അഴിമുഖം പ്രതിനിധി
വീട്ടുജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ച ആദ്യത്തെ ഗള്‍ഫ് അറബ് രാജ്യമായി കുവൈറ്റ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് അനുസരിച്ച് വീട്ടുജോലിക്കാര്‍ക്ക് പ്രതിമാസം 60 കുവൈറ്റി ദിനാര്‍ ആണ് ശമ്പളം. ഇത് ഏകദേശം 13220 രൂപ ആയിരിക്കും. നിയമനിര്‍മാണം വഴി വീട്ടുജോലിക്കാരുടെ ജോലി സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യവും കുവൈറ്റ് ആണ്. മനുഷ്യാവകാശ സംഘടനകള്‍ മറ്റു രാജ്യങ്ങളോടും ഈ നടപടി തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റ് അംഗീകരിച്ച ഈ നിര്‍ണായക നിയമ പ്രകാരം അധിക സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ ഓവര്‍ടൈം പ്രതിഫലം നല്‍കേണ്ടിവരുമെന്നും പറയുന്നു. ഇതുമൂലം വീട്ടുജോലിക്കാര്‍ക്ക് ആഴ്ചയില്‍ ആറു ദിവസം മാത്രം ജോലി ചെയ്താല്‍ മതിയാകും. മാത്രമല്ല പ്രതിവര്‍ഷം 30 ദിവസം വരെ പെയ്ഡ് ലീവ് എടുക്കാനും ദിവസം 12 മണിക്കൂര്‍ മാത്രം ജോലി ചെയ്യാനും ഒരു വര്‍ഷത്തെ കരാര്‍ അവസാനിക്കുമ്പോള്‍ വര്‍ഷാവസാന ആനുകൂല്യം ആയി ഒരു തുക കിട്ടാനും അവകാശം നല്‍കുന്നു. ഗള്‍ഫില്‍ ഉടനീളം ഉള്ള വീടുകളില്‍ ജോലി ചെയ്യുന്ന 24 ലക്ഷം ആളുകളില്‍ കുറഞ്ഞത് 6 ലക്ഷം പേരെങ്കിലും കുവൈറ്റിലെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാധാരണ ഇവര്‍ നിയമ നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നവരല്ല.
മോശമായ പെരുമാറ്റത്തിന്റെ റിപ്പോര്‍ട്ടുകള്‍
ഹ്യൂമന്‍ റൈറ്റ്സ് വാച്ചും മറ്റ് സമാന സ്വഭാവമുള്ള സംഘടനകളും വീട്ടുജോലിക്കാര്‍ നേരിടുന്ന വ്യാപകമായ ചൂഷണങ്ങളെ പറ്റി പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. വേതനമില്ലായ്മയും അവധി ദിവസങ്ങള്‍ ഇല്ലാതെയുള്ള ജോലിയും ശാരീരികവും മാനസികവും ആയിട്ടുള്ള പീഡനങ്ങളും ഇവയൊക്കെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളുടെ അഭാവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കാര്യങ്ങളില്‍ പെടും.
ഗള്‍ഫ് രാജ്യങ്ങളോട് അവരുടെ കഫാല (സ്പോണ്‍സര്‍ഷിപ്പ്) സംവിധാനം പുനരവലോകനം ചെയ്യുന്നതിന് പുറമേ തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കാനും വീട്ടുജോലിക്കാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും തുല്യ സംരക്ഷണം നല്‍കാനും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പലതവണ ആവശ്യപ്പെടുകയുണ്ടായി.
കഫാല സംവിധാനം ഒരുതരത്തില്‍ ബോണ്ടഡ് ലേബറിന്റെയോ അടിമപ്പണിയുടെയോ ഗണത്തില്‍ വരുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. ഇതുവഴി സ്പോണ്‍സറുടെ സമ്മതം ഇല്ലാതെ അവര്‍ക്ക് പുതിയൊരു ജോലിയിലേക്ക് മാറാന്‍ കഴിയില്ല. സ്പോണ്‍സര്‍ക്കുള്ള ഈ അധികാരം അവര്‍ പലപ്പോഴും ചൂഷണം ചെയ്യുന്നതായി കാണാം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ അല്ലാത്ത തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി 2014 നവംബറില്‍ ഗള്‍ഫ് – ഏഷ്യന്‍ തൊഴില്‍ മന്ത്രിമാര്‍ തീരുമാനമെടുത്തിരുന്നു.