UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മാര്‍ട്ട്‌ഫോണും കാന്‍വാസാക്കി ഒരു കുത്തിവരവിസ്മയം

Avatar

സുഫാദ് ഇ മുണ്ടക്കൈ

എണ്ണച്ഛായവും ജലച്ഛായവും വാള്‍ പെയിന്റും ഗ്രാഫിറ്റിയുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാല്‍ ഈ ‘സ്മാര്‍ട്ട്’ യുഗത്തില്‍ മൊബൈല്‍ഫോണിന്റെ ടച് സ്‌ക്രീനും കാന്‍വാസാക്കി മറ്റൊരു ചിത്രകലാരൂപത്തിന് തുടക്കമിടുകയാണ് മലപ്പുറം ജില്ലയിലെ ഐക്കരപ്പടി സ്വദേശി അജീഷ്. സോണി എക്‌സ്പീരിയ ഫോണിലെ ‘സ്‌കെച്ച്’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നാലിഞ്ച് വലിപ്പമുള്ള ടച്ഛ് സ്‌ക്രീനില്‍ ‘കുത്തിവരക്കുമ്പോള്‍’ അത് മറ്റേതുതരം ചിത്രങ്ങളോടും കിടപിടിക്കുന്ന രീതിയിലുള്ള മനോഹരചിത്രങ്ങളായി മാറുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസ്സ് ജീവനക്കാരനായ അജീഷ് തന്റെ താമസസ്ഥലമായ കുറ്റിപ്പുറത്തേക്കുള്ള ട്രെയിന്‍ യാത്രയുടെ ഇടവേളകളില്‍ ആശംസാചിത്രങ്ങള്‍ കോറിയിട്ടതോടെ സുഹൃത്തുക്കള്‍ നല്‍കിയ ഉപദേശമാണ് ”കുത്തിവര”യിലേക്ക് നയിച്ചത്. വിറകുമായി പോകുന്ന ഗ്രാമീണസ്ത്രീകള്‍, തൂക്കിയ മണ്ണെണ്ണവിളക്കിന് താഴെ പഠിക്കുന്ന പെണ്‍കുട്ടി, തെരുവിലെ പാമ്പാട്ടി, താജ്മഹല്‍, കലോത്സവകിരീടം നേടിയ കോഴിക്കോടിനേയും പാലക്കാടിനേയും അഭിനന്ദിച്ചു വരച്ച സ്വര്‍ണ്ണക്കപ്പ് തുടങ്ങിയ ചിത്രങ്ങളെല്ലാം കൂടുതല്‍ തികവോടെ സ്മാര്‍ട്ട്‌ഫോണില്‍ പിറവിയെടുത്തു. ദേശീയഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവിന്റെ കൈയ്യില്‍ ചെണ്ടയും പിറകില്‍ കഥകളി കലാകാരനേയുമെല്ലാം ചേര്‍ത്തു വരച്ചപ്പോള്‍ അത് കേരളപാരമ്പര്യത്തെക്കൂടെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായിമാറി. മുന്‍പ് സ്‌കൂള്‍ കലോത്സവങ്ങളിലടക്കം നിരവധി വേദികളില്‍ എണ്ണഛായം, ജലഛായം, ക്ലേ മോഡലിംഗ്, ലോഗോരചനകള്‍ എന്നിവയിലെല്ലാം തന്റെ ചിത്രരചനാവൈഭവം തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം.

 
എന്റെ വര എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ പേജിലൂടെ തന്റെ ചിത്രങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഉറ്റസുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പേജിന്റെ പേര് ‘കുത്തിവര’ എന്നാക്കി മാറ്റുന്നത്. താന്‍ വരച്ച എല്ലാചിത്രങ്ങളും ഈ പേജില്‍ (https://www.facebook.com/KUTHIVARA1?fref=ts) ലഭ്യമാണെന്ന് അജീഷ് പറയുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞ ചിത്രങ്ങള്‍ സാങ്കേതികവിദ്യയുടെസഹായത്തോടെ ഒരുക്കിയതാണൊ എന്ന് പലരും സംശയിച്ചതോടെ താന്‍ വരക്കുന്നതിന്റെ വീഡിയൊ കൂടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്തു. രചന സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഒന്നരമണിക്കൂര്‍ മുതല്‍ ഏഴ്മണിക്കൂര്‍വരെ ചിലവഴിച്ചാണ് ഇദ്ദേഹം ‘കുത്തിവര’ക്കുന്നത്. ഏറ്റവും അവസാനമായി വരച്ച മദീനയുടെചിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നത് ‘അഴിമുഖ’ത്തിലൂടെയാണ്. 

”എന്റെ ഭാര്യ സമ്മാനമായി നല്‍കിയ ആന്‍ഡ്രോയിഡ് ഫോണാണിത്. ഇതിലെ ‘സ്‌കെച്ച്’ അടിസ്ഥാനപരമായി ഒരു ഫോട്ടോ എഡിറ്റിംഗ് അപ്ലിക്കേഷനാണ്, നമ്മള്‍ എടുക്കുന്ന ഫോട്ടോകളില്‍ അടിക്കുറിപ്പ് എഴുതാനും പേരെഴുതാനും മാത്രം ഉപയോഗിക്കുന്ന ഒന്ന്. ഒരുപാട് പരിമിതികളുണ്ടെങ്കിലും ഈ അപ്ലിക്കേഷന്‍ പഠിച്ചപ്പോഴാണ് ചെറിയരീതിയിലുള്ള ചിത്രരചനക്ക് ഇതു മതിയാവും എന്ന് തോന്നിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് അയക്കുന്ന ജന്മദിനാശംസകളും വിവാഹാശംസകളുമെല്ലാം ഞാന്‍ ഇതില്‍ മെനഞ്ഞെടുക്കാന്‍ തുടങ്ങി. ഇത് കണ്ട് അവരാണ് പറഞ്ഞത് കുറച്ചുകൂടി ഗൗരവത്തില്‍ വരയ്ക്കാന്‍.” അജീഷ് പറയുന്നു. ”ഇതിന് ശേഷം ഈ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ കൊച്ചിയിലുള്ള റീജിയണല്‍ ഹെഡിന് വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. അദ്ദേഹത്തിനിത് വിശ്വാസമായില്ല. സ്‌കെച്ച് ഒരു ഫോട്ടോ എഡിറ്റിംഗ് അപ്ലിക്കേഷന്‍ മാത്രമാണെന്നും അത് അതിന് വേണ്ടി ഡിസൈന്‍ ചെയ്തതാണെന്നും അതുകൊണ്ട് തന്നെ ഇതില്‍ ചിത്രരചന അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് കുറച്ച്ചിത്രങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുക്കുന്നത്.” പിന്നീട് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിന് ശേഷം കമ്പനിയുടെ ഉന്നതാധികാരികളെ അറിയിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

2013ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലണ്ടറിലേക്കുള്ള രേഖാചിത്രങ്ങള്‍ വരച്ചത് അജീഷാണ്. കഴിഞ്ഞ വര്‍ഷത്തെ എംഎം ഗനി അവാര്‍ഡ് രൂപകല്‍പ്പനയും നടത്തി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്ന നിരുപമ റാവുവിനെ യൂണിവേഴ്‌സിറ്റി ആദരിച്ചപ്പോള്‍ ഉപഹാരമായി നല്‍കിയത് അജീഷ് വരച്ച ചിത്രമാണ്. യൂണിവേഴ്‌സിറ്റിയിലെ കലാസംഘടനകളായ രചനയും ആര്‍ട്ടേഷ്യയും സംഘടിപ്പിക്കുന്ന പൂക്കളമത്സരങ്ങളില്‍ എല്ലാവര്‍ഷങ്ങളിലും പ്രസ്സ് സമ്മാനം നേടുന്നത് ഇദ്ദേഹത്തിന്റെ കരുത്തിലാണ്. മാത്രവുമല്ല, ഡല്‍ഹി മലയാളികള്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തില്‍ ഒരുസ്വകാര്യ കമ്പനിക്ക് വേണ്ടി വര്‍ഷങ്ങളായി മത്സരിക്കുന്നതും സമ്മാനം നേടുന്നതും അജീഷാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍