉണക്കുന്നതിനുമാണ് വലിയ പായകള്‍ നെയ്തിരുന്നത്. ഒരു പ്രൊഫഷണല്‍ കോഴ്‌സിന്റെയും സഹായം തേടാതെ പരമ്പരാഗതമായി കൈമാറിക്കിട്ടിയ കഴിവുകൊണ്ടുമാത്രമാണിവ ചെയ്യുന്നത്. നെല്ലുകള്‍ കാറ്റില്‍ വിതറി പതിരുതിരിക്കുതിനായി മാര്‍ഗങ്ങള്‍ തിരക്കിയവര്‍ക്കുമുന്നില്‍ മുറമെന്ന ആശയത്തിന്റെ പൂര്‍ത്തീകരണവുമായി പട്ടിക വര്‍ഗക്കാരായവരെത്തി. മുറങ്ങള്‍ കണ്ട അവര്‍ അതിന്റെ നിര്‍മാണവും പരിശീലിക്കുകയും മുറം മോശമായിപ്പോകാതിരിക്കാനായി ചാണകം മെഴുകി സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ നെയ്യുന്ന പായകളില്‍ നിന്നാണ് അവര്‍ തലചായ്ക്കാന്‍ പായ ഉപയോഗിച്ചു തുടങ്ങിയത്. 
കൃഷിപ്പണിയില്ലാത്തപ്പോള്‍ പാടത്തെ പുല്ലുചെത്തി ചന്തയില്‍ വിറ്റാണ് അവര്‍ അഷ്ടിക്ക് വക കണ്ടെത്തിയിരുന്നത്. പുല്ലു കൊണ്ടുപോകാന്‍ പുല്ലിനത്തില്‍പ്പെട്ട പോട്ടകൊണ്ടുള്ള വലിയ വട്ടികള്‍ അവര്‍ നെയ്‌തെടുത്തിരുന്നു. പാടത്ത് പണിക്കിറങ്ങുമ്പോള്‍ വെയിലും മഴയും ഏല്‍ക്കാതിരിക്കാനവര്‍ തഴകൊണ്ടുണ്ടാക്കിയ പുട്ടികള്‍ ഉപയോഗിച്ചിരുന്നു. ഓലമേഞ്ഞ കുടിലില്‍ ചാണകം മെഴുകിയാണ് തറയുണ്ടാക്കിയിരുത്. കുടിലില്‍ ഭക്ഷണം കഴിക്കാനിരിക്കാന്‍ അവര്‍ തഴ, പോട്ട എന്നിവകൊണ്ടുള്ള പ്രത്യേകം ഇരിപ്പിടങ്ങളുമുണ്ടാക്കി. ഇങ്ങനെ തങ്ങള്‍ക്കുചുറ്റുമുള്ള തഴയും പോട്ടയും മുളയും ഉപയോഗിച്ച് പ്രകൃതിയോടിണങ്ങി പ്രകൃതിക്ക് യാതൊരു ദോഷവും വരുത്താതെ ജീവിച്ചിരുന്ന സ്‌നേഹ സമ്പരായ ഒരു വിഭാഗം ജനം. കാര്‍ഷിക വൃത്തിയും പുല്ലുവെട്ടുമെല്ലാം അപരിഷ്‌കൃതമായ ജോലികളാണെന്നും അത് ചെയ്യുന്നവനും ചെയ്യിക്കുവനും തമ്മില്‍ സമൂഹത്തിലുള്ള സ്ഥാനത്തിന്റെ വ്യത്യാസം അവന്‍ തിരിച്ചറിഞ്ഞു. ചെളിയില്‍ പണിക്കിറങ്ങുന്ന അവനും അവനെ ഉള്‍ക്കൊള്ളുന്ന സമൂഹവും രണ്ടാംതരക്കാരാണെ് സാംസ്‌കാരിക കേരളം അവനെ പഠിപ്പിച്ചു. അത്തരം തൊഴിലുകള്‍ സൃഷ്ടിക്കുന്ന അസമത്വത്തില്‍ നിന്നു രക്ഷനേടാന്‍ അവന്‍ അവന്റെ മക്കളെ മറ്റ് തൊഴില്‍മേഖലകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. ഫലമോ കാര്‍ഷിക കേരളത്തിന് ഒടുവില്‍ കൃഷിപ്പണിക്ക് ആളെക്കിട്ടാത്ത അവസ്ഥയുണ്ടായി. വിദ്യാസമ്പനന്നനായ അവന്‍ അലക്കിത്തേച്ച വേഷംധരിച്ച് പരിഷ്‌കാരിയായിത്തീര്‍ന്നപ്പോള്‍ അവന്റെ ജീവിതത്തില്‍ നിന്ന് വട്ടിയും കുട്ടയും പുട്ടിയും അവന്‍ കുടഞ്ഞെറിഞ്ഞു. അവന്‍ അതെല്ലാം ഉപേക്ഷിക്കാന്‍ സ്വയം നിര്‍ബന്ധിതനായെന്നു പറയുന്നതാവും ശരി.

പൊതുസമൂഹത്തോടൊപ്പമെത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കിറ്റുകളും ബിഗ്‌ഷോപ്പറുകളും റെയിന്‍കോട്ടും അവരുടെ ജീവിതത്തിന്റെയും ഭാഗമായി. പ്രകൃതിയെ സ്‌നേഹിക്കാന്‍മാത്രം പഠിച്ച അവന്റെ സ്വസിദ്ധമായ കഴിവുകളും പാരമ്പര്യവും നഷ്ടപ്പെടുന്നത് അവന്‍ വേദനയോടെ നോക്കിനിന്നു. അതിന്റെ ശേഷിപ്പുകള്‍ തിരക്കിയുള്ള എന്റെ യാത്രയില്‍ ഞാന്‍ കണ്ടെത്തിയത് ആ കഴിവുകളെ നഷ്ടപ്പെടുത്താന്‍ തയ്യാറാകാത്ത പിന്‍മുറക്കാരെയും. കീഴാള പാരമ്പര്യത്തിന്റെ അകന്നുപോയ കണ്ണികളെ കോര്‍ത്തിണക്കാനാണ് ആ കുരുന്നുകളും അവരുടെ ബന്ധുക്കളും ശ്രമിക്കുന്നത്. ദളിതന്റെ സംസ്‌കാരത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അവയ്ക്കുള്ള പ്രാധാന്യം അവര്‍ തിരിച്ചറിയുന്നു. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ ചെറുക്കുകയെ ലക്ഷ്യവുമവര്‍ക്കുണ്ട്. ഒപ്പം ചില വസ്തുക്കള്‍ വെറും കളിക്കോപ്പുകളെല്ലാം സമൂഹത്തിന്റെ മുഖ്യധാരകളില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സ്വത്വമാണെന്നും അവര്‍ പഠിക്കുന്നു. പാര്‍ശ്വവത്കരണത്തിന് പാത്രമാകുന്ന ദളിതന്റെ ചരിത്രത്തിന്റെ പുനരാഖ്യാനങ്ങളില്‍ ഈ കലാരൂപങ്ങള്‍ക്ക് ഏറെ പറയാനുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍