UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പത്ര പ്രവര്‍ത്തക യൂണിയനും മൂന്ന് കത്തുകളും

Avatar

മാധ്യമ പ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് മാതൃഭൂമിയില്‍ സമരം നടത്തിയ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകനായ സി നാരായണന് എതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടികളെ ചൊല്ലി കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയനില്‍ ഉണ്ടായ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് മുന്‍ പ്രസിഡന്റ് കെ സി രാജഗോപാല്‍ എഴുതിയ കത്തും അതിന് പത്മനാഭന്‍ നല്‍കിയ മറുപടി കത്തും അഴിമുഖം പ്രസിദ്ധീകരിക്കുന്നു. കൂടെ സി നാരായണന്‍ വിഷയത്തില്‍, കെയുഡബ്ല്യുജെ കമ്മിറ്റി അംഗം ചെറുകര സണ്ണി ലൂക്കോസ് നല്‍കിയ രാജിക്കത്തും. ഇതിനിടെ നാരായണനെ പുറത്താക്കിയ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കെ യു ഡബ്ല്യു ജെയുടെ നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 

1
കെ യു ഡബ്യു ജെ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് മുന്‍ പ്രസിഡന്റ് കെ സി രാജഗോപാല്‍ എഴുതിയ കത്ത്. 

പ്രിയപ്പെട്ട ജനറല്‍ സെക്രട്ടറി,

അത്യന്തം വേദനയോടും ഉല്‍കണ്ഠയോടും കൂടിയാണ് ഈ കത്തെഴുതുന്നത്. യൂണിയന്‍ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ സെക്രട്ടറിയുമായ ശ്രീ സി നാരായണന്‍ കഴിഞ്ഞ മാസം അങ്ങേയ്ക്ക് എഴുതിയ കത്തിന്റെ കോപ്പി എനിക്കും ലഭിച്ചിരുന്നു. യൂണിയന്റെ സമുന്നത നേതാവായ സി നാരായണനെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നടപടി സ്വീകരിച്ച് പത്ര മാനേജ്‌മെന്റ് പിരിച്ചു വിടാന്‍ തീരുമാനിച്ച വിവരം ഈ കത്തിലൂടെ അറിഞ്ഞത് വലിയ ഞെട്ടലാണുണ്ടാക്കിയത്. മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് യൂണിയന്‍ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തുടങ്ങിയ പ്രതികാര നടപടികളുടെ തുടര്‍ച്ചയാണിത് എന്നതില്‍ അരി ആഹാരം കഴിക്കുന്ന ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല.

ഈ സംഭവത്തെ തുടര്‍ന്ന് നീതീകരിക്കാനാവാത്ത വിധം സ്ഥലം മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ അത് ചോദ്യം ചെയ്ത് അന്നത്തെ യൂണിയന്‍ നേതൃത്വം ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് തുടര്‍ നടപടികള്‍ക്ക് ഉത്തരവാകുകയും ചെയ്തതോടെയാണ് പ്രതികാര നടപടികള്‍ നിലച്ചത്. എന്നാല്‍ താങ്കള്‍ അധികാരമേറ്റതിനുശേഷം മാനേജ്‌മെന്റില്‍ നിന്ന് ഒരു ഉറപ്പും വാങ്ങാതെ കേസ് പിന്‍വലിച്ച് ഏകപക്ഷീയമായി ആയുധം വച്ച് കീഴടങ്ങുകയാണ് യൂണിയന്‍ ചെയ്തത്. കേസ് പിന്‍വലിച്ചാല്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പല സംസ്ഥാന കമ്മിറ്റികളിലും ഞാന്‍ ശക്തമായ മുന്നറിയിപ്പ് തന്നിരുന്നത് ഓര്‍ക്കുമല്ലോ. ഒടുവില്‍ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നത് യൂണിയന്റെ ഭാഗത്തു നിന്നുള്ള അത്യന്തം കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് പറയാതെ വയ്യ.

എന്നാല്‍ ഏപ്രില്‍ 20-ന് ശ്രീ സി നാരായണന്‍ താങ്കള്‍ക്കയച്ച കത്തിനെപ്പറ്റി 20 ദിവസം കഴിഞ്ഞിട്ടും യൂണിയന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് മാനേജ്‌മെന്റ് നടപടിയേക്കാള്‍ ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ ഒന്നു പ്രതികരിക്കാന്‍ പോലും യൂണിയന്‍ കൂട്ടാക്കാത്തത് ആരെ ഭയന്നാണ്. സി നാരായണ്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ ഒരുപാട് വാചകക്കസര്‍ത്തുകള്‍ നടത്തി മോഹിപ്പിച്ച് നടുകടലിലേക്ക് എറിഞ്ഞത് അങ്ങും കൂടെയുള്ളവരും തന്നെയല്ലേ. അവര്‍ കൈയും കാലുമിട്ടടിക്കുമ്പോള്‍ വെറുതെ നോക്കി നില്‍ക്കുന്നത് ശരിയാണോ? 

ആരാണ് ഈ ഘട്ടത്തില്‍ സഹായവുമായെത്തേണ്ടത്. ആരാണ് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടത്. ആരാണ് അവര്‍ക്ക് ധൈര്യം കൊടുക്കേണ്ടത്. ഞങ്ങളുണ്ട് കൂടെ എന്ന് ആരാണ് അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത്. ഇതിനൊന്നും കഴിയില്ലെങ്കില്‍ ഈ സംഘടനയുടെ പ്രസക്തിയെന്താണ്. ലജ്ജാകരവും ആത്മഹത്യപരവുമായ ഈ മൗനത്തിന്റെ പിന്നാമ്പുറത്ത് എന്താണുള്ളത്. മാനേജ്‌മെന്റുകളുടെ ബി ടീമായി മാറുകയാണോ യൂണിയന്‍. ആഗോളീകരണവും ഉദാരീകരണവും കൂലി അടിമ സമ്പ്രദായവും പുളിയാര്‍മല എസ്റ്റേറ്റും പ്രതിക്രിയാ വാദികളും റാഡിക്കലിസ്റ്റുകളും തമ്മിലുള്ള അന്തര്‍ധാരയും എന്നൊക്കെയല്ലാതെ യൂണിയന്‍ അംഗങ്ങള്‍ക്ക് മനസിലാവുന്ന എന്തെങ്കിലും കാര്യം പറയാനാവുമോ?

അതിനാല്‍ താങ്കള്‍ നിഷേധാത്മക സമീപനം വെടിഞ്ഞ് അടിന്തരമായി യൂണിയന്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യുകയും ശക്തമായ തീരുമാനങ്ങളെടുത്ത് യൂണിയന്റെ അന്തസ് കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രസ്തുത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് ശ്രീ സി നാരായണനെ നിര്‍ബന്ധമായും ക്ഷണിക്കണമെന്നും ആവശ്യപ്പെടുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന യൂണിയന്‍ അംഗങ്ങളെ നിയമപരവും അല്ലാതെയുമുള്ള പോരാട്ടങ്ങളില്‍ സഹായിക്കാനായി ഫണ്ട് രൂപീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആവശ്യപ്പെടുന്നു. അടുത്തിടെ എനിക്ക് ലഭിച്ച ഇന്‍സാര്‍ ന്യൂസ് മീഡിയ അവാര്‍ഡ് തുകയിലെ 10,000 രൂപ ഈ ഫണ്ടിന്റെ തുടക്കം എന്ന നിലയില്‍ ഞാന്‍ തന്നെ ഏല്‍പിക്കാം.

അടിയന്തര തീരുമാനം പ്രതീക്ഷിച്ചു കൊണ്ട്. 

കെസി രാജഗോപാല്‍
മുന്‍ സംസ്ഥാന പ്രസിഡന്റ്, കെയുഡബ്ല്യുജെ

2. 
കെ സി രാജഗോപാലിന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ എഴുതിയ കത്ത്

പ്രിയപ്പെട്ട കെ സി ആര്‍

അത്യന്തം വേദനയോടും ഉല്‍കണ്ഠയോടും എന്ന് അവകാശപ്പെട്ട് പുച്ഛവും ഇച്ഛാഭംഗവും നിറച്ച അങ്ങയുടെ കത്ത് വായിച്ചു. സി നാരായണന്റെ കത്ത് മെയിലില്‍ കണ്ടപ്പോള്‍ തന്നെ അത് താങ്കള്‍ക്കും കിട്ടിയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. നാരായണന്റെ കാര്യത്തില്‍ യൂണിയന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാത്തത് കൊണ്ടാകാം കത്ത് വായിച്ച് താങ്കള്‍ ഞെട്ടിയത്. യൂണിയന്റെ കഴിഞ്ഞ കുറെ മീറ്റിംഗുകളില്‍ താങ്കള്‍ പങ്കെടുത്തിട്ടില്ലല്ലോ.

പത്രത്തില്‍ തെറ്റ് വന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആരാഞ്ഞ ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്നതാണ് നാരായണനുമേല്‍ ചുമത്തിയ കുറ്റം. ഏകപക്ഷീയമായ ആഭ്യന്തര അന്വേഷണത്തിന് ശേഷം ജോലിയില്‍ നിന്ന് പിരിച്ച് വിടാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നാരായണന് മാനേജ്‌മെന്റ് നോട്ടീസ് കൊടുത്തിരിക്കുകയാണ്. പിരിച്ച് വിട്ടിട്ടില്ല. അദ്ദേഹത്തിന് എല്ലാ വിധ പിന്തുണയും യൂണിയന്‍ കൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പിരിച്ച് വിടാതിരിക്കാന്‍ യൂണിയന്‍ പിന്തുണയും കൊടുക്കുന്നുണ്ട്. നാരായണന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. താങ്കളുടെ ഭാഷയില്‍ നാരായണന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗവുമായി കൂടി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടത്തിയുമാണ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത്. പിരിച്ച് വിട്ടാല്‍ (അങ്ങനെ സംഭവിക്കില്ല എന്നാണ് മനസിലാക്കുന്നത്) അതിനെ നിയമത്തിന്റെയും സമരത്തിന്റേയും മാര്‍ഗത്തിലൂടെ നേരിടാനാണ് തീരുമാനം.

മാര്‍ച്ച് 15-ന് മലപ്പുറത്ത് ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നാരായണന്റെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയില്‍ അനുകൂലമായും പ്രതികൂലമായും അഭിപ്രായം വന്നു. നാരായണന് വേണ്ടി നില്‍ക്കാന്‍ യോഗം തീരുമാനിച്ചു. ആ യോഗത്തില്‍ താങ്കള്‍ പങ്കെടുത്തിരുന്നില്ല. സസ്‌പെന്‍ഷന്‍ പ്രതിരോധിക്കാനുള്ള നിയമോപദേശം ശേഖരിക്കുന്ന കാര്യത്തിലും മറ്റും നാരായണനെ ബന്ധപ്പെട്ട ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ യൂണിയന്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം അംഗമായ മലപ്പുറം ജില്ലാ കമ്മിറഅറി ആവശ്യമായ പണം വക്കീല്‍ ഫീസിനത്തില്‍ കൊടുക്കും. നാരായണനെതിരേ ആഭ്യന്തര അന്വേഷണം നടത്തിയപ്പോഴും അതിന്റെ റിപ്പോര്‍ട്ട് കൊടുത്തപ്പോഴും എല്ലാം വിവരങ്ങള്‍ തിരക്കുകയും ഇടപെടാന്‍ ശ്രമിക്കുകയും ചെയ്ത് യൂണിയന്‍ ഒപ്പമുണ്ടായിരുന്നു.

ഏപ്രില്‍ 24-ന് നാരായണനും ഇജി രതീഷും ഈ വിനീതനും ഈ കാര്യത്തില്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് അഡ്വ. തമ്പാന്‍ തോമസുമായി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. നാരായണനെതിരേയുള്ള ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതി മുഖേന റദ്ദാക്കാന്‍ കഴിയുമോ എന്നതായിരുന്നു അന്വേഷിച്ചത്. ഒപ്പം, ആന്ധ്രയിലെ കുഗ്രാമത്തിലേക്ക് മാറ്റപ്പെട്ട വിപിന ചന്ദ്രന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്യിക്കാന്‍ പറ്റുമോ എന്നും.

രണ്ടിനും നിയമപരമായി സാധ്യതയില്ല എന്നാണ് തമ്പാന്‍ സര്‍ നല്‍കിയ ഉപദേശം. ഇന്നത്തെ അവസ്ഥയില്‍ ഒരു സാധ്യത മാത്രമായി നില്‍ക്കുന്ന ജോലിയില്‍ നിന്ന് പുറത്താക്കല്‍ സംഭവിച്ചാല്‍ അതിനെതിരേ ലേബര്‍ ട്രൈബ്യൂണലില്‍ പോകുകമാത്രമാണ് പോംവഴിയെന്നും അതിന് സജ്ജമായിരിക്കാനും അദ്ദേഹം ഉപദേശിച്ചു. നടപടിയുണ്ടായാല്‍ സാധ്യമാവുന്ന പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യമെല്ലാം നാരായണനും ബോധ്യപ്പെട്ടതാണ്. യൂണിയന്‍ ഇത് രണ്ടും ചെയ്യാന്‍ സജ്ജമാണ്.

തമ്പാന്‍ സാറിനെ കണ്ട അന്നാണ് എനിക്ക് നാരായണന്‍ എഴുതിയ ഈ കത്തിനെ കുറിച്ച് ചില സുഹൃത്തുക്കള്‍ ആരാഞ്ഞത്. അപ്പോള്‍ ഞാന്‍ നാരായണനടക്കമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരില്‍ ഒരിടത്ത് ഇരുന്ന് മാതൃഭൂമി പ്രശ്‌നത്തില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു. കത്ത് ഞാന്‍ കണ്ടിരുന്നില്ല. ആ കൂട്ടായ്മയില്‍ കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നാരായണന്‍ അടക്കമുള്ള സുഹൃത്തുകള്‍ക്ക് ഉല്‍ക്കണ്ഠയില്ല.

വേജ് ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാല് വര്‍ഷം മുമ്പ് കോഴിക്കോട് മാതൃഭൂമി ഓഫീസിന് മുന്നില്‍ നടത്തിയ ഏകദിന ധര്‍ണയുടെ പ്രതികാര നടപടിയുടെ തുടര്‍ച്ചയാണ് നാരായണനെതിരെയുള്ള നടപടി എന്നാണല്ലോ താങ്കളുടെ വാദം. ശരിക്കും അതല്ല. അതിന് മുമ്പ് മലമ്പുഴയില്‍ ചേര്‍ന്ന മാതൃഭൂമി സെല്ലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായി അനുവദിച്ച അധിക വേതനം തിരിച്ച് കൊടുക്കാന്‍ എടുത്ത തീരുമാനത്തിന് എതിരേയുള്ള പ്രതികാര നടപടിയാണിത്. അന്നാണ് നാരായണന്‍ മാതൃഭൂമി യൂണിയന്റെ സെക്രട്ടറിയായത്. പിന്നീടാണ് വേജ് ബോര്‍ഡിനുവേണ്ടിയുള്ള യൂണിയന്‍ ധര്‍ണ നടന്നത്. കോഴിക്കോട് മാതൃഭൂമിക്ക് മുന്നിലും കോട്ടയത്തെ മനോരമയ്ക്ക് മുന്നിലും തിരുവനന്തപുരത്ത് കേരള കൗമുദിക്ക് മുന്നിലും. ഞാന്‍ മാതൃഭൂമിക്ക് മുന്നിലാണ് ധര്‍ണയില്‍ പങ്കെടുത്തതും പുളിമലയാര്‍ മല പ്രസംഗം കാച്ചിയതും. മനോരമ ജീവനക്കാരനായ താങ്കള്‍ തിരുവനന്തപുരത്ത് കൗമുദിയുടെ മുന്നിലായിരുന്നു. പല്ലുവേദനയോ പനിയോ മറ്റോകൊണ്ട് ധര്‍ണ സമാപിച്ചശേഷമാണ് താങ്കള്‍ക്കെത്താനായത്. ധര്‍ണയുടെ ഫലമായാണ് വിവാദമായ ദേശീയ കൂട്ട സ്ഥലം മാറ്റം ഉണ്ടായത്.

അതിനെതിരെ ഹൈക്കോടതയില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിച്ചത് എന്റെ ഏകപക്ഷീയ തീരുമാനമല്ല. കല്‍പ്പറ്റയില്‍ ചേര്‍ന്ന യൂണിയന്‍ നിര്‍വ്വാഹക സമിതി യോഗത്തില്‍ അജണ്ട വച്ച് മണിക്കൂറുകളോളം ചര്‍ച്ച ചെയ്താണ് കേസ് പിന്‍വലിക്കാന്‍ ഐകകണ്‌ഠേന തീരുമാനിച്ചത്.

ദേശീയ സ്ഥലം മാറ്റത്തിന് വിധേയരാവരടക്കമുള്ള മാതൃഭൂമിയിലെ രണ്ട് ചിന്താധാരകളിലും പെട്ട യൂണിയന്‍ അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ അജണ്ട വച്ച് യോഗം ചേര്‍ന്നത്. ആ യോഗത്തിലേക്ക് വിവാദ സ്ഥലമാറ്റങ്ങളുടെ കാലത്ത് മാതൃഭൂമി സെല്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് പൊടിപ്പാറയും സെക്രട്ടറിയായിരുന്ന സി നാരായണനേയും ക്ഷണിച്ചിരുന്നു. ആദ്യം യോഗം മൊത്തത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. മാതൃഭൂമിയിലെ രണ്ട് കാഴ്ച്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും യൂണിയന്‍ ഭാരവാഹികളും മാത്രമിരുന്നു ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താന്‍ പൊതുചര്‍ച്ചയില്‍ നിര്‍ദ്ദേശം വന്നു. യോഗം നിര്‍ത്തിവച്ച് അപ്രകാരം നടന്ന യോഗത്തില്‍ ട്രാന്‍സ്ഫറുകള്‍ക്ക് എതിരെ യൂണിയന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ചാല്‍ വിദൂരദിക്കുകളിലേക്ക് സ്ഥലംമാറ്റിയവരെ തിരിച്ചു കൊണ്ടു വരാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്നും അക്കാര്യത്തില്‍ മാതൃഭൂമി യൂണിയന്‍ മുന്‍കൈ എടുക്കുമെന്നുള്ള ഉറപ്പ് കിട്ടി. ഇത് പൊടിപ്പാറയും നാരാണനും കൂടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താങ്കള്‍ കത്തില്‍ എഴുതിയിരിക്കുന്നത് പോലെ ഞാന്‍ യൂണിയന്റെ ഉത്തരവാദിത്വം (താങ്കള്‍ക്ക് അത് അധികാരമാണ്) ഏറ്റെടുത്ത ശേഷം ധൃതിപിടിച്ച് ഒറ്റയ്ക്ക് എടുത്ത് നടപ്പാക്കിയ തീരുമാനമല്ല.

കമ്മിറ്റി എടുത്ത തീരുമാനം ആറുമാസത്തോളം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചത്, മറ്റൊരു കാര്യം. ഒടുവില്‍ വിദൂര ദിക്കുകളിലേക്ക് ശിക്ഷിക്കപ്പെട്ട് ജോലി ചെയ്യുന്നവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടശേഷമാണ് കേസ് പിന്‍വലിച്ചത്. ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ഞാന്‍ നടപ്പാക്കി എന്ന് മാത്രം. അതൊരു കീഴടങ്ങലാണെന്ന് താങ്കള്‍ക്ക് വ്യാഖ്യാനിക്കാം. അത് തന്ത്രപരമായ നടപടി ആണെന്ന് പറയുന്നവരുമുണ്ട്. അന്നത്തെ സാഹചര്യത്തില്‍ അത് ശരിയായിരുന്നു. ആ തീരുമാനത്തിന് മാതൃഭൂമിയില്‍ ഏതാനും ഗുണഭോക്താക്കളുണ്ടായി എന്നത് നിസ്തര്‍ക്കമാണ്.

നമ്മുടെ സംഘടനാശേഷിക്കും സംഘബോധത്തിനും കഴിയുന്ന രീതിയില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി കൊണ്ടിരിക്കുയാണ്. ഒരു നിമിഷം പോലും ഒരു ഉടമയുടേയും മുമ്പില്‍ കീഴടങ്ങിയിട്ടില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ഒരു മധ്യവര്‍ഗ സംഘടനയാണ് നമ്മുടേത്.

ധര്‍ണയുടെ പേരില്‍ മാതൃഭൂമിയിലെ സുഹൃത്തുക്കളെ മാറ്റിയ അതേ സമയത്ത് തന്നെയാണല്ലേ അതേ കാരണം കൊണ്ട് മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ നിന്ന് ജോമോന്‍ ജോസഫിനെ മംഗലാപുരത്തേക്കും, പ്രകാശ് മാത്യുവിനെ കോയമ്പത്തൂരിലേക്കും മാറ്റിയത്. അവിടെ നിന്ന് അവരെ യഥാക്രമം റാഞ്ചിയിലേക്കും ജയ്പൂരിലേക്കും ഈ വര്‍ഷം മാറ്റി. മാതൃഭൂമിയിലേത് പോലെ തന്നെയാണ് ഈ മാറ്റങ്ങളും. വേജ് ബോര്‍ഡ് ധര്‍ണയില്‍ പങ്കെടുത്തതിന് കോഴിക്കോട് മനോരമയില്‍ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റപ്പെട്ട നോണ്‍ ജേണലിസ്റ്റ് ആയ മുനീര്‍… ഇവരുടെയെല്ലാം കൂടെ യൂണിയനുണ്ട്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാത്രമല്ല, വെറും പപ്പന്‍ ആയിട്ടും ഞാനുണ്ട്. അത്‌കൊണ്ട്, ആരെയെങ്കിലും ഉപേക്ഷിച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല. ആരും നടുക്കടലില്‍ കിടന്ന് കൈകാലിട്ടടിക്കുന്നുമില്ല. ആത്മാഭിമാനത്തോട് കൂടി ചെറുത്ത് നില്‍പ്പ് നടത്തുകയാണ് മാതൃഭൂമിയിലെ യൂണിയന്‍ അംഗങ്ങള്‍. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ നാരായണന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗം. ആ ധീരന്‍മാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കരുത്. മേല്‍പറഞ്ഞ കാര്യത്തില്‍ നിഷേധാത്മക സമീപനം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണല്ലോ. മലപ്പുറം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നാരായണന്റെ കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും അത് നടപ്പാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര കമ്മിറ്റി വിളിക്കണമെന്ന ആവശ്യം അപ്രസക്തമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന യൂണിയന്‍ അംഗങ്ങളെ സഹായിക്കാന്‍ ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന ആവശ്യവും അപ്രസക്തമാണ്. യൂണിയന്റെ ഫണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കുള്ളതാണ്. എന്തെങ്കിലും പ്രത്യേക ആവശ്യമുണ്ടെങ്കില്‍ അതത് കാലത്ത് സംസ്ഥാന കമ്മിറ്റി ഫണ്ട് പിരിക്കാന്‍ തീരുമാനിക്കും. അങ്ങനെയാണല്ലോ, നമ്മള്‍ വേജ് ബോര്‍ഡ് ഫണ്ട് പിരിച്ചത്. അത് തരാത്ത ഏക സംസ്ഥാന കമ്മിറ്റി അംഗം മുന്‍ പ്രസിഡന്റ് കൂടിയായ താങ്കളാണ്. അത് തരാതെ അവാര്‍ഡ് കിട്ടിയതില്‍ നിന്നും ഒരു 10,000 രൂപ തന്ന് കളയാമെന്ന് പറയുന്നതില്‍ തെല്ലും ആത്മാര്‍ത്ഥയില്ല. 2013 ഫെബ്രുവരിയിലെ ഒരു ദിവസത്തെ വേതനമാണ് വേജ് ബോര്‍ഡ് ഫണ്ടായി പിരിച്ചത്. ആ തുക തരാനുള്ള സംഘടനാ ബോധം പ്രിയപ്പെട്ട കെസിആര്‍ അങ്ങ് പ്രകടിപ്പിച്ചാല്‍ നന്ന്. 10,000 ക താങ്കളുടെ കൈയിലിരിക്കട്ടെ.

മാനേജ്‌മെന്റുകളുടെ ബി ടീമായി യൂണിയന്‍ മാറുകയാണോ, മൗനത്തിന്റെ പിന്നാമ്പുറത്ത് എന്താണുള്ളത് എന്നൊക്കെയുള്ള താങ്കളുടെ കത്തിലെ ചോദ്യങ്ങളെ കുറിച്ച് കെയുഡബ്ല്യുജെയുമായി ബന്ധപ്പെട്ട ഒറു വാര്‍ത്തപോലും കൊടുക്കരുതെന്ന് മാതൃഭൂമി മാനേജ്‌മെന്റുകള്‍ അവരുടെ ന്യൂസ് എഡിറ്റര്‍മാര്‍ക്ക് നല്‍കിയ സാഹചര്യത്തില്‍ കാര്യം വ്യക്തമാകും. അത് കൊണ്ട് പ്രിയപ്പെട്ട കെസിആര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും ചിത്രം വ്യക്തമാണ്. മാതൃഭൂമിയിലെ നാരായണന് മാത്രമല്ല, മനോരമയിലെ ചില കേസുകള്‍ കൂടി യൂണിയന്‍ കൈകാര്യം ചെയ്യുന്നുണ്ട്. കണ്ണൂരിലെ മുരളി ഗോപിയുടേയും പത്തനംതിട്ടയിലെ മുനീറുദ്ദീന്റേയുംമൊക്കെ കേസുകളിലും അങ്ങ് താല്‍പര്യം കാണിക്കണം. ജോമോന്റേയും പ്രകാശ് മാത്യുവിന്റെ കേസുകളും യൂണിയന്‍ ടേക്ക്അപ്പ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വിപിനചന്ദ്രന്റേതടക്കമുള്ള ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ തമ്പാന്‍ സര്‍ ഒരു വഴി പറഞ്ഞു തന്നിട്ടുണ്ട്. അത് പ്രയോഗിക്കാന്‍ താങ്കളുടെ സഹായം വേണം. അത് കത്തിലെഴുതി പരസ്യപ്പെടുത്തുന്നില്ല. നേരില്‍ കാണുമ്പോള്‍ പറയാം. എന്തായാലും നാരായണനെതിരെ നടപടിയുണ്ടായാല്‍ മാതൃഭൂമിയുടെ മുന്നില്‍ ധര്‍ണ നടത്തേണ്ടി വരും. ഞാന്‍ അറിയിക്കും. താങ്കള്‍ വരാതിരിക്കരുത്. ടിവി നൗ, ഇന്ത്യാവിഷന്‍ സമരങ്ങളിലൊന്നും താങ്കളെ കണ്ടിരുന്നില്ല.

താങ്കള്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് നാട്ടുകാര്‍ക്ക് മുഴുവന്‍ അയച്ചത് കൊണ്ട്, നിരവധി സഖാക്കള്‍ എന്നെ വിളിച്ച് ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചു. അത് കൊണ്ട് ഈ കത്ത് അവര്‍ക്കെല്ലാം കൊടുക്കുകയാണ്. ഇതൊരു തുറന്ന ചര്‍ച്ചയാകട്ടെ. എന്റെ തെറ്റുകള്‍ തിരുത്താന്‍ എന്നെ സഹായിക്കുന്നതിനോടൊപ്പം എന്താണ് നടക്കുന്നത് എല്ലാവരും അറിയട്ടെ.

നാരായണന്‍, ജോമോന്‍, പ്രകാശ് മാത്യു, തൊഴില്‍രഹിതരായ ഇന്ത്യാവിഷനിലേയും ടിവി നൗവിലേയുമെല്ലാം സുഹൃത്തുക്കള്‍…അവര്‍ക്കെല്ലാമൊപ്പം യൂണിയനുണ്ട് എന്ന് ഉറപ്പ് തരുന്നു. കെസിആര്‍ ഇതൊരു അധികാര പ്രശ്‌നമല്ല. ഉത്തരവാദിത്വത്തിന്റേതാണ്.

ഇനിയും താങ്കള്‍ എന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടണം. അത് തലകുനിച്ച് മാനിക്കും. പരിഹാസത്തെ മനസിന്റെ ഒരു മൂലയിലേക്ക് മാറ്റി വയ്ക്കും. 

സ്‌നേഹത്തോടെ, 
എന്‍ പത്മനാഭന്‍
ജനറല്‍ സെക്രട്ടറി
കെയുഡബ്ല്യുജെ


3.
കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം ചെറുകര സണ്ണി ലൂക്കോസിന്റെ രാജിക്കത്ത്

എത്രയും പ്രിയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി

മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പ്രതികാര നടപടിയായി തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് ഒഴിവാക്കാന്‍ കെയുഡബ്ല്യു നേതൃത്വത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഏപ്രില്‍ 20-ന് സി നാരായണന്‍ കത്തു നല്‍കിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ ക്രൂരമായ നിലപാടിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് സംസ്ഥാന കമ്മിറ്റി അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു.

കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വം ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ മാനേജ്‌മെന്റ് സി നാരായണനെ ജോലിയില്‍ നിന്ന് പുറത്താക്കുമായിരുന്നില്ല. കേരളത്തിലെ പത്രവ്യവാസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും തൊഴിലാളി വിരുദ്ധമായ ഈ കിരാത നടപടി ഉണ്ടാകുന്ന 2015 ജൂണ്‍ അഞ്ചിന് വൈകുന്നേരം വരെ കെയുഡബ്ല്യുജെ നേതൃത്വം അവലംബിച്ച തന്ത്രപരമായ മൗനം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ല.

ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാന സമിതികളില്‍ തുടര്‍ച്ചയായി അംഗമായിരുന്ന ഞാന്‍ വേജ് ബോര്‍ഡ് സമരവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ അംഗങ്ങള്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ 2012 മുതല്‍ ചര്‍ച്ച ചെയ്തിരുന്ന സംസ്ഥാന സമിത യോഗങ്ങളിലെല്ലാം അവിടെ യൂണിയന്‍ പ്രക്ഷോഭത്തോടൊപ്പം നിന്നവര്‍ക്കുവേണ്ടി ശക്തമായി സംസാരിച്ചിട്ടുള്ളത് യോഗങ്ങളുടെ മിനിറ്റ്‌സിലുണ്ട്. 2012-ല്‍ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വേജ് ബോര്‍ഡ് സമരത്തില്‍ പങ്കെടുത്തതോടെയാണ് മൂന്നു മാസം കൊണ്ട് 35 പത്ര പ്രവര്‍ത്തകരെ രാജ്യത്തിന്റെ നാനാ ദിക്കുകളിലേക്കു സ്ഥലം മാറ്റിയതടക്കം പ്രതികാര നടപടികള്‍ ആരംഭിക്കുന്നത്. ഒരു വിഭാഗം മാനേജ്‌മെന്റ് നടപടികളെ അനുകൂലിക്കുകയും, നാരായണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇതിനെ ചെറുക്കുന്നതിന് പത്രപ്രവര്‍ത്തക യൂണിയന്റെ സഹായം തേടുകയും ചെയ്തപ്പോള്‍ ആ കാലത്ത് സംസ്ഥാന സമിതികളില്‍ പങ്കെടുക്കാതെ മാറി നിന്നിരുന്ന ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി യൂണിയന്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണ പോര എന്ന് പുറത്ത് വലിയ പ്രചാരണം നടത്തിയ ആളാണ്.

മുന്‍ സംസ്ഥാന കമ്മറ്റിയുടെ കാലത്ത് യൂണിയന്‍ മാതൃഭൂമിയിലെ സ്ഥലം മാറ്റപ്പെട്ട ജീവനക്കാര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ കൊടുത്ത കേസ് ഈ സംസ്ഥാന കമ്മറ്റി 4-3-2014-ലെ കല്‍പറ്റ യോഗത്തില്‍ പിന്‍വലിക്കല്‍ തീരുമാനിക്കുമ്പോള്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഭാവി പരിപാടി തീരുമാനിക്കുമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് പ്രതികാര നടപടി നേരിട്ടവര്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടായില്ലെങ്കിലും യൂണിയന്റെ ഭാഗത്തു നിന്ന് ഭാവി പരിപാടികള്‍ ഒന്നും ഉണ്ടായില്ല.

ഉണ്ടായത്, കെയുഡബ്ല്യുജെ മാതൃഭൂമി സെല്ലിന്റെ സെക്രട്ടറിയും വിവിധ ജില്ലകളില്‍ യൂണിയന്‍ ഭാരവാഹിയുമായിരുന്നിട്ടുള്ള സി നാരായണനെ നിസ്സാര കുറ്റം ചുമത്തി പത്തു മാസം മുമ്പ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. കൊതുകിനെ കൊന്നതിന് കൊലമരം എന്ന രീതിയില്‍ നാരായണനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ക്കെതിരായി യൂണിയന്‍ ശക്തമായി ഇടപെടുമെന്ന് കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും യൂണിയന്‍ പിന്നെ അനങ്ങിയതെയില്ല. സസ്‌പെന്‍ഷനെതിരെ കേവലം ഒരു പ്രസ്താവന പോലും ഉണ്ടായില്ല.

2015 ഏപ്രില്‍ 20-ന് നാരായണന്‍ നിങ്ങള്‍ക്ക് എഴുതിയ തുറന്ന കത്ത് ഞങ്ങള്‍ക്കും ലഭിച്ചിരുന്നു. ഒരു വ്യാഴവട്ടം യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തന്നെ പിരിച്ചുവിടുന്നുള്ള നടപടി ഗൗരവത്തോടെ കാണാനും, പ്രതിഷേധിക്കാനും, ശക്തമായി ഒപ്പം നില്‍ക്കാനും യൂണിയന്‍ സംസ്ഥാന തലത്തില്‍ തയ്യാറാകണം എന്നഭ്യര്‍ത്ഥിക്കാനായിരുന്നല്ലോ ആ കത്ത്. തനിക്കെതിരെ അന്വേഷണവും വിചാരണയും ഉണ്ടായപ്പോള്‍ നേതൃത്വമായി ബന്ധപ്പെട്ട് വിഷയം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കൃത്യമായ ഒരു നിലപാടും എടുക്കപ്പെട്ടില്ലെന്നും, സസ്‌പെന്‍ഷന്‍ കാലയളവില്‍ പലതവണ താന്‍ നേതൃത്വത്തെ ബന്ധപ്പെടുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിട്ടും നേതൃത്വം എന്തെങ്കിലും സഹായമോ, സാന്ത്വനമോ നല്‍കിയില്ലെന്നും വേദനയോടെ ആ കത്തില്‍ നാരായണന്‍ പറഞ്ഞിരുന്നു.

ഇരയെ കേള്‍ക്കാതെ മാനേജ്‌മെന്റ് നടപടിയെ അനുകൂലിക്കുന്നവരെ പിന്തുണക്കുന്ന നിലപാടാണ് 2015 ജൂണ്‍ 4-ലെ കറുത്ത ദിനം വരെ നേതൃത്വം സ്വീകരിച്ചത് എന്നത് അങ്ങേയറ്റം ദുഖകരമാണ്. ഓരോ അംഗവും സെല്ലിലല്ല, കെയുഡബ്ല്യുജെയിലാണ് നേരിട്ട് വരി സംഖ്യ അടച്ച് അംഗത്വം എടുക്കുന്നത് എന്നത് എങ്കിലും കണക്കിലെടുക്കണമായിരുന്നു.

തനിക്ക് എതിരെ എടുത്തുവരുന്ന നടപടികളെ കുറിച്ച് ഇനിയെങ്കിലും വളരെ വേഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും, പ്രശ്‌നത്തില്‍ ശക്തമായ പ്രക്ഷോഭം യൂണിയന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇതിനായി സംസ്ഥാന കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും, മറ്റൊരു പരിഹാരവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും യൂണിയന്റെ ഒരു പ്രതിഷേധ ശക്തിയെങ്കിലും പ്രകടിപ്പിക്കണമെന്നുമായിരുന്ന ഏപ്രലില്‍ 20-ന് നാരായണന്‍ നമുക്കെല്ലാം അയച്ച കത്തിലെ ദയനീയമായ അപേക്ഷ. ഈ കത്ത് നിങ്ങള്‍ക്ക് കിട്ടിയാലുടനെ അടിയന്തര സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പരസ്യ പ്രസ്താവന ഉള്‍പ്പെടെ നാരായണനെ പിരിച്ചു വിടുന്നത് ചെറുക്കാന്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ ഒരു കാരണവശാലും നാരായണന് ഈ ഗതി വരില്ലായിരുന്നു.

അപ്പോള്‍ അടിയന്തര കമ്മറ്റി വിളിക്കില്ലെന്ന് എന്തുകൊണ്ടോ വാശിയോടെ നിങ്ങള്‍ സമീപനം സ്വീകരിച്ചു. കൃത്യം രണ്ട് മാസത്തിന് ശേഷം ജൂണ്‍ 21-ന് സംസ്ഥാന കമ്മിറ്റി വിളിച്ചു കൊണ്ടുള്ള ജനറല്‍ സെക്രട്ടറിയുടെ മെയില്‍ ആ കറുത്ത ജൂണ്‍ അഞ്ചിന് രാവിലെ 11.09നാണ് അംഗങ്ങള്‍ക്ക് മെയിലില്‍ ലഭിക്കുന്നത്. അപ്പോഴും സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച ചെയ്യാനുള്ള അജണ്ടയില്‍ നാരായണന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്ന് ഞെട്ടലോടെയാണ് കണ്ടത്.

നാരായണന്റെ പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചു കൊണ്ടുള്ള ജനറല്‍െ സെക്രട്ടറിയുടെ ഒരു കത്ത് 12-5-2015-ല്‍ ലഭിച്ചിരുന്നു. അടിയന്തിരകമ്മറ്റി വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം ആപ്രസക്തമാണെന്നും നാരായണന്റെ പിരിച്ചു വിടല്‍ സംഭവിക്കില്ലെന്നാണ് മനസിലാക്കുന്നത് എന്നും ആ കത്തില്‍ പറഞ്ഞിരുന്നുവല്ലോ. എന്തിനാണ് ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. 18 വര്‍ഷം ഒരു സ്ഥാപനത്തില്‍ പണിയെടുത്ത ജേര്‍ണലിസ്റ്റിനെ കെയുഡബ്ല്യുജെ എന്ന ട്രേയ്ഡ് യൂണിയന്റെ പ്രവര്‍ത്തനം നടത്തിയതിന്റെ പ്രതികാര ബുദ്ധിയില്‍ നടപടിയെടുത്ത് പിരിച്ചു വിടാന്‍ തുനിയുന്നു എ്ന്ന് മനസിലാക്കിയപ്പോള്‍, സസ്‌പെന്‍ഷനില്‍ പത്തുമാസം നിര്‍ത്തി എന്‍ക്വയറി പ്രഹസനം നടത്തിയപ്പോള്‍ കമാന്നു മിണ്ടാത്ത കെയുഡബ്ല്യുജെ നേതൃത്വം ജൂണ്‍ അഞ്ചിന് നാരായണനെ പിരിച്ചു വിട്ടു എന്ന വിവരം ലഭിച്ചശേഷം പ്രസ്താവനയിറക്കുകയും മാര്‍്ചചിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ട് നാരായണ് എന്തു പ്രയോജനം. യൂണിയന്‍ നേതൃത്വം എന്തോ ചെയ്യുന്നുവെന്ന് അംഗങ്ങളെ ധരിപ്പിക്കാനും, അവരുടെ കണ്ണില്‍ പൊടിയിടാനും കഴിയുമെന്നതിന് അപ്പുറം നാരായണന്റെ തൊഴില്‍ സംരക്ഷിക്കാന്‍ ഈ പ്രഹസനങ്ങള്‍ കൊണ്ട് ആവില്ല എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ.

നാരായണെതിരായ നടപടി കേരളത്തിലെ പത്രവ്യവസായ രംഗത്ത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കാണ്. നാരായണനെ പോലെ നേതൃത്വപരമായ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരാളുടെ തൊഴില്‍ സംരക്ഷിക്കാന്‍ പോലും കഴിയാത്ത യൂണിയന് പിന്നെ ഒരു സാധാരണ അംഗത്തെ എങ്ങനെ സംരക്ഷിക്കുവാന്‍ കഴിയും. പിന്നെന്തിനാണ് ട്രേഡ് യൂണിയന്‍ എന്ന ചോദ്യം ഉയരുമ്പോള്‍ അതിനു മറുപടി പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേദനയോടെ ഞാന്‍ യൂണിയന്റെ നേതൃത്വപരമായ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നാളിതുവരെയുള്ള എല്ലാവരുടേയും സഹകരണങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി. 

വിശ്വസ്തതയോടെ
ചെറുകര സണ്ണി ലൂക്കോസ്

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍