UPDATES

പ്രവാസം

ആശ്രിത വിസകള്‍ കുവൈറ്റ് നിര്‍ത്തലാക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

കുവൈറ്റിലെ പ്രവാസികള്‍ അശ്രിതരെ കൊണ്ടുവരുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്റീരിയര്‍ മന്ത്രാലയം തീരുമാനിച്ചു. പുതിയ നിയന്ത്രണങ്ങള്‍ മൂലം പ്രവാസികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി ആശ്രിത വിസകള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്ന് ഇന്റീരിയര്‍ മന്ത്രാലയത്തിലെ ദേശീയ, ഇഖാമ കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മാസന്‍ അല്‍-ജാറ അറിയിച്ചു. പ്രവാസികള്‍ക്കുള്ള ഇഖാമ നിയമങ്ങളുമായി ബന്ധപ്പെട്ട് നിരവധി പുതിയ നടപടികള്‍ ഏര്‍പ്പെടുത്താനും കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം പ്രവാസികളുടെ സംഖ്യ 2.5 മില്യണ്‍ കടന്നതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്താനും അതുവഴി ജനസംഖ്യ അനുപാതം സന്തുലിതമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിപ്പന്‍ഡന്‍റ് വിസകള്‍ അനുവദിക്കില്ലെങ്കിലും തങ്ങളുടെ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്ന പ്രവാസികള്‍ക്ക് സന്ദര്‍ശകവിസകളുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് അല്‍-ജാറ വിശദീകരിച്ചു. പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിപ്പന്റന്റ് വിസ നിര്‍ത്തലാക്കുന്നത്. ഒരു പ്രവാസി 200 കുവൈറ്റ് ദിനാറാണ് ഡിപ്പന്‍ഡന്‍റ് വിസയ്ക്കായി ചിലവഴിക്കുന്നത്. ഇത് കൂടാതെ 50 ദിനാര്‍ ആരോഗ്യ ഇന്‍ഷ്വുറന്‍സായും നല്‍കണം. എന്നാല്‍ ആരോഗ്യ ശുശ്രൂഷ ചിലവുകള്‍ക്കായി മാത്രം സര്‍ക്കാരിന് 15,000 കുവൈറ്റ് ദിനാര്‍ ചിലവഴിക്കേണ്ടി വരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തി.

വിസിറ്റിംഗ് വിസകള്‍ക്കും വാണിജ്യ വിസകള്‍ക്കും ഫീസ് ചുമത്താനുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ വിസകളില്‍ ചില കൃത്രിമങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ചില വ്യക്തികളും കമ്പനികളും വിസിറ്റിംഗ് വിസയില്‍ തൊഴിലാളികളെ സൗജന്യമായി കൊണ്ടുവന്ന ശേഷം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവരെ നിയോഗിക്കുന്ന പ്രവണത വ്യാപകമാണ്. ഇത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് ജിസിസി രാജ്യങ്ങളിലേതിന് സമാനമായ ഫീസായിരിക്കും ഏര്‍പ്പെടുത്തുകയെന്നും അല്‍-ജാറ പറഞ്ഞു.

ഇപ്പോള്‍ കുവൈറ്റില്‍ വിസിറ്റിംഗ് വിസ സൗജന്യമാണ്. വര്‍ഷത്തില്‍ മൂന്നുമാസം ഇതനുവദിക്കും. രാജ്യത്തെ ഇഖാമ നിയമങ്ങള്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 വര്‍ഷം പഴക്കമുള്ള ഇഖാമ നിയമങ്ങളാണ് നിലവിലുള്ളതെന്നും അതുകൊണ്ട് തന്നെ അവ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗാര്‍ഹിക സഹായികളുടെ വിസകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇപ്പോള്‍ മാറ്റങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍