UPDATES

യാത്ര

കുറുവ ദ്വീപ്; കബനി ചിതറിച്ച ഭൂഭാഗങ്ങളിലൂടെ- മാങ്ങാട് രത്നാകരന്റെ യാത്ര തുടരുന്നു

Avatar

മാങ്ങാട് രത്നാകരന്‍

വയനാടിനോട് മഴക്കാലം ഏറെക്കുറ വിടപറഞ്ഞിരുന്നു യാത്ര ചെല്ലുമ്പോള്‍ വയനാട് കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടുകയായിരുന്നു. കുറുവദ്വീപിലേക്കാണ് ഈ യാത്ര. കബനി നദി നിരവധി കൈവഴികളായി പിരിഞ്ഞുണ്ടായ ചെറുചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് കുറുവ ദ്വീപ സമൂഹം. സഞ്ചാരികളുടെ പറുദീസ. അപൂര്‍വ്വമായ വനസസ്യങ്ങളും ഔഷധചെടികളും ഓര്‍ക്കിഡുകളും പക്ഷിമൃഗാദികളും ചിത്രശലഭങ്ങളുമെല്ലാം നിറഞ്ഞ അസാധാരണമായ ഭൂപ്രദേശം. ഉഷ്ണകാലത്ത് പോലും കുളിര്‍മ പകരുന്ന പ്രകൃതിയുടെ മടിത്തട്ട്. കുറുവദ്വീപിലേക്ക് പല വഴികളുണ്ട്. പുല്‍പ്പള്ളിയില്‍ നിന്ന് പാക്കം വഴിയും പനമരത്ത് നിന്ന് പയ്യമ്പള്ളി വഴിയും മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം പാല്‍വെളിച്ചം വഴിയും കുറുവദ്വീപിലെത്താം.  വലിയ ചങ്ങാടത്തില്‍ കബനിയുടെ കൈവഴികള്‍ മുറിച്ചുകടന്നുള്ള യാത്ര അതിന്റെ ഗ്രാമ്യഭംഗിയും മനോഹാരിതയും ഒരുപോലെ വിളംബരം ചെയ്യും. തീരങ്ങളിലേക്ക് ഞാന്നുകിടക്കുന്ന മരച്ചില്ലകളും കബനിയില്‍ നിഴലിക്കുന്ന വനസസ്യജാലികളും ആകാശനീലിമയുമെല്ലാം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. കൊല്ലം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് യാത്ര ആദ്യം അഭിമുഖീകരിച്ചത്. കളിയും ചിരിയും കലപിലയും ഫോട്ടോയെടുപ്പുമെല്ലാമായി തീര്‍ത്തും ഉത്സാഹഭരിതര്‍. അവരുമായി രസകരമായ കുറച്ചു നിമിഷങ്ങള്‍ പങ്കിട്ടു.

കുറുവദ്വീപ് മഴക്കാലത്ത് അഞ്ച് മാസം അടഞ്ഞുകിടക്കും. സുരക്ഷിതത്ത്വെത്തെക്കുറിച്ചുള്ള ആശങ്കകളാണ് കുറുവയുടെ മഴക്കാലം മനോഹരമായ അനുഭൂതി പ്രദാനം ചെയ്യുന്നതായിട്ടുപോലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. സുഹൃത്തും കുറുവ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ മാനേജറുമായ ഹരിഹരന്‍ യാത്രയെ സ്വീകരിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കുശലങ്ങള്‍ക്കു ശേഷം ഹരി കുറുവയില്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന പദ്ധതികളെകുറിച്ചും മറ്റും വിശദീകരിച്ചു.  

ഹരിഹരന്‍: കുറുവ ഒരു 950 ഏക്കര്‍ വിസ്തൃതിയുള്ള ഒരു റിസര്‍വ്ഡ് വനമാണ് ഇതിന്റെ ഫ്‌ളോറ ആന്റ് ഫോണ വളരെ റിച്ചാണ്. ഇത് കാണാനും അറിയാനുമാഗ്രഹമുള്ള ടൂറിസ്റ്റുകളെയാണ് ശരിക്കും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും ടൂറിസവും ഉദ്ദേശിക്കുന്നത്. പക്ഷേ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള കൂടുതല്‍ കൊണ്ട് മിക്കവാറും അത് കൃത്യമായി മനസ്സിലാക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കുന്നില്ലായെന്നത് ഒരു സത്യമാണ്. എക്‌സ്‌കര്‍ഷന്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് എസ്‌കോര്‍ട്ട് വരുന്ന അദ്ധ്യാപകര്‍ ഇതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത്രയും വിസ്തൃതമായ ഒരു ഐലന്റ്, ഒരു സെന്റ് മുതല്‍ അരയേക്കര്‍ വരെ വിസ്തൃതിയുള്ള ഒരുപാട് ദ്വീപുകളുടെ സമൂഹമാണ്. കുറുവയുടെ ജൈവവൈവിധ്യത്തിന്റെ ഭാഗമായുള്ള ചിത്രശലഭങ്ങളും പക്ഷികളും, ഇവിടെ നിരീക്ഷിക്കാന്‍ പുതിയൊരു സംവിധാനം ടൂറിസത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിവരുന്നുണ്ട്. പക്ഷിനിരീക്ഷണത്തിന് പ്രത്യേക സ്ഥലമുണ്ട്. അവിടെ ആറു മണിമുതല്‍ ഒമ്പത് മണിവരെ പക്ഷിനിരീക്ഷണത്തിനുള്ള ഒരു പ്രോഗ്രാം തന്നെ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. കബനിയുടെ തീരങ്ങളിലൂടെയുള്ള യാത്ര.. ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര… ഈ യാത്രയില്‍ നമ്മള്‍ പല ട്രൈബല്‍ കോളനികളും വിസിറ്റ് ചെയ്യുന്നുണ്ട്. അവരുടെ ജീവിതരീതി, കൃഷിസമ്പ്രദായം, ആഹാരരീതി, കള്‍ച്ചര്‍ എല്ലാം നടന്നുപോകുന്ന ടൂറിസ്റ്റുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞുകൊടുക്കാന്‍ അതില്‍ പ്രാധാന്യമുള്ള ആളുകളുടെ എസ്‌കോര്‍ട്ടോടുകൂടിയിട്ടാണ് ഈ യാത്ര നടത്തുന്നത്. ട്രൈബ്‌സിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടുള്ള നൃത്തരൂപങ്ങളൊക്കെ മനസ്സിലാക്കാന്‍ വലിയൊരു സഹായമാണ് ഈ യാത്ര.    

കുറുവയില്‍ കബനിയുടെ കൈവഴികളിലൂടെ ബോട്ടിലൂടെയുള്ള യാത്ര സ്വപ്നതുല്യമായ ഭൂഭാഗങ്ങളെ അനാവൃതമാക്കി. സുഗദവും സന്തോഷപ്രദവുമായ യാത്ര. യാത്ര കഴിഞ്ഞ് ദ്വീപിന്റെ പരിസരത്തിലൂടെ ചുറ്റിത്തിരിയുമ്പോള്‍ ഒരു ഗോത്രമ്യൂസിയെ കണ്ണില്‍പ്പെട്ടു. അതിനെക്കുറിച്ച് തിരക്കിയപ്പോള്‍ കൗതുകകരമായ വിവരങ്ങളാണ് കിട്ടിയത്. പയ്യമ്പള്ളി കല്ലപ്ലാക്കല്‍ ജോര്‍ജ്ജ് എന്ന ജോര്‍ജ്ജ്കുട്ടിയുടെ മാനസസന്തതിയാണ് വാല്‍മീകം എന്ന് പേരിട്ട ഈ മ്യൂസിയം. എഴുത്തുകാരനും നാടകകൃത്തുമായ എ.ജെ.ബേബിയുടെ കനവുമലയിലും  നിത്യചൈനത്യയചിയുടെ ഫേണ്‍ഹിലിലും താമസിച്ച് പഠിച്ച ജോര്‍ജ്ജുകുട്ടി ഗുരു നിത്യചൈതന്യയതിയുമായുള്ള സമ്പര്‍ക്കം മൂലമാണ് ശില്‍പ്പകലയിലേക്ക് തിരിയുന്നത്. ടെറാക്കാട്ടോ മാധ്യമമാക്കി ആദിവാസി ജീവിതവും ആദിവാസികളുടെ പ്രകൃതി മനുഷ്യസങ്കല്‍പ്പങ്ങളും വിഷയമാക്കിയുള്ള ശില്‍പ്പപരമ്പരയ്ക്ക് ജോര്‍ജ്ജ്കുട്ടി രൂപം നല്‍കി. സ്വകീയമായ ഒരു ശൈലിയാണ് ശില്‍പ്പി വികസിപ്പിച്ചെടുത്തത്.  കുറച്ചുനേരം ഗോത്രമ്യൂസിയത്തിന്റെ ഇരുട്ടുവീണ വഴിയിലൂടെ നൂഴ്ന്ന് ശില്‍പ്പരമ്പരകള്‍ കണ്ടു നടന്നു. കണ്ടുതീര്‍ന്നപ്പോഴേക്കും ശില്‍പ്പി വന്നെത്തി.   

ജോര്‍ജ്ജ്കുട്ടി, ശില്‍പ്പി: ഞാനൊരുകാലത്ത് ഗുരു നിത്യയുടെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ ഓസ്‌ട്രേലിയയിലുള്ള ആദ്ദേഹത്തിന്റെ ആദിവാസിവര്‍ഗ്ഗത്തിന്റെ ഇടയ്ക്കുള്ള  യാത്ര. അതില്‍ വനാന്തരങ്ങളില്‍ വില്യം റിക്കിഡ്‌സ് എന്ന് പറയുന്ന ഒരു ആര്‍ട്ടിസ്റ്റ് അവിടുത്തെ ട്രൈബല്‍സിനെ കുറിച്ച് ഒരു വനത്തിന്റെയുള്ളില്‍ അവിടെയുള്ള ഒരു ആദിവാസിവര്‍ഗ്ഗത്തിന്റെ ജീവിതരീതികളും മറ്റും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. അത് വായിക്കാനിടവന്നു. വയനാട്ടിലെ ആദിവാസികളെക്കുറിച്ച് പുറംലോകത്തിനൊന്ന് കാണിച്ചുകൊടുക്കണം. എന്റെ മീഡിയമായ ശില്‍പകലയിലൂടെ ഇതിനെ എങ്ങനെ പുറംലോകത്തിന് കാണിച്ചുകൊടുക്കാം. അങ്ങനെ ഇവിടെ വന്നിട്ട് ട്രൈബിനെ കുറിച്ച് സ്റ്റഡിചെയ്ത്, അതില്‍ നിന്ന് എനിക്കൊരു ഉള്‍ക്കാഴ്ച്ചയുണ്ടായി. പിന്നീട് അതിനെ ഞാന്‍ സ്‌കള്പ്ച്ചര്‍ ചെയ്യുകയും പിന്നീട് അതിന് ഈ രൂപത്തില്‍ നാച്ച്വറലുമായിട്ട് വളരെയിണക്കി, മണ്ണ് ഒരു നല്ല മീഡിയമാണ്. കാരണം നാച്ച്വര്‍ അങ്ങനെയാണ്. മണ്ണില്‍ നിന്ന് ഉത്ഭവിച്ച് മണ്ണിലേക്ക് തന്നെ തിരിച്ചെത്തുന്ന ഒരു ജൈവതാളം അങ്ങനെയാണ്. മണ്ണ് നമ്മള്‍ ഫയര്‍ ചെയ്ത് എടുത്തുകഴിഞ്ഞാല്‍ നൂറ്റാണ്ടുകളോളം അത് നിലനില്‍ക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നന്നങ്ങാടികളൊക്കെ യാതൊരു കേടും കൂടാതെ ഇപ്പോഴും മണ്ണിനടിയിലുണ്ട്. കാലാവസ്ഥ അതിനെ ബാധിക്കില്ല. അതുകൊണ്ട് മണ്ണ് ഒരു മീഡിയമാക്കിയെടുത്ത്, അതിനെ ചൂളയില്‍ വച്ച് ചുട്ടെടുത്ത് നാച്വറുമായിട്ട് അതിനെയിണക്കി ഇതിന്റെയുള്ളില്‍ അതിനെ സെറ്റ് ചെയ്തു. അതിന്നി നൂറ്റാണ്ടുകളോളം നിലനില്‍ക്കും.   

കുറുവ ദ്വീപിലൂടെയുള്ള നീണ്ട യാത്രയ്ക്കുശേഷം നന്നേ വിശന്നിരുന്നു. കുറുവയിലെ അശ്വതിഭവന്‍ ഹോംലി ഫുഡിനെക്കുറിച്ച് മുമ്പേ കേട്ടിരുന്നു. സഞ്ചാരികളും അതുപോലെ ഈ ഭക്ഷണശാലയെക്കുറിച്ച് കേട്ടിരിക്കണം. ഞങ്ങള്‍ ചെല്ലുമ്പോള്‍ തിരക്കോട് തിരക്ക്. ഉടമ സി.കെ.ഉമേഷ് ക്ഷമാപണത്തോടെ കുറച്ചുനേരം കാത്തിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ. നമ്മുടെ ഭക്ഷണശാലകളില്‍ നിന്ന് രുചിയെന്ന സംഗതി അപ്രത്യക്ഷമായിരിക്കുന്നുവോയെന്ന് യാത്രികന് കുറച്ചുകാലമായുള്ള ശങ്ക ഓരോ വിഭവത്തിന്റെയും തനത് രുചികള്‍ ആസ്വദിക്കുമ്പോള്‍ പമ്പകടന്നു. കുറച്ചേറെ വൈകിയുള്ള ഉച്ചയൂണിനു ശേഷം അശ്വതിഭവന്‍ തിരക്കൊഴിഞ്ഞ് ശാന്തമായി. കുറുവയിലെത്തുന്നവര്‍ ഈ ഭക്ഷണശാലയുടെ വിശേഷങ്ങള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ. യാത്രികന്‍ കടയുടമ ഉമേഷിനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.  

 

ഉമേഷ്: എട്ടുവര്‍ഷമായി സജീവമായിട്ട്. അതിന് മുമ്പ് ചെറുതായിട്ട്. അന്ന് ടൂറിസം ഇത്രയൊന്നും ഇംപ്രൂവായിട്ടില്ല. നേരത്തെ താഴെയായിരുന്നു. പിന്നെ ഇംപ്രൂവായപ്പോള്‍ വീട്ടിലേക്ക് മാറ്റി. പബ്ലിക്ക് ഒഴിവാക്കി നല്ല ഗസ്റ്റുകളെ മാത്രം എടുത്ത് ചെയ്യുന്ന ഒരു രീതിയിലേക്ക് മാറ്റി. എല്ലാം ബന്ധുക്കളാണ് സഹായികളായി. വെജിറ്റേറിയന്‍ ആണ്. നോണ്‍വെജ് ആവശ്യമുള്ളവര്‍ക്ക് മാത്രം. ഒരുപാട് നോണ്‍വെജ് എനിക്കും ഇഷ്ടമല്ല. വരുന്ന ഗസ്റ്റുകള്‍ക്കും അതുതന്നെയാണ് താല്‍പ്പര്യം. നോര്‍ത്തിന്ത്യന്‍ ഗസ്റ്റാണ് കൂടുതല്‍. മലയാളികള്‍ അപൂര്‍വ്വമാണ്. അവിയല്‍, തോരന്‍, ഇഞ്ചിക്കറി, ഉള്ളിക്കറി, കൂട്ടുകറി, കാളന്‍, ഓലന്‍… ഇടയ്ക്കിടെ വ്യത്യാസം വരുത്തുന്നു. പ്രൊഫഷണല്‍ കുക്കൊന്നുമല്ല. തമ്പുരാന്‍ തന്ന കലയെന്ന പറയാന്‍ പറ്റൂ. നാടന്‍ ഫുഡാണ് നമ്മള്‍ ചെയ്യുന്നത്. 15 ല്‍ കൂടുതല്‍ വിഭവങ്ങള്‍ എല്ലാ ദിവസവുമുണ്ടാകും. കുഴപ്പമില്ലാത്ത വരുമാനമുണ്ട്.    

പിന്നെയും കുറേ നേരം കുറുവയില്‍ ചുറ്റിത്തിരിഞ്ഞു. കാട് തണല്‍വിരിച്ച ദ്വീപില്‍ സായാഹ്നം നേരത്തെയെത്തിയതുപോലെ. അന്തിക്ക് പുഷ്പങ്ങള്‍ക്ക് ചന്തമൊന്നിരട്ടിക്കും എന്ന് കവി പാടിയതുപോലെ കാടിന്റെ സൗന്ദര്യവും ഇരട്ടിച്ചു. ചങ്ങാടം കടന്ന് പാക്കംകോട്ട ലക്ഷ്യമാക്കി നടന്നു. നെല്‍പ്പാടങ്ങള്‍, നീണ്ട വഴിത്താരകള്‍ നീണ്ടുവളര്‍ന്ന മരങ്ങള്‍, ചെറിയൊരു ചായക്കട, അങ്ങനെ പോയി കാഴ്ചകള്‍. വേടരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന പാക്കം കോട്ട കുറുവദ്വീപിനരികെയാണ്. തദ്ദേശീയ ഗോത്രമായിരുന്ന വേടവംശത്തെക്കുറിച്ച് അനുമാനങ്ങളും പഴങ്കഥകളുമല്ലാതെ ചരിത്രവസ്തുക്കള്‍ ലഭ്യമല്ലെങ്കിലും പാക്കംകോട്ടയുടെ ചരിത്രാവശിഷ്ടങ്ങള്‍ അതിന്റെ മൂര്‍ത്ത സ്മാരകങ്ങളാണ്.  മുഴുകുറുമരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പാക്കം കോട്ട. തുലാ പത്തിന് നടക്കാറുള്ള ഉത്സവത്തിന് കുറുമ വിഭാഗം ഇവിടെ ആഘോഷപൂര്‍വ്വം ഒത്തുചേരും. പാക്കംകോട്ടയെ ചുറ്റിയൊഴുകുന്ന കബനിനദി പതിനെട്ടായി പിരിഞ്ഞുണ്ടായതാണ് കുറുവദ്വീപ്. കുറുമദ്വീപാണോ കുറുവദ്വീപായത്? വയനാട്ടിന്റെ പ്രാദേശിക ചരിത്രകാരന്‍ കൂടിയായ ഒ.കെ.ജോണി തന്റെ വയനാട് രേഖകളില്‍ ചോദിക്കുന്നു. ആനകളുടെ വിഹാരകേന്ദ്രം കൂടിയാണ് പാക്കംകോട്ട. ഇവിടെ അധികനേരം നില്‍ക്കുന്നത് അത്ര പന്തിയല്ല. താഴെ കബനിയില്‍ ആന കുളിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് ചെവിവട്ടം പിടിച്ച് ഒരു സുഹൃത്ത് പറഞ്ഞു. ആനയുടെ വീടാണിത്, നാം മനുഷ്യരായിട്ട് അവയെ ശല്യപ്പെടുത്താതിരുന്നാല്‍ മാത്രം മതി. യാത്രയെ അനുഗമിച്ച മറ്റൊരു സുഹൃത്ത് പറഞ്ഞു. യാത്രയ്ക്ക് മുമ്പേ നടന്ന മഹായാത്രികനായ രവീന്ദ്രന്‍ നാട്ടുഭാഷയില്‍ പറയാറുണ്ടായിരുന്നതുപോലെ ഞങ്ങള്‍ തടി കൈയ്ക്കലാക്കി… എന്നുവച്ചാല്‍ സ്വന്തം ശരീരത്തെ രക്ഷിച്ചു.

(കടപ്പാട്: ഏഷ്യാനെറ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍